ജയ്പൂരിനടുത്തുള്ള ഡുഡു എന്ന പ്രദേശത്ത് ചക്വാര എന്ന പേരിലൊരു ഗ്രാമമുണ്ട്. ബാബുലാൽ ഭൈരവ എന്ന ചക്വാര നിവാസി കർസേവയിലടക്കം പങ്കെടുത്ത ദീർഘകാല വി.എച്ച്.പി അംഗമായിരുന്നു. എന്നാൽ, സംഘത്തിൻ്റെ വഞ്ചനയിൽ മനംമടുത്ത് അവസാനമദ്ദേഹം അംബേദ്‌കർ ചിന്തകളിൽ ആകൃഷ്ടനായി. ബാബുലാൽ ഭൈരവയുടെയും ആ നാട്ടിലെ മറ്റു ദലിതരുടെയും കണ്ണുതുറപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആ സംഭവത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ചക്വാരയിൽ ഒരു കുളമുണ്ട്. അവിടെ പശുക്കൾ, പട്ടികൾ, പന്നികൾ, പൂച്ചകൾ, ആടുകൾ, കാളകൾ തുടങ്ങി നാനാതരം മൃഗങ്ങൾ വന്ന് കുളിക്കുക പതിവായിരുന്നു. ഒരിക്കൽ അതിലൊന്ന് മുങ്ങിനിവരാൻ ബാബുലാലും ധൈര്യം കാണിച്ചു. താനൊരു വി.എച്ച്.പി പ്രവർത്തകനാണല്ലോ, കർസേവയിലടക്കം രാംമന്ദിറിനുവേണ്ടി ജീവൻ ബലികൊടുക്കാൻ പോലും തയ്യാറായി പങ്കെടുത്തിട്ടുണ്ടല്ലോ, എന്നൊക്കെയായിരുന്നു അദ്ദേഹത്തിൻ്റെ ചിന്ത. ഇതേ ഗ്രാമത്തിലെത്തന്നെ ആളുകളെയും കൂട്ടി അയോധ്യയിലേക്ക് പോയത് അദ്ദേഹമായിരുന്നു. എന്നല്ല, എല്ലാ ഹിന്ദുക്കളും സമന്മാരുമാണല്ലോ! എന്നാൽ, അദ്ദേഹത്തിൻ്റെയീ മനക്കോട്ടകളെല്ലാം 2001 ലെ ആ ഡിസംബർ മാസം തകർന്നുതരിപ്പണമായി. ഒരു ദലിതനായിട്ടും പൊതുകുളത്തിൽ കുളിച്ചതിന് ഗ്രാമത്തിലെ സവർണഹിന്ദുക്കൾ ചേർന്ന് അയാളുടെ മേൽ 51,000 രൂപ പിഴ ചുമത്തി.
ബാബുലാൽ ഈ നിയമലംഘനത്തിനും അനീതിക്കുമെതിരെ പ്രതിഷേധിച്ചു. മൃഗങ്ങൾവരെ കുളിക്കുന്ന പൊതുകുളമാണതെന്ന് വാദിച്ചുനോക്കി. ഒരു ഹിന്ദുത്വവാദിയും സംഘടനയും പക്ഷേ, അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നില്ല. നിരാശനായ ബാബുലാൽ ജയ്‌പൂരിലെ സെൻ്റെർ ഫോർ ദലിത് റൈറ്റ്സിനെ സമീപിച്ചു. പൗരാവകാശ-ദലിത് സംരക്ഷണ സംഘടനകൾ വിഷയം ഏറ്റെടുക്കുകയും ബാബുലാലിന് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം ശക്തമായി ആരംഭിക്കുകയും ചെയ്‌തു. ചക്വാരയിലെ ദലിതർക്ക് പൊതുകുളത്തിൽ കുളിക്കാനുള്ള അവകാശത്തിനോട് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ ചേർന്ന് ഒരു പദയാത്ര സംഘടിപ്പിക്കുകയുണ്ടായി. 2002 സെപ്റ്റംബർ 21 ന് നടന്ന ആ റാലിയിൽ ഞാനും പങ്കെടുത്തിരുന്നു. ഹിന്ദുതീവപ്രവാദികള്‍ക്ക് എത്രമാത്രം ഭീതിയും ഭീകരതയും അഴിച്ചുവിടാനാവുമെന്നതിൻ്റെ കൃത്യമായ തെളിവായിരുന്നു ആ ദിവസം. നിരായുധരായി, സമാധാനപൂർവം മുന്നേറിക്കൊണ്ടിരുന്ന ആ ദലിത് പദയാത്രക്കു നേരെ ആയുധധാരികളും അക്രമണോത്സുകരുമായ നാൽപതിനായിരത്തോളം ഹിന്ദുക്കൾ ലാത്തികളും മറ്റു ആയുധങ്ങളുമായി ഇരച്ചെത്തി. ജയ്ശ്രീറാം, കല്യാൺ ധാനി കീ ജയ് വിളികൾ അവർ ഉറക്കെ മുഴക്കുന്നുണ്ടായിരുന്നു. അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. ഈ രണ്ടു കൂട്ടർക്കുമിടയിൽ തടസ്സമായുണ്ടായിരുന്നത് പോലീസ് മാത്രം. അവർ ഞങ്ങളെ മധോരാജ്പുരയിൽ വച്ച് തടഞ്ഞുനിർത്തി.
സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കി, ദലിതർ യാത്രയവസാനിപ്പിക്കാൻ തീരുമാനിച്ചു. തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് വന്നതോടെ, ഭ്രാന്തെടുത്ത ഹിന്ദുത്വ ആൾക്കൂട്ടം ഭരണകൂടത്തിനും പോലീസിനും എതിരെ തിരിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെപ്പോലും വെറുതെവിട്ടില്ല. അവർക്ക് ജീവനും കൊണ്ടോടേണ്ട സാഹചര്യം വന്നു. തുടർന്ന് ലാത്തിച്ചാർജും പോലീസ് വെടിവപ്പും അരങ്ങേറുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദലിത് സദ്ഭാവനായാത്ര അങ്ങനെ പരാജയത്തിൽ കലാശിച്ചു. ഇത്രയൊക്കെ ബഹളവും വക്കാണവും അരങ്ങേറിയിട്ടും ദലിതരെ പിന്തുണക്കുന്ന ഒരു പ്രസ്താവനപോലും ആർ.എസ്.എസിൻ്റെ ഭാഗത്തുനിന്നുണ്ടായില്ല. എന്നല്ല, സംഘം ദലിതരുടെ യാത്രയെ വിദേശ ഗൂഢാലോചനയുടെ സൃഷ്ടിയെന്ന് വിശേഷിപ്പിക്കുകയുണ്ടായി. ദലിതരെ അക്രമിക്കാൻ സംഘടിച്ചെത്തിയവർക്ക് നേതൃത്വം നൽകിയിരുന്നത് സംഘത്തിൻ്റെയും അനുബന്ധ സംഘടനകളുടെയും പ്രാദേശിക നേതാക്കന്മാരായിരുന്നു. നീതിക്കുവേണ്ടിയുള്ള ദലിതരുടെ പോരാട്ടം അടിച്ചമർത്തുന്നതിനാണ് ആർ.എസ്.എസിൻ്റെ മുഴുവൻ പിന്തുണയുമെന്ന് പകൽപോലെ വ്യക്തമായിരുന്നു. മനുഷ്യത്വത്തിൻ്റെ ശക്തികളെ പരാജയപ്പെടുത്തുന്നതിൽ അവർ വിജയിച്ചു. അങ്ങനെ, ബാബുലാൽ ഭൈരവയെ അവർ ഒരു ഹിന്ദുവായി അംഗീകരിക്കുന്നില്ലെന്നും, മനുഷ്യനായി പോലും കാണുന്നില്ലെന്നും വന്നു. മൃഗങ്ങളേക്കാളും എത്രയോ നീചമാണ് അവരുടെ സ്ഥാനമെന്നവർ പറയാതെ പറഞ്ഞു.
ചില മനുഷ്യരെ മൃഗങ്ങളേക്കാൾ അധഃപതിച്ചവരായി കാണുകയെന്നത് സംഘത്തിൻ്റെ പഴയ ശീലങ്ങളിലൊന്നാണ്. ഹരിയാനയിലെ ജജ്ജാറിലുണ്ടായ സംഭവം ഇതിനെ അടിവരയിടുന്നതാണ്. അവിടെ, 2002 ൽ ഗോവധം നടത്തിയെന്ന സംശയത്തിൻ്റെ പേരിൽ അഞ്ച് ദലിതരെ പോലീസ് സാന്നിധ്യത്തിൽ ജീവനോടെ കത്തിക്കുകയുണ്ടായി. യഥാർഥത്തിൽ അവരൊരു ചത്ത പശുവിൻ്റെ തോലുരിക്കുകയായിരുന്നു. അതവരുടെ ജാതിസംബന്ധിയായ ഉപജീവനമാർഗം കൂടിയായിരുന്നു അത്. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയർന്നു. എന്നാൽ, അന്നത്തെ വി.എച്ച്.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന ആചാര്യ ഗിരിരാജ് കിഷോറിൻ്റെ പ്രസ്‌താവന ഞെട്ടിക്കുന്നതായിരുന്നു. ഒരു പശുവിൻ്റെ ജീവനാണ് അഞ്ച് ദലിതരുടെ ജീവനേക്കാൾ മൂല്യമെന്നയാൾ പരസ്യമായി പ്രഖ്യാപിച്ചുകളഞ്ഞു!
ദലിത് ജീവിതങ്ങൾക്ക് അവർ കൽപിക്കുന്ന വില വ്യക്തമായില്ലേ. ഒരു പശുവിൻ്റെ മൂത്രം പരിശുദ്ധമെന്ന് വിശ്വസിച്ചവർക്ക് കുടിക്കാം. ഒരു ദലിതൻ നൽകുന്ന വെള്ളമാവട്ടെ, കൈകൊണ്ട് സ്‌പർശിക്കുക പോലുമില്ല. വളർത്തുപട്ടികളും പൂച്ചകളും അവർക്കൊപ്പം ഭക്ഷിക്കുന്നു. ഒരേ കട്ടിലിൽ കിടക്കുന്നു, ശീതീകരിച്ച വാഹനങ്ങളിൽ കൂടെ യാത്ര ചെയ്യുന്നു. എന്നാൽ, അവരാരും ദലിതർക്കൊപ്പം ഇരിക്കുകയില്ലെന്നതുപോട്ടെ, ദലിതൻ്റെ നിഴൽപോലും ദേഹത്ത് വീഴാൻ അനുവദിക്കില്ല. ഇതെന്തൊരു മതമാണ്?! അഴുക്കും മാലിന്യവും ഉൽപാദിപ്പിക്കുന്നവരെ പൂജിച്ച് ബഹുമാനിക്കുന്നു, അവ വൃത്തിയാക്കുന്നവനെ നികൃഷ്ടനായി കാണുകയും ചെയ്യുന്നു. പഞ്ചാംഗങ്ങളും പ്രാചീനഗ്രന്ഥങ്ങളും നോക്കി വെറുതെ മന്ത്രം ജപിച്ചിരിക്കുന്നവരും കടകളിൽ വെറുതെ കാലുനീട്ടിയിരുന്ന് കള്ളങ്ങൾക്കു മേൽ കള്ളം പറഞ്ഞ് ആളുകളെ വഞ്ചിക്കുന്നവരുമായ പ്രയോജനശൂന്യരായ വ്യക്തികളെ ഉൽകൃഷ്ടമായി കാണുന്നു. മൗലികമായ ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും പ്രവർത്തനങ്ങളുടെയും ഇത്തിൾകണ്ണികളാണവർ. അധ്വാനത്തിനുപകരം നിഷ്ക്രിയത്വത്തെ ബഹുമാനിക്കുന്ന മതമാണത്. വഞ്ചനയിലും കാപട്യങ്ങളിലും പടുത്തുയർത്തിയ, സ്ത്രീകളെയും പാവങ്ങളെയും ദലിതരെയും ആദിവാസികളെയും ചൂഷണം ചെയ്യുന്ന മതം.
ദിവസംതോറും സ്ത്രീകൾ അവമതിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിക്കാതെയുള്ള വിവാഹത്തിന് നിർബന്ധിക്കപ്പെടുന്നു. ഓരോ ദിവസവും തങ്ങൾക്കൊട്ടും താൽപര്യമില്ലെങ്കിൽ കൂടിയും ഭർത്താവാണെന്നതു കൊണ്ട് പുരുഷൻ്റെ ഇംഗിതങ്ങൾക്ക് വഴങ്ങി ജീവിക്കേണ്ടിവരുന്നു. ലൈംഗികമായ സംതൃപ്തിപോലും ലഭിക്കുന്നില്ല. നാനാഭാഗത്തും അവളെ നിയമങ്ങളും നിയന്ത്രണങ്ങളും വലിഞ്ഞുമുറുക്കിയിരിക്കുകയാണ്. ചെറിയ നിയമലംഘനങ്ങൾക്കുപോലും ശിക്ഷ നിശ്ചയം. എന്നിട്ടും ആ മതം ഉദ്ഘോഷിക്കുന്നു; യത്രാ നാര്യസ്തു പൂജ്യൻ തെ ദാമൻതെ തത്രാ ദേവതാ (എവിടെയാണോ സ്ത്രീകൾ ആരാധിക്കപ്പെടുന്നത്, അവിടെയാണ് ദൈവം കുടികൊള്ളുന്നത്). ഇതിനെയൊരു മതമെന്ന് വിളിക്കാനാവുമോ? സമൂഹത്തിലെ ബലഹീനരെ ചൂഷണം ചെയ്യുന്നതിനുവേണ്ടി അനീതിയിൽ കെട്ടിപ്പടുത്ത ഒരു സംവിധാനം എന്നു പറയുന്നതല്ലേ ശരി? ആഴത്തിൽ അനീതി വേരോടിയ ഈ സംവിധാനത്തെ മതമെന്ന് പരിചയപ്പെടുത്തുന്നതുതന്നെ ലോകത്തുള്ള മറ്റു മതങ്ങൾക്കും ആത്മീയമാർഗങ്ങൾക്കും തീരാ കളങ്കമാണ്.
ഇതേക്കുറിച്ച് ചിന്തിക്കുമ്പോൾ ഇടക്കെനിക്ക് ഇന്ത്യയിലെ ദലിതർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് അംബേദ്‌കർ പറഞ്ഞ വാക്കുകൾ ഓർമവരും: “ഹിന്ദുരാജ് ഒരു യാഥാർഥ്യമാവുകയാണെങ്കിൽ നിസ്സംശയം ഈ രാജ്യത്തിനതൊരു വൻവിപത്തായി മാറും. ഹിന്ദുക്കളെന്ത് പറയുന്നുവെന്നത് നോക്കേണ്ട, യഥാർഥത്തിൽ ഹിന്ദുയിസം പൗരസ്വാതന്ത്ര്യത്തിനും തുല്യതക്കും സാഹോദര്യത്തിനും മുന്നിലെ വലിയ തടസ്സമാണ്. ജനാധിപത്യത്തിനോട് യോജിച്ചുപോവാൻ അതിനാവില്ല. എന്തുവിലകൊടുത്തും ഹിന്ദുരാജിനെ തടഞ്ഞുനിർത്തേണ്ടതുണ്ട്…’ ലക്ഷക്കണക്കിന് ശൂദ്രന്മാരും അബ്രാഹ്‌മണരും അല്ലെങ്കിൽ അയിത്തജാതിക്കാരും അനുഭവിക്കുന്നത് ഹിന്ദുസമൂഹത്തിൻ്റെ ജനാധിപത്യവിരുദ്ധതയുടെ പ്രത്യാഘാതങ്ങളല്ല എന്ന് പറയാനാവുമോ?
അംബേദ്കറിനെ സംബന്ധിച്ച് ഹിന്ദുരാഷ്ട്രമെന്നാൽ, ദലിതർക്കും ശൂദ്രർക്കും സ്ത്രീകൾക്കും മുകളിൽ സവർണരുടെ അധികാരം നടപ്പിൽ വരുത്തുന്നതിനുള്ള സംവിധാനമാണ്.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല എന്ന പുസ്തകത്തില്‍നിന്ന്)
A piece from Bhanwar Meghwanshi’s I could not be Hindu, translated by Anees TA Kambalakkad