പണ്ടാണ്, ഓർക്കുമ്പോൾ അത്രയൊന്നും പഴക്കം തട്ടാത്ത എന്നാൽ പഴമയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കപ്പെട്ട പണ്ടത്തെ കാലത്താണ്. വെളുത്തുമെലിഞ്ഞ സാമാന്യം ഉയരമുള്ള ആൺകുട്ടി. അവന്റെ നെറ്റിയിലേക്ക് അലസമായി വീണുകിടന്നിരുന്ന ചെമ്പൻ മുടിയിഴകൾ. എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സ് അധികം കാണണം.
നട്ടുച്ച നേരത്താണ് അവൻ വീട്ടിലേക്ക് കയറി വരുന്നത്. മുഷിഞ്ഞ് നാറിയ വേഷം. കുളിക്കാനോ വൃത്തിയിൽ നടക്കാനോ വിദൂര ഉദ്ദേശം പോലുമില്ലാത്ത ഭാവം. വിണ്ടുകീറിയ മലയാളം പ്രയോഗിച്ചവൻ വീടിന് പടിക്കൽ നിന്ന് ഭിക്ഷ യാചിക്കുകയാണ്. ഒരിക്കൽ കൂടിയവനെ ചൂഴ്ന്ന് നോക്കിയതിന് ശേഷം ഞാൻ വീടിനകത്തേക്ക് ഓടി. അമ്മ, അടുക്കളയിൽ മീൻ പൊരിക്കുകയാണ്. വെളിച്ചെണ്ണയിൽ മൊരിഞ്ഞു പാകമാകുന്ന മത്തിയുടെ മണം അവിടെമാകെ പരന്നു കിടക്കുന്നു.
“അമ്മോയ്… പുറത്തൊരു ചെക്കൻ.”
ശേഷം വീണ്ടും ഞാൻ പുറത്തേക്ക്, അവനാ പഴയ നിൽപ്പ് തന്നെ. ഇടക്കിടെ നോട്ടം വീടിന് മുന്നിലെ ഇരുമ്പാൻപുളിമരത്തിൽ ചാരിവച്ചിരുന്ന എന്റെ കളിവണ്ടിയിലേക്ക് തെന്നുന്നത് ഞാനറിഞ്ഞു.
കളിവണ്ടീന്ന് പറയുമ്പോ, അതൊരു മഹത്തായ വണ്ടിയാണ്. നിസാരമായ നിർമ്മാണ പ്രക്രിയയിലൂടെയല്ല ഇത്തരം വണ്ടികൾ നിർമ്മിക്കപ്പെടുന്നത്. അതിന് ഏറെ ദിവസത്തെ അധ്വാനവും ശ്രദ്ധയും വേണം. പഞ്ഞിക്കായുടെ പൂവാണ് വണ്ടിയുടെ മുഖ്യമായ അസംസ്കൃത വസ്തു. അന്ന് നാട്ടിൽ പഞ്ഞിക്കായയുടെ ഉറവിടമായ തടിച്ച മരം വളർന്നു നിന്നിരുന്നത് ഉമ്മുതാത്തയുടെ പറമ്പിൽ മാത്രമായിരുന്നു. ഉമ്മുതാത്ത പെട്ടെന്നൊരു ദിനം മരിക്കാൻ തീരുമാനിച്ചതോടെ പറമ്പും പഞ്ഞിക്കായ മരവും പ്രേതകഥകളിലെ കഥാപാത്രങ്ങളായി പരിണാമപ്പെട്ടു.
ശേഷമാണ് പഞ്ഞിക്കായപ്പൂ വിശേഷപ്പെട്ട അമൂല്യ വസ്തുവായിത്തീർന്നത്. നാട്ടിലെ ധൈര്യവാന്മാരായ കുട്ടികൾ ഉമ്മുവിന്റെ പറമ്പിന് വെളിയിലെ നടവഴിയിൽ ക്ഷമയോടെ കാത്തുനിന്നു. അപൂർവം സമയങ്ങളിൽ അവർക്ക് മുന്നിൽ മരം കനിഞ്ഞ് അവളുടെ പൂവുകൾ ദാനം നൽകി.
അവർ കളിവണ്ടികൾ നിർമ്മിച്ചു. ഭീരുക്കളെന്ന് മുദ്ര കുത്തപ്പെട്ട കുട്ടികൾക്ക് മുന്നിലൂടെ അവർ വണ്ടികൾ അനായാസം പായിച്ചും അസൂയപ്പെടുത്തിയും കടന്നുപോയി.
ധൈര്യവാൻ ഇസ്ഹാക്കിൽ നിന്ന് കബീറണ്ണന്റെ ചായക്കടയിലെ തട്ടുകട മുറുക്ക് എണ്ണം രണ്ട് കൃത്യമായി വാങ്ങിച്ച് നൽകിയാണ് കളിവണ്ടി ഞാൻ സ്വന്തമാക്കിയത്. ആഗതൻ എന്റെ കളിവണ്ടി മോഷ്ടിച്ചു കടന്നുകളയാനുള്ള സാധ്യതകളെ എണ്ണി തിട്ടപ്പെടുത്തി അമ്മ വരുന്നിടംവരെ അവനെയും നിരീക്ഷിച്ച് ഞാൻ ഉമ്മറത്ത് തന്നെയിരുന്നു.
നിമിഷങ്ങൾ അങ്ങനെ നിശബ്ദം കടന്നുപോയി. അമ്മ വന്നു. അവർ ആഗതനോട് സംസാരിച്ച് തുടങ്ങി. മലയാളഭാഷയുടെ സ്ഥാനവും ഭംഗിയും തെറ്റിച്ചുകൊണ്ട് മുക്കിയും മൂളിയുമാണ് അവൻ കാര്യങ്ങൾ അവതരിപ്പിച്ചത്. അവന് അമ്മയുണ്ട്, അച്ഛനില്ല. രണ്ട് ചേച്ചിമാരുമുണ്ട്. സ്വദേശം ഗുജറാത്താണ്. കുറച്ച് മാസങ്ങളായി അവനും കുടുംബവും കേരളത്തിലെത്തിയിട്ട്. ഗുജറാത്ത് ഭൂകമ്പത്തോളം ദൈർഘ്യമുള്ള മാസങ്ങൾ. അവന് എന്തെങ്കിലും വേണം. പൈസക്കുള്ള കൈ നീട്ടലാണ്.
“നീ എന്തെങ്കിലും കഴിച്ചോ..?”
അമ്മയുടെ ചോദ്യത്തിന് ഇല്ലെന്നവൻ തലയാട്ടി. അമ്മ അവനെ അകത്തേക്ക് ക്ഷണിക്കുകയാണ്.
അവരുടെ പെട്ടെന്നുള്ള നടപടികൾ എനിക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. കാരണം അമ്മയുടെ പൊടുന്നനെയുള്ള ഒട്ടുമിക്ക തീരുമാനങ്ങളും ഞാനുമായി പൊരുത്തപ്പെടാറില്ല. ആഴ്ചകൾക്ക് മുമ്പൊരു പ്രഭാഷണവേദിയിലെ ദാനധർമ പഠനത്തിന് ശേഷം അവർ ഊരി വാങ്ങി ദാനം നൽകിയ എന്റെ കാതുകളിലെ വാളി ഇപ്പോഴും എനിക്കുള്ളിലൊരു ദുഃഖമായി ശേഷിക്കുകയാണ്. ക്ഷണം നിരസിക്കാൻ ആഗതനും ഭാവമില്ലായിരുന്നു. അമ്മക്ക് പിന്നിലായി അവൻ വീടിനകത്തേക്ക് പ്രവേശിച്ചു. അന്തംവിട്ട് നിൽക്കുന്ന എനിക്കും മറിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ഒട്ടും താമസിപ്പിക്കാതെ ഞാനും അവർ ഇരുവരെയും പിന്തുടർന്നു.
വീടിനകം നോക്കി അവൻ മിഴിച്ച് നിൽക്കുകയാണ്. അമ്മ അവനോട് ഇരിക്കാനായി പറഞ്ഞു. കേൾക്കേണ്ട താമസം അവൻ തറയിൽ ചമ്മ്രം പിണഞ്ഞിരുന്നു. അമ്മക്ക് അത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നി. അവർ അവനെ തറയിൽ നിന്ന് എഴുന്നേൽപ്പിച്ചു. അകത്ത് മൂലയിലിരുന്ന ബെഞ്ചിൽ അവനെ കൊണ്ടിരുത്തി. മത്തി മീൻ പൊരിച്ചതും പരിപ്പ് കടഞ്ഞിട്ട രസവും… അവന്റെ കണ്ണുകൾ തിളങ്ങി. വിശപ്പും ദാരിദ്ര്യവും കയ്പ്പുള്ളൊരു വിത്താണ്. ആഗതന്റെ ജീവിതത്തിലത് ആവോളം വളർന്ന് പന്തലിച്ചിരിക്കണം. അവൻ ആർത്തിയോടെ കഴിച്ച് തുടങ്ങി. അടുത്തതായി അവന്റെ കണ്ണുകൾ ടീവിയിലേക്ക് പാഞ്ഞു.
“ടീവി…” അവൻ അമ്മയേ നോക്കി പതിയേ പറഞ്ഞു.
അമ്മ ടീവി ഓൺ ചെയ്തു. അവന്റെ സന്തോഷം പിന്നേയും ഇരട്ടിച്ചു. അവന് ചോറ് മതിയായില്ല. അമ്മ വീണ്ടും വിളമ്പി. അവൻ മതിയാവോളം കഴിച്ചു. കൈ കഴുകി വന്നവൻ, വീണ്ടും ടീവി കണ്ടുകൊണ്ടേയിരുന്നു. ഇടക്ക് മഞ്ചുവാര്യർ എന്ന് പറഞ്ഞവൻ കൈകൾ കൊട്ടി സന്തോഷവും പ്രകടിപ്പിച്ചു. നിങ്ങൾക്ക് മഞ്ചുവാര്യറെയൊക്കെ അറിയോ എന്ന അമ്മയുടെ ചോദ്യത്തിന് അവനൊന്ന് ചിരിച്ചു.
ഫാനിന്റെ ചലനം അവന് നേർക്ക് മാത്രം തിരിച്ച് വെച്ച് അമ്മ അതിഥി സൽക്കാരം പൊലിപ്പിക്കുകയാണ്. ഞാനിടക്ക് അമ്മയുടെ തട്ടത്തിനിട്ടൊരു വലി കൊടുത്തു. അല്ല, എന്താ ഉദ്ദേശം എന്നറിയണമല്ലോ. എന്റെ വയറിനകത്ത് വിശപ്പ് നങ്കൂരമിട്ട് തുടങ്ങിയിരുന്നു. അമ്മ പിന്നേയും അവനോട് സംസാരിച്ചിരുന്ന് നേരം തീർക്കുകയാണ്. സമയം പോകുന്നതല്ലാതെ അവന് വീട്ടിൽ നിന്നും പോകാനുള്ള ഭാവവുമില്ലായിരുന്നു.
എന്റെ കൂട്ടുകാരികളൊക്കെ വന്നു. ചെക്കനെ നല്ലോണം കണ്ടു.
“നിന്റെ അമ്മ അവനെ വളർത്താൻ പോകാ… നോക്കിക്കോ…”
പടച്ചോനേ, വീട്ടിലുള്ള രണ്ട് പെണ്ണുങ്ങളെ സഹിക്കാൻ വയ്യ. ആ ഞാനെങ്ങനെ ഒരു ആണൊരുത്തനെ സഹിക്കും. ഈ ആണുങ്ങൾ മഹാ സംഭവങ്ങളാണ്. അവർ അനാവശ്യമായി സ്ത്രീജനങ്ങളുടെ മേൽ നിയന്ത്രണംവെച്ച് ഭരിച്ച് കൊണ്ടേയിരിക്കും. അമ്മ ഒരിക്കലും അത്തരത്തിൽ പ്രവർത്തിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ പ്രതീക്ഷകൾക്ക് മീതെ കയറി നിന്നുകൊണ്ട് അമ്മ പ്രസ്താവിച്ചു.
“ആരും അന്വേഷിച്ച് വന്നില്ലായിരുന്നുവെങ്കിൽ ഈ കുട്ടീനെ നമുക്ക് വളർത്തായിരുന്നു…”
പെട്ടെന്ന്, സഹോദരികളിൽ മുതിർന്നത് ടീവിയുടെ വോളിയം കുറച്ചു. കൂട്ടുകാരികൾ അടക്കി ചിരിച്ചു. സഹോദരികളിൽ ശേഷിക്കുന്ന ഒന്ന് നെടുശ്വാസം വിട്ടു. മൂലക്ക് ചുരുണ്ട് മടങ്ങി ഉറങ്ങിയിരുന്ന പൂച്ച പ്രതിഷേധം രേഖപ്പെടുത്തിയാവണം ഇറങ്ങിപ്പോയി. അമ്മക്ക് മാത്രം യാതൊരു കൂസലും ഇല്ലായിരുന്നു. അവർ ചെക്കന് ചായയുമായി വന്നു. ചായയിൽ മുക്കാൻ ടൈഗർ ബിസ്ക്കേറ്റും നൽകി. അവൻ മുക്കുന്ന ബിസ്ക്കേറ്റെല്ലാം ചായയിൽ വീണുകൊണ്ടേയിരുന്നു. ഇനി എന്നും ടൈഗർ ബിസ്ക്കേറ്റ് ഒരാൾക്ക് കൂടി പങ്കുവെക്കപ്പെടുമെന്ന നഗ്നമായ സത്യത്തിന് മുന്നിൽ ഞാൻ തളർന്ന് പോയി.
സമയം വീണ്ടും ഓടി കിതച്ചു. പൊടുന്നനെ ഒട്ടും നിനക്കാതെയാണ് കറണ്ട് പണി മുടക്കിയത്. ടീവി ഓഫായി. ചെക്കന്റെ മട്ടും ഭാവവും മാറിയതും പൊടുന്നനെയായിരുന്നു. അവൻ ധൃതിപ്പെട്ട് പുറത്തേക്ക് നോക്കി. ഇരുന്നിടത്ത് നിന്നും എണീറ്റവൻ പുറത്തേക്കിറങ്ങി. അന്തരീക്ഷം ദിവസത്തിന്റെ പാതിയും കടന്ന് സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു. അവന്റെ കണ്ണുകൾ നിശബ്ദത മുറിക്കാതെ അമ്മയുടെ നേർക്ക് കൈകൾ നീട്ടി. അമ്മയുടെ ഹൃദയം തകർന്ന് കാണണം. അവർ പൈസയെടുത്ത് ആഗതന്റെ കയ്യിൽ വെച്ചുകൊടുത്തു. നന്ദിയോടെ അവൻ അമ്മയെ നോക്കി.
“ഇനിയും വരണം.” അമ്മ അവന്റെ തോളിൽ തട്ടി.
പടിയിറങ്ങുമ്പോൾ നോട്ടം വീണ്ടുമെന്റെ കളിവണ്ടിയിലേക്ക് നിക്ഷേപിച്ചുകൊണ്ടവൻ സാവധാനത്തിൽ നടന്നു നീങ്ങി…
ആഗതൻ കാഴ്ച്ചയിൽ നിന്ന് മറയാൻ തുടങ്ങവേ, ഞാൻ കൈകൾ കൊട്ടി. അവനൊന്ന് തിരിഞ്ഞു നിന്നു. ആ കളിവണ്ടിയുമെടുത്ത് ഞാൻ അവന്റെ അരികിലേക്കോടി. അതവന് നേർക്ക് നീട്ടി.
“കൊണ്ടുപൊയ്ക്കോ…”
ഏറെ സന്തോഷത്തോടെ അവനത് വാങ്ങി മുന്നിലേക്ക് നടന്നു. ദൂരെ ദൂരെ ഒരു പൊട്ട് പോലെ അവന്റെ രൂപം മാഞ്ഞുപോയി. അമ്മയുടെ ക്ഷണം സ്വീകരിച്ച് പിന്നീട് ഒരിക്കലും ആഗതൻ മടങ്ങി വന്നില്ല. ഇന്ന് എവിടെയെങ്കിലും അവനുണ്ടാകും. വളർന്നു വലുതായൊരു പുരുഷനായി. എന്റെ കളിവണ്ടി ഞാനറിയാത്ത, കാണാത്ത, മറ്റേതോ ദേശത്തെ മണ്ണിൽ ജീർണ്ണിച്ച് പോയിരിക്കും…
Story Agathan by Raheem Sheikh Mubarak