അംബേദ്കറും ഗാന്ധിയും

3 MINUTES READ

1930-ൻ്റെ ആദ്യത്തിലല്ലാതെ അംബേദ്‌കറും ഗാന്ധിയും കണ്ടുമുട്ടിയിരുന്നില്ല. എന്നാൽ, 1920 കളുടെ ആദ്യം മുതൽക്കേ ഗാന്ധിയുടെ പ്രവൃത്തികൾ അംബേദ്കറടക്കമുള്ള ദലിത് നേതാക്കളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ഗാന്ധിയെക്കുറിച്ച് അംബേദ്‌കറുടെ ആദ്യ നിരീക്ഷണം പുറത്തുവരുന്നത് 1925 ലാണ്. വൈക്കം സത്യാഗ്രഹത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു അത്. ബോംബെ പ്രസിഡൻസിയിലെ അസ്പൃശ്യ സമ്മേളനത്തിൻ്റെ ദിവസമായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന.

ഈ രാജ്യത്തിലെ സംഘർഷങ്ങളും പ്രതിസന്ധികളും പരിഹിക്കാൻ ഇവിടെ നിലനിൽക്കുന്ന സാമൂഹ്യ അനീതിയെ ഇല്ലാതാക്കൽ അത്യന്താപേക്ഷിതമാണെന്നും ഓരോ ഇന്ത്യക്കാരനും ഇത് തൻ്റെ ഉത്തരവാദിത്വമായി കണക്കാക്കണമെന്നും മഹാത്മാഗാന്ധിക്ക് മുമ്പ് ഇന്ത്യയിലെ ഒരു രാഷ്ട്രീയകാരനും നിലപാടെടുത്തിട്ടില്ല. എന്നിരുന്നാലും, ഒരു സൂക്ഷ്മ പരിശോധന നടത്തുകയാണെങ്കിൽ, അതിൽ ചെറിയ സ്വരച്ചേർച്ചയില്ലായ്മ‌ കാണാം. ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി വാദിക്കുന്ന പോലെയോ ഖദറിൻ്റെ പ്രചാരത്തിനുവേണ്ടി വാദിക്കുന്ന പോലെയോ അദ്ദേഹം അയിത്ത നിർമാർജനത്തിനുവേണ്ടി വാദിക്കുന്നില്ല. അദ്ദേഹത്തിന് വേണമെങ്കിൽ പാർട്ടിയിലെ വോട്ടവകാശത്തിന് അയിത്തം ഇല്ലാതാക്കണം എന്ന നിബന്ധന വക്കാമായിരുന്നു. എന്നിരുന്നാലും, എല്ലാവരാലും അവഗണിക്കപ്പെടുമ്പോഴും ഗാന്ധി കാണിക്കുന്ന ചെറിയ അനുതാപം പോലും പ്രധാനപ്പെട്ടതാണ്.’

ഗാന്ധിയുടെ അഹിംസാ മാർഗത്തോടും അംബേദ്‌കർ ഏറെ ആകർഷിക്കപ്പെട്ടിരുന്നു. 1927 ലെ മഹദ് സമരത്തിൽ, സമരപന്തലിൽ ഗാന്ധിയുടെ ഒരു ഛായാചിത്രമുണ്ടായിരുന്നു. ഇതുകൂടാതെ ഗാന്ധിയുടെ സത്യാഗ്രഹമാർഗം സ്വീകരിച്ച അംബേദ്‌കർ അവകാശത്തിൻ്റെ ഉറപ്പാക്കലും സത്യത്തിനുവേണ്ടി സമരം ചെയ്യാനുള്ള ബാധ്യതയുമാണ് സത്യാഗ്രഹം എന്ന് പ്രസ്‌താവിക്കുകയും ചെയ്‌തു. അതുകൊണ്ടുതന്നെ ഒരു സത്യാഗ്രഹത്തിന് സമാനമായിരുന്നു മഹദ് സമരം. പൂനെയിലെ പാർവതി ക്ഷേത്രം അയിത്തജാതിക്കാർക്ക് തുറന്നുകൊടുക്കുന്നതിനുവേണ്ടി നയിച്ച 1929 ലെ സമരത്തിനും സമാനമായ രൂപമായിരുന്നെങ്കിലും അതിന് ഗാന്ധിയുടെ ആശീർവാദമുണ്ടായിരുന്നില്ല. സ്ഥലത്തുവച്ച് നടന്ന കോൺഗ്രസ് അയിത്ത – വിരുദ്ധ കമ്മിറ്റിയുടെ പ്രതിനിധി സംഘത്തിൻ്റെ അന്വേഷണത്തിൽ സത്യാഗ്രഹം ‘വിദ്വേഷത്തിൻ്റെയും അവിശ്വാസത്തിൻ്റെയും അന്തരീക്ഷമാണ് സൃഷ്ടിച്ചത് എന്നായിരുന്നു കണ്ടെത്തൽ. സത്യാഗ്രഹം പരാജയപ്പെടുകയും (പിന്നീട് ഏറെകഴിഞ്ഞ് 1947 ലാണ് ക്ഷേത്രം അയിത്തജാതിക്കാർക്ക് തുറ ന്നുകൊടുക്കുന്നത്) ഗാന്ധിയുടെയും കോൺഗ്രസിൻ്റെയും മനോഭാവം അംബേദ്കറിനെ ക്ഷുഭിതനാക്കുകയും ചെയ്തു. 1930 ൽ നാസിക്കിലെ അമ്പലം അയിത്തജാതിക്കാർക്ക് തുറന്നുകൊടുക്കുന്നതിനുള്ള സമരത്തിലും സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്.

എന്നിരുന്നാലും, 1932 ൽ വ്യതിരിക്ത ഇലക്ടറേറ്റുമായി ബന്ധപ്പെട്ടാണ് ഗാന്ധിയും അംബേദ്കറും തമ്മിലുള്ള സംഘർഷം സുവ്യക്തമാകുന്നത്. ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഹിന്ദു സമൂഹത്തിൻ്റെ ഐക്യത്തെ തകർക്കുന്നതായിരുന്നു അത്തരമൊരു ശ്രമം. സെപ്റ്റംബർ 15 ന് കമ്മ്യൂ ണൽ അവാർഡുമായി ബന്ധപ്പെട്ട തൻ്റെ പ്രതികരണ പ്രസ്താവന ബോംബെ ഭരണകൂടത്തിന് അദ്ദേഹം അയക്കുകയുണ്ടായി.

ഇങ്ങനെയായിരുന്നു അത്: ‘അവിഭാജ്യമായ ഒരു കുടുംബത്തിൻ്റെ ഭാഗമാണ് അസ്പൃശ്യർ. വിവരണാതീതമായ, നിഗൂഢമായ ഒരു കാര്യം അവർ വിചാരിച്ചാലും ഇല്ലെങ്കിലും ഹിന്ദു മതവുമായി അവരെ ബന്ധപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വസ്തു‌ത, ഹിന്ദു മതത്തിൽ ജീവിച്ച് അനുഭവമുള്ള എന്നെ പോലെയുള്ള ഒരു വ്യക്തിക്ക് ഈ വിഭജനത്തെ പ്രതിരോധിക്കുക എന്നത് അനിവാര്യമായി മാറുന്നു. അതിനുവേണ്ടി എൻ്റെ ജീവൻ ബലി നൽകേണ്ടിവന്നാൽ പോലും’.

ഇതേ പ്രസ്താവനയുടെ മറ്റൊരു ഭാഗത്ത് അത്ഭുതമെന്ന് ഗാന്ധി പരാമർശിക്കുന്ന ഈ ‘നിഗൂഢമായ വസ്തു‌ത’ ജാതിവ്യവസ്ഥയിലേക്കുള്ള ഉദ്ഗ്രഥനമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അതിൻ്റെ സാമൂഹ്യവും സാമ്പത്തികവുമായ പരസ്‌പരാശ്രയവും ആചാര-അനുഷ്ഠാനപരമായ ഒത്തൊരുമയുമായിരുന്നു അത്. പക്ഷേ, ശ്രേണീകൃതമായ ഉദ്ഗ്രഥനം സാധ്യമാക്കുന്ന ഒരു സംവിധാനത്തിൽ, ഈ ‘നിഗൂഢ വസ്‌തുത’ പലപ്പോഴും അടിമത്തമായിട്ടും പ്രതീകാത്മകമായ ഹിംസയായിട്ടും പ്രതിഫലിക്കുമെന്ന വസ്തുതയെ ഗാന്ധിക്ക് അവഗണിക്കാനാകുമായിരുന്നില്ല. “തങ്ങൾ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും’ അസ്‌പൃശ്യർ ഈ സംവിധാനത്തിൻ്റെയുള്ളിൽപെടുന്നു എന്ന് ഗാന്ധി തന്നെ അംഗീകരിച്ച വസ്‌തുതയായിരുന്നു. ഈ ജീർണതകളെയൊക്കെ പുരാതനമായ സംവിധാനത്തിൽ സംഭവിച്ച പുഴുക്കുത്തുകളായി കണക്കാക്കിയ ഗാന്ധി സാമൂഹ്യ പരിഷ്കരണത്തി ലൂടെ അതിൻ്റെ മൗലികമായ പരിശുദ്ധിയെ വീണ്ടെടുക്കാനാകുമെന്ന് വിശ്വസിച്ചു. പക്ഷേ, കൂടുതൽ സമത്വപൂർണമായ സമൂഹത്തെ വിഭാവനം ചെയ്യുന്ന പരിഷ്കർത്താക്കളുടെ ശ്രമങ്ങളിൽ വിശ്വാസമർപ്പിച്ച അദ്ദേഹം അംബേദ്‌കർ മുന്നോട്ടുവച്ച ആശയങ്ങളെ നിഷേധിക്കുകയും ചെയ്തു.

കമ്മ്യൂണൽ അവാർഡിനെതിരെയുള്ള ഉപവാസത്തിൻ്റെ രണ്ടാം ദിവസം പട്ടേലുമായുള്ള തൻ്റെ സംഭാഷണത്തിനിടയിൽ ഇങ്ങനെയാണ് ഗാന്ധി വ്യതിരിക്ത ഇലക്ട‌റേറ്റിനെക്കുറിച്ച് പറയുന്നത്: ‘വ്യതിരിക്ത ഇലക്ടടറേറ്റുകൾ ഹിന്ദുക്കൾക്കിടയിൽ വിഭജനം സൃഷ്ടിക്കുമെന്നും അത് രക്തച്ചൊരിച്ചിലിലേക്ക് വരെ പോകാമെന്നും അയിത്തജാതിക്കാർ തിരിച്ചറിയുന്നില്ല. ഈ പ്രക്ഷോഭത്തിൽ അയിത്ത തെമ്മാടികൾ മുസ്‌ലിം തെമ്മാടികളുമായി ചേർന്ന് ജാതിഹിന്ദുക്കളെ കൊലപ്പെടുത്തും. ബ്രിട്ടീഷ് ഭരണകൂടത്തിന് ഇതിനെ കുറിച്ചൊന്നും യാതൊരു ബോധ്യവുമില്ലേ? എനിക്കറിയില്ല. മുസ്‌ലിംകൾക്കും ദലിതുകൾക്കുമിടയിൽ ബ്രിട്ടീഷുകാർ സൃഷ്ടിച്ചെടുത്ത ഐക്യദാർഢ്യ ശ്രമങ്ങളിൽനിന്ന് ജാതിഹിന്ദുക്കളെ സംരക്ഷിക്കേണ്ടതുണ്ട് എന്നായിരുന്നു മഹാത്മയുടെ അഭിപ്രായം.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച അംബേദ്കറും അയിത്തവും; ജാതിവിശകലനം, പോരാട്ടം എന്ന പുസ്തകത്തില്‍നിന്ന്‌)

A chapter from French political scientist Christophe Jaffrelot’s work, Ambedkar and Untouchability. Analysing and Fighting Caste, translated by Afeef Ahmed

അംബേദ്കറും അയിത്തവും; ജാതിവിശകലനം, പോരാട്ടം

ക്രിസ്‌റ്റോഫ് ജാഫ്രലോ

ആധുനിക ഇന്ത്യയുടെ ഗതി നിര്‍ണയിച്ച അതികായരിലൊരാളാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. ജാതിയിലധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ബൗദ്ധിക വിശകലനങ്ങളിലൂടെയും ജാതിവിരുദ്ധമായ രാഷ്ട്രീയപോരാട്ടങ്ങളിലൂടെയും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇന്ത്യയുടെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത അധ്യായങ്ങളാണ്. അംബേദ്കറുടെ ബൗദ്ധികചിന്തയെയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ വിശകലനമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ വിശകലനങ്ങളില്‍ ഏറ്റവും ശ്രദ്ധേയ ശബ്ദമായ ഫ്രഞ്ച് പണ്ഡിതന്‍ ക്രിസ്റ്റോഫ് ജാഫ്രെലോയാണ് പുസ്തകത്തിന്റെ രചയിതാവ്. ഇന്ത്യന്‍ രാഷ്ട്രീയ സമൂഹത്തിലെ വിടവുകളെയും വിള്ളലുകളെയും തുറന്നുകാണിക്കുന്ന വളരെ ചുരുക്കം നിരീക്ഷകരിലൊരാളായ ജാഫ്രെലോയുടെ രാഷ്ട്രീയബോധ്യവും രചനാവൈദഗ്ധ്യവും, ഈ പുസ്തകത്തെ അംബേദ്കറിനെക്കുറിച്ചുള്ള മറ്റു പുസ്തകങ്ങളില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നു.

ക്രിസ്റ്റോഫ് ജാഫ്രെലോ

ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകൻ
ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകൻ

വിവ. അഫീഫ് അഹ്‌മദ്

പി.എച്ച്.ഡി ഗവേഷകൻ, ഹാർവാർഡ് യൂനിവേഴ്സിറ്റി

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy