ആദ്യമായിട്ടാണ് ഒരു മാസക്കാലം വീടുവിട്ടു നിൽക്കാൻ തീരുമാനിക്കുന്നത്. അതും ഭാഷ തീരെ വശമില്ലാത്ത ഒരിടത്തേക്കും, ജയ്‌പൂരിലേക്കാണ് യാത്ര. ഒരു വളണ്ടിയർ മീറ്റിൽ പങ്കെടുക്കലാണ് ലക്ഷ്യം. ആസിഫ്ക്ക കൂടെയുണ്ട് എന്നതാണ് ഏക ആശ്വാസം. ജയ്പൂരിലെ താരുചായ നഗറിലെ അഹിംസാഗ്രാം എന്ന ഓർഗാനിക് കഫെയിലാണ് താമസം തരപ്പെട്ടത്. ഒരു രണ്ടു നില വീട്. താഴത്തെ നിലയിൽ കിച്ചണും ഹാളും വളണ്ടിയേഴ്‌സിന് താമസിക്കാൻ പറ്റിയ രണ്ടു മുറികളും ഒരു സ്വീകരണ മുറിയും. മുകളിലത്തെ നിലയിൽ കഫെയുടെ ഉടമസ്ഥൻ ഷമ്മിയും ഭാര്യ ലൈലയും പിന്നെ അവരുടെ മൂന്ന് നായക്കുട്ടികളും. ബാൽക്കണിയിലും മുകളിലെ ടെറസിലും മുഴുവൻ ചെടികളും മറ്റു പച്ചക്കറി കൃഷികളുമാണ്.
ആദ്യ ദിവസം കഴിഞ്ഞതോടെ കാര്യങ്ങൾ ഏകദേശം മനസ്സിലായി. പേടിക്കാനൊന്നുമില്ല, പതിയെ കാര്യങ്ങൾ മനസ്സിലാക്കിയെടുത്തു. വന്നത് മുതൽ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളായിരുന്നു. പല തരത്തിലുള്ള കേക്കുകളും വീഗൻ ഭക്ഷണങ്ങളും കഴിച്ചു. പാചകം ചെയ്യാൻ ഷമ്മി പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, പാചകം ചെയ്യാൻ അറിയാത്ത പ്രശ്നം വെല്ലുവിളിയായി നിന്നു. വീട്ടിൽ ചെറിയ കുട്ടിയെന്ന പ്രിവിലേജ് ഉള്ളതുകൊണ്ട് അടുക്കളയിൽ കയറി കാര്യമായി പരിചയമില്ലാത്തതാണ്. ഏതായാലും കിട്ടിയ അവസരം ഉപയോഗപ്പെടുത്തി ഹിന്ദിയും പാചകവും മെച്ചപ്പെടുത്താൻ തീരുമാനിച്ചു. ഞങ്ങളെ കൂടാതെ നാല് വളണ്ടിയർമാർ വേറെയുമുണ്ടായിരുന്നു. ഉത്തരാഖണ്ഡിൽ നിന്നുള്ള ദീപക്, ബിഹാറുകാരിയായ അതിഥി, ജയ്പൂരിൽ നിന്ന് തന്നെയുള്ള മീനലും മേഘ്‌നയും. ഇവര് രണ്ടുപേരും എന്നും രാവിലെ വന്നു വൈകുന്നേരം പോകും. മറ്റു രണ്ടു പേരും ഇവിടെ തന്നെയാണ് താമസം. ഞങ്ങൾ ചെന്ന സമയത്ത് ഷമ്മിയുടെ ഭാര്യ ലൈല സ്ഥലത്തില്ലായിരുന്നു. ആർടിസ്റ്റായ അവരുടെ ഒരുപാട് പെയിന്റിങ്ങുകൾ ഇവിടെയുണ്ട്. ഷമ്മി ജയ്പൂർ സ്വദേശി തന്നെയാണ്. ഇന്ത്യക്കകത്തും പുറത്തുമൊക്കെയായി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.
സ്‌പെഷ്യൽ ഫുഡുകൾ മിക്കതും അദ്ദേഹം തന്നെയാണ് പാചകം ചെയ്യുക. അല്ലെങ്കിൽ പാചകരീതി ദീദിമാർക്ക് പറഞ്ഞു കൊടുക്കും. അടുക്കളയിലേക്ക് പ്രവേശിക്കണമെങ്കിൽ തല മറക്കൽ നിർബന്ധമാണ്. മുടി ഭക്ഷണത്തിൽ വീഴരുതെന്ന നിർബന്ധം. അതിനായി അടുക്കള വാതിലിനടുത്തുള്ള ഹാങ്ങറിൽ തുണികളുണ്ട്. എത്തിയ അടുത്ത ദിവസം തന്നെ ഞങ്ങൾ ചെറിയ റോളുകൾ ചെയ്തു തുടങ്ങി. വീഗൻ ഭക്ഷണവും പലഹാരങ്ങളും ഓർഡറിനനുസരിച്ച് ആളുകളിലേക്ക് എത്തിക്കുക എന്നതാണ് ദീപക്കിന്റെ ജോലി. സോഷ്യൽമീഡിയ പേജ് നോക്കാനുള്ള പണിയാണ് എനിക്ക് ആദ്യം കിട്ടിയത്. അടുക്കളയിൽ ഒരുപാട് പാത്രം കാണുമ്പോൾ ഞാൻ കഴുകിക്കൊടുക്കും. അങ്ങനെ ചെയ്യുന്നതുകൊണ്ട് ദീദിമാർക്ക് നല്ല സ്‌നേഹം. അവരുടെ ജോലി കുറഞ്ഞു കിട്ടുകയാണല്ലോ. ഷമ്മി അത് പക്ഷേ, അംഗീകരിക്കില്ല. എഴുത്താണ് ഏൽപിച്ച ഡ്യൂട്ടി. അത് ചെയ്യൂ എന്ന് പറയും.
ഇവിടുത്തെ ടൈം ടേബിൾ പ്രകാരം പ്രഭാത ഭക്ഷണം അധികവും പഴങ്ങളായിരിക്കും. മറ്റെന്തെങ്കിലും വേണമെങ്കിൽ പാചകം ചെയ്തു കഴിക്കാം. പതിനൊന്ന് മണിയാകുമ്പോൾ ഒരു പച്ചക്കറി ജ്യൂസ് ഉണ്ടാകും. ബീറ്റ്‌റൂട്ട്, ലെമൺ, ക്യാരറ്റ്, തക്കാളി, കക്കിരി, വെള്ളരി ഇതൊക്കെ കാണും. ഈ ജ്യൂസ് നിർമാണ ജോലി അധികവും ചെയ്യാറുള്ളത് ദീപക്കാണ്. കുടിച്ചു ശീലമില്ലാത്തതിനാൽ ആദ്യത്തെ ആഴ്ചയെല്ലാം എനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. എന്നാലും കഷ്ടപ്പെട്ട് കുടിക്കും. കുറെയൊക്കെ മറ്റുള്ളവർക്ക് കൊടുക്കും, ശരീരത്തിന് നല്ലതാണെന്നറിയാം. പക്ഷേ, വായിലൂടെ ഇറങ്ങണമല്ലോ. ശീലമായപ്പോൾ പിന്നെ കണ്ണും പൂട്ടി ശ്വാസം അടക്കി പിടിച്ചു ഒരൊറ്റ വലിക്ക് കുടിച്ചുതീർക്കും. ഉച്ചക്ക് ഒരു സാലഡ് നിർബന്ധമാണ്. ചോറും ചപ്പാത്തിയുമൊക്കെ വളരെ കുറച്ചു മാത്രമേ ഇവർ കഴിക്കൂ. ഉപ്പേരിയും മറ്റു പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള കൂട്ടാനുമൊക്കെ കാണും. സാലഡിൽ ക്യാബേജ്, ആവിയിൽ വേവിച്ച ഉരുളകിഴങ്ങ്, കോളിഫ്‌ളവർ,ബീൻസ്, പാലക് (ഒരു തരം ചീര), റുമ്മാൻ പഴം എന്നിവയൊക്കെ കാണും. ഷമ്മി ഓരോ ദിവസം വ്യത്യസ്ത തരം സാലഡുകൾ ഉണ്ടാക്കും. അതിലേക്ക് തഹിനിപെക്മസ് (തുർക്കിയിലൊക്കെ ഭക്ഷണത്തിന്റെ കൂടെ ഉപയോഗിക്കുന്ന ഒരു പ്രത്യേക മധുരം), പീനട്ട് ബട്ടർ ഒക്കെ ഉപയോഗിക്കും. പാലക്ക് സലാഡായും കറിയായും ഉപ്പേരിയായും കഴിക്കും. പാലക്ക് അങ്ങനെ എന്റെ ഒരിഷ്ട സസ്യമായി.
വീഗനായതുകൊണ്ട് പാലും പാലുൽപന്നങ്ങളും ഉപയോഗിക്കില്ല. ഉപയോഗിക്കാൻ പാടില്ല എന്നാണ്. ചായയുണ്ടാക്കുന്നത് ശർക്കരയും ഒരു പ്രത്യേക മണമുള്ള ചെടിയും ഉപയോഗിച്ചാണ്. തണുപ്പിൽ ചൂടുള്ള ആ പാനീയം കുടിക്കുന്നത് ഒരു സുഖം നൽകും. പലഹാരങ്ങളിലൊന്നും പഞ്ചസാര ഉപയോഗിക്കില്ല. പൂർണമായും ഓർഗാനിക്ക് തന്നെ. പഴങ്ങളെല്ലാം വലിയ മാർക്കറ്റിൽ പോയി വളവും കീടനാശിനിയും വളരെ കുറച്ചുമാത്രം ഉപയോഗിച്ചവ വാങ്ങികൊണ്ടുവരും. ഷമ്മി രാത്രി ഭക്ഷണം കഴിക്കുന്നത് കുറവാണ്. അധികവും ദോശയാണ് ഉണ്ടാക്കുക. ഉഴുന്നും ചെറുപയറും ഉപയോഗിച്ച് മുങ്ദാൽ ദോശയുണ്ടാക്കും. അതിലേക്ക് പല തരത്തിലുള്ള ചട്ണിയുണ്ടാക്കും. മുളകും മുളക് പൊടിയും വളരെ കുറച്ചു മാത്രമേ ഉപയോഗിക്കൂ. എരിവ് ഒരു രുചിയല്ല എന്നാണ് ഷമ്മി പറയാറുള്ളത്. ആദ്യത്തെ ദിവസം ദോശയുണ്ടാക്കുന്നത് എങ്ങനെയെന്ന് മൂപ്പർ പറഞ്ഞു തന്നു, പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ തന്നെ ഉണ്ടാക്കി. പതിയെ പതിയെ വെജിറ്റേറിയനെക്കാൾ ബുദ്ധിമുട്ടായി വീഗൻ ഫുഡ്.
ഒരു പാൽചായ പോലും കുടിക്കാൻ വയ്യ. എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ പോകുന്ന വേളയിൽ പുറമെ നിന്ന് കുടിക്കാറുണ്ട്. പക്ഷേ നമ്മുടെ ശീലം ചായ ഇടക്കിടെ കുടിക്കുന്നതാണല്ലോ. അങ്ങനെ ചിലപ്പോൾ ചായപ്പൊടിയും പാൽപ്പൊടിയും വാങ്ങാൻ തുടങ്ങി. ഷമ്മി പുറത്തു പോകുന്ന വേളയിൽ കള്ളന്മാരെപ്പോലെ പതിയെ വന്നു ചായ ഉണ്ടാക്കി. കവർ ബാഗിൽ സൂക്ഷിച്ചു. ശർക്കരയിട്ടുള്ള ചായ ആയതുകൊണ്ട് നിറമൊക്കെ മാറും. എന്നാലും പാൽചായ കുടിക്കാമല്ലോ. വലിയൊരു ആശ്വാസം ലഭിച്ചത് ഒരു വെള്ളിയാഴ്ച പള്ളിയിൽ പോയ ആസിഫ്ക്ക തിരികെ വന്നപ്പോഴായിരുന്നു. പള്ളി കഴിഞ്ഞിറങ്ങിയപ്പോൾ അടുത്തുകണ്ട ഒരു ഉന്തുവണ്ടിയിൽ രണ്ടു പേര് ചിക്കൻ ബിരിയാണി വിൽക്കുന്നുവത്രെ. എന്റെ ഉള്ളിലും ആഹ്ലാദ കടൽ. അങ്ങനെ വണ്ടി എടുത്തു പോയി ബിരിയാണി കഴിച്ചു വന്നു. പിന്നെ ഇടക്കിടെ അത് കഴിക്കുക ഞങ്ങളുടെ പതിവായി.
(തുടരും)
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച കൂബകൂ.co എന്ന പുസ്തകത്തിൽനിന്ന്)
Hanna Mehthar writes about her visit to Ahimsa Gram Organic Cafe Jaipur