ലൈലയുടെ കഥയും ഇതുതന്നെയാണ്, എന്റെയും

3 MINUTES READ

ജീവിതമെന്തേയിങ്ങനെ വരണ്ടുണങ്ങിപ്പോയതെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ആനന്ദങ്ങളുടെ വേരും വരമ്പുകളുമെല്ലാമുണ്ടായിട്ടും, നിറങ്ങളില്ലാത്ത, ചിരിക്കൂട്ടുകളില്ലാത്ത ഫ്രെയിം മാത്രമായി ഈ ജന്മയാത്ര അവശേഷിക്കുന്നതെന്താണെന്ന് അറിയാൻ ശ്രമിച്ചിട്ടുണ്ടോ? പ്രണയമില്ലാത്തതുകൊണ്ടുതന്നെ!

പ്രണയമില്ലെങ്കിൽ, ഉടലിനോളം കടുപ്പമുള്ള മരമില്ല വേറെയെന്നാണ് കവിസാക്ഷ്യം. അനശ്വരതയിലേക്ക് വഴിതുറക്കാൻ സ്നേഹം തന്നെയാണ് കവാടമെന്ന് റൂമി. ചുടു കിനാവിൻ്റെ മണൽ കാട്ടിലൂടെ ചെറിയൊരു പ്രാണനും കൈയിൽ വെച്ചോടുന്നവർ നാം. ഈ മധുരവും ചവർപ്പുമറിയാതെ ജീവിതത്തിനെന്തു രസമാണുള്ളത്? നോവും വേവുമറിയാതെ ഈ നിശ്വാസങ്ങൾക്ക് എന്തർഥമാണുള്ളത്? ഗൗരവമുടയാതെ, തുറന്നു ചിരിക്കാതെ, മനോഹരമായ വൈകുന്നേരങ്ങളിൽ ഒന്നിറങ്ങി നടക്കാതെ, നിലാവ് കാണാതെ, മഴ നനയാതെ നിങ്ങളെന്തിനാണിവിടെ പാർക്കാൻ വന്നത്…

പ്രണയമഴയുടെ ഒരിറ്റ് ഹൃദയത്തിലേക്ക് വന്നു വീണാലറിയാം, നിങ്ങളുടെ ആകാശത്തിന് എന്തു ഭംഗിയാണെന്ന്. നിങ്ങളുടെ രാത്രികൾ അത്രക്ക് സുന്ദരമാണെന്ന്. ദൂരങ്ങളില്ലാതെയാവുമെന്ന്. മടുപ്പിക്കുന്ന സന്തോഷങ്ങളേക്കാൾ നല്ലത് ജീവിതത്തെ അടയാളപ്പെടുത്തുന്ന പരിഭവങ്ങളാണെന്ന്.

ഹോഷ് വാലോം കൊ ഖബർ ക്യാ
ബേ ഖുദി ക്യാ ചീസ് ഹെ…

ജന്മയാത്രയുടെ രസങ്ങളറിയാത്തവർക്ക്, സ്വയം നഷ്ടപ്പെട്ടുപോകുന്നതിനെപ്പറ്റി ഒരക്ഷരവുമറിയില്ല. ഉറങ്ങിയുമുണർന്നും അവർ ദിവസങ്ങളെ കൊന്നുതീർക്കുന്നു. സ്വപ്‌നങ്ങളില്ല, ആഗ്രഹങ്ങളില്ല. കലഹിച്ചു ചിരിക്കാൻ സൗഹൃദങ്ങളില്ല. വെറുതെ നടക്കാൻ ഇടവഴികളില്ല. സ്‌മരണകൾ വിരിഞ്ഞ വരാന്തകളില്ല, അവർക്ക് ജീവിതം തന്നെയില്ല.

ഇഷ്ഖ് കീജേ.. ഫിർ സമജിയേ
സിന്ദഗി ക്യാ ചീസ് ഹേ…

ഒരുപാടൊന്നുമില്ല ജന്മയാത്രയുടെ സൗന്ദര്യമറിയാൻ. നിങ്ങളൊരു പ്രണയത്തിന് വിത്തെറിഞ്ഞാൽ മാത്രം മതി. അന്നുവരെയില്ലാത്ത വഴികൾ തുറന്നുവരുന്നത് കാണാം, കണ്ണിലൊരു വെളിച്ചം കാണാം, ഹൃദയപാതകളിൽ ആളനക്കമറിയാം…

സ്നേഹിക്കാനറിയാത്തവരാരും ഇവിടെ പിറന്നതായറിവില്ല, പ്രേമിച്ച തെറ്റിനാണ് സ്വർഗം നമ്മെ ശപിച്ചത്. സ്വർഗത്തിനജ്ഞാതമായ അനുരാഗത്തിൻ്റെ സൗഗന്ധികം തേടിയാണ് നമ്മളിവിടെ വന്നതും…

നിറങ്ങളുടെ വിസ്മ‌യ വാതിലുകൾ നിങ്ങളെ കാത്ത് തുറന്നു കിടക്കുമ്പോൾ, ഇരുൾ വഴികളന്വേഷിച്ച് നടക്കുന്നതെന്തിനാണ് വെറുതെ..? അണിഞ്ഞൊരുങ്ങി കാത്തുനിൽക്കുമ്പോൾ വിളിച്ചു കൊണ്ടുപോവാനെത്താറില്ല പ്രണയം. വേനൽ മഴ പോലെ, വെറുതെയിരുക്കുന്നവൻ്റെ മുന്നിലൂടെ കടന്നു പോയൊരു മിന്നായം പോലെ…
എൻ്റെ പ്രണയമിങ്ങനെയായിരുന്നു.

ഉൻസെ നസ്റെ ക്യാ മിലി
റോഷൻ ഫിസായേ ഹോ ഗയി…

തമ്മിലറിയാതെ കണ്ണുകളുടക്കി മിഴിയിൽനിന്ന് മിഴിയിലേക്കൊരു തോണി മെല്ലെ തുഴഞ്ഞു ഞാൻ… കാറ്റിനു വേഗതയേറി, താരകങ്ങൾക്ക് തിളക്കമേറി… സുമോഹനമായൊരു പുതിയ ലോകം ചിറകുവിരിച്ചു.

പ്രണയത്തിൻ്റെ മാന്ത്രികതയെന്താണെന്ന് അന്നാണ് ഞാനറിഞ്ഞത്-

ആജ് ജാനാ പ്യാർ കി
ജാദൂഗരി ക്യാ ചീസ് ഹേ…

വായന നിർത്തി ഇനിയൊന്ന് ഓർത്തുനോക്കൂ, നിങ്ങളെന്നു തൊട്ടാണ് ജീവിക്കാൻ തുടങ്ങിയത്? പ്രണയാർദ്രമായ ഒരു ഓർമക്കടവത്ത് നിങ്ങൾക്കൊപ്പമിരിക്കാൻ, കഥ പറയാൻ കൂട്ടിനു വന്നതാരാണെന്ന്? അവരില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ അഭിലാഷങ്ങളുടെ ഭാണ്ഡമെവിടെ ഒളിപ്പിക്കാനാവുമായിരുന്നെന്ന്..?

ഓർമയിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ, പുഞ്ചിരിക്കും കണ്ണീരുപ്പിൻ്റെ രസം തന്നെയാണ്. നിറം മാറിത്തുടങ്ങിയ മുടിച്ചുരുളുകൾ കാലത്തിൻ്റെ വികൃതി തന്നെയാണ്. എന്നാലും, പരമാനന്ദത്തിൻ്റെ പ്രണയകഥകളുണങ്ങാത്ത കണ്ണുകൾ ഇവിടെ ബാക്കിയുണ്ട്…

അങ്ങനെയൊരാളെ കണ്ടുകിട്ടിയെന്നതു ശരിയാണ്. പക്ഷേ, ഇഷ്ടം പറയാൻ എൻ്റെ ചുണ്ടുകളനങ്ങിയതേയില്ല. വെറുതെയൊരു വാക്കിലെങ്ങനെ ഒതുങ്ങാനാണ്, ജീവനു തുല്യമായി ഉള്ളിൽ ഇരമ്പിയാർക്കുന്ന സ്നേഹ കടൽ..?

ഹം ലബോം സെ കഹ്‌ന പായേ
ഉൻസെ ഹാലേ ദിൽ കഭീ….

അതുവരെ ശാന്തമായിക്കിടന്ന മനസ്സ്… ആനന്ദങ്ങളുടെ തിരയിളക്കം, അനുഭൂതികളുടെ ആകാശം… എനിക്കത് പറഞ്ഞറിയിക്കാൻ വയ്യാതെയായി.
എൻ്റെ നിശബ്ദതയുടെ നിലവിളി മനസ്സിലാക്കാൻ അവൾക്കുമായില്ല.

ഔർ വൊ സംജേ നഹീ-യെ
ഖാമുഷി ക്യാ ചീസ് ഹേ…

കമിതാക്കളുടെ നിഘണ്ടു അക്ഷരങ്ങളില്ലാത്തതാണെന്നാണ് പറഞ്ഞു കേൾക്കുന്നത്. നിശബ്ദതകൊണ്ട്, കണ്ണുകൾകൊണ്ട്, മുഖത്തെ പ്രകാശം കൊണ്ട്, പരിചയത്തിലില്ലാത്ത പലതരം ഭാഷകൾകൊണ്ട് അവർ നിരന്തരം സംസാരിക്കുന്നു.

പ്രണയത്തിൻ്റെ രസതന്ത്രമറിയാത്തവർ, അവരെ ഭ്രാന്തന്മാരെന്ന് വിളിക്കുന്നു. അങ്ങനെയാണ് ലോകത്ത് വീണ്ടും മജ്‌നു പിറന്നത്. ലൈലയുടെ കഥയും ഇതു തന്നെയാണ്, എൻ്റെയും.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഫര്‍മാഇശ് എന്ന പുസ്തകത്തില്‍ നിന്ന്‌)

A write up on Ghazal “Hoshwalon ko khabar kya” by Jagjit Singh from the book Farmai’sh written by Murshid Molur

ഫർമാഇശ്

മുർഷിദ് മോളൂർ

എനിക്ക് തോന്നുന്നു, ഉയിര്‍ത്തെഴുന്നേല്‍പിന്റെ കാഹളമാണ് സംഗീതമെന്ന്. പ്രിയപ്പെട്ട ഒരാളെപ്പോലെ നമുക്ക് കൂട്ടിരിക്കാന്‍, കഥ പറഞ്ഞുതരാന്‍, ഓര്‍മപ്പെടുത്താന്‍, കിടത്തിയുറക്കാന്‍ പാട്ടുകള്‍ക്ക് കഴിയുന്നു. പിന്നെങ്ങനെയാണ് സംഗീതം അന്യമാകുന്നത്. നിനക്കത് എന്നെപ്പോലെയല്ലേ? എനിക്കത് നിന്നെപ്പോലെയും

മുർഷിദ് മോളൂർ

എഴുത്തുകാരൻ
എഴുത്തുകാരൻ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy