കെട്ടുപിണഞ്ഞു കിടക്കുന്ന ബഷീറിന്റെ ജീവിതവും ദർശനങ്ങളും

7 MINUTES READ

“അപ്രധാനമായ ഒരു സംഭവം. അതോ അതിപ്രധാനമായതോ? എന്തോ… ഉണ്ടായി…അതാണോ പ്രധാനം? എന്തായാലും രണ്ടിൻ്റെയും ഇടയിലുള്ള അനർഘ നിമിഷമാണ് ഞാൻ. വർത്തമാനത്തിൻ്റെ വക്കത്തു നിൽക്കുന്ന ഭൂതകാലം.”

വൈക്കം മുഹമ്മദ് ബഷീർ തൻ്റെ കൃതിയായ അനർഘ നിമിഷത്തിൽ എഴുതിയതു അദ്ദേഹത്തെക്കുറിച്ച് തന്നെയാണോ?

1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിന്നടുത്ത്, തലയോലപ്പറമ്പിൽ ഭൂജാതനായി, കോഴിക്കോട് ബേപ്പൂരിൽ 1994 ജൂലൈ 6 ന് മരണപ്പെട്ടു. ജനന മരണങ്ങൾക്കിടയിലെ അനർഘ നിമിഷങ്ങൾക്കിടയിൽ അദ്ദേഹം നടത്തിയ അനേകം രചനകൾ! ഈ ഭൂമിമലയാളത്തിൽ ഇന്നോളം ജനിച്ചവരിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായ ബേപ്പൂർ സുൽത്താൻ. ബഷീറിനെ ഓർക്കുമ്പോഴൊക്കെ ഉമ്മറക്കോലായുടെ നീൾച്ചയിൽ ചടഞ്ഞിരിക്കുന്ന, മാങ്കോസ്റ്റിൻ മരത്തണലിൽ വെളിച്ചത്തിൻ്റെ ചെറുചതുരങ്ങൾ കൊണ്ട് മേലാകെ മൂടി, ചാരുകസേരയിൽ കിടന്ന് പാട്ടുകേൾക്കുന്ന ഒരു കാരണവർ നമ്മുടെ ചിന്തകളിൽ ഉണരും. നോവ് തീണ്ടിയ നേരങ്ങളിൽ അദ്ദേഹത്തിൻ്റെ കൃതികളായ ബാല്യകാലസഖിയും ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്നുവും, പാത്തുമ്മയുടെ ആടുമൊക്കെ വായിക്കുമ്പോൾ നമ്മുടെ ചുണ്ടിലുമൊരു ചിരി വിടരും. നോവ് പടർന്ന ചിരി.

അദ്ദേഹത്തിൻ്റെ ജീവിതവും ദർശനവും എഴുത്തുമെല്ലാം പരസ്പ‌രം കെട്ടുപ്പിണഞ്ഞു കിടക്കുന്നു. ഗസലുകളെ, യാത്രകളെ, സകലമാന ജന്തുക്കളെ, സൂഫിസത്തെ, ആത്മാവിൻ്റെ ആനന്ദങ്ങളെ ഇഷ്ടപ്പെടുന്ന അനേകായിരം മനുഷ്യരോടു കനിവും കാരുണ്യവും കൃതികളിലുടനീളം എഴുതി വെച്ച ബഷീർ! ആദ്യ ചെറുകഥയായ തങ്കം തൊട്ട് തൻ്റെ രചനകളെല്ലാം കാലാതിതമെന്ന് തെളിയിച്ച എഴുത്തുകാരൻ. അദ്ദേഹത്തെ അനുസ്‌മരിച്ചവരെല്ലാം മാങ്കോസ്റ്റിൻ മരച്ചുവട്ടിൽ ഗ്രാമഫോൺ കേട്ട് ധ്യാനിച്ച് കിടക്കുന്ന സിദ്ധനെ സ്മ‌രിച്ചു. ഭൗതിക ജീവിതത്തെ ഒരു മുഴുത്ത തമാശയായി മാത്രം കണ്ട് കള്ളൻ്റെ തലയിൽ കൈവെച്ച് സുഖമോഷണം നടത്താൻ ആശിർവദിക്കാനും ചക്ക പറിക്കുമ്പോൾ ഭൂമിയുടെ അവകാശികളിൽ ഒരുവനായ അണ്ണാറക്കണ്ണനോട് മാപ്പു ചോദിക്കാനും ഉഗ്രവിഷമുള്ള പാമ്പിന് തൻ്റെ ചാരുകസേരയിലൂടെ ഇഴഞ്ഞു പോകാനുള്ള സ്വാതന്ത്ര്യം നൽകാനും യാതൊരു മടിയുമില്ലാത്ത മിസ്റ്റിക്കായ ഫാൻ്റസികളുടെ തോഴനായ എഴുത്തുകാരൻ. താമസിയാതെ ചവിട്ടിയരക്കപ്പെടാൻ മാത്രം വിധിക്കപ്പെടുന്ന പൂവുപോലുള്ള ഹൃദയം കൊണ്ടുനടക്കുന്നവൻ!

സ്വാതന്ത്ര്യ സമരക്കാലത്ത് ഗാന്ധിജിയുടെ ചുമലിൽ തൊട്ടെന്ന് ഉമ്മയോട് അഭിമാനത്തോടെ വന്നു പറയുന്ന ബഷീർ പിന്നീടങ്ങോട്ട് സ്‌കൂൾ പഠനം അവസാനിപ്പിച്ച് സമരത്തീച്ചൂളയിലേക്ക് എടുത്തു ചാടുന്നതായി കാണാം. തെണ്ടിതിരിഞ്ഞ് ഉപ്പുസത്യാഗ്രഹ സമരപന്തലിൽ എത്തുന്ന ആ യുവാവിനോട് നേതാവ് ആദ്യം ചോദിക്കുന്നത് നീ ഭക്ഷണം കഴിച്ചിരുന്നോ എന്നാണെന്ന് സാഹിത്യകാരൻ ഓർമ്മിക്കുന്നുണ്ട്. ആ ഓർമ്മയിൽ പിന്നീടെപ്പോഴും തൻ്റെ അടുത്ത് വരുന്ന ഏതൊരാളോടും ആദ്യം വിശപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന മനുഷ്യനായി പരിണമിച്ചു താനെന്ന് സ്വയം വെളിപ്പെടുത്തുന്നുണ്ട് ബഷീർ. മനുഷ്യൻ്റെ മനസ്സും ശരീരവും സ്നേഹത്തിനും ഭക്ഷണത്തിനുമായി ദാഹിക്കുന്നതാണെന്ന് ആവർത്തിച്ച് പറയുന്നുണ്ട് സുൽത്താൻ.

ചെറുപ്പത്തിലേ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ബഷീർ പിന്നീട് വിവിധ നാടുകളിലൂടെ സഞ്ചരിക്കുന്നു. പലതരം ജോലികളെടുക്കുന്നു. പോക്കറ്റടിക്കാരനായും ഗുമസ്ത‌നായും സന്യാസിയായും നടക്കുന്നതിനിടയിൽ ഭൂമിക്ക് താഴെ താൻ കണ്ട, അനുഭവിച്ച കാഴ്‌ചകളുടെ മായപ്പരവതാനിയിൽ അദ്ദേഹം തൻ്റെ കൃതികളിലൂടെ നമ്മെയും കയറ്റി കൊണ്ടുപോകുന്നു. അദ്ദേഹം കണ്ടത് ശ്രവിച്ചത് അനുഭവിച്ചത് എല്ലാം നമ്മളും അനുഭവിക്കുന്നു. ജീവൻ്റെ, ദാരിദ്രത്തിൻ്റെ അധികാരത്തിൻ്റെ പ്രണയത്തിൻ്റെ തീരാപ്പടർപ്പുകളിൽ ആഞ്ഞടിക്കുമ്പോൾ ഏൽക്കുന്ന അനുഭൂതികളും അശാന്തിയും നമ്മളും തൊട്ടറിയുന്നു. ബഷീറിൻ്റെ രചനകളെല്ലാം തന്നെ ചുരുങ്ങിയ വാക്കുകളിൽ പേജുകളിൽ എഴുതിയവയാണ്. ബാല്യകാലസഖിയും പാത്തുമ്മായുടെ ആടുമെല്ലാം നൂറിൻ്റെയും ഇരുനൂറിൻ്റെയും ഇടയിൽ മാത്രം പേജുകളുള്ള കുഞ്ഞു പുസ്‌തകങ്ങളാണ്. പക്ഷേ അതിൻ്റെ വക്കുകളിൽ രക്തം പൊടിഞ്ഞിരിക്കുന്നുവെന്ന് എം.പി പോൾ ബാല്യകാലസഖിക്ക് എഴുതിയ ആമുഖക്കുറിപ്പ് എത്ര യാഥാർഥ്യമാണ്.

ബഷീറിയൻ ദർശനങ്ങളിൽ, എഴുത്തുകളിൽ പ്രകൃതിചിന്ത ഉടനീളം കാണാം. ജീവിതഗന്ധിയായ കഥാപശ്ചാത്തലങ്ങളിൽ അദ്ദേഹം എടുക്കുന്ന ഉദാഹരണങ്ങളിൽ പോലും കവിത്വം തുളുമ്പുന്നു. ‘ബാല്യകാലസഖിയിലെ മജിദ് ഒന്നും ഒന്നും ബല്യ ഒന്നാണെന്ന് വാദിക്കുന്നത് ഒഴുകി വരുന്ന രണ്ടു നദികൾ ഒരുമിച്ച് ഒറ്റ നദിയായി പരിണമിക്കുന്നതിനെ ഉദാഹരണമാക്കി കാണിച്ചു കൊണ്ടാണ്. ഇത്രയൊക്കെ വിശദീകരിച്ചിട്ടും അധ്യാപകൻ്റെ കയ്യിൽ നിന്നും അടി കിട്ടുന്ന മജീദിൻ്റെ കണ്ണുനീരിനെ പോലും പുഞ്ചിരിയാക്കുന്ന, നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന, ഒരേസമയം നോവുപടർത്തുന്ന ആ ബഷീറിയൻ രചനാശൈലി മറ്റാർക്കും അനുകരിക്കാനാവാത്തത് തന്നെയാണ്.

പ്രേമലേഖനത്തിലെ കേശവൻപിള്ളയും സാറാമ്മയും ഇന്നത്തെ സ്ത്രീപക്ഷ ചിന്തകളെ എത്രയോ ഉദാത്തമായി ആവിഷ്കരിച്ചിരിക്കുന്നു. ആൺ അഹന്തകളുടെ മൂർത്തിഭാവമായ കേശവൻ നായരും അവളവൾ ചിന്തകളിൽ ആനന്ദം കണ്ടെത്തുന്ന സാറാമ്മയും. തൻ്റെ ഇഷ്ടങ്ങളെ പ്രണയിനിയുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ. പെണ്ണാണെങ്കിലും തനിക്ക് തന്റേതു മാത്രമായ കാഴ്‌ചപ്പാടുകളുണ്ടെന്ന് സാറാമ്മ തുറന്നടിക്കുന്നുണ്ട്. ആണിൻ്റെ ഇഷ്ടങ്ങൾ എല്ലാം കമാന്ന് മറുത്തൊരക്ഷരം പറയാതെ അനുസരിക്കേണ്ടവളല്ല പെണ്ണെന്ന് സാറാമ്മയുടെ പെരുമാറ്റങ്ങളിൽ കാണാം. കേശവൻ നായർക്ക് അത് അംഗീകരിക്കാതെ വേറെ വഴിയില്ല. ആകാശ മിഠായിയെന്ന് കുഞ്ഞിന് പേരിടാമെന്ന് തീരുമാനിക്കുന്നിടത്ത് പോലും പ്രണയത്തിനു മേൽ മതത്തിനോ ജാതിക്കോ സാമൂഹിക ചുറ്റുപാടുകൾക്കോ തടസ്സം കൊണ്ടുവരാനാവില്ലെന്ന നക്ഷത്രദ്യുതി വായനക്കാരൻ്റെ ഉള്ളിലേക്ക് പ്രസരിപ്പിക്കുന്നു.

മറ്റു എഴുത്തുകാരേപ്പോലെ തൻ്റെ ജീവിതത്തിലെ, അല്ലെങ്കിൽ സ്വഭാവത്തിലെ ‘ഗ്രേ ഷേഡുകളെ’ വായനക്കാരിൽ നിന്നും സഹജീവികളിൽ നിന്നും മറച്ചുപിടിക്കുന്നതിൽ നിന്നും വ്യത്യസ്തനായി തൻ്റെ ഉന്മാദാവസ്ഥകളെപോലും ബഹുജനങ്ങൾക്കു മുൻപിൽ തുറന്നു കാണിച്ച ” എനിക്ക് വട്ട് തന്നെയാണ്, സമ്മതിച്ചു.അതിൽ അസൂയപ്പെട്ടിട്ട് കാര്യമൊന്നുമില്ല, വട്ട് വരാനും കുറച്ചൊക്കെ യോഗ്യത വേണം..” എന്നു തുറന്നടിക്കുന്ന ഒരു പച്ചമനുഷ്യനെ കാണാം.

ഉള്ളിൽ നീലിച്ചുറഞ്ഞ ഒടുങ്ങാത്ത സ്നേഹത്തിൻ്റെ, പ്രണയത്തിൻ്റെ, ശാരീരിക കാമനകളുടെ കഥയാണ് അദ്ദേഹം രചിച്ച അനുരാഗത്തിൻ്റെ ദിനങ്ങൾ. പ്രണയകാലത്തെ ദിനസരികൾ വായനക്കാർക്ക് മുൻപിൽ തുറന്നുവെക്കുമ്പോൾ തങ്കത്തിൻ്റെയും ബഷീറിൻ്റെയും ജീവിതം ബാക്കി വെക്കുന്ന വെളിച്ചത്തുണ്ടുകളിലേക്ക് വായനക്കാരൻ്റെ ചിന്ത തളച്ചിടുന്നു. പ്രണയ പരാജയം നേരിടുന്ന ഇന്നത്തെ തലമുറ ആസിഡൊഴിച്ചും, സ്വയം തീകൊളുത്തിയും അന്നോളം സ്നേഹിച്ച പ്രിയപ്പെട്ടവരെ നിതാന്ത ദുഃഖത്തിലേക്ക് തള്ളിവിടുമ്പോൾ പ്രണയ പരാജയത്തിനു ശേഷവും ഓർമ്മകളുടെ തോണിയിൽ വിതുമ്പി വിതുമ്പിയെങ്കിലും ജീവിതം മുന്നോട്ട് തന്നെ തുഴയണമെന്ന് ഉദ്ബോധിപ്പിക്കുന്ന എഴുത്തുകാരനെ കാണാം.

പരസ്‌പരം കാണാത്ത എഴുത്തുകാരനും നാരായണിയും തമ്മിൽ ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ജയിൽ മതിലുകളുടെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്നതാണ് മതിലുകളിലെ പ്രമേയം. മാംസനിബദ്ധമല്ലാതെ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒരു കാലത്ത് പെണ്ണിൻ്റെ നിറവും ഭംഗിയും പനങ്കുല പോലത്തെ മുടിയും കവിളുകളുടെ മിനുമിനുപ്പും ചെഞ്ചൊടികളുടെ ഭംഗിയും കാണാതെ പ്രണയിക്കുന്ന എഴുത്തുകാരൻ. നിൻ്റെ സാന്നിധ്യം ഉള്ള ഈ തടവറകരികിൽ കാറ്റിന് ഉടലാകെ വരിഞ്ഞുമുറുക്കുന്ന വശ്യതയുണ്ടെന്ന് വായനക്കാരന് തോന്നിപ്പിക്കുന്ന വിധം, പരസ്‌പരം കാണാതെയും അഗാധമായി പ്രണയിക്കാമെന്ന് തിരിച്ചറിയുന്ന നമ്മുടെയുള്ളിലും ഉദാത്ത പ്രണയത്തിൻ്റെ ചെമ്പനീർപ്പൂക്കൾ തളിർത്ത് വിടരുന്നു ഒടുക്കം താൻ ജയിൽ മോചിതനായെന്നറിയുമ്പോൾ ‘ആർക്കുവേണം സ്വാതന്ത്ര്യം’, എന്നു ചോദിക്കുന്നിടത്ത് ബഷീറിയൻ ചിന്തകളുടെ വ്യത്യസ്‌തത ദർശിക്കാം.

‘ൻ്റെപ്പൂപ്പാക്കൊരാനണ്ടാർന്ന്’ എന്ന കൃതിയിൽ മുസ്‌ലിം സമുദായത്തിൻ്റെ അജ്ഞതയും അവര് പിന്തുടരുന്ന അനാചാരങ്ങളുമെല്ലാം തുറസ്സായി പറയുന്നു. വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നു പറയുന്നിടത്ത് സമുദായത്തിലെ പടർന്നുകിടക്കുന്ന അന്ധകാരം നീക്കി വെളിച്ചം കടന്നുവന്നതായി വായനക്കാരനും അനുഭവപ്പെടുന്നു. സ്ത്രീ വിദ്യാഭ്യാസത്തിൻ്റെയും അതുവഴി സമൂഹത്തിലേക്ക് കടന്നു വരുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും ബഷീർ ഭീതിലേശമന്യേ തുറന്നെഴുതിയിരിക്കുന്നു.

നവ എഴുത്തുകാരെ പോലെ വായനക്കാരൻ്റെ ഉള്ളിൽ ദുരൂഹതകളൊന്നും അവശേഷിപ്പിക്കാതെ, ലാളിത്യമാർന്ന നേരിട്ടുള്ള കഥപറച്ചിൽ രീതിയായിരുന്നു വിശ്വവിഖ്യാതമായ ബഷീറിയൻ ശൈലി. മുഴച്ചു നിൽക്കാത്ത, കൃത്രിമത്വമില്ലാത്ത നർമവും വിഷാദവും കൃതികളിലുടെനീളവും വായനക്കാരൻ്റെ ഉള്ളിലും തുടിപ്പാർന്നു. പൂച്ച, ആന, പാമ്പ്, ചിലന്തി, അണ്ണാറക്കണ്ണൻ, വേശ്യ, മുച്ചീട്ടു കളിക്കാരൻ, കള്ളൻ, അന്നന്നത്തെ അന്നത്തിനു വക തേടുന്നമനുഷ്യർ തുടങ്ങി ഭൂമിയുടെ അവകാശികളെല്ലാം ആ കഥകളിലൂടെ നമ്മുടെ മുന്നിൽ നിറഞ്ഞാടി. തൻ്റെ ചുറ്റുമുള്ള ജീവിതത്തെ മുഴുവനായി ഉൾകൊണ്ടാണദ്ദേഹം രചിച്ചതെല്ലാം.

അത്രമേൽ തീക്ഷ്‌ണമായി ആരും പ്രണയത്തേയും വിശപ്പിനേയും രോഗത്തേയും മരണത്തേയും ആവിഷ്കരിച്ചില്ല. തൻ്റെ ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളെ മതിലുകളായും, അനുരാഗത്തിൻ്റെ ദിനങ്ങളായും, മാന്ത്രികപ്പൂച്ചയായും നീല വെളിച്ചമായും കഥാകാരൻ അടയാളപ്പെടുത്തി.

ബഷീർ ആദ്യമായും അവസാനമായും എഴുതിയ തിരക്കഥയാണ് ഭാർഗവീനിലയം. മാർക്കേസിനെ പോലെ ഫാൻറസികളുടെ തോഴനായ ബഷീറിനെ നമുക്കിവിടെ കാണാം. തൻ്റെ നീലവെളിച്ചമെന്ന കഥ ഭാർഗ്ഗവീനിലയമെന്ന സിനിമയാക്കുമ്പോൾ മനസ്സിൻ്റെ ഉള്ളറകളിൽ അനേകമനേകം അടരുകളുണ്ടെന്ന് ഭാർഗ്ഗവിയെന്ന നായികയിലൂടെ നമുക്ക് കാണിച്ചുതരുന്നു. അദ്ദേഹം രചിച്ച ഒരേയൊരു നാടകമാണ് കഥാബീജം. സമൂഹത്തിൻ്റെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ച വിശ്വവിഖ്യാതമായ മൂക്കെന്ന കഥ വായിക്കുമ്പോൾ ഇന്നത്തെ ചാനൽ ചർച്ചകളും ജീവിതത്തിൻ്റെ ഉൾവഴികളും അന്തി ചർച്ചകളും നമ്മുടെ മുന്നിലും തെളിയും. കാലത്തെ അതിജീവിച്ചവ തന്നെയാണ് ബഷീർ കൃതികളെല്ലാമെന്ന് നാമോർക്കും തീർച്ച !

അദ്ദേഹം സമുദായത്തിന്നകത്ത് നിന്നുകൊണ്ട് തന്നെ ഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹിക വിമർശനങ്ങൾ അഴിച്ചുവിട്ടു. അവയിൽ പലതിനും ഇന്നും പ്രസക്തിയുണ്ട്. എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻമുത്തപ്പ , ആകാശമിഠായി തുടങ്ങിയ രസകരമായ പേരുകളും ഡുങ്കുടു, ചപ്ളാച്ചി, കുൾട്ടാപ്പൻ, ബടുക്കൂസ്, ഡുങ്കൂസ്, ഗഡാഗഡിയൻ, തുടങ്ങിയ പദപ്രയോഗങ്ങളും അദ്ദേഹത്തിൻ്റെ മാത്രം സ്വന്തമാണ്.

മൂന്നു തവണ നോബേൽ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടതാണ് ആഷർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ബഷീർ കൃതികൾ. വിശ്വമാനവികതയുടെ കഥാകാരന് അദ്ദേഹത്തിൻ്റെ സുഹ്യത്തുക്കളെ, അവരിൽ പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും ഭ്രാന്തനും വേശ്യയും എഴുത്തുകാരനും നടനും കുഷ്ഠരോഗിയുമെല്ലാമുണ്ട്, എല്ലാവരേയും ഒരുപോലെ ചേർത്തുപിടിക്കാൻ സ്നേഹിക്കാൻ, കലഹിക്കാൻ സാധിച്ചിരുന്നു. സ്വന്തം കുടുംബത്തെ ഭാര്യ ഫാബിയെ ഉമ്മയെ, പാത്തുമ്മയെ, ആനുമ്മയെ, അബ്ദുൽ ഖാദറിനെ, അനീസിനെ, ഷാഹിനയെ, നൂലൻ വാസുവിനെ, അഴിക്കോടിനെ, പുനലൂർ രാജനെ എല്ലാം കഥാപാത്രങ്ങളാക്കി അവതരിപ്പിക്കാൻ ബഷീറിനു മാത്രമേ സാധിക്കു. കറുത്ത ഹാസ്യത്തിൻ്റെ ചിരിയിതളുകൾ നമുക്കു മുന്നിൽ ഹൃദയം പിഞ്ഞുന്ന രൂപത്തിൽ അവതരിപ്പിക്കാൻ ട്രോളുകളുടെ ഉടയതമ്പുരാനായ വൈക്കം മുഹമ്മദ് ബഷീറിന് മാത്രമേ സാധിക്കൂ!

സമയസൂചി തന്നെ നിലച്ചുപോയ നിമിഷത്തിൽ ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞുപോയ ആ മഹത്തായ എഴുത്തുകാരനെയോർക്കുമ്പോൾ എൻ്റെ വാക്കിൻപറ്റങ്ങളെല്ലാം ഓടി അകലുന്നു. അങ്ങു അനന്തതയിൽ ലയിച്ച് മുപ്പത് വർഷങ്ങൾക്കു ശേഷവും ആ കൃതികൾ ഒളിമങ്ങാതെ നിൽക്കുന്നുവെങ്കിൽ അതിൽപരം എന്തു പറയാനാണ് ആ ജീവിതത്തെയും ജീവിത ദർശനത്തെയുംക്കുറിച്ച് കൺതടാകങ്ങൾ എൻ്റെ കാഴ്‌ച മറക്കുന്നു. നന്ദി എഴുത്തുകാരാ, നന്ദി!

An article about life and ideology of Vaikom Muhammed Basheer by Amal Fermis

അമൽ ഫെർമിസ്

അധ്യാപിക, എഴുത്തുകാരി
അധ്യാപിക, എഴുത്തുകാരി

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy