ഇസ്‌ലാമിനോളം പഴക്കമുണ്ട് ഇന്ത്യൻ മുസ്‌ലിമിന്

4 MINUTES READ

1947 ൽ ഡൽഹി ജുമാമസ്‌ജിദിൻ്റെ പടികളിൽ ചവിട്ടിനിന്ന് മൗലാനാ അബുൽ കലാം ആസാദ് പാകിസ്ഥാനിലേക്ക് പലായനം ചെയ്യാൻ ഒരുങ്ങിനിൽക്കുന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ അഭിമുഖീരിച്ച് സംസാരിക്കുകയുണ്ടായി. ഇസ്‌ലാമിക ചരിത്രത്തിൽ ഇന്ത്യൻ മുസ്‌ലിംകളുടെ സ്ഥാനത്തെക്കുറിച്ച് പറഞ്ഞ അവിസ്‌മരണീയ പ്രഭാഷണത്തിൽ അദ്ദേഹം ഗർജിച്ചു: ‘വൈദേശികാധിപത്യത്തിനു കീഴിൽ ചെയ്‌തതുപോലെ നിങ്ങൾ അധികാരികളുടെ ആജ്ഞാനുവർത്തികളായി ജീവിതം നയിക്കണമെന്ന് ഞാൻ പറയില്ല. എനിക്ക് നിങ്ങളെ ഓർമിപ്പിക്കാനുള്ളത് ഇതാണ്. ചുറ്റും നിങ്ങളിന്ന് കാണുന്ന ഈ ബൃഹത്തായ കൊത്തുപണികളെല്ലാം നിങ്ങളുടെ പൂർവികർ കടന്നുപോയതിന്റെ തിരുശേഷിപ്പുകളാണ്. അത് മറക്കരുത്. അവയെ കൈവെടിയരുത്. അവരുടെ യോഗ്യരായ അനന്തരവന്മാരെപോലെ നിങ്ങൾ ജീവിക്കുക. ഈ അരങ്ങ് ഒഴിഞ്ഞുപോകാൻ നിങ്ങൾക്ക് മനസ്സില്ലെങ്കിൽ നിങ്ങളെ തുരത്തിയോടിക്കാൻ ഒരാൾക്കുമാവില്ലെന്ന തികഞ്ഞ ആത്മബോധ്യത്തോടെ തുടരുക. വരൂ നമുക്ക് പ്രതിജ്ഞയെടുക്കാം, ഈ രാജ്യം ഞങ്ങളുടെ സ്വന്തമാണെന്ന്; ഞങ്ങളാണതിന്റെ സ്വന്തക്കാരെന്ന്; അതിന്റെ ഭാഗധേയത്തെ കുറിക്കുന്ന അടിസ്ഥാനപരമായ ഏത് തീരുമാനവും ഞങ്ങളുടെ സമ്മതമില്ലെങ്കിൽ പൂർണമാവില്ലെന്ന്.’

ഇന്ത്യയിലെ മുസ്‌ലിംകൾക്ക് അന്നുതൊട്ട് മുന്നോട്ടുള്ള യാത്ര അത്രമേൽ ദുർഘടമായിരുന്നു. ആ പാത ഏറെ പരീക്ഷണ പഠനങ്ങൾക്ക് വിധേയമായി. ഒരുപക്ഷേ, വേണ്ടത്ര പൂർണമായല്ലെങ്കിലും ലോകത്തെവിടെയും ഒരു നടപ്പുജനാധിപത്യത്തിൽ ഇത്രയധികം മുസ്‌ലിംകൾ ജീവിക്കുന്നത് ഇവിടെതന്നെയാണ്. മൗലാനയുടെ വിളിക്ക് ചെവിയോർത്ത് അപ്രതീക്ഷിതവും ആകസ്മികവുമായല്ല, കരുതിക്കൂട്ടിയും ബോധപൂർവം തെരഞ്ഞെടുത്തുംതന്നെ മുസ്‌ലിംകൾ ഇന്ത്യക്കാരായി. മറ്റൊരർഥത്തിൽ, രാജ്യം സ്വയം ഒരു ഭരണഘടന വിഭാവനം ചെയ്യുന്നതിനും “നമ്മൾ ഇന്ത്യക്കാർ’ (we, the people of India) എന്ന് ഇന്ത്യ ഒപ്പുവക്കുന്നതിനുമെത്രയോ മുമ്പ് അവരിവിടെത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. അമേരിക്കയിൽ കറുത്തവർഗക്കാർക്ക് വോട്ടുചെയ്യാനുള്ള അവകാശം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യ ഒരു ജനാധിപത്യമായി. പ്രവാചകൻ്റെ കാലത്തുതന്നെ കേരളത്തിൽ കൊടുങ്ങല്ലൂരിൽ ആദ്യത്തെ ഇന്ത്യൻ മസ്‌ജിദ് പണിതുപൊന്തി. ഇവിടത്തെ മുസ്‌ലിം സാന്നിധ്യം ഇസ്‌ലാമിന്റെ ഉദയത്തോളം പഴക്കമുള്ളതാണെന്നർഥം.

പൗരത്വഭേദഗതി നിയമാനന്തരം ഇന്ത്യൻ തെരുവുകളിൽ അരങ്ങേറിയ ദേശവ്യാപക പ്രതിഷേധങ്ങൾ നോക്കൂ. ജനാധിപത്യത്തിനുമേൽ ഡെമോഗ്രഫിയുടെ(ജനസംഖ്യാശാസ്ത്രം) പൊട്ടിത്തെറിയായാണ് പ്രതിഷേധങ്ങൾ പൊതുവെ മനസ്സിലാക്കപ്പെടുന്നത്. അതിൽ കുറച്ചുകൂടി വ്യക്തത വരുത്താനുണ്ട്. ഒരുപാട് ധീരശബ്ദങ്ങൾ ഉയർന്നുകേട്ട വർഷങ്ങളായിരുന്നു 1990 കൾ. ഇതര പിന്നോക്ക വിഭാഗക്കാർ തങ്ങളുടെ അവകാശങ്ങൾക്കായി സധൈര്യം ഉണർന്നപ്പോൾ ദശാബ്ദങ്ങൾക്കു മുമ്പേ വരുത്തേണ്ടിയിരുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ രാഷട്രീയ പാർട്ടികൾ നിർബന്ധിതരായി. ഒരൽപം കഴിഞ്ഞാണ് ദലിത് സ്വത്വവാദത്തിന്റെ നിശബ്ദ വിപ്ലവം അലയടിക്കുന്നതും ദലിത് ജനവിഭാഗങ്ങൾ തങ്ങളുടേതായ സ്വത്വത്തിൽതന്നെ പ്രത്യക്ഷരാവാൻ തുടങ്ങുന്നതും. മുസ്‌ലിംകൾക്കാണെങ്കിൽ ഒട്ടൊക്കെ തങ്ങൾക്കിടയിൽ തന്നെ പരന്ന വോട്ടുബാങ്ക് എന്ന ദുഷ്പേരുണ്ടായിരുന്നു. ഉയർന്നുവന്ന ഹിന്ദുത്വ തരംഗം മുസ്‌ലിംകളെ ഒരു രാഷ്ട്രീയ സമുദായമായി കണ്ടെങ്കിലും അവരെ ‘തന്ത്രപൂർവം’ വോട്ടു ചെയ്‌തു പോരുന്നവരായിട്ടാണ് മനസ്സിലാക്കിയത്.

മുഹമ്മദലി ജിന്നയുടെ ‘പ്രേത’മുള്ളതിനാൽ നായകത്വമെന്നത് ഇന്ത്യൻ മുസ്‌ലിംകൾക്ക് വലിയൊരു പ്രതിസന്ധിയായി അവശേഷിച്ചു. റോർകെലയിലും കൽക്കത്തയിലും ജബൽപൂരിലും നടന്ന വർഗീയ കലാപങ്ങളുടെ പരമ്പര നെഹ്റുവാനന്തര കോൺഗ്രസിനു കീഴിലുള്ള ജീവിതത്തെപ്പറ്റി ഭീതിപ്പെടാൻ ഇന്ത്യൻ മുസ്‌ലിംകളെ നിർബന്ധിപ്പിച്ചിട്ടുണ്ട്. കാംബ്രിഡ്ജിൽനിന്ന് വിദ്യാഭ്യാസം നേടിയ ബീഹാർ മുസ്‌ലിം നേതാവ് സയ്യിദ് മഹ്മൂദിനും മോത്തിലാൽ നെഹ്റുവിന്റെ ഒരു സുഹൃത്തിനും കീഴിൽ 1964 ആഗസ്റ്റിലാണ് ആദ്യമായി “മജ്ലിസെ മുശാവറാത്ത്’ രൂപീകരിക്കപ്പെടുന്നത്. മെഡിക്കൽ ഡോക്ടറായ ഒരു നേതാവിന്റെ നായകത്വത്തിലായിരുന്നു മുശാവറാത്തിൻ്റെ ഉത്തർപ്രദേശ് ശാഖ. പക്ഷേ, അതിസമ്പന്നരായ ഉന്നതകുല മുസ്‌ലിം പൗരോഹിത്യത്തിന്റെ മധ്യസ്ഥത്തിലൂടെയായിരുന്നു മുസ്‌ലിം വോട്ടുകൾ പലപ്പോഴും വീണുകൊണ്ടിരുന്നത്. വ്യക്തിഗത മുസ്‌ലിം വോട്ടുകൾ ചേർന്ന് നല്ലൊരു ഫലമെന്ന സങ്കൽപമാണെങ്കിൽ എവിടെയും നടപ്പിലായിക്കണ്ടതുമില്ല.

പ്രക്ഷുബ്ധമായ 1980 കളിൽ, അയോധ്യ തർക്കത്തിനു പിന്നാലെയുണ്ടായ ബി.ജെ.പി ഉദയത്തിനിടക്ക് ജനതാപാർട്ടി, ആർ.ജെ.ഡി, കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഇടതുപക്ഷ, തൃണമൂൽ പാർട്ടികളുടെ നേതാക്കൾക്കൊക്കെ പലകാലങ്ങളിലായി മുസ്‌ലിംകൾ തങ്ങൾക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നെന്ന് മാത്രമല്ല, അവരുടെ പിന്തുണ വളരെ ശക്തവുമായിരുന്നു. അതിനിടക്ക് മുഴുവൻ ഭൂരിപക്ഷത്തോടെയുമുള്ള വലതുപക്ഷ വിജയം ഒരു വഴിത്തിരിവായിമാറി. പക്ഷേ, രാജ്യത്തിൻ്റെ സ്വഭാവം പാടെ മാറ്റിപ്പണിയുന്ന പൗരത്വനിയമം നീതിയുടെ എല്ലാ മാനങ്ങളെയും വെല്ലുവിളിക്കുന്നതായിരുന്നു. 1970 കളിലെ താടി-തൊപ്പി (ദാഡി-ടോപ്പി) വ്യക്തിനിയമ പോരാട്ടത്തെക്കാളും, അല്ലെങ്കിൽ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനുശേഷമുള്ള സംവാദങ്ങളുടെ ഫലമായി മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാമ്പത്തിക അവകാശങ്ങൾക്കുവേണ്ടി നടന്ന കലഹത്തിനുമപ്പുറമാണ് മുസ്‌ലിംകളുടെ ഇപ്പോഴത്തെ അവസ്ഥ. നിയമപരമായും സ്വത്വപരമായും ഇന്ന് മുസ്‌ലിംകൾ അകപ്പെട്ടിരിക്കുന്ന വൈകാരിക-സാമൂഹിക അപകടാവസ്ഥ വളരെ ഭീതിതമാണ്.

കൈയെഴുത്ത് പോസ്റ്ററുകളിലെ ഹിന്ദി സിനിമകളിൽനിന്നുള്ള വാചകങ്ങൾ മുതൽ ഇന്ത്യയിലും പാകിസ്ഥാനിലും നിന്നുള്ള ഉർദു കവിതകൾവരെ ഏറ്റുചൊല്ലുന്ന പുതിയ യുവത വിഭജനത്തിന്റെ കുറ്റബോധമില്ലാത്ത, വിഭജന ഭാണ്ഡങ്ങളുടെ ഭാരമേതുമില്ലാത്ത ഒരു തലമുറയാണെന്ന് തെളിയിക്കുകയാണ്. ഏതു പ്രശ്‌നത്തെയും ഭരണഘടനാപരമായും അവകാശത്തിലൂന്നിയും മാത്രം സമീപിക്കുന്ന, അർഹതകൾ ചോദിച്ചുതന്നെ വാങ്ങാൻ ധൈര്യമുള്ള ജനതയാണിത്. മുസ്‌ലിംകളിലെ വ്യത്യസ്‌ത വർഗങ്ങൾക്കതീതമായ ശക്തിയുടെയും പ്രാപ്ത്‌തിയുടെയും ധീരമായ പ്രകടനമാണത്. വ്യക്തി​ഗതമോ രാഷ്ട്രീയമോ ആയ കാരണങ്ങൾക്കായി പൗരത്വനിയമത്തെ എതിർക്കുന്ന, മറ്റെല്ലാവരോടും സഹകരിക്കാനും പിന്തുണതേടാനും സന്നദ്ധതയുള്ള, എന്നാൽ മുസ്‌ലിമാണെന്ന് വേഷവിധാനത്തിൽ പ്രകടിപ്പിക്കുന്നതിൽ ലജ്ജയൊന്നുമില്ലാത്ത ഒരു തലമുറയാണിത്. രാഷ്ട്രീയ പാർട്ടികൾ ഈ സംഘത്തിലേക്ക് ഏറെ വൈകി വന്നവരാണ്. വേദികളൊക്കെയും മുദ്രാവാക്യങ്ങളും സന്ദേശവാചകങ്ങളുംകൊണ്ട് മുമ്പേ മുഖരിതമാണ് താനും. വാശിയും സാമർഥ്യവുമുള്ള ബി.ജെ.പിയെ ഈ പുതുക്കവും നിഷ്കപടതയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയെന്ന ആശയത്തെപ്പറ്റിയാണ് ഈ പ്രതിഷേധങ്ങളൊക്കെ. അതുകൊണ്ടുതന്നെ മൂവർണക്കൊടി പ്രതിഷേധക്കാർക്ക് മുറുകെ പിടിക്കാനും വാനിൽ ഉറക്കെ വീശാനുമുള്ളതാണ്. ഇത് പുതുപുത്തൻ യുവരോഷമാണ്. മൂടിക്കെട്ടാത്ത വായകൊണ്ടും എഴുത്തുകൾകൊണ്ടും വരകൾകൊണ്ടും അക്രമികളെ പ്രഹരിക്കാൻ കഴിവുളള ജനതയാണിത്. താളാത്മകമായും യുക്തിഭദ്രമായും മുംബൈ ആസാദ് മൈതാനിയിൽ മാറ്റൊലികൊണ്ട കവി ഹുസൈൻ ഹൈദരിയുടെ വരികൾ ഇതാണ് :

സോ മെ ചൗദാ ഹു ലേകിൻ, യെ ചൗദാ കം നഹി പഡ്‌തേ ഹെ
പൂരെ സോ മെ ബസ്താ ഹു മെ, പൂരെ സോ മുജ് മെ ബസ്തെ ഹെ
സോ ഖലം സെ ലിഖീ കഹാനീ മേരി, മെ ജിത്നാ മുസൽമാൻ ഹു ഭായ്
മെ ഉത്നാ ഹിന്ദുസ്ഥാനി ഹു, മെ ഹിന്ദുസ്ഥാനി മുസൽമാൻ ഹു

‘ഞാൻ നൂറുപേരിലെ വെറും പതിനാലാമൻ, പക്ഷേ, ബലഹീനനല്ല ഞാൻ. നൂറുപേരുടെ ആത്മാവും ഞാൻ ആവാഹിക്കുന്നു, നൂറും എന്നിലലിഞ്ഞിട്ടുണ്ട്. എൻ്റെ കഥ നൂറുപേനകളാൽ രചിക്കപ്പെട്ടത്, ഞാൻ ഹിന്ദുസ്ഥാനിയാണ്, അത്രതന്നെ കടുത്ത മുസ്‌ലിമാണ് ; ഞാനൊരു ഹിന്ദുസ്ഥാനി മുസ്ലിമാണ്.’

അതെ, അണപ്പോളജറ്റിക് ആയ ഹിന്ദുസ്ഥാനി മുസ്‌ലിം ഇവിടെയുണ്ട്. മൗലാനാ ആസാദ് പറഞ്ഞതുതന്നെയായിരുന്നു ശരി.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച പൗരത്വനിയമം: മതം, ദേശീയത, രാഷ്ട്രീയം എന്ന പുസ്തകത്തില്‍നിന്ന്)

Article by Seema Chisthi on Indian Muslims, from the book Pourathwam; Matham, Desheeyatha, Rashtreeyam

പൗരത്വനിയമം: മതം, ദേശീയത, രാഷ്ട്രീയം

എഡിറ്റര്‍: അനീസ് വാവാട്, നിസാർ എ.സി ഇരുമ്പുഴി

പൗരത്വ ഭേദഗതി നിയമത്തിന്റെയും തുടര്‍ന്നുണ്ടായ തീക്ഷ്ണമായ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ ദേശരാഷ്ട്രം, പരമാധികാരം, രാഷ്ട്രരാഹിത്യം, ഭരണഘടനയുടെ രാഷ്ട്രീയം, പൗരത്വം-നുഴഞ്ഞുകയറ്റം, സാംസ്‌കാരിക രാഷ്ട്രീയ പുറംതള്ളലുകള്‍, അക്കങ്ങളുടെ രാഷ്ട്രീയം, രാഷ്ട്രീയത്തിലെ ‘മുസ്‌ലിം’ പ്രതിസന്ധി തുടങ്ങി നിരവധി വിഷയങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന പ്രമുഖ എഴുത്തുകാരുടെയും ഗവേഷകരുടെയും ലേഖനങ്ങള്‍.

സീമ ചിശ്‌തി

എഴുത്തുകാരി, പത്രപ്രവര്‍ത്തക
എഴുത്തുകാരി, പത്രപ്രവര്‍ത്തക

വിവ. സുഹൈല്‍ പുണ്ടൂര്‍

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy