വിമോചനത്തിന്റെ പാട്ടുകൾ

4 MINUTES READ

1948 മുതൽ വർത്തമാനകാലം വരെയുള്ള ഫലസ്‌തീൻ പ്രമേയമായ പാട്ടുകളുടെ ചരിത്രവും, സംഗീതശൈലിയിലെയും വരികളിലെയും മാറ്റങ്ങളും ഫലസ്‌തീൻ പോരാട്ടത്തിൻ്റെ സാഹചര്യങ്ങളിലെ മാറ്റങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്ന് പരിശോധിക്കുകയാണ് ഈ ലേഖനം. 1950 കളിലെയും 1960 കളിലെയും വിപ്ലവാത്മകമായ ഈജിപ്‌തിൻ്റെ പ്രാമുഖ്യം, 1967 ലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഫൈറൂസിൻ്റെയും റഹ്ബാനി സഹോദരന്മാരുടെയും മുഖ്യപങ്ക്, 1960 കളുടെ അവസാനത്തിലെ ഫലസ്തീൻ ഗ്രൂപ്പുകളുടെയും ഗായകരുടെയും ആവിർഭാവം, ഫലസ്തീൻ ദുരിതവുമായി ബന്ധപ്പെട്ട് അറബ് പോപ്പുലർ കൾച്ചർ എങ്ങനെയാണ് ഇടപ്പെട്ടുകൊണ്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ഗാനങ്ങളെ മുൻനിർത്തിയുള്ള ചരിത്രപരവും രാഷ്ട്രീയവുമായി വിശകലനത്തിലൂടെ ഈ ലേഖനം അന്വേഷിക്കുകയാണ്.

‘മാർസിലൈസ്,’ ‘ഇൻ്റർനാഷണൽ’ എന്നിവയിൽനിന്ന് വിപ്ലവകരമായ സോവിയറ്റ് പാട്ടുകളും ലാറ്റിനമേരിക്കയിലെ ‘ന്യൂവ കാൻസിലേയാൺ’വരെയും, ദേശീയ ഗാനങ്ങൾ മുതൽ 19, 20 നൂറ്റാണ്ടുകളിലെ യൂറോപ്പിലെ ദേശീയവാദഗാനങ്ങളും, അതിൽനിന്ന് ഏഷ്യയിലെയും ആഫ്രിക്കയിലെയും കൊളോണിയൽ വിരുദ്ധ പോരാട്ടഗാനങ്ങൾ വരെയും, ഗാനങ്ങൾ ജനങ്ങളെ അണിനിരത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഫലസ്തീനിലെ സയണിസ്റ്റ് കോളനിവൽക്കരണത്തിനെതിരായ പോരാട്ടങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നതിൽ പാട്ടിൻ്റെ പങ്ക് ഫലസ്തീനികൾക്കും അറബികൾക്കും ഒരുപോലെ പ്രധാനമാണ്. 1950 കളിൽ ട്രാൻസിസ്റ്റർ റേഡിയോകളുടെ ബഹുജന ലഭ്യതയും 1960 കളിൽ ആരംഭിച്ച ടെലിവിഷനും ഈ പങ്ക് വർധിപ്പിച്ചു. ഫലസ്തീൻ പോരാട്ടവുമായി ബന്ധപ്പെട്ട പാട്ടുകളുടെ ചരിത്രം പലതരത്തിൽ ഫലസ്തീൻ പോരാട്ടത്തിൻ്റെ തന്നെ ചരിത്രത്തോട് സമാന്തരപെട്ട് നിൽക്കുന്നതാണ്.

ഒരു വശത്ത് 1950 കളുടെ അവസാനത്തിലെയും 1960 കളുടെ തുടക്കത്തിലെയും ഫലസ്തീൻ വിമോചനത്തെ പിന്തുണക്കുന്ന പാട്ടുകൾ നാസിറിസ്റ്റ് വിപ്ലവത്തിൻ്റെ ആത്മവിശ്വാസത്തെ പ്രകടിപ്പിച്ചപ്പോൾ, മറുവശത്ത് തോൽവിയുടെ നിരാശയും പിന്നീട് ഉയർന്നുവന്ന ഫലസ്‌തീൻ ഗറില്ല മുന്നേറ്റങ്ങളിൽ പ്രതീക്ഷയും പ്രകടിപ്പിക്കുന്നതായിരുന്നു. ലെബനീസ് ആഭ്യന്തരയുദ്ധവും തുടർന്നുണ്ടായ ഇസ്‌റാഈലി ലെബനൻ അധിനിവേശങ്ങളും പോരാട്ടത്തെക്കുറിച്ചുള്ള പാട്ടുകളുടെ മറ്റൊരു ശേഖരം സൃഷ്ടിച്ചു. 1970 വരെ ഫലസ്‌തീനിയൻ അല്ലാത്ത അറബ് ഗായകരാണ് ഈ പാട്ടുകൾക്ക് നേതൃത്വം നൽകിയിരുന്നത്. അതിനുശേഷം ഫലസ്‌തീൻ ഗായകർ മുൻനിരയിലേക്ക് വരികയായിരുന്നു. 1998 മുതൽ ഫലസ്തീനികളുടെയും മറ്റ് അറബികളുടെയും ഫലസ്തീനു വേണ്ടിയുള്ള ഗാനങ്ങളിൽ ഒരു പുതിയതരം ഉത്സാഹം പ്രകടമാണ്. ഏറ്റവും പുതിയ പാട്ടുകൾ വരികളിലും സംഗീതത്തിലുമില്ലെങ്കിൽ പോലും കുറഞ്ഞത് പ്രകടന ശൈലിയിലെങ്കിലും 1950 കളിലെ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.

ആധുനിക അറബുലോകത്തെ ദേശഭക്തി-ദേശീയ-വിപ്ലവ ഗാനങ്ങളുടെ മൊത്തത്തിലുള്ള ചരിത്രത്തെയും ഫലസ്‌തീൻ ദുരന്ത (നക്‌ബ) ത്തിലെ അതിൻ്റെ പങ്കിനെ പ്രത്യേകമായും അടയാളപ്പെടുത്തുന്ന വലിയ അക്കാദമിക ഇടപെടലുകളൊന്നും ഉണ്ടായതായി കണ്ടിട്ടില്ല. ഫലസ്തീനികളും മറ്റ് അറബികളും കവിത, നോവൽ, പെയിന്റിംഗ്, സിനിമ, നാടകങ്ങൾ എന്നിവയുൾപ്പെടെയുള്ള സാഹിത്യ, കലാരൂപങ്ങളിലൂടെ തങ്ങളുടെ നഷ്ടബോധം പ്രകടിപ്പിച്ചപ്പോഴും, പാട്ടായിരുന്നു അതിൻ്റെ ജനപ്രിയ സ്വഭാവമനുസരിച്ച് ഒരുപക്ഷേ ഏറ്റവും കൂടുതൽ ആളുകളിലെത്തിയത്. ലെബനാനിയായ നജാ സലാം ഉൾപ്പെടെ അന്നത്തെ പ്രമുഖ ഗായകരായ സിറിയക്കാരൻ ഫരീദ് അൽഅതാഷ് ഈജിപ്ഷ്യൻ സംഗീത സംവിധായകനും ഗായകനുമായ മുഹമ്മദ് അബ്ദുൽ വഹാബും 1948 ലെ ഫലസ്തീൻ ദുരന്തത്തോട് പ്രതികരിച്ചുകൊണ്ട് ആലപിച്ച ഗാനങ്ങൾ ഫലസ്തീനികളെയും മറ്റ് അറബികളെയും തങ്ങളുടെ മോഷ്ടിക്കപ്പെട്ട ജന്മദേശം മോചിപ്പിക്കാൻ പ്രേരിതരാക്കി. അതിൽ മുഹമ്മദ് അബ്ദുൽ വഹാബിൻ്റെ ഗാനമായ ‘ഫിലസ്തീൻ’ (1948/ രചന: അലി മഹ്മൂദ് താഹ) ഏറ്റവും തീക്ഷ്‌ണമായിരുന്നു.

തിരിച്ചുവരവിനെ സംബന്ധിച്ച കാഴ്ച്ചപ്പാടിനെ കൂടുതൽ പ്രബലമാക്കുംവിധം മിക്ക പാട്ടുകളുടെയും മുഖ്യലക്ഷ്യമായി തുടരുന്നത് പ്രവാസികളായ ഫലസ്തീനികളാണ്. 1967 ൽ ഇസ്റാഈൽ പട്ടാളക്കാരാൽ പുറത്താക്കപ്പെട്ട ഫലസ്തീനികളെ നയിച്ച ജോർദാൻ നദിക്കു കുറുകെയുള്ള പാലങ്ങളെ, ‘യാ ജിസ്‌റാൻ ഖഷബിയാൻ’ (ഹേ മരപ്പാലം), ‘ജിസർ അൽഅവ്ദ’ (തിരിച്ചുവരുന്ന പാലം) എന്നീ ഗാനങ്ങളാൽ ഫൈറൂസ് അനശ്വരമാക്കി. അത്തരം ഗാനങ്ങളിലാണ് ഫലസ്തീൻ ഗറില്ലകളെ ആഘോഷിക്കുന്നത്. ഉദാഹരത്തിന് ‘ജിസർ അൽഅവ്ദ’ എന്ന ഗാനത്തിൽ തൻ്റെ ഇരുപതാം ജന്മദിനത്തിൽ പൂർവ്വപിതാക്കളുടെ ഭൂമി മോചിപ്പിക്കാനായി യന്ത്രത്തോക്ക് സമ്മാനമായി സ്വീകരിക്കുന്ന, ഇപ്പോഴും പ്രവാസത്തിലായ ഒരു ഫലസ്തീൻ ബാലനെക്കുറിച്ച് ഫൈറൂസ് പാടുന്നുണ്ട്.

ഉമ്മുകുൽസൂം ഫലസ്‌തീനുവേണ്ടിയുള്ള അവളുടെ ഏക ഗാനത്തിൽ (വിപ്ലവത്തിനായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും), വിപ്ലവത്തിൽ അണിചേരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. 1969 ൽ അബ്ദുൽ വഹാബ് സംഗീതം നൽകിയ, സിറിയൻ കവി നിസാർ ഖബ്ബാനി രചിച്ച ‘അസ്ബഹ അൽആനാ ഇൻതി ബുന്ദുക്കിയ’ (എനിക്ക് ഇപ്പോൾ ഒരു റൈഫിൾ കിട്ടി) എന്ന ഒരു കവിതയാണവർ പാടിയത് :

‘എനിക്ക് ഇപ്പോൾ ഒരു റൈഫിൾ ലഭിച്ചു
എന്നെ നിങ്ങളോടൊപ്പം ഫലസ്‌തീനിലേക്ക് കൊണ്ടുപോവുക
മഗ്ദലനയുടെ മുഖംപോലെ സങ്കടകരമായ കുന്നുകളിലേക്കും
പച്ച താഴികക്കുടങ്ങളിലേക്കും പ്രവചന കല്ലുകളിലേക്കും

ഞാൻ വിപ്ലവകാരികൾക്കൊപ്പമാണ്,
ഞാൻ വിപ്ലവകാരികളിൽപ്പെട്ടയാളാണ്
ഞാൻ എൻ്റെ റൈഫിൾ എടുത്ത ദിവസം മുതൽ,
ഫലസ്തീൻ മീറ്ററുകൾമാത്രം അകലെയായി മാറി

വിപ്ലവകാരികളേ, ജറുസലേമിൽ, ഹെബ്രോണിൽ,
ബിസാനിൽ, ജോർദാൻ താഴ്വരയിൽ, ബെത്ലഹേമിൽ,
സ്വതന്ത്രരേ, നിങ്ങൾ എവിടെയായിരുന്നാലും മുന്നേറുക
ഫലസ്തീനിലേക്ക് മുന്നേറുക,
ഫലസ്തീനിലേക്ക് ഒരു വഴിമാത്രമേയുള്ളൂ,
അത് തോക്കിൻ്റെ ബാരലിലൂടെ കടന്നുപോകുന്നതാണ്.’

മടങ്ങിവരുന്ന പക്ഷിക്കൂട്ടങ്ങളുടെ ഉപമകൾ ഫലസ്‌തീനികളെ ദുഃഖിപ്പിക്കുകയും അവരുടെ അസൂയ ഉണർത്തുകയും ചെയ്‌തപ്പോൾ മറ്റ് രൂപകങ്ങൾ ഫലസ്തീനികളെ പൊരുതാൻവേണ്ടി പ്രേരിപ്പിക്കുന്നതായിരുന്നു. ഉദാഹരണത്തിന്, ദൃഢചിത്തതയുടെ പ്രതീകങ്ങൾ എന്ന നിലയിൽ വൃക്ഷങ്ങളുടെ ചിത്രങ്ങൾ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരുന്നു. ‘ജിസറ് അൽഅവ്‌ദി’ൽ ഫലസ്‌തീനികൾ ‘നിങ്ങൾ വസിക്കുന്ന ഒലീവ് മരങ്ങൾപോലെ, കാലത്തിൻ്റെ ശാഖകൾപോലെ എന്നെന്നേക്കുമായി നിലനിൽക്കുന്നതും വേർപെട്ട് പോവാത്തവിധം വേരുറച്ചതുമായ മരങ്ങളെപ്പോലെ,’ നിലനിൽക്കാൻ ആഗ്രഹിച്ചു. ഫൈറൂസിൻ്റെ ‘അത്ഭ്‌തരിഫു അൽഹുസ്‌ന വൽഇൻതിസാർ’ എന്ന ഗാനത്തിലെ കാത്തിരിപ്പിൻ്റെയും തിരിച്ചുവരവിൻ്റെയും പ്രമേയങ്ങൾ നാടുകടത്തപ്പെട്ട ഫലസ്‌തീനികളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ആ വരികൾ ഇങ്ങനെയാണ് :

‘ഞാൻ പുറത്താണ് വളർന്നത്
ഞാൻ മറ്റൊരു കുടുംബം കെട്ടിപ്പടുത്തു മരങ്ങൾപോലെ
ഞാൻ അവയെ നട്ടുപിടിപ്പിച്ചു,
അങ്ങനെ അവർ എൻ്റെ മുന്നിൽ തലയുയർത്തിനിന്നു
അവർ നിലത്ത് ഒരു നിഴൽപോലും നേടി

പക്ഷേ, വീണ്ടും വിദ്വേഷത്തിൻ്റെ തരംഗം ഞങ്ങളെ ബാധിച്ചു
ഇവിടെ ഞാൻ വീണ്ടും ശൂന്യതയിൽ വസിക്കുന്നു,
അതിനാൽ ഞാൻ എൻ്റെ ജനത്തിൽനിന്ന് രണ്ടുതവണ ചിതറിപ്പോയി
ഞാൻ രണ്ടുതവണ അഭാവത്തിൽ അധിവസിച്ചു
ദുഃഖവും കാത്തിരിപ്പും എൻ്റെ തൊഴിലായി ഏറ്റെടുക്കുമ്പോഴും
എൻ്റെ നാട് എൻ്റെ മനസ്സിൽ നിലനിൽക്കുന്നു.’

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഫലസ്തീന്‍: കുടിയിറക്കപ്പെടുന്നവരുടെ രാജ്യം എന്ന പുസ്തകത്തില്‍നിന്ന്)

Article of Joseph Massad on Palestine liberation songs, Vimochanathinte Pattukal

ഫലസ്തീന്‍: കുടിയിറക്കപ്പെടുന്നവരുടെ രാജ്യം

എഡിറ്റര്‍: ശബീബ് മമ്പാട്, സലീം ദേളി

ഇസ്‌റാഈല്‍-ഫലസ്തീന്‍ വിഷയത്തെ കേവലമൊരു സംഘര്‍ഷം എന്നതിലപ്പുറം കോളനിവല്‍കരണം, അധിനിവേശം, വംശീയവിവേചനം തുടങ്ങിയ സംജ്ഞകളുടെ പശ്ചാത്തലത്തില്‍ അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യ കൃതി. ഫലസ്തീന്‍ അധിനിവേശത്തിന്റെ ചരിത്രവഴികള്‍, പോരാട്ടചരിത്രത്തിലെ പ്രധാന വ്യക്തികള്‍, സാമൂഹിക-പാരിസ്ഥിതിക-മാധ്യമ മേഖലകളില്‍ ഇസ്‌റാഈല്‍ നടത്തുന്ന വിവേചന പദ്ധതികള്‍, പല അടരുകളുള്ള ഫലസ്തീനികളുടെ പ്രതിരോധ പോരാട്ടങ്ങള്‍, ആഗോള പൗരസമൂഹവും അറബ് രാഷ്ട്രങ്ങളും വ്യത്യസ്ത സമയങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍, ഇന്ത്യയുടെ ഫലസ്തീന്‍-ഇസ്‌റാഈല്‍ നയതന്ത്ര വീക്ഷണങ്ങള്‍ എന്നിവ വിഷയമായ ലേഖനങ്ങളുടെ സമാഹാരം.

ജോസഫ് മസാദ്

പ്രൊഫസർ, കൊളംബിയ യൂനിവേഴ്‌സിറ്റി
പ്രൊഫസർ, കൊളംബിയ യൂനിവേഴ്‌സിറ്റി

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy