മുറിവിലൂടെയാണ് വെളിച്ചം പ്രവേശിക്കുന്നത് എന്നൊരു നിരീക്ഷണം റൂമി മസ്നവിയിൽ നടത്തുന്നുണ്ട്. വിള്ളലുകളിലൂടെ ഒരു മുറിക്കകത്തേക്ക് വെയിലോ നിലാവോ വന്നുകയറുംപോലെ ഹൃദയത്തിൻ്റെ മുറിവുകൾ, കടുത്ത വേദനകൾ, നമ്മെ കൂടുതൽ വെളിച്ചവും തെളിച്ചവുമുള്ള മനുഷ്യരാക്കിത്തീർക്കുന്നു. അഥവാ അതാണതിൻ്റെ സാംഗത്യം. ദുരന്തങ്ങളാണ് ദൈവാസ്തിത്വത്തിൻ്റെ ഒരു നിദർശനമെന്ന് ഇസ്സത്ത് ബെഗോവിച്ച് എഴുതുന്നതിൻ്റെ പൊരുളും മറ്റൊന്നല്ല. ആത്മീയവും വൈകാരികവുമായ മുറിവുകൾ നമുക്കുളളിലെ ഏറ്റവും സുന്ദരമായതിലേക്കും ഏറ്റവും വിരൂപമായതിലേക്കും തുറന്നിടപ്പെടുന്ന വാതിലുകളാണ്. ഏത് വേണമെടുക്കാനെന്നത് ഉള്ളിലെ വിവേകത്തിൻ്റെ തിരഞ്ഞെടുപ്പാണ്.
ഒരാൾക്ക് ആവശ്യമുള്ള പാഠങ്ങൾ അയാളിലേൽക്കുന്ന മുറിവുകളിലുണ്ട്, മുറിവുകളെ ശ്രദ്ധിക്കുകയാണെങ്കിൽ. മസ്‌നവിയും ഗീതാഞ്ജലിയും ആരംഭിക്കുന്നത് ഒരേ രൂപകത്തിൽ നിന്നാണ്: ഓടക്കുഴലിനു മുളങ്കാട്ടിലേക്ക് മടങ്ങിച്ചെല്ലാനുള്ള വെമ്പൽ. വേരിൽനിന്ന്, സ്വർഗത്തിൽനിന്ന്, ഉണ്മയുടെ പൂർണതയിൽനിന്ന് വേർപ്പെടുത്തപ്പെട്ടവരാണ് നാമെല്ലാവരും. പക്ഷേ, ആ വിരഹതീവ്രതയിൽ നിന്നാണ്, മുളന്തണ്ടിൽ വീണ തുളകളിൽ നിന്നാണ് സംഗീ തമുണ്ടാകുന്നത്. ഒരുവനെ ജീവിതം എത്രമാത്രം ആദരിച്ചിരിക്കുന്നു എന്നതിൻ്റെ പതക്കങ്ങളാണയാളുടെ മുറിപ്പാടുകൾ എന്ന് സെൻഗുരുക്കൻമാർ പറയും.
വീണുടയുന്ന സ്ഫടികചഷകങ്ങൾ വലിച്ചെറിയുന്നതിനു പകരം അവയുടെ പൊട്ടുകളിലൂടെ സ്വർണം പൂശി ഒട്ടിച്ച് ഏറ്റവും മുന്തിയ അതിഥികൾക്കതിൽ ചായ പകരുന്ന ജാപ്പനീസ് പാരമ്പര്യം (കിന്‌സുഗി) മുറിവുകളുടെ മൂല്യത്തെ അടിവരയിടുന്നു. ഹീർ രാഞ്ച പോലുളള ജനകീയ ഇതിഹാസങ്ങളുടെ രചയിതാവായ പഞ്ചാബി സൂഫികവി വാരിസ് ഷാഹ് എഴുതിയ കലാമാണ് ‘ലഗീ ബിനാ’. മുറിവേറ്റുണർന്നിരിക്കുന്ന ഹൃദയത്തിൻ്റെ പാട്ട്.
പാകിസ്താനി സൂഫീ നാടോടി സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ സഈൻ സഹൂർ അഹ്മദും യുവ സൂഫീഗായിക സനം മർവിയും ചേർന്ന് കോക് സ്റ്റുഡിയോക്കുവേണ്ടി അവതരിപ്പിച്ച ഭാഷ്യമാണിത്. 1945 ൽ പാക് പഞ്ചാബിലെ ഒരു ഗ്രാമീണ കർഷകകുടുംബത്തിൽ ജനിച്ചുവളർന്ന നിരക്ഷരനായ സഈൻ സഹൂർ തൻ്റെ ജീവിതത്തിലെ ബഹുഭൂരിഭാഗവും ചെലവഴിച്ചത് പാകിസ്‌താനിലെ ദർഗകളിൽ പാടിനടന്നാണ്. ബുല്ലേ ഷാഹ് തന്നെ വിളിക്കുന്നതായി സ്വപ്‌നം കണ്ട് നന്നേ ചെറുപ്പത്തിലേ വീടുവിട്ടിറങ്ങിയ സഹൂർ ദർഗകളിലൂടെ തൻ്റെ സഹചാരിയായ ഏക്താര മീട്ടി പാടിയലഞ്ഞു. 1989 ൽ നടന്ന ഒരു സംഗീതസമ്മേളനത്തിൽ പാടിയതോടെയാണ്, നീണ്ട തേങ്ങലുകളെ ഉള്ളിൽ പേറുകയാണെന്ന് തോന്നിപ്പിക്കുന്ന സഹൂറിൻ്റെ അനുപമമായ ഘനസ്വരം പാക്കിസ്‌താനിലെ മുഖ്യധാരാ സംഗീതലോകം ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് 2006 ൽ ബി.ബി.സി ലോകസംഗീത അവാർഡിനു നോമിനേറ്റു ചെയ്യപ്പെടുമ്പോൾ പോലും വിപണിയിൽ അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ ലഭ്യമായിരുന്നില്ല. ഇന്ന് വിവിധ വിദേശ നഗരങ്ങളിൽ സഹൂറിൻ്റെ ഭാഷ അറിയുന്നവരും അറിയാത്തവരുമായ ജനാവലി അദ്ദേഹത്തെ കേൾക്കാനിരിക്കുന്നു. ബുല്ലേ ഷായുടെ കലാമും കൂടിച്ചേർന്നതാണീ ആലാപനം.
ലഗീ ബിനാ
എവിടേക്കു തിരിഞ്ഞാലും കാണുന്നു
ഞാനെൻ്റെ പ്രിയതമൻ്റെ വർണങ്ങൾ
അവൻ്റെ ചമയങ്ങൾ തേടിപ്പോയ
ഞാനതിൽ കുളിച്ചുധന്യയായി
എൻ്റെ സുന്ദരപ്രിയതമാ വന്നണയൂ,
ഈ വീട്ടിലേക്ക് വേഗം പോരൂ
ആരുമുണർന്നിരിക്കുന്നില്ല,
രാവുമുഴുവൻ ആരുമുണർന്നിരിക്കുന്നില്ല
സ്നേഹം കൊണ്ടുള്ളുമുറിഞ്ഞവരല്ലാതെ
ആരുമുണർന്നിരിക്കുന്നില്ല, രാവുമുഴുവൻ
തമ്പുരാനേ നീയുണർത്തിവെച്ചവരല്ലാതെ
മറ്റാരുമുണർന്നിരിക്കുന്നില്ല രാവുമുഴുവൻ
സ്നേഹം കൊണ്ടുള്ളു മുറിഞ്ഞവരല്ലാതെ
മറ്റാരും പ്രാർഥിച്ചു രാവുതീർക്കുന്നില്ല
ഏതാനും യാമമുണർന്നിരിക്കാൻ ആർക്കുമാവും
രാവുമുഴുവൻ ദുആയിൽ ലയിക്കാനാവില്ല
സ്നേഹം കൊണ്ടുള്ളുമുറിഞ്ഞാലല്ലാതെ,
രാവുനീളെ പ്രാർഥിച്ചുകരയാനാവില്ല
ലോകത്തിൻ്റെ ആഘോഷമേളമിവിടുണ്ട്,
അത് പൊലിഞ്ഞുതീരും
നമുക്കാ മേളമൊന്നു കണ്ടുവരാം,
ഒടുക്കം മരിച്ചുവിടപറയേണ്ടവരല്ലോ നമ്മൾ!
നമുക്കാ മേളമൊന്നു കണ്ടുവരാം…
ആദ്യത്തെ മേളം തമ്പുരാനൊരുക്കി:
അവൻ്റെ കൽപനയാൽ മാലാഖമാർ സാഷ്ടാംഗം വീണു,
സാത്താനപ്പോൾ ആദമിനെക്കണ്ട് അസൂയ പൂണ്ടു
നമുക്കാ മേളമൊന്നു കണ്ടുവരാം
ഒടുക്കം മരിച്ചുവിടപറയേണ്ടവരല്ലോ നമ്മൾ
ആരുമുണർന്നിരിക്കുന്നില്ല രാവുമുഴുവൻ,
ആരുമുണർന്നിരിക്കുന്നില്ല
ദുഃഖഭാരംകൊണ്ട് ദുഖിതർ ഉണർന്നിരിക്കും,
ഉള്ളിലാനന്ദം പേറുന്നവരാരും ഉണർന്നിരിക്കുന്നില്ല
സ്നേഹം കൊണ്ടുള്ളുമുറിഞ്ഞവരല്ലാതെ,
രാവുവുനീളെ പ്രാർഥനയിൽ ലയിക്കുന്നില്ലാരും
ബുല്ലേ ഷാഹ് ഗുരുവെ പ്രീതിപ്പെടുത്താൻ വെമ്പുന്നു,
ഒരു ദർശനമെങ്കിലുമാശിച്ച്
ഗുരുവെ കാംക്ഷിച്ച് ബുല്ലേ നൃത്തമാടുന്നു
ഒടുവിലൊരു ദർശനം നേടുന്നു
എൻ്റെ പ്രിയനേ, അല്ലാഹുവേ
ആരുമുണർന്നിരിക്കുന്നില്ല രാവുമുഴുവൻ,
ആരുമുണർന്നിരിക്കുന്നില്ല,
സ്നേഹം കൊണ്ടുള്ളുമുറിഞ്ഞവരല്ലാതെ
നീയുണർത്തിവെച്ചവരല്ലാതെ…
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച സമാഏ ബിസ്മില്‍; ഖവാലിയുടെ ഉള്‍ലോകങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
A writeup on Sufi kalam Lagi Bina from M. Noushad’s book Sama’e Bismil; Qawwaliyude Ullokangal