ആദ്യകാല യുറോപ്യൻ ആത്മകഥകളുടെ പൊതുസ്വഭാവം വിശദീകരിക്കുന്ന സന്ദർഭത്തിൽ ലിൻഡ ആൻഡേഴ്‌സൺ, അവയെ കുമ്പസാരപരമെന്നും ആത്മവിമർശനത്തിൻ്റെയും ദാർശനികമായ സത്യാന്വേഷണത്തിൻ്റെ ഭാഗമായും അടയാളപ്പെടുത്തുന്നുണ്ട്. ദൈവസാന്നിധ്യവും പാപചിന്തകളും തമ്മിലുള്ള പൊരുത്തക്കേടുകളിൽ നിന്നും രക്ഷപ്പെടാനുള്ള ആത്മാവിൻ്റെ തുറന്നുപറച്ചിലുകളായി അവ രൂപപ്പെട്ടുവെന്ന നിരീക്ഷണത്തിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ ഉള്ളടക്കത്തിൽ നിന്നും വിമോചിപ്പിക്കപ്പെട്ട സാഹിത്യരൂപമായി ആത്മകഥകളെ സ്ഥാപിക്കുകയാണ് അവർ ചെയ്‌തത്. എന്നാൽ, ദലിത് ആത്മകഥകളെ, വിശേഷിച്ചും സ്ത്രീയാഖ്യാനങ്ങളെ സൈദ്ധാന്തികമായി അപഗ്രഥിച്ച ഷർമിള റെഗെയും രാജ്കുമാറും ഈ വാദങ്ങളെ തള്ളിക്കളയുന്നുണ്ട്.
നിലനിൽക്കുന്ന ആത്മകഥാപാഠങ്ങളുടെ ആഖ്യാനമാതൃകയിൽ നിന്നും ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച സാമൂഹ്യരേഖകളായും സാക്ഷ്യപ്പെടുത്തലായും കർതൃത്വപ്രഖ്യാപനമായും അവയെ വായിക്കാനുള്ള ശ്രമങ്ങളാണ് പിൽക്കാലത്ത് ആത്മകഥാപഠനങ്ങളെ സവിശേഷമാക്കിയത്. ഹസാരിയുടെ Untouchable: The Autobiography of an Indian Outcaste (1951) എന്ന ആത്മകഥയാണ് ആദ്യത്തെ ദലിത് ആത്മകഥയെന്ന് രാജ്കുമാർ വിശദീകരിക്കുന്നു. പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇംഗ്ലീഷിലുമായി നിരവധി ആത്മകഥകൾ ദലിതരാൽ എഴുതപ്പെടുകയും വിപുലമായ വായനകൊണ്ടും വിവർത്തനങ്ങൾകൊണ്ടും ലോകശ്രദ്ധയിലേക്ക് എത്തുവാൻ പല രചനകൾക്കും കഴിയുകയും ചെയ്തു. അവയെക്കുറിച്ച് വിശദമായി ചർച്ചചെയ്യാൻ ഈ പഠനത്തിൻ്റെ പരിമിതി അനുവദിക്കുന്നില്ലെങ്കിലും സവിശേഷമായ ചില പുസ്‌തകങ്ങളുടെ പ്രമേയം വിശകലനം ചെയ്യാനാണ് തുടർന്ന് ശ്രമിക്കുന്നത്.
ദലിതെഴുത്തുകളിൽ സജീവമായി തുടരുന്ന ആത്മകഥാഖ്യാനങ്ങൾ ഇന്ത്യയുടെ സവിശേഷമായ സാഹിത്യപാരമ്പര്യത്തെ പുതുക്കിയെഴുതാൻ ശ്രമിക്കുന്നുണ്ട്. മിക്കപ്പോഴും മാതൃകാപരമായ ജീവിതം നയിച്ചവരോ ഏതെങ്കിലും മേഖലയിൽ വിജയികളായവരോയൊക്കെ ആയിരിക്കണം ആത്മകഥ എഴുതാൻ അർഹരെന്ന വ്യവസ്ഥാപിത ബോധത്തെയാണ് ഇത്തരം എഴുത്തുകൾ തുടക്കത്തിൽ റദ്ദുചെയ്തത്. വരേണ്യപുരുഷൻ്റെ അഹംബോധത്തിന് സർഗാത്മകവും സാമൂഹികവുമായി ലഭിച്ച സ്വീകാര്യതയെയാണ് നാം പൊതുവേ സാഹിത്യത്തിൻ്റെ കള്ളികളിൽ പെടുത്താറുള്ളൂ. സാംസ്കാരികമായ അധികാരവും സ്ഥാപനവൽകൃതമായ പിന്തുണയും സൗന്ദര്യശാസ്ത്രപരമായ ശിക്ഷണവുമൊക്കെ ഉള്ളവർക്ക് എളുപ്പത്തിൽ സ്വീകാര്യത നേടാൻ കഴിയും വിധത്തിൽ ക്രമീകരിക്കപ്പെട്ട ഭാവുകത്വ പരിസരത്തിലേക്കാണ് ദലിത് ആത്മകഥകൾ പ്രവേശിച്ചത്.
ആവിർഭാവഘട്ടത്തിൽ നേരിട്ട നിരവധി വിമർശനങ്ങളിൽ പ്രധാനമായത് ജാതിയെക്കുറിച്ച് തുറന്നെഴുതുന്നു, മാനകീകരിക്കപ്പെട്ട ഭാഷയെയും ഭാവനയെയും അവഹേളിക്കുന്നു തുടങ്ങിയവയായിരുന്നു. എഴുത്തിൻ്റെ വായനയും വ്യാകരണവും സവർണയുക്തിയാൽ നിർണയിക്കപ്പെട്ടവർക്ക് ഇത്തരം വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നിയെങ്കിലും ഇന്ത്യയുടെ വ്യവസ്ഥാപിത ജീവിതപരിസരത്തിൻ്റെ മറുപുറം വരച്ചിടാൻ ദലിത് ആത്മരചനകൾക്ക് കഴിഞ്ഞു. ചേരികൾ, പുറമ്പോക്കുകൾ, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും അവഹേളനങ്ങളും, പാരമ്പര്യമെന്നപേരിൽ അടിച്ചേൽപ്പിക്കപ്പെട്ട ഭാഷയുടെയും ഭാവനയുടെയും ഹിംസാത്മകത, ആധുനിക സ്ഥാപനങ്ങളിലും കാൽപ്പനികവൽകരിക്കപ്പെട്ട ഗ്രാമസമൂഹങ്ങളിലും നിലനിൽക്കുന്ന അയിത്തത്തിൻ്റെ വ്യത്യസ്‌ത രൂപങ്ങൾ, പ്രണയത്തിലും രതിയിലും സ്ഥാപനവൽകരിക്കപ്പെട്ട തിരസ്കാരങ്ങൾ തുടങ്ങി ഒട്ടേറെ ഭാവനാപരമായ ബോധ്യങ്ങളെ തിരിച്ചെഴുതാൻ കഴിയുന്ന വിധത്തിലാണ് ദലിത് ആത്മകഥകൾ ഇന്ത്യയിൽ വികസിച്ചത്.
സാമൂഹികപദവിയിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന ഘടനയായി മാത്രമല്ല ജാതി ദലിത് ആത്മകഥകളിൽ ആവിഷ്‌കരിക്കപ്പെടുന്നത്. വ്യത്യസ്തമായി തങ്ങളെ അടയാളപ്പെടുത്താനുള്ള നിരവധി മൂല്യമണ്ഡലങ്ങളിൽ നിർണായകത്വം വഹിക്കുന്ന ഒന്നാണത്. അതിൻ്റെ പ്രാഥമ്യം സ്വത്വപരമായ ഇതര ഘടകങ്ങളെ അപ്രധാനമായി കരുതാൻ ദലിത് ആത്മകഥാകൃത്തുക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ഇതിൻ്റെ വ്യക്തമായ അടയാളങ്ങളാണ് ഓരോ ആത്മകഥയും ഓരോ ജാതിയുടെ/ സമുദായങ്ങളുടെ സവിശേഷതകൾ കൂടി വിശദീകരിക്കുന്ന സാമൂഹികരേഖയായി മാറുന്നത്. ‘ജാതിസ്വത്വം’ ഇതിൽ പ്രവർത്തനക്ഷമമാകുന്നത് സാമൂഹികാവസ്ഥയെ വിശദീകരിക്കുവാൻ കഴിയുന്ന ഏകകം (unit) എന്ന നിലയിലാണെന്ന് പ്രത്യേകം പറയേണ്ടതില്ല. വ്യക്തി നേരിടുന്ന ജീവിതാനുഭവം എന്നതിനപ്പുറം സമൂഹം എന്ന വിസ്തൃതമായ അനുഭവപ്രദേശമാണ് ദലിത് ആത്മകഥകളിൽ ആഖ്യാനം ചെയ്യപ്പെടുന്നതെന്ന് പറയാം.
ആത്മകഥാരചന ദലിതരെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ അനുഭവമാണെന്ന് കരുക്കിൻ്റെ ആമുഖത്തിൽ ബാമയും ജൂടാൻ്റെ മുഖവുരയിൽ ഓംപ്രകാശ് വാൽമീകിയും വ്യക്തമാക്കുന്നുണ്ട്. ഭൂതകാലത്തിലെ കടുത്ത യാഥാർഥ്യങ്ങൾ ആവിഷ്‌കരിക്കുന്നതിൻ്റെ പ്രശ്‌നം മാത്രമല്ല ഇതിലുള്ളത്. ജീവിതത്തിൽ നേടിയ പദവിക്കും സാമൂഹിക നിലയ്ക്കും പഴയ കഥകൾമൂലം ഇളക്കംതട്ടുമോയെന്ന ഭയവുമല്ല കാരണം. മറിച്ച്, ദലിതരുടെ ജാതിജീവിതം അസ്വീകാര്യവും വരേണ്യരുടെ ‘ജാതിയില്ലാജീവിതം’ പൊതുസ്വീകാര്യവുമാകുന്ന ആധുനികതയുടെ ജ്ഞാനമണ്ഡലത്തെതന്നെയാണ് ഈ ആത്മകഥകൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന ചരിത്രഗ്രന്ഥത്തിൻ്റെ ആമുഖത്തിൽ എം.ഗംഗാധരൻ എഴുതിയതുപോലെ, ലൈംഗികതയെക്കുറിച്ച് എഴുതുന്നവർ അമിതലൈംഗികാസക്തിയുള്ളവരെന്നു കരുതുന്നതുപോലെ ജാതിയെക്കുറിച്ച് എഴുതുന്നവർ അതിജാതിവാദികളായി പരിഗണിക്കപ്പെടുന്ന തലതിരിഞ്ഞ അവബോധത്തിൽ നിൽക്കുന്ന സമൂഹത്തിലാണ് ഇത്തരം രചനകൾ വ്യവഹാരലോകവും സംവാദമണ്ഡലവും തീർക്കേണ്ടത്.
ഇ.വി. രാമകൃഷ്ണൻ നിരീക്ഷിക്കുന്നതുപോലെ സ്വത്വപ്രഖ്യാപനം, സ്വത്വരൂപീകരണം (Self assertion, Self creation) തുടങ്ങിയ പ്രക്രിയകളാണ് ദലിത് ആത്മകഥകളെ സമകാലിക സംവാദങ്ങളുടെ കേന്ദ്രപ്രമേയമാക്കുന്നത്. ഭൂതകാലത്തിനു രൂപംനൽകുക, ഒരു പ്രത്യേകരീതിയിലുള്ള ജീവിതം ആവിഷ്കരിക്കുക, പരസ്പരബന്ധമുള്ള കഥപറച്ചിൽ തുടങ്ങിയ സമീപനങ്ങളാണ് ദലിത് ആത്മകഥകളിൽ വികസിക്കുന്നത്. എന്നാൽ, ദലിതർ തങ്ങളുടെ സ്വത്വപ്രഖ്യാപനം നടത്തുന്നത് നിലനിൽക്കുന്ന വ്യവസ്ഥക്ക് എതിരെയുള്ള ഏറ്റുമുട്ടലിലൂടെ തങ്ങളെ സമുദായത്തിനുള്ളിലെ ഒരാളായി ഉയർത്തുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ വിവിധഭാഷകളിൽ എഴുതപ്പെട്ട ആത്മകഥകൾക്ക് സമാനതകൾ ഏറെയാണ്. അപരിചിതമായ ആഖ്യാനഭൂപടങ്ങൾ നമുക്ക് മുമ്പിൽ അവതരിപ്പിച്ചു എന്നതാണ് ഇവ രൂപപ്പെടുത്തിയ സൗന്ദര്യശാസ്ത്രം.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച സമൂഹം, സാഹിത്യം, സംസ്കാരം എന്ന പുസ്തകത്തില്‍നിന്ന്)
Athmakadhayile Indian Dalit Bhoopadam by OK Santhosh