നിങ്ങൾ
വീടുവിട്ട് പോകുന്നതല്ല.
വീട് നിങ്ങളെ
ഉപേക്ഷിച്ചു പോകുന്നതാണ്.
നിങ്ങളുടെ രാജ്യം.
ബാല്യത്തിലെ കെട്ടിടങ്ങൾ.
നിങ്ങളുടെ ഗ്രാമം.
വസന്തത്തിന്റെ അവസാനത്തിൽ
മാത്രം കാണപ്പെടാറുള്ള
ആ പ്രത്യേക നീലിമ.
നിങ്ങൾ മറന്ന് തുടങ്ങിയ
പൂർവികരുടെ മണ്ണ്.
എന്തിനാണെന്നറിയാതെ,
അങ്ങോട്ടുമിങ്ങോട്ടും
നീക്കിയിരുന്ന മുത്തുകൾ.
ആ സാന്ത്വനങ്ങൾ,
സമാശ്വാസങ്ങൾ,
അതിവേഗം
കൈമാറിയിരുന്ന
നോട്ടങ്ങൾ…
നിങ്ങൾ കാലുകുത്തിയിട്ടേ ഇല്ലാത്ത
കുന്നിമുകളിലുണ്ടായിരുന്ന ആ ഒറ്റമരം.
***
കാൽവിരലിനടിയിൽ
നിങ്ങൾ ഭൂമിയെ
സ്വന്തമാക്കി വെച്ചിട്ടുണ്ടാകും.
യാത്ര
എപ്പോൾ തുടങ്ങുമെന്ന്
ആർക്കും ഒരു പിടിയുമുണ്ടാകില്ല.
എന്തായാലും,
പോകാൻ നേരമായാൽ
ആ കുന്ന് നിങ്ങൾക്ക് വഴികാട്ടും.
ഏതു വരയാണ് നിങ്ങളെ
മറ്റുള്ളവരിൽ നിന്ന്
വേർതിരിക്കുകയെന്ന്
ഒരാൾക്കും അറിയില്ല.
അവരുടെ ഭൂമിയിൽ നിന്ന്
അവരുടെ നിഴലുകളിൽ നിന്ന്
നിങ്ങളെ വേർതിരിക്കുന്ന വര!
നിങ്ങളിപ്പോൾ
മുറിച്ചു കടക്കേണ്ട
ആ വരയും
സ്വന്തമാക്കിയിട്ടുണ്ടാകും.
***
നിങ്ങളിലാരെങ്കിലും
ഒന്ന് നോക്കൂ,
സൂക്ഷിച്ചു നോക്കൂ.
കൈമലർത്തി,
മേനി തുറന്നു വെച്ച്
ആ കുന്നിൻ മുകളിൽ
ഒറ്റക്ക് കിടന്ന് നോക്കൂ…
അത് ചലിക്കുന്നുണ്ടാകും.
അന്നേരം
ഓർമ്മകൾക്ക്
വേരു പിടിക്കും.
ആ ചലനത്തിൽ
ഏതോ ഒരു വളവിൽ
നിങ്ങളുടെ വീട് കാണാനാകും.
അതിനെ കയ്യൊഴിഞ്ഞവരെയൊക്കെ
നിങ്ങളുടെ വീടും ഒഴിവാക്കും.
അതിനെ
തുരുമ്പെടുക്കാനാക്കിയവരുടെ
മീതെ അത് പൊളിഞ്ഞു വീഴും.
നിങ്ങളുടെ
ബാല്യകാലത്തെ വഹിക്കുന്ന
ഇടമാണ് നിങ്ങളുടെ വീട്.
Algerian poet Samira Negrouche’s poem Veed, translated by Melin Nova