“ചായക്കടക്കാരാ
നിങ്ങടെ ചായേല് മധുരമില്ല…
വെള്ളത്തിന് ചൂടുമില്ല…
ചായപ്പൊടി തീരെയില്ല…
പഞ്ചസാര ലേശമില്ല…
കാൽ പൈസ ഞാൻ തരില്ല”
ഈ വരികൾ കാതിൽ വീഴുമ്പോൾത്തന്നെ നാവിൽ കടുപ്പമുള്ളൊരു ചായയുടെ രുചിയും, മൂക്കിൽ ആവിപറക്കുന്ന തേയിലമണവും തനിയെ എത്തും. മലയാളിക്ക് ചായ വെറുമൊരു പാനീയമല്ല; അതൊരു വികാരമാണ്, ശീലമാണ്, അതിലുമുപരി ഒരു സംസ്കാരമാണ്. ചായയില്ലാത്തൊരു പുലരിയെക്കുറിച്ചോ സന്ധ്യയെക്കുറിച്ചോ മലയാളിക്ക് ചിന്തിക്കാൻ പോലുമാകില്ല.
ചൈനയിൽ നിന്ന് മൂന്നാറിലേക്ക്…
ചായയുടെ വേരുകൾ തിരഞ്ഞുപോയാൽ കഥ തുടങ്ങുന്നത് ചൈനയിലാണ്. പുരാതന കാലത്ത് ചൈനയിൽ ചായ ഒരു ഔഷധപാനീയമായും ആത്മീയ ജീവിതത്തിന്റെ ഭാഗമായുമാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് സെൻ ബുദ്ധസന്യാസിമാർ വഴിയാണ് ഇത് ജപ്പാനിലെത്തുന്നത്. ‘ഐസായി’ (Eisai) എന്ന ബുദ്ധസന്യാസിയാണ് ചായ ആദ്യമായി ജപ്പാനിൽ എത്തിച്ചതെന്ന് കരുതപ്പെടുന്നു. അവിടെയതൊരു സവിശേഷമായ സംസ്കാരമായി വളർന്നു.
1560-കളിൽ ഗാസ്പർ ഡാ ക്രൂസ് എന്ന പാതിരി വഴിയാണ് യൂറോപ്പ് ചായയെ പരിചയപ്പെടുന്നത്. പിന്നീട് ഡച്ചുകാർ ചായയെ അമേരിക്കയിലും (1650), പിന്നാലെ ഇംഗ്ലണ്ടിലുമെത്തിച്ചു (1652-54). 1680-ൽ മേരി ഡി റബൂട്ടിൻ, മാർക്വിസ് ഡി സെവിൻ എന്നിവരാണ് ആദ്യമായി ചായയിൽ പാൽ ചേർത്തതെന്നാണ് ഒരു വാദം. എന്നാൽ പാരീസിലെ മാഡം ഡി ലാ സാബ്ലിയർ എന്ന വനിതയാണ് ഈ വിപ്ലവകരമായ കണ്ടെത്തലിന് പിന്നിലെന്നും പറയപ്പെടുന്നു. ആരായാലും, പാൽ ചേർത്തുള്ള ആ പരീക്ഷണം ചായയുടെ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിച്ചു.
നമ്മുടെ കേരളത്തിലേക്ക് വരുമ്പോൾ, 1880-കളിലാണ് തേയിലക്കൃഷിക്ക് തുടക്കമാകുന്നത്. മധുരയിലെ പാണ്ഡ്യ രാജാക്കന്മാരിൽ നിന്നും ഉത്ഭവിച്ച പൂഞ്ഞാർ രാജവംശത്തിന്റെ അധീനതയിലായിരുന്നു അക്കാലത്ത് മൂന്നാർ കുന്നുകൾ. അതിനുമുമ്പ്, 1817-ൽ മദ്രാസ് ആർമിയിലെ ലെഫ്റ്റനന്റുമാരായ ബെഞ്ചമിൻ സ്വെയ്ൻ വാർഡും പീറ്റർ ഐറി കോണറും ഒരു ത്രികോണമിതി സർവേയ്ക്കായി മൂന്നാർ കുന്നുകളിലെത്തിയിരുന്നു. മൂന്നാറിലെ കൊടും തണുപ്പിലേക്ക് ഈ ബ്രിട്ടീഷുകാരെ നയിച്ചത് കണ്ണൻ, ദേവൻ എന്നീ രണ്ട് മുതുവാൻ ഗോത്രത്തലവന്മാരായിരുന്നു. അങ്ങനെയാണ് ഈ കുന്നുകൾക്ക് ‘കണ്ണൻ ദേവൻ കുന്നുകൾ’ എന്ന് പേരുവന്നതെന്നാണ് ചരിത്രം.
1870-കളിൽ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥനും ഏലം കുന്നുകളുടെ സൂപ്രണ്ടുമായിരുന്ന ജോൺ ഡാനിയൽ മൺറോ ഈ സ്ഥലം സന്ദർശിച്ചു. 1877-ൽ മൺറോ പൂഞ്ഞാർ കൊട്ടാരം സന്ദർശിക്കുകയും അന്നത്തെ രാജകുടുംബത്തലവനായ രോഹിണി തിരുനാൾ കേരളവർമ്മ വലിയരാജയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അങ്ങനെ 1,36,600 ഏക്കർ ഭൂമി വരുന്ന കണ്ണൻ ദേവൻ കുന്നുകൾ രാജാവ് ജോൺ ഡാനിയൽ മൺറോയ്ക്ക് വാർഷിക പാട്ടത്തിന് നൽകി.
1880-ഓടെ എ.എച്ച്. ഷാർപ്പ് (A.H. Sharp) എന്ന ബ്രിട്ടീഷ് പ്ലാന്ററാണ് ഇപ്പോൾ സെവൻ മല്ലെയ് എസ്റ്റേറ്റിന്റെ ഭാഗമായ പാർവതിയിൽ, ഏകദേശം 50 ഏക്കറിൽ ആദ്യമായി തേയിലച്ചെടി നട്ടുപിടിക്കുന്നത്. 1896-ൽ ഫിൻലെ മ്യൂർ ആൻഡ് കമ്പനി (James Finlay & Company Ltd) ഇവിടുത്തെ 33 എസ്റ്റേറ്റുകൾ വാങ്ങി. 1964-ൽ ടാറ്റാ-ഫിൻലെ സംയുക്ത സംരംഭം രൂപീകരിക്കപ്പെടുകയും, പിന്നീട് 1983-ൽ ഫിൻലെ ഗ്രൂപ്പിനെ ടാറ്റാ ടീ പൂർണ്ണമായി ഏറ്റെടുക്കുകയും ചെയ്തു. ചൈനയിലെ ഏതോ ഒരു മലഞ്ചെരുവിൽ നിന്ന് തുടങ്ങിയ ആ പച്ചില, മൂന്നാറിന്റെ മഞ്ഞുമലകളിൽ പടർന്നുപന്തലിച്ച് ഒടുവിൽ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ജീവനനാഡിയായി മാറുകയായിരുന്നു.
കൊച്ചിയിലെ ചായ മാജിക്!
ചരിത്രത്തിന്റെ താളുകളിൽ നിന്ന് നമുക്കിനി കൊച്ചിയുടെ തെരുവുകളിലേക്ക് വരാം. വെള്ളം, ചായപ്പൊടി, പാൽ, പഞ്ചസാര—ഇത്രയേ ഉള്ളൂ ചായയുടെ അടിസ്ഥാന ഘടകങ്ങൾ. പക്ഷേ, കൊച്ചിയിലെത്തുമ്പോൾ അത് നൂറുകണക്കിന് ഭാവപ്പകർച്ചകളുള്ള രുചിക്കൂട്ടുകളായി മാറും! എല്ലാ നാട്ടിലും ഒരുപക്ഷേ ഇങ്ങനെയൊക്കെ തന്നെയാവാം.
കൊച്ചിയിലെ ചായക്കാരൻ വെറുമൊരു തൊഴിലാളിയല്ല, അവൻ കൈവേഗതയുള്ളൊരു മജീഷ്യനാണ്! ആളുകളുടെ ആവശ്യത്തിനനുസരിച്ച് അവൻ ചായ തരംതിരിച്ചു പകരും:
ലൈറ്റ്, മീഡിയം, കടുപ്പം,
മറിക്കാത്ത ചായ, അടിച്ച ചായ, അടിക്കാത്ത ചായ
പാൽകൂട്ടി വെള്ളംകുറച്ചത്, പതപ്പിച്ചത്
പൊടിചായ, സ്ട്രോങ്ങ് കട്ടൻ, ലൈറ്റ് കട്ടൻ
മധുരം കൂട്ടിയത്, കുറച്ചത്, പിന്നെ ‘വിത്തൗട്ട്’…!
ഗുജറാത്തി മസാല ചായയും ഏലക്കാ ചായയും ഇഞ്ചി ചായയുമൊക്കെ ഈ നിരയിലെ മറ്റ് താരങ്ങളാണ്. ഹൈദരാബാദിലും ലഖ്നൗവിലും ഭോപ്പാലിലുമൊക്കെ കിട്ടുന്ന, ‘നമക് വാലി ചായ’ എന്നറിയപ്പെടുന്ന ഉപ്പിട്ട സുലൈമാനിയെക്കുറിച്ചും നാം കേട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ കായൽപട്ടണത്ത് ചെന്നാൽ ഔഷധഗുണമുള്ള ഇഞ്ചി ചായയാണ് പ്രധാനം. ഇന്ന് ഒരു കപ്പിന് ആയിരവും ആയിരത്തഞ്ഞൂറും രൂപ വിലവരുന്ന മുന്തിയ തരം ചായകളും വിപണിയിലുണ്ട്. നമ്മുടെ നാടൻ ചായക്കടകളിലെ ആ ‘മാന്ത്രിക’ ചായയാണ് നമ്മുടെ സംസാരവിഷയം.
കൊച്ചിയിലെ ചായക്കടകളുടെ ഏറ്റവും വലിയ സവിശേഷത എന്തെന്നറിയാമോ? കടയിൽ സ്ഥിരമായി വരുന്നവരുടെ പേര് വിളിച്ചുപറഞ്ഞ്, അവരുടെ കൃത്യമായ രുചിഭേദങ്ങൾ അറിഞ്ഞ് ചായയടിക്കുന്ന ചായക്കാരുണ്ട് ഇവിടെ! “സെക്കരിയ്യ ചായ… മമ്മാലി ചായ… ബയ്യാ ചായ … പിള്ള ചായ… പ്രാഞ്ചി ചായ! ” എന്നിങ്ങനെ പോവുന്നു അതിലെ വൈവിധ്യങ്ങൾ. അത് വെറുമൊരു ചായയല്ല, ഓരോ ഗ്ലാസിലും ആ വ്യക്തിയുടെ സ്വഭാവവും ഇഷ്ടവും ചായക്കാരൻ ചാലിച്ചുവെച്ചിട്ടുണ്ടാകും. കൊച്ചിയിൽ പണ്ട് ‘അരക്കപ്പ് ചായ’ കിട്ടുന്ന ഒരു കാലമുണ്ടായിരുന്നു. നന്നായി ആറ്റിക്കുറുക്കിയെടുത്ത ചായ. ആ അരക്കപ്പ് ചായയുടെ കടുപ്പം ശീലമാക്കിയവർക്ക് പിന്നെ ലോകത്ത് മറ്റൊരു ചായയും ബോധിക്കില്ല.
കൊച്ചിയിലെത്തിയ ബോംബെ ‘ബാഹർവാലകൾ’
ബോംബെയിലെ ചായ എത്തിക്കുന്ന ‘ബാഹർവാല’കൾക്ക് ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പഴയ ബോംബെ ശൈലിയിൽ മട്ടാഞ്ചേരി, കൊച്ചങ്ങാടി തുടങ്ങിയ പഴയ വ്യാപാരകേന്ദ്രങ്ങളിൽ ഒരുകാലത്ത് സജീവമായിരുന്ന ബാഹർവാലകളെ പഴയ തലമുറയ്ക്ക് ഓർമ്മയുണ്ടാകും. കൊച്ചിയിലെത്തിയപ്പോൾ അവരെ നമ്മൾ ‘ബാർവാലകൾ’ എന്ന് വിളിച്ചു. ചായ ഗ്ലാസുകൾ ഇറക്കിവെക്കാവുന്ന, കൈയിൽ തൂക്കിപ്പിടിക്കുന്ന പ്രത്യേകതരം ട്രേകളിൽ ചായക്കടകളിൽ നിന്നും തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ചായ എത്തിക്കുന്ന ബാഹർവാലകൾ ഒരുകാലത്ത് കൊച്ചിയുടെ പതിവ് കാഴ്ചയായിരുന്നു.
പൊതുവെ ഇവരെ മുംബൈയിലെ ഡബ്ബാവാലകളെപ്പോലെ ‘ചായവാലകൾ’ എന്ന് വിളിക്കാറുണ്ടെങ്കിലും, ബോംബെയിലെ പ്രാദേശിക ശൈലിയിൽ ‘ബാഹർവാലകൾ’ എന്നാണ് പറയുക. കൊച്ചിയിലെ കപ്പലണ്ടിമുക്കിൽ പ്രവർത്തിച്ചിരുന്ന പ്രശസ്തമായ ‘ലക്കി സ്റ്റാർ ഹോട്ടലിൽ’ നിന്നും ഇതുപോലെ ചായ തൂക്കിപ്പിടിച്ച് കടകളിലേക്ക് ഓടി നടന്നിരുന്ന അബ്ദുക്കയെ ഇന്നും നല്ല ഓർമ്മയുണ്ട്.
സൗഹൃദങ്ങളുടെ സർവകലാശാലകൾ
ചായക്കടകൾ വെറും കച്ചവടസ്ഥലങ്ങളല്ല; അവ സൗഹൃദങ്ങൾ പിറവിയെടുക്കുന്ന, വളരുന്ന താവളങ്ങളാണ്. “തനിച്ചിരുന്ന് ചായ കുടിച്ചപ്പോഴാണ് മനസ്സിലായത്, നമ്മൾ കുടിച്ച ചായക്കായിരുന്നില്ല മധുരം. ആ ചായ കുടിക്കാൻ കൂടെയുണ്ടായിരുന്ന മനുഷ്യരും ആ നിമിഷങ്ങളുമായിരുന്നു ചായയുടെ യഥാർത്ഥ മധുരമെന്ന്…” പറയാറുണ്ടല്ലോ.
പെയ്യുന്ന മഴയും, കൈയിലിരിക്കുന്ന ചൂട് സുലൈമാനിയും, രാഷ്ട്രീയച്ചർച്ചകളും ചിരികളും—ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഒത്തുചേരുന്നത് ഈ ചായക്കടകളിലാണ്. പഴയ ചായക്കടകളിൽ തൂക്കിയിട്ടിരുന്ന ഒരു ബോർഡ് ഇന്നും ഓർമ്മയിലുണ്ട്: “മതവും രാഷ്ട്രീയവും പറയരുത്!”ബന്ധങ്ങൾ തകരാതിരിക്കാൻ ചായക്കടക്കാർ കണ്ടെത്തിയ ഒരു നിശബ്ദ ധാർമ്മികതയായിരുന്നു അത്. എങ്കിൽപ്പോലും ചായക്കടകളിൽ ലോകകാര്യങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകാറില്ല. ഇന്ന് കാലം മാറി, ചായക്കടകളുടെ രൂപവും മാറി. എങ്കിലും ഒരു സുലൈമാനിയുടെ ചൂടിൽ കൊച്ചിയുടെ സൗഹൃദം ഇന്നും വാടാതെ നിൽക്കുന്നു.
ഇന്ന് ചായക്കടകളിൽ വലിയ ആഗോള ചർച്ചകളാണ് നടക്കുന്നത്. “ഹോർമുസ് കടലിടുക്കിലെ പ്രശ്നം പണി പറ്റിച്ചു” എന്നൊക്കെ ചായ ഊതിക്കുടിക്കുന്നതിനിടയിൽ കേൾക്കാം. ഒപ്പം ഗ്യാസ് പ്രശ്നവും വിലക്കയറ്റവുമെല്ലാം ചർച്ചയാകും. ഇത്രയുമൊക്കെ ആകുമ്പോഴേക്കും ചായയുടെ സ്വഭാവവും മാറിയിട്ടുണ്ടാകും. പണ്ടത്തെപ്പോലെ വിവിധതരം ചായകൾക്ക് വേണ്ടി ഇന്ന് അധികം ശാഠ്യം പിടിക്കാൻ കഴിയില്ല. അങ്ങനെ പ്രത്യേക രീതിയിൽ ചായ വേണമെന്ന് ആവശ്യപ്പെട്ടാൽ, “വേണോങ്കി നിങ്ങൾക്ക് കുടിച്ചിട്ട് പോവാം!” എന്നാവും ചായക്കാരൻ്റെ ഭാവം. അതും കാലത്തിന്റെ മാറ്റമാണ്!
History of tea and tea culture of Kochi by Mansoor Naina