മലയാളത്തിൽ മറ്റൊരു എഴുത്തുകാരനും ലഭിക്കാത്ത സ്വീകാര്യതയാണ് ബഷീറിൻ്റെ കൃതികൾ നേടിയെടുത്തിട്ടുള്ളത്. ജീവിതാനുഭവങ്ങളെ വളരെ സ്വാഭാവികമായും ഹൃദ്യമായും ആവിഷ്കരിക്കാനുള്ള സർഗശേഷിയാണ് ബഷീറിനെ ഇത്തരമൊരു സ്വീകാര്യതക്ക് അർഹനാക്കിയത്. ജീവിതത്തിൻ്റെ നേർ ഫോട്ടോഗ്രാഫുകൾക്കൊണ്ട് എങ്ങനെ മഹത്തായ കല സൃഷ്ടിക്കാം എന്ന് തെളിയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷിറെന്ന് ഡോ. വത്സലൻ വാതുശ്ശേരി അഭിപ്രായപ്പെട്ടതും അതുകൊണ്ടാണ്. ജീവിതചുറ്റുപാടുകളിൽനിന്ന് സാധാരണക്കാരായ നിരവധി മനുഷ്യകഥാപാത്രങ്ങളെ ബഷീർ സൃഷ്ടിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ ചിന്താധാരകളെ ഉൾച്ചേർത്ത് ഇത്തരം കഥാപാത്രങ്ങളിലൂടെ തനതായ ഒരു ബഷിറിയൻശൈലി അദ്ദേഹം വളർത്തിയെടുത്തു. ബഷീറിൻ്റെ കാവ്യലോകത്തിൽ മനുഷ്യകഥാപാത്രങ്ങൾക്കുള്ള മനുഷ്യേതര കഥാപാത്രങ്ങൾക്കും അദ്ദേഹം പ്രാധാന്യം നൽകുന്നുണ്ട്. പ്രാചീനകാലം മുതൽക്കുതന്നെ പക്ഷിമൃഗാദികൾക്ക് കലയിലും സാഹിത്യത്തിലും സ്ഥാനം നൽകിയതായി കാണാം. ആദിശിലായുഗത്തിലെ മനുഷ്യർ വരച്ചതെന്നു കരുതപ്പെടുന്ന ഗുഹാചിത്രങ്ങളിൽ മൃഗരൂപങ്ങളും ഉൾപ്പെടുന്നുണ്ട്. പ്രകൃതിശക്തികളെ ദൈവമായി ആരാധിച്ചിരുന്ന കാലഘട്ടത്തിൽ മൃഗങ്ങളെയും ദൈവമായി കണ്ടിരുന്നു. പഞ്ചതന്ത്രം കഥകൾ, ജന്തുകഥകൾ, കഥാസരിത് സാഗരം, ഈസോപ്പുകഥകൾ എന്നിവയിലെല്ലാം മൃഗങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. എന്നാൽ ഒരു ഗുണപാഠം ആവിഷ്കരിക്കേണ്ടിവരുമ്പോൾ മനുഷ്യസ്വഭാവം മൃഗങ്ങളിൽ ആരോപിച്ചുകൊണ്ട് രചിക്കുന്ന കഥകളായിരുന്നു അവയിലധികവും.
ആധുനികമലയാളസാഹിത്യത്തിലും മനുഷ്യേതര കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന അനേകം കഥകൾ കാണാം. തകഴി ശിവശങ്കരപ്പിള്ളയുടെ വെള്ളപ്പൊക്കത്തിൽ, പൊൻക്കുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ, ലളിതാംബിക അന്തർജനത്തിൻ്റെ മാണിക്യൻ, ടി.പത്മനാഭൻ്റെ ശേഖൂട്ടി, സി. രാധാകൃഷ്ണൻ്റെ ഡോബർമാൻ, എം.ടി വാസുദേവൻ നായരുടെ ഷെർലക്, എസ്.കെ പൊറ്റക്കാടിൻ്റെ കുലദ്രോഹി, സക്കറിയയുടെ ഒരിടത്ത് എന്നിങ്ങനെ ധാരാളം കഥകളുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വേറിട്ടൊരു ആഖ്യാനശൈലിയാണ് ബഷീറിൽ കാണുന്നത്. പ്രപഞ്ചത്തിൻ്റെ അപാരതയും ജീവലോകങ്ങളുടെ സങ്കീർണ്ണതയും ബഷീറിനെ എപ്പോഴും അലട്ടിയിരുന്നു. താൻ പ്രപഞ്ചത്തിലെ നിസാരമായൊരു അംശമാണെന്ന ബോധ്യം ബഷീറിനുണ്ടായിരുന്നതിനാൽ മരങ്ങൾക്കും, മലകൾക്കും, പറവകൾക്കും, ജന്തുക്കൾക്കുമെല്ലാം തുല്യപ്രാധാന്യം നൽകി കഥകളിലാവിഷ്കരിച്ചു. അതോടെ മനുഷ്യകഥാപാത്രങ്ങളെ പോലെ ആനയും ആടും പട്ടിയും പൂച്ചയുമെല്ലാം ബഷീറിൻ്റെ ലോകത്ത് സജീവസാന്നിധ്യമായിത്തീർന്നു. തുല്യമായ പരിഗണയാണ് ബഷീർ മുഴുവൻ കഥാപാത്രങ്ങൾക്കും നൽകുന്നത്.

‘ൻ്റെപ്പൂപ്പക്കൊരാനണ്ടാർന്ന്’ എന്ന കഥയിൽ കളിക്കാൻ പോയ കുഞ്ഞുപ്പാത്തുമ്മയെ അട്ട കടിച്ച സംഭവത്തെ ബഷീർ വിവരിക്കുന്നുണ്ട്. കുഞ്ഞുപ്പാത്തുമ്മയുടെ ചോരകുടിച്ചുവീർത്ത അട്ട നിലത്തുവീണപ്പോൾ അവൾക്ക് അട്ടയോട് ദേഷ്യവും അറപ്പും തോന്നി. അതിനെ ഒരുപാട് ചീത്ത പറയണമെന്നുണ്ട്. എന്നാൽ എന്തു ചീത്തയാണ് പറയേണ്ടതെന്ന് കുഞ്ഞുപാത്തുമ്മക്കറിയില്ല. ഒരു തെറിവാക്കുപോലും പറയാനറിയാത്ത നിഷ്കളങ്ക മനുഷ്യരാണ് ബഷീറിൻ്റെ കഥാലോകത്തുള്ളത്. അട്ടയെ കൊല്ലണമെന്ന് കുഞ്ഞിപ്പാത്തുമ്മക്ക് തോന്നലുണ്ടായപ്പോൾ ‘അട്ടയ്ക്ക് ഉമ്മായും ബാപ്പായും കാണുമല്ലോ’ എന്നാണ് കുഞ്ഞിപ്പാത്തുമ്മ ചിന്തിക്കുന്നത്. മനുഷ്യരെപ്പോലെ ജീവിക്കാനുള്ള സഹജീവിബന്ധമാണ് ഇത്ര മനോഹരമായും നിഷ്കളങ്കുമായും ബഷീർ കുഞ്ഞിപ്പാത്തുമ്മയിലൂടെ വരച്ചുവെക്കുന്നത്. ‘പെണ്ണട്ടയോ, ആണട്ടയോ എന്നറിഞ്ഞുകൂടാ എന്തായാലും പോയ്‌ക്കോട്ടേ അതിൻ്റെ വീട്ടിലേക്കു വിട്ടയക്കാം’ എന്നാണ് കുഞ്ഞുപ്പാത്തുമ്മ ചിന്തിക്കുന്നത്. ഒടുവിൽ വളരെ നിഷ്കളങ്കമായി കുഞ്ഞിപ്പാത്തുമ്മ അട്ടയോട് പറയുന്നത് ഇപ്രകാരമാണ്. ‘അട്ടേ നീ ഞ്ഞി ആരെങ്കടിച്ച് ചോരകുടിക്കരുത്, കേട്ടോ, ചോര കുടിച്ചാൽ നീ മരിച്ച് ചെല്ലുമ്പോ പടച്ചവൻ നിന്നെ നരകത്തിലിടും’, മനുഷ്യരോടെന്നപ്പോലെയാണ് മറ്റുജീവികളോടും കുഞ്ഞുപ്പാത്തുമ്മ സംസാരിക്കുന്നത്. അവൾ എല്ലാവരേയും ഒരു പോലെയാണ് കാണുന്നത്. കുഞ്ഞുപ്പാത്തുമ്മയുടെ ഈ അനുഭവം ബഷീർകൃതികളിലെ സ്നേഹഭാവങ്ങളുടെ ഊഷ്മളതയാണ് പ്രകടമാക്കുന്നത്. മറ്റൊരു സന്ദർഭത്തിൽ, ‘കെട്ടിയോൻകുരുവി എന്തിനാ, കെട്ടിയോളുകുരുവിനെ കൊത്തിക്കൊല്ലാമ്പോയത്’, എന്ന് കുഞ്ഞുപ്പാത്തുമ്മ മനസ്സിൽ ആലോചിക്കുന്നു. നിഷ്കളങ്കമായ പുരുഷമേൽക്കോയ്മയ്ക്കെതിരെയുള്ള ഒരു ചിന്തയായി ചേർത്തുവായിക്കാവുന്നതാണ്. ഭർത്താവിന് ഭാര്യയെ തല്ലാം എന്നുള്ള ആണത്തചിന്തയെ വ്യത്യസ്തമായൊരു വീക്ഷണകോണുകളിലൂടെ ബഷീർ പറഞ്ഞുവെക്കുകയാണ് ചെയ്യുന്നത്.
കുരുവിക്കുമാത്രമല്ല അദ്ദേഹത്തിൻ്റെ മറ്റുകഥാപാത്രങ്ങൾക്കും വ്യത്യസ്തമായ വിശേഷണങ്ങൾ അദ്ദേഹം നൽകുന്നുണ്ട്. ബഷീറിൻ്റെ പറമ്പിൽ കടന്നുവന്ന മൂർഖനെ ‘സഖാവ് മൂർഖനെന്നാണ്’ അഭിസംബോധന ചെയ്യുന്നത്. അതിൽ ഒളിഞ്ഞിരിക്കുന്ന ആക്ഷേപഹാസ്യവും നർമ്മവും പെട്ടെന്ന് മനസ്സിലാക്കാൻ സാധാരണവായനക്കാർക്ക് കഴിഞ്ഞെന്നുവരില്ല. ഓരോ കഥാസന്ദർഭത്തിലും വളരെ സൂക്ഷ്മമായൊരു രാഷ്ട്രീയം അദ്ദേഹം പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. ബഷീറിൻ്റെ ജീവിതത്തിൽനിന്ന് അതിന് കൃത്യമായൊരു ഉദാഹരണം ‘ബഷിറിൻ്റെ പൂങ്കാവനം’ എന്ന പുസ്തകത്തിൽ പ്രൊ.എം.എൻ. കാരശ്ശേരി സൂചിപ്പിക്കുന്നുണ്ട്. ബേപ്പൂരിലെ വീട്ടിൽ ബഷീറിന് ഷാൻ എന്ന പേരിൽ ഒരു വളർത്തുനായ ഉണ്ടായിരുന്നു. ആ നായ കാലഗതിയടഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽ കൊണ്ടുവന്ന പുതിയ നായക്ക് ‘ഷാൻ രണ്ടാമൻ’ എന്നാണ് പേരിട്ടത്, മതപൗരോഹിത്യത്തെ പരിഹസിക്കാനുള്ള ഇതിലും വലിയ നർമ്മവും ആക്ഷേപഹാസ്യവും മറ്റെവിടെനിന്നും കണ്ടെടുക്കാനാവില്ല. അദ്ദേഹത്തിന് പറയാനുള്ളതെല്ലാം മനുഷ്യേതരമായൊരു കഥാപാത്രത്തിലൂടെയോ ചിന്തയിലൂടെയോ അവതരിപ്പിക്കുകയെന്നത് അദ്ദേഹം ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഒരു രീതിയായിരുന്നു.
കുഞ്ഞുപ്പാത്തുമ ആമ്പൽക്കുളത്തിലേക്കു നോക്കുമ്പോൾ അതിൽ പിന്നെയുമുണ്ട് താമസക്കാർ. ആമ, പള്ളത്തി, കരിമീൻ, തവള എന്തെല്ലാം തരം ജീവികളാണ്. ആമ്പൽപ്പു ചുമ്മാ മന്ദഹസിക്കുന്നു. ആകെക്കൂടി വല്ലാത്ത ഒരു സൗന്ദര്യവും ഭീകരതയുമുണ്ട് പൊയ്കയ്ക്ക് എന്ന തിരിച്ചറിവ് അതോടെ വായനക്കാർക്കുണ്ടാകുന്നു. അതിനാൽത്തന്നെ കുഞ്ഞുപ്പാത്തുമ്മയുടെ ആലോചനകളും ചിന്തകളും പരിസ്ഥിതിസംബന്ധിമായി മനുഷ്യനുണ്ടാകേണ്ട സഹജീവിബോധത്തിലേക്കാണ് വികസിക്കുന്നത്. സഹജീവിയോടുള്ള ഈ കരുതൽ ബഷീർ ജീവിത്തതിലും കണിശമായി പാലിച്ചിരുന്നു. ഒരിക്കൽ ബഷിറിൻ്റെ വീട്ടിൽവെച്ചുണ്ടായ ഒരനുഭവം എം.എൻ.കാരശ്ശേരി ഓർത്തെടുക്കുന്നുണ്ട്. വീടിനുമുന്നിൽ റോസാച്ചെടിയിൽ പൂക്കളെ തിന്നുകൊണ്ടിരുന്ന പുഴുക്കളെ തട്ടിക്കളഞ്ഞ മകളെ ബഷീർ ശകാരിക്കുന്ന കാഴ്ച അദ്ദേഹം കാണുകയുണ്ടായി. റോസാപ്പൂക്കൾ തിന്നു നശിപ്പിക്കുന്ന പുഴുക്കളെ തട്ടിക്കളഞ്ഞതിന് മകളെ വഴക്കു പറയുന്നതെന്തിനാണെന്ന് ചിന്തിച്ചപ്പോഴാണ് ബഷിറിൻ്റെ പ്രതികരണം അദ്ദേഹം കേട്ടത്. “റോസാപ്പൂക്കൾ നിനക്ക് കണ്ടുരസിക്കാനല്ല, പുഴുക്കൾക്ക് തിന്നാനാണ് ഞാൻ നട്ടുപിടിപ്പിച്ചത്”. പിന്നീട് അതേക്കുറിച്ച് ഒന്നും ആലോചിക്കേണ്ടി വന്നില്ലെന്ന് എം.എൻ.കാരശ്ശേരി പറയുന്നു.
കുഞ്ഞുപ്പാത്തുമ്മ കാണുന്ന കുളം ജീവികളുടെ ആവാസവ്യവസ്ഥയെ മനോഹരമായി പ്രതീകവത്കരിക്കുന്നുണ്ട്. ഭക്ഷ്യശൃംഖലയുടെ ഓരോ കണ്ണിയും കുഞ്ഞുപ്പാത്തുമ്മ കണ്ടറിയുന്നത് ഈ കുളത്തിൽ നിന്നാണ്. എല്ലാ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെയാണ് ബഷീർ സ്വപ്നം കാണുന്നത്. ആ ലോകത്തുനിന്ന് ഒരു ജീവിയെയും മാറ്റിനിർത്താൻ ബഷീർ ആഗ്രഹിക്കുന്നില്ല. തൻ്റെ വീട്ടിലെ അംഗങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾപ്പോലും സഹജീവികളെ പ്രത്യേകം ഉൾപ്പെടുത്താൻ അദ്ദേഹം മറക്കുന്നില്ല, “ഇവരെ കൂടാതെയുമുണ്ട് സംഭവങ്ങൾ, എവിടെനിന്നോ വന്ന് കുടിയേറി ഉമ്മയുടെ അഭയാർത്ഥികളായി പാർക്കുന്ന കുറേ പൂച്ചകൾ, അവരെ പേടിച്ച് മച്ചംപുറത്തു സദാ ഓടിനടക്കുന്ന കാക്കത്തൊള്ളായിരം എലികൾ, പുരപ്പുറത്തിരുന്നു കരഞ്ഞു ബഹളം കൂട്ടുന്ന കുറെ കാക്കകൾ, ഇവയെല്ലാം പുറമേ എൻ്റെ ഉമ്മയുടെ സ്വന്തംവകയും വീടുഭരിക്കുന്നവരുമായ പത്തുനൂറു കോഴികൾ, അവരുടെ എണ്ണമില്ലാത്ത കുഞ്ഞുങ്ങൾ, ഇവരെ റാഞ്ചിതിന്നുന്ന പരുന്തുകൾ ” ഇവരെല്ലാം ഉൾക്കൊള്ളുന്നതാണ് ബഷീറിൻ്റെ ലോകം.
ബഷീറിൻ്റെ ദർശനത്തിൻ്റെ ആത്മകഥാംശരൂപത്തിലുള്ള പ്രകാശനമാണ് ഭൂമിയുടെ അവകാശികൾ. പ്രകൃതിക്ക് മുഖ്യസ്ഥാനം നൽകിക്കൊണ്ട് എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് ചിന്തിക്കുന്ന ഒരു സാധാരണമനുഷ്യൻ്റെ അനുഭവലോകം ഈ കഥയിൽ കാണാവുന്നതാണ്. അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണം ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നതു നോക്കുക, “ഒരഞ്ഞൂറു കൊല്ലങ്ങൾക്കുശേഷം ഭൂമിയിലുള്ള സർവ്വജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യർ കൊന്നൊടുക്കും. മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും”. ഇന്നു കാണുംവിധമുള്ള ചൂഷണങ്ങൾ തുടർന്നാൽ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തുന്നതിന് അഞ്ഞൂറുകൊല്ലമൊന്നും കാത്തിരിക്കേണ്ടിവരില്ലെന്നാണ് പുതിയകാലത്തെ അനുഭവങ്ങൾ തെളിയിക്കുന്നത്. കൊറോണയും, നിപ്പയും, മറ്റ് പകർച്ചവ്യാധികളുമെല്ലാം അതിനുള്ള സൂചന നൽകിക്കഴിഞ്ഞു. ഓരോ ചെറുകീടങ്ങൾക്കും ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാനാണ് ബഷീർ എഴുത്തിലൂടെ ശ്രമിക്കുന്നത്. ഭൂമിയുടെ മേലുള്ള മനുഷ്യവർഗ്ഗത്തിൻ്റെ അധികാരചിന്തകളുടെ പൊളിച്ചെഴുത്താണ് കഥാകാരൻ ഇതിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് ബഷിറിൻ്റെ ഭാഷ ലാളിത്യവും നർമ്മവും കൈക്കൊള്ളുന്നത്. സാഹിത്യത്തിൻ്റെ ഭാഷാഗരിമയുമെല്ലാം നിരന്തരം വിലയിരുത്തുന്നവർ ഭാഷയുടെ അധികാരസങ്കല്പത്തെ മുറുകെ പിടിക്കുന്നവരാണ്. ഭാഷക്കും കലക്കും അത്തരം അധികാരഭേദങ്ങളൊന്നുമില്ലെന്ന തിരിച്ചറിവാണ് അദ്ദേഹത്തിൻ്റെ രചനകളെ മഹത്വമുള്ളതാക്കുന്നത്. ഈ ബോധ്യം ഉള്ളതുകൊണ്ടുതന്നെ സ്വയം പരിഹസിച്ച് ഈ സമൂഹത്തിൽ മനുഷ്യജീവിതത്തിൻ്റെ പൊള്ളത്തരങ്ങൾ തന്നിലൂടെയും തുറന്നുകാണിക്കുന്നു. വിശ്വവിഖ്യാതമായൊരു മൂക്ക് അതിനുത്തമ ഉദാഹരണമാണ്. നർമ്മം കലർന്ന ഭാഷയും പരിഹാസവും ഒരർത്ഥത്തിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്, അഹംബോധത്തിൻ്റെ കണ്ണടവെച്ച് ബഷീർ കൃതികൾ വായിക്കുന്നവർക്ക് അക്കാര്യം തെളിഞ്ഞുകിട്ടുകയില്ല. ബഷീർ ഇത്രയധികം വായിക്കപ്പെടുന്നത് അത് സാധാരണക്കാരൻ്റെ ജീവിതത്തെ ആവിഷ്കരിക്കുന്നതുകൊണ്ടോ, ലളിതമായ ഭാഷാശൈലിയിൽ പറഞ്ഞുവെച്ചതുകൊണ്ടോ അല്ല, എല്ലാ അധികാരചിന്തകളെയും അതിവർത്തിക്കുന്ന മനുഷ്യ അഹന്തയുടെ സൂക്ഷ്മരാഷ്ട്രീയം ബഷീറിൻ്റെ രചനളിലെല്ലാം ഉള്ളടങ്ങിയതുകൊണ്ടാണ്. അതു തിരിച്ചറിയാൻ മനുഷ്യനോളം, മനുഷ്യത്വത്തോളം താഴാനുള്ള ക്ഷമയും സ്നേഹത്തിൻ്റെ ഉൾക്കാഴ്ചയും ഉണ്ടായേതീരൂ.
ഉപദ്രവിക്കാൻ സാധ്യതയുള്ള മൂർഖൻ പാമ്പിനെ കൊല്ലണമെന്നു പറയുന്ന ഭാര്യയോട് കഥാകൃത്ത് പറയുന്നത് നോക്കുക, “കൊല്ലണമെന്ന് വേഗം പറയാം. കൊല്ലുകയും ചെയ്യാം. ജീവൻ കൊടുത്തു സൃഷ്ടിക്കാൻ ഒക്കുമോ, ഒരു പ്രാണിക്കുപോലും ജീവൻ കൊടുക്കാൻ കഴിയാത്ത മനുഷ്യന് ഒരു പ്രാണിയുടെപോലും ജീവനെടുക്കാനുമുള്ള അവകാശമില്ല”. ഈ തത്വം മുവായിരം വർഷത്തോളം പഴക്കമുള്ള വേദഗ്രന്ഥങ്ങളിൽ പറഞ്ഞുവെച്ചിട്ടുള്ളതാണ്. എന്നാൽ ബഷീർ വേദഗ്രന്ഥങ്ങളൊന്നും വായിച്ചിട്ടല്ല അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്, സ്വാംശീകരിച്ചെടുത്ത തിക്താനുഭവങ്ങളിൽനിന്നാണ്. ബഷീറിൻ്റെ വ്യക്തിജീവിതത്തിൽ അതിനുള്ള ഉദാഹരണം പ്രൊ.എം.എൻ കാരശ്ശേരി അദ്ദേഹത്തിൻ്റെ ബഷീർ അനുസ്മരണപ്രഭാഷണത്തിൽ ഓർത്തെടുക്കുന്നുണ്ട്. ഒരിക്കൽ ബഷിറിനെ ഇൻ്റെർവ്യൂ ചെയ്താനെത്തിയ ഒരു വ്യക്തി ചായ കുടിച്ചതിനുശേഷം ഗ്ലാസ് തുറന്നുവെച്ചു. അതുകണ്ട് ബഷീർ അദ്ദേഹത്തോട് പറയുന്നത്, ‘ചായയിലെ മധുരം നുണയാനെത്തുന്ന എൻ്റെ പ്രിയസുഹൃത്തുക്കളായ ഉറുമ്പുകൾ ചായയിൽ മുങ്ങിമരിച്ചോട്ടെ എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്, അല്ലെന്നാണെങ്കിൽ ചായയുടെ ഗ്ലാസ് കമഴ്ത്തി വെക്കുക’ എന്നാണ്. ഉടനെ അദ്ദേഹം ഗ്ലാസിൽ അവശേഷിച്ച ചായ പുറത്തേക്ക് ഒഴിച്ചുകഴിഞ്ഞ് ഗ്ലാസ് കമഴ്ത്തിവെച്ചു. ഇതുപോലുള്ള അനേകം അനുഭവങ്ങൾ ബഷീറിൻ്റെ വ്യക്തിജീവിതങ്ങളിൽനിന്നും കഥാലോകത്തുനിന്നും കണ്ടെടുക്കാൻ കഴിയും.
ഭൂമിയുടെ അവകാശികൾ എഴുതുമ്പോൾ അതിലെ ജീവിതത്തെപ്പോലെ ഒത്തൊരുമിച്ച് ജീവികളോടൊപ്പം മനുഷ്യനും ജീവിക്കണമെന്നല്ല ബഷീർ പറയാൻ ശ്രമിച്ചത്, മറിച്ച് പ്രകൃതിയിൽ മനുഷ്യർ മറ്റു ജീവികളെക്കൂടി പരിഗണിച്ച് സഹവർത്തിത്വത്തിൽ ജീവിക്കണമെന്ന തത്വത്തെയാണ് ആവിഷ്കരിച്ചത്. ചെരുപ്പിടാത്തെന്താണെന്ന് ഒരിക്കൽ ഒരാൾ ചോദിച്ചപ്പോൾ ബഷീർ പറഞ്ഞത്, ‘ചെരുപ്പിട്ട് ഭൂമിയിൽ ചവിട്ടാൻ വിഷമം തോന്നുന്നു’ എന്നാണ്. ബഷീറിൻ്റെ പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള ആദർശം ഈ വാക്കുകളിൽ സ്പഷ്ടമാണ്. മൃഗങ്ങളോടും പക്ഷികളോടും സംസാരിക്കുന്ന കഥാപാത്രങ്ങളെ ബഷീറിൻ്റെ പല കൃതികളിലും കാണാം. ‘മതിലുകൾ’ എന്ന നോവലിൽ അണ്ണാറക്കണ്ണനോട് വർത്തമാനം പറയുന്ന പല രംഗങ്ങളുമുണ്ട്. നോവലിൽ അവതരിപ്പിച്ചിരിക്കുന്ന പ്രണയത്തിന് സാക്ഷികൂടിയാണ് ഈ അണ്ണാറക്കണ്ണൻ. മനുഷ്യസംസ്കൃതിയിൽ ഉടലെടുത്ത തടവറയിൽനിന്ന് മനുഷ്യസ്നേഹത്തിൻ്റെ അനന്തസാധ്യതകളെ പ്രകൃതിയുമായി ലയിപ്പിക്കുന്ന കാഴ്ച ഈ നോവലിൻ്റെ സവിശേഷതയാണ്. തടവറയിൽ പുന്തോട്ടം വെച്ചുപിടിപ്പിച്ച് ജീവിതപരിസരത്തെ സുരഭിലമാക്കുന്നതിലൂടെ നിലവിലുള്ള ലോകത്തിൻ്റെ വെല്ലുവിളികളെ കഥാനായകൻ ഭാവനാലോകത്ത് സ്നേഹംചേർത്ത് മാറ്റിപ്പണിയുകയാണ് ചെയ്തത്.

ബഷീർ സാഹിത്യത്തിൽ ഒറ്റതിരിഞ്ഞുനിൽക്കുന്ന നോവലാണ് പാത്തുമ്മയുടെ ആട്. ഈ നോവലിൽ പറയത്തക്ക പ്രമേയമോ, നായകകഥാപാത്രങ്ങളോ ഇല്ല. പ്രണയമോ, നായികയോ, കലഹമോ, വില്ലനോ ഇല്ല. സാധാരണമായ ഒരു കുടുംബപശ്ചാത്തലത്തിൽ ഏതാനും ആഴ്ചകളിൽ നടക്കുന്ന കുറെ സംഭവങ്ങളുടെയും അനുഭവങ്ങളുടെയും ഹൃദ്യമായ വിവരണം മാത്രമാണുള്ളത്. കുടുംബത്തിലെ കഥാപാത്രങ്ങളോളം പ്രാധാന്യമുള്ള കഥാപാത്രമാണ് ആട്. ആടിനുള്ള ഈ പ്രാധാന്യത്തെയാണ് നോവൽശീർഷകവും കുറിക്കുന്നത്. ആടിനെക്കൂടാതെ കോഴി, പൂച്ച, അണ്ണാറക്കണ്ണൻ, ചാമ്പമരം എന്നിവയും നോവലിലെ കഥാപാത്രങ്ങളാണ്. ആടിനെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു വായന ഇവിടെ സാധ്യമല്ല. പഞ്ചതന്ത്രം കഥകളിലും മറ്റും കാണുന്നതുപോലെ ഇവിടെ ജീവികളിൽ മനുഷ്യസ്വഭാവം ആരോപിക്കപ്പെടുന്നില്ല. ആട് ആടായിത്തന്നെ പ്രത്യക്ഷപ്പെടുന്നു. സൂക്ഷ്മവായനയിൽ ആടിൻ്റെ ജീവിതത്തിൽ നമുക്ക് മനുഷ്യജീവിത്തിലെ സ്വഭാവങ്ങളെ വായിച്ചെടുക്കാനും കഴിയും. അതാണ് ബഷീറിൻ്റെ എഴുത്തിൻ്റെ വശ്യത. ‘ഉപ്പൂപ്പായുടെ ആനയും പാത്തുമ്മയുടെ ആടും’ എന്ന ലേഖനത്തിൽ വിജയകൃഷ്ണൻ വിശദമായി ഇക്കാര്യം പഠനവിധേയമാക്കുന്നുണ്ട്. കഥാനായകനും പാത്തുമ്മയുടെ ആടും തമ്മിലുള്ള സാദൃശ്യം ഉദാഹരണസഹിതം വ്യക്തമാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ബഷീറിനു വന്ന മണിയോഡർ വീട്ടുകാരോരുത്തരായി വാങ്ങുന്നതും പുസ്തകത്തിൻ്റെ കോപ്പികൾ വിറ്റ് കാശെടുക്കുന്നതുമെല്ലാം നോവലിൽ കഥാനായകൻ നേരിടുന്ന ചൂഷണങ്ങളാണ്. ഇതിൻ്റെയെല്ലാം ഓരോ വിഹിതം പാത്തുമ്മയുടെ ആടിനും ലഭിക്കുന്നുണ്ട്. അതേപ്പോലെ ആടിൻ്റെ പാൽ വീട്ടുകാർ കറന്നെടുക്കുന്നതും ആട് നേരിടുന്ന ചൂഷണമാണ്. ഇരുവരും വീട്ടുകാർക്ക് കറന്നെടുക്കാനുള്ള ജന്തുക്കൾ മാത്രമാണ്. നീതിയും നെറിയുമില്ലാതെയാണ് അവർ കറന്നെടുക്കുന്നതെന്ന് അദ്ദേഹം നിരൂപണത്തിൽ എഴുതുന്നു. ബഷീറിൻ്റെ കഥാപാത്രങ്ങളെ ഒറ്റതിരിഞ്ഞ് കാണുകയും ലാഭനഷ്ടത്തിൻ്റെ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു നിരൂപകന് മാത്രമേ ഇത്തരത്തിൽ ബഷിർകൃതിയെ വിലയിരുത്താനാവൂ. ബഷീർ അവനവനിസത്തിന് ഒട്ടും പ്രാധാന്യം നൽകുന്നില്ല. കൂട്ടായ ജീവിതമാണ് പ്രധാനം. ഭൂമിയിലെ ഏതൊരു ജീവിയും നിസാരമാണെന്നും സഹവർത്തിത്വമാണ് ജീവിതത്തെ കൂടുതൽ മൂല്യമുള്ളതാക്കുന്നതെന്നുമാണ് ബഷിർ ചിന്തിക്കുന്നത്. ‘ൻ്റെപുപ്പാക്കൊരാനണ്ടാർന്ന് എന്ന കഥയിൽ ആനയുടെ ആകാരസവിശേഷതകളിൽനിന്ന് മനുഷ്യർ നിരൂപിച്ചെടുത്ത സങ്കല്പങ്ങളെ എത്ര മനോഹരമായിട്ടാണ് അദ്ദേഹം തിരിച്ചിടുന്നതെന്ന് കാണുക.
‘പാത്തുമ്മയുടെ ആടിനെ’ വിലയിരുത്തിയ മറ്റൊരു എഴുത്തുകാരനാണ് പുതുക്കുടി ബാലചന്ദ്രൻ അദ്ദേഹത്തിൻ്റെ ‘ആടിൽനിന്ന് പൂച്ചയിലേക്കുള്ള ദൂരം’ എന്ന ലേഖനത്തിൽ പ്രയാസങ്ങളുടെയും പ്രത്യാശകളുടെയും ഇടയിൽ ജീവിതകണക്കുകൂട്ടലുകൾക്കപ്പുറമാണ് ജീവിതമെന്ന ദർശനമാണ് പാത്തുമ്മയുടെ ആടിൽ വായിച്ചെടുക്കാവുന്നതെന്ന് വിലയിരുത്തുന്നു. കണക്കുകൂട്ടലുകളില്ലാത്ത മനുഷ്യനാണ് ബഷീർ ജീവിതത്തെ അതിൻ്റെ സ്വഭാവികതയിൽ സ്വീകരിക്കാൻ കഴിഞ്ഞ വളരെ ചുരുക്കം മനുഷ്യരിൽ ഒരാൾ. അതുകൊണ്ടാണ് അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ ജീവിതത്തിൻ്റെ നേർപ്പതിപ്പായി പ്രത്യക്ഷപ്പെടുന്നതെന്ന തോന്നൽ വായനക്കാർക്കുണ്ടാവുന്നത്. അവിടെ കണക്കുകൂട്ടലുകൾക്ക് പ്രാധാന്യമില്ല, സഹവർത്തിത്വമാണ് മുന്നിട്ടുനിൽക്കുന്നത്. നിരൂപകനായ വി.സി ഹാരിസിൻ്റെ ‘ആടും കോഴിയും പാമ്പും, വായനയുടെ ഭ്രമദർശനം’ എന്ന ലേഖനത്തിൽ പാത്തുമ്മയുടെ ആടിനെ ജോൺ എബ്രഹാമിൻ്റെ ‘നേർച്ചക്കോഴി’ എന്ന കഥയുമായി താരതമ്യപ്പെടുത്തി വായിച്ചെടുക്കുന്നു. പാത്തുമ്മയുടെ ആടിൽ തന്നെത്തന്നെ ദർശിക്കുകയും ഈ ഭൂമദർശനത്തിൻ്റെ അടിസ്ഥാനത്തിൽ ആടിനെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് കുടുംബത്തിലെ കുത്തഴിഞ്ഞ ജീവിതപരിതോവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് ബഷീർ ചെയ്യുന്നതെന്നാണ് അദ്ദേഹം ലേഖനത്തിലൂടെ പറഞ്ഞുവെക്കുന്നത്. പാത്തുമ്മയുടെ ആട്, ൻ്റെപ്പുപ്പാക്കൊരാനണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, മാന്ത്രികപ്പൂച്ച എന്നീ പേരുകൾ മനുഷ്യനും സർവ്വചരാചരങ്ങളും ഉൾക്കൊള്ളുന്ന ലോകത്തെക്കുറിച്ചുള്ള കാഴ്ചകളാണ് നൽകുന്നത്. ബഷീറിൻ്റെ എഴുത്തിനെയും ഏകാഗ്രതയെയും ശല്യപ്പെടുത്താൻ കാക്കയും, കോഴിയും, പൂച്ചയുമൊക്കെ വരുന്നുണ്ടെങ്കിലും വായനക്കരോട് ഞങ്ങളും ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് വിളിച്ചുപറയാനാണ് ഇത്തരം കഥാപാത്രങ്ങൾ രംഗപ്രവേശം ചെയ്യുന്നത്.
‘ൻ്റെപ്പുപ്പാക്കൊരാനണ്ടാർന്ന്’ എന്ന കൃതിയിലെ സജീവസാന്നിധ്യമാണ് ആന. കഥയിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും കുഞ്ഞുപ്പാത്തുമ്മയുടെ ഉമ്മയുടെ സ്മരണകളിലൂടെയാണ് ആ കഥാപാത്രം ജീവിക്കുന്നത്. സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ ആന അവസാനം കുഴിയാനയാണെന്ന് തിരിച്ചറിയുമ്പോൾ കെട്ടിപ്പൊക്കിയ സ്വപ്നകൂടാരങ്ങൾ തകർന്നടിയുന്നു. മനുഷ്യസംസ്കൃതിയുടെ അഹങ്കാരവും അഹംബോധവുമൊക്കെയാണ് ലാളിത്യത്തോടുകൂടി ഇവിടെ ചുരുളഴിയുന്നത്. ഇതോടുചേർത്തുവെക്കാവുന്ന ഒരു സംഭവം എം. എൻ. കാരശ്ശേരി ഓർത്തെടുക്കുന്നുണ്ട്. ബഷീറിന് ലഭിച്ച പ്രശസ്തമായ ഒരു അവാർഡിൻ്റെ സാക്ഷ്യപത്രം എടുത്ത് അദ്ദേഹം കുറുക്കനെ എറിഞ്ഞു, അതുകൊണ്ട് ‘കുറുക്കനിപ്പോൾ വല്യേ തലക്കനത്തിലാണ് നടക്കുന്നതെ’ന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു. ഇത്തരത്തിൽ അഹന്തകളില്ലാതെ വെറും മനുഷ്യനായിരിക്കാനുള്ള അദ്ദേഹത്തിൻ്റെ ചിന്തകളാണ് നർമ്മത്തിലൂടെയെല്ലാം പ്രകടമാകുന്നത്. അദ്ദേഹം നർമ്മത്തിലൂടെ പറഞ്ഞുവെക്കുന്ന സൂക്ഷ്മരാഷ്ട്രീയത്തിന് മനുഷ്യലോകത്തോളം വ്യാപ്തിയും ആഴവുമുണ്ട്. സാധാരണവായനയിൽ അത് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ഈച്ചയെപ്പോലും സമഭാവനയോടെ കാണുന്ന ബഷീർ സഹജീവികൾക്ക് അത്രയേറെ പ്രാധാന്യം നൽകുന്നു. സ്വന്തം ശരീരത്തിൽ കടിച്ച പഴുതാരയെ വിട്ടയക്കാനുള്ള മനസ്സുകാണിച്ച കഥാകാരനാണ് ബഷീർ. ‘പാത്തുമ്മയുടെ ആട്’ എന്ന നോവലിൽ ആടിനെ കണ്ടതുപോലെ കുടുംബത്തിലെ മറ്റംഗങ്ങളായിട്ടുതന്നെയാണ് പൂച്ചകളെയും കോഴികളെയും കഥാകാരൻ കണ്ടത്. മനുഷ്യനെപ്പോലെത്തന്നെ മറ്റ് ജീവജാലങ്ങളെയും തുല്യമായി കണ്ട ബഷീർ, മനുഷ്യഭാഷ ജീവിവർഗ്ഗങ്ങൾക്കും മനസ്സിലാവുമെന്ന് ചിന്തിച്ചു. വേറിട്ടുകാണുന്നതിനുള്ള ശേഷി അദ്ദേഹത്തിൻ്റെ സർഗ്ഗചിന്തയിലുണ്ടായിരുന്നില്ല.
പൂവൻകോഴിയെപ്പറ്റി പറയുമ്പോൾ ആ വീട്ടിലെ പിടക്കോഴികളെ അവൻ്റെ ‘പതിനേഴ് ഭാര്യമാർ’ എന്നാണ് ബഷീർ വിശേഷിപ്പിക്കുന്നത്. ഈ പ്രയോഗം മറ്റൊരർത്ഥത്തിൽ അനേകം ഭാര്യമാരെ കണ്ടെത്തുന്ന പുരുഷമേധാവിത്വത്തിനെതിരെയുള്ള സൂക്ഷ്മമായ പ്രതിഷേധം കൂടിയാണ്. എല്ലാനികുതികളും നൽകി സ്വന്തമാക്കിയ ഭൂമിയിൽ മറ്റു അവകാശികളായി പക്ഷികൾ, ചിത്രശലഭങ്ങൾ, പാമ്പ്, കീരി, എലി, കുറുക്കൻ, വവ്വാൽ, പഴുതാര, തേൾ, തുടങ്ങിയവ അവകാശബോധത്തോടെ വിഹരിക്കുന്നു. പുരയിടത്തിൽ പക്ഷേ ജീവികൾക്കുള്ള അവകാശങ്ങൾ വകവെച്ചുകൊടുക്കാൻ കഥാകൃത്തിൻ്റെ ഭാര്യ തയ്യാറല്ല. പുരയിടം എന്നാൽ ‘മനുഷ്യൻ്റെ പുരയ്ക്കുള്ള ഇടം എന്നുമാത്രമല്ല, മറ്റുള്ള ജീവികൾക്കും അവകാശപ്പെട്ട ഇടമാണെന്നാണ്’ ബഷീർ പറയുന്നത്. വീടു മുഴുവൻ പ്രാണികളുടെ ആക്രമണം നേരിട്ടപ്പോൾ ബഷീറിൻ്റെ ഭാര്യ നിർഭയം അവയെ കൊല്ലുകയും എലികൾക്ക് വിഷം വെക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ എലിയോടൊപ്പം കോഴി, പൂച്ച, അണ്ണാൻ തുടങ്ങിയവയെല്ലാം ചത്തൊടുങ്ങുന്നു. ഇത്തരം പരാക്രമങ്ങളുണ്ടാവുമ്പോഴും ബഷീർ തൻ്റെ ആദർശത്തിൽ തെല്ലിട വ്യതിചലിക്കാതെ, ഉറച്ചുനിൽക്കുന്നതായി കാണാം. ‘ബഷീർ: സംഭാഷണങ്ങൾ’ എന്ന പേരിൽ ഡോ. അസീസ് തരുവണ സമാഹരിച്ച പുസ്തകത്തിൽ ‘ബഷീറിൻ്റെ കൂടെ’ എന്ന പേരിൽ ഗോപീ കഴൂർ നടത്തിയ സംഭാഷണത്തിൽ ബഷിർ പറയുന്നത് നോക്കുക, ‘ഈ ലോകത്തിലും എല്ലാ ലോകത്തിലുമുള്ളത് എൻ്റെ മിത്രങ്ങളാണ് എന്ന് ഞാൻ വിചാരിക്കുന്നു’. എനിക്ക് എല്ലാവരോടും എല്ലാ പ്രപഞ്ചങ്ങളോടും സ്നേഹമാണ്. ബഷീറല്ലാതെ ജീവിതത്തിലും സാഹിത്യത്തിലും ഈ തത്വം പൂർണമായി സ്വീകരിച്ച മറ്റൊരു എഴുത്തുകാരൻ മലയാളത്തിലില്ല.
“ബഷീർക്കഥകളിൽ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ബഷീറിനെ സൂക്ഷിച്ചുനോക്കിയാൽ മറ്റുകഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായൊരു ഗെയിം ബഷീർ കളിക്കുന്നുണ്ടെന്നു കാണാൻ സാധിക്കുമെന്ന്” ‘ബഷീറിൻ്റെ സത്യാന്വേഷണപരീക്ഷണങ്ങൾ’ എന്ന ലേഖനത്തിൽ കല്പറ്റ നാരായണൻ അഭിപ്രായപ്പെടുന്നു, ബഷീർ കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന വഴിയിലല്ല സഞ്ചരിക്കുന്നത്, ബഷീർ കഥാപാത്രങ്ങൾക്കുൾക്കൊള്ളാവുന്ന ആളുമല്ല, കഥാപാത്രങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന ഒരാളാണ് ബഷീർ. പാത്തുമ്മയുടെ ആട് കൃതിയിലാദ്യന്തം പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ആട് കേന്ദ്രകഥാപാത്രമെന്ന് കരുതുക സാധ്യമല്ല. കൃതിയിലെ മറ്റു കഥാപാത്രങ്ങളെ ആശ്രയിക്കുമ്പോഴാണ് മറ്റുള്ളവരിലുപരി ഗൗനിക്കപ്പെടുമ്പോഴാണ്. ഒരാൾ കേന്ദ്രകഥാപാത്രമാകുന്നത്. എന്നാൽ ബഷീറിൻ്റെ കഥാലോകത്ത് കഥാപാത്രങ്ങൾ ആശ്രയിക്കപ്പെടുകയോ, ഗൗനിക്കപ്പെടുകയോ ചെയ്യപ്പെടുന്നില്ല. വളരെ സ്വാഭാവികമായി കഥാപാത്രങ്ങൾ അവരവരായി ജീവിക്കുന്നു. ആരും അവിടെ മാറ്റിനിർത്തപ്പെടുന്നില്ല. ചാമ്പക്കയുടെ പേരിൽ ചാമ്പമരത്തോടുള്ളതിൽക്കവിഞ്ഞ കൃതജ്ഞതയൊന്നും ബഷിറിന് ആരോടുമില്ല. പാത്തുമ്മയുടെ ആടിൽ ബഷീർ വെറുമൊരു കഥ പറയാനല്ല ശ്രമിക്കുന്നത്, മറിച്ച് കഥയാണ് എല്ലാമെന്ന് തിരിച്ചറിയാനാണ്. അതുകൊണ്ടാണ് “നോവൽനിർമ്മാണത്തിൻ്റെ വ്യവസ്ഥാപിതമായ മുഴക്കോലുകൾക്കൊണ്ട് അളക്കാൻ ശ്രമിച്ചാൽ പാത്തുമ്മായുടെ ആടിൽ അളക്കാനൊരിടം കണ്ടെത്താനാവില്ലെന്ന്” ‘പാത്തുമ്മയുടെ ആട് ഉന്മാദവും ജീവിതവും’ എന്ന ലേഖനത്തിൽ ഡോ. വത്സലൻ വാതുശ്ശേരി അഭിപ്രായപ്പെടുന്നത്.
ഭാർഗ്ഗവിനിലയത്തിലെ നാരായണൻ നായർ എന്നൊരാളെ ഒഴിച്ചുനിർത്തിയാൽ നിരവധി പ്രണയകഥകൾ സൃഷ്ടിച്ച ബഷീറിൻ്റെ ലോകത്ത് വില്ലന്മാരില്ലെന്നു കാണാം. എന്നാൽ ആന, പൂച്ച, ആട് തുങ്ങിയ കഥാപാത്രങ്ങൾക്കു ലഭിച്ച സ്നേഹവായ്പ്പിന് പ്രസിദ്ധിയുണ്ടെങ്കിലും അക്കൂട്ടത്തിൽ വില്ലനായ ഒരു കഥാപാത്രത്തെ ബഷീർ അവതരിപ്പിച്ചിട്ടുണ്ട്. ‘ടൈഗർ’ എന്ന ചെറുകഥയിലെ കഥാപാത്രമായ ‘ടൈഗർ’ എന്ന നായയാണ് അത്. അവൻ തെരുവിലെ ഏതോ തെണ്ടിപ്പട്ടിയുടെ മകനാണ്. ഗട്ടറിലാണ് ജനിച്ചത് ഓർമ്മവെച്ച കാലം മുതൽ പോലീസ് സ്റ്റേഷനിലാണ്. ഈ കഥയിലെ നായ എന്തുകൊണ്ടാണ് വില്ലനായതെന്ന് എം.എൻ കാരശ്ശേരി അദ്ദേഹത്തിൻ്റെ ലേഖനത്തിൽ പറഞ്ഞുവെക്കുന്നുണ്ട്. “ആ നായ, അധികാരത്തിനും പീഢനത്തിനും മുമ്പിൽ വാലാട്ടിനിന്ന് സാർത്ഥം നേടിയ ഇന്ത്യാക്കാരൻ്റെ ചിത്രമാണ്- കോളനിവാഴ്ചയുടെ ഉപ്പും ചോറും തിന്നു കൊഴുത്ത നായ്കളുടെ മറ്റൊരു ലോകം: സ്വന്തക്കാരൻ്റെ ചോറും ചോരയും നക്കിത്തിന്നാണ് ആ വിധേയന്മാർ പുലരുന്നത് (ബഷീറിൻ്റെ പൂങ്കാവനം). മറ്റൊരർത്ഥത്തിൽ വിധേയതയുടെ ചിരന്തനപ്രതീകമാണ് നായ, സ്വാർത്ഥമായി കാര്യകാരണചിന്തയും നീതിബോധവുമില്ലാതെ വിധേയത്വം കാണിക്കുന്നവരെ നായയെന്ന് വിളിച്ച് അധിക്ഷേപിക്കാറുണ്ട്. ടൈഗറുടെ നിൽപ്പ്, നോട്ടം, ചലനം, കാഴ്ച്ചപ്പാട്, തുടങ്ങിയവയുടെ വിവരണത്തിൽ ഒരധികാരിയുടെ ഭാവവും ശരീരഭാഷയും ഗൂഢമായി വരച്ചുചേർക്കുന്ന പണിമാത്രമേ ആഖ്യാനത്തിൽ കഥാകാരൻ ചെയ്തിട്ടുള്ളുവെന്ന് ലേഖനത്തിൽ എം.എൻ കാരശ്ശേരി വ്യക്തമാക്കുന്നു. അധികാരത്തിനും മർദ്ദനത്തിനുമിടയിൽ സ്വാതന്ത്ര്യസമരപോരാളിയായി നിന്നുകൊണ്ടാണ് ബഷീർ ടൈഗറെ കാണുന്നത്. “ടി. പത്മനാഭൻ്റെ ശേഖട്ടിയിൽ നായയുടെ ഉള്ളിലേക്ക് മനുഷ്യനെ കടത്തിവിടുകയാണ് ചെയ്തതതെങ്കിൽ ബഷിറിൻ്റെ ടൈഗറിലാവട്ടെ മനുഷ്യൻ്റെ ഉള്ളിലേക്ക് നായയെ കടത്തിവിടുന്നു”.
മനുഷ്യ കേന്ദ്രിതമായൊരു സങ്കല്പത്തിലൂടെ ബഷീർകൃതികളെ വിലയിരുത്തുന്ന വായനക്കാർക്ക് മനുഷ്യർക്ക് ജീവിക്കാനുള്ള അവകാശത്തെപ്പോലെ മറ്റു ജീവിവർഗ്ഗങ്ങൾക്കെല്ലാം അതിനുള്ള അവകാശമുണ്ടെന്ന് ബഷീർ വാദിച്ചുറപ്പിക്കുന്നതായിട്ടാണ് തോന്നലുണ്ടാവുന്നത്. എന്നാൽ ബഷീറിൻ്റെ ചിന്തകളെ കേവലമായ അത്തരം ധാരണകളിൽ തളച്ചിടാൻ സാധിക്കില്ല. ബഷീറിൻ്റെ ജീവിതപരിസരങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും മനുഷ്യതര കഥാപാത്രങ്ങളുടെ അവതരണ തന്ത്രങ്ങളിൽനിന്നുമെല്ലാം ബഷീർ പറയാൻ ഉദ്ദേശിച്ച സൂക്ഷ്മരാഷ്ട്രീയം എന്തായിരുന്നുവെന്ന് ഓരോ കാലത്തും പുനരാലോചനകൾ സാധ്യമാകുന്നത് അതുകൊണ്ടാണ്. സമഭാവനയോടെയും സഹവർത്തിത്വത്തോടെയും മുഴുവൻ ജീവജാലങ്ങളും അവരവരുടെ ലോകത്ത് സ്വഭാവികതയോടെ പുലരുന്ന ഒരു ദാർശനിക സങ്കല്പമായിരുന്നു ബഷീറിനുണ്ടായിരുന്നതെന്ന് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ള മനുഷ്യേതര കഥാപാത്രങ്ങൾക്കുള്ള പ്രാധാന്യത്തെ സാമാന്യമായി വിലയിരുത്തുമ്പോൾ തിരിച്ചറിയാൻ സാധിക്കും. മനുഷ്യ കേന്ദ്രിതമായ സങ്കല്പങ്ങളിൽ നിന്നുമാറി എക്കോപൊളിറ്റിക്സിനെപ്പറ്റി മനുഷ്യർ ഗൗരവമായി ചിന്തിച്ചതുടങ്ങുന്ന പുതിയകാലത്ത് ബഷീറിൻ്റെ കഥാപാത്രങ്ങൾക്കും മൂല്യസങ്കല്പങ്ങൾക്കും പ്രസക്തിയേറുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.
An article on animal characters in Vaikom Muhammed Basheer’s works