വാപ്പ ഹജ്ജിനു പോയതിന്റെ
മൂന്നാമ്പക്കം
ഉമ്മ
ഇദ്ദയിരിക്കാൻ ഇഹ്‌റാങ്കെട്ടി.
കാരക്കയിട്ടുവെക്കാൻ മേടിച്ച
ചില്ലുഭരണികളിൽ
കറുത്തലികകൾ
തിങ്ങിനിരങ്ങി രാപ്പാർത്തു.
—
മോന്തിക്കുമ്മ
ഉമ്മറത്ത്
ഓടിപ്പായുന്നത് ആളുകാണാതിരിക്കാൻ
പന്തലൂരണ്ടാന്ന്
വല്യാക്ക.
കട്ടിലിനെ ചുറ്റംവെച്ച്
തലചുറ്റി വീണപ്പം
ഉമ്മാനെക്കോരിയെടുത്ത്
‘യിവക്ക് പിരാന്ത്
മുത്തെന്ന്’
മൂത്തുമ്മ.
ഇനിയുമ്മ പായാതിരിക്കാൻ
വാപ്പാന്റെ
ഇടുങ്ങിയ മുറിയിൽ കൊണ്ടുകിടത്തി
കാവലിരിക്കണം.
വാപ്പാന്റെ ചാരുകസേരയിൽ
വന്നിരിക്കുന്ന പൂച്ചകളെ
‘പോ ചെയ്ത്താനെ’
എന്നും പറഞ്ഞുമ്മ
ശപിച്ചെറിയുന്ന കല്ലുകൾ
റോട്ടിലെത്താതെ നോക്കണം.
—
ഇന്നലെയാണ്
വാപ്പാന്റെ കറുത്ത് തടിച്ച
മോതിരക്കല്ലു മുത്തിമണത്തു-
മ്മ നക്കിയിറക്കിയത്.
പെറ്റുവീണ കുഞ്ഞിനെപ്പോലെ
കാലിട്ടടിച്ച്
പടച്ചോന്റെ
തൊട്ടിലിലേക്ക് കണ്ണുചിമ്മിയത്.
—
രാവിലെ മരണവാർത്ത
കോളത്തിൽ കൊടുക്കാൻ
കോൾ വന്നു.
“പേരെന്താണ്?”
“ആച്ചുമ്മ”
“ഹജ്ജുമ്മേ?”
“അല്ല”
“പിന്നെ?”
“ആച്ചുമ്മ ഹജ്ജുമ്മ”
ഞാൻ തിരുത്തി.
Poem Hajjumma by Salih Mambra