9/11 നു മുമ്പുതന്നെ ഇസ്‌ലാമോഫോബിയയുണ്ട്

5 MINUTES READ

ഇന്ത്യൻ സാഹചര്യത്തിലെ ഇസ്‌ലാമോഫോബിയയെക്കുറിച്ച്?

ഇന്ത്യയിലെ മുസ്‌ലിംകൾ സമാനതകളില്ലാത്ത ഭീകരാവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. സാമൂഹിക അപരവത്കരണം, നിത്യവും നേരിടുന്ന അവമതി, മോശമായ സാമ്പത്തികസ്ഥിതി, ഹിജാബ് നിരോധനം, മുസ്‌ലിം സാംസ്‌കാരിക ചിഹ്നങ്ങൾക്കെതിരായ നിരന്തര ആക്രമണം തുടങ്ങിയവ അതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. മുസ്‌ലിംകൾക്കെതിരെ അധികാരവർഗത്തിൻ്റെ നിസ്സംഗതയിൽ നടക്കുന്ന അക്രമങ്ങളെക്കുറിച്ചു നാം നിത്യവും കേട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിംകൾ എന്തു കഴിക്കണം, ധരിക്കണം, കാണണം, സംസാരിക്കണം, പൊതുവിടത്തിൽ എങ്ങനെ പെരുമാറണം എന്നതെല്ലാം ഹിന്ദുരാഷ്ട്രത്തിൻ്റെ പ്രത്യയശാസ്ത്രത്താൽ നിർണയിക്കപ്പെടുന്ന സവിശേഷ അവസ്ഥ സംജാതമായിരിക്കുന്നു.

നിക്ഷിപ്‌ത താത്പര്യങ്ങൾക്കുവേണ്ടി, പൗരന്മാരുടെ സ്വയംതെരഞ്ഞെടുപ്പുകൾ കവരുന്ന ജനാധിപത്യം, ഒരിക്കലും യഥാർഥ ജനാധിപത്യമാകുന്നില്ല. ‘ലൗ ജിഹാദ്’, ‘കൊറോണ ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ തുടങ്ങി മുസ്‌ലിംകളെ വംശീയമായി നിന്ദിക്കുന്ന അജണ്ടകൾ പരക്കെ സ്വീകരിക്കപ്പെടുന്നു. മുസ്‌ലിംകൾ രാജ്യത്തിൻ്റെ സാസത്തികാവസ്ഥ തകിടം മറിച്ചു എന്ന ധ്വനിയിലുള്ള പദങ്ങളും പ്രചാരത്തിലുണ്ട്.

ഇതൊക്കെ ഒരു ഭാഗത്തു നടക്കുമ്പോഴും മേജർ സുരേന്ദ്ര പുനിയയെപ്പോലുള്ളവർ (ട്വിറ്ററിൽ ആറു ലക്ഷം ഫോളോവേഴ്സുണ്ട് പുനിയക്ക്) സംസാരിക്കുന്നത് ഹിന്ദുവംശഹത്യയെക്കുറിച്ചാണ്. അത്രയും പരിതാപകരമാണു കാര്യങ്ങൾ. അക്രമികളെ ഇരകളാക്കി ചിത്രീകരിക്കുന്നതു വളരെ സ്വാഭാവികമായിമാറി. 1984 ലെ സിഖ് വിരുദ്ധ വംശഹത്യയിൽ സംഭവിച്ചതുപോലെയുള്ള (വീണദാസ് അങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്) തികച്ചും വസ്‌തുതാവിരുദ്ധവും നൈതിക രഹിതവുമായ പ്രചാരണങ്ങളാണു ചുറ്റിലും നടക്കുന്നത്. ദിനേന ഇരുട്ടു കനംവച്ചുവരുന്നു. തുടർന്നും ഇരുട്ടിൻ്റെ കനം കുറയുമെന്നു തോന്നുന്നില്ല. അപ്പോഴും പ്രതീക്ഷ കൈവെടിയാതിരിക്കുകയും ശോഭനമായ ഭാവി മുന്നിൽക്കണ്ടു പ്രവർത്തിക്കുകയും തന്നെ. പ്രതീക്ഷയില്ലാതെ, നൈതിക-ധാർമിക ജീവിതം അസാധ്യമാണെന്നു തന്നെ പറയാം. ജീവിക്കാൻ ഓക്‌സിജനെന്നപോലെ പ്രധാനമാണ് നൈതികതയിലും ധാർമികതയിലുമുള്ള പ്രതീക്ഷ.

ഇസ്‌ലാമോഫോബിയ വളർച്ച കൈവരിക്കുക തന്നെയാണ്. അതിൻ്റെ ഉത്തരവാദിത്തം പ്രധാനമായും ആർക്കാണ്?

2001 സെപ്തംബർ 11 ലെ വേൾഡ് ട്രേഡ് സെൻ്റർ ആക്രമണമാണ് ഇസ്ലാമോഫോബിയയുടെ പ്രധാന കാരണമെന്നാണ് പൊതുവെ പറയാറ്. ഭാഗികമായി ശരിയുമാണത്. 9/11 നു മുമ്പുതന്നെ ഇന്ത്യയിലും ആഗോളതലത്തിലും ഇസ്‌ലാമോഫോബിയ പ്രകടമായിരുന്നു. 1994 ൽ നടന്ന രണ്ടു സംഭവങ്ങൾ നോക്കാം: ഹിന്ദുത്വയുടെ വിശ്വസ്ത‌നായ മറാഠി പത്രപ്രവർത്തകൻ ബി.എൻ ജോഗ് ‘ഫോൾട് ഒഫ് ഇസ്‌ലാം, ദി ഇന്ത്യൻ ഡൈമൻഷൻസ്’ പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം എഴുതി: ‘ഈ പുസ്‌തക രചനയിൽ എൻ്റെ ഉദ്ദേശ്യം ഇസ്‌ലാമിക കടന്നുകയറ്റങ്ങളുടെ യഥാർഥ സ്വഭാവത്തെക്കുറിച്ചു ഹിന്ദുക്കളെ ബോധവത്കരിക്കുകയാണ്.’ ‘ഇന്ത്യയിൽ മാത്രമല്ല, സ്പെയിനിലും കിഴക്കൻ യൂറോപ്പിലെ ബാൾട്ടിക് രാജ്യങ്ങളിലും തദ്ദേശീയ ജനജീവിതത്തെ പൂർണമായും ഇസ്‌ലാം തകർത്തുകളഞ്ഞു’വെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇസ്‌ലാമിനെ ഒരു ഭീഷണിയായിക്കണ്ടുള്ള ജോഗിൻ്റെ ഈ ചരിത്രമെഴുത്തും തുടർന്നുവരുന്ന ഇസ്‌ലാമോഫോബിയയും സത്യത്തിൽ മുൻ അമേരിക്കൻ പ്രസിഡൻ്റ് റൊണാൾഡ് റെയ്‌ഗൻ്റെ ‘ഭീകരതക്കെതിരായ യുദ്ധ’മെന്ന ആശയവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

പരസ്പ്‌പരം ശത്രുത പുലർത്തുന്ന രാജ്യങ്ങൾപോലും (അമേരിക്കയും ചൈനയും പോലെ) ഇസ്‌ലാമിൻ്റെ പര്യായമായി വ്യവഹരിക്കപ്പെടുന്ന ‘ഭീകരവാദ’ത്തിനെതിരെ സ്വമേധയാ ഐക്യപ്പെടുന്നതു നാം കാണുന്നു. ജോഗിൻ്റെ പുസ്തകം പുറത്തുവന്ന അതേവർഷം ജനുവരി 26 ന് കർണാടകയിൽ മറ്റൊരു സംഭവം നടന്നു. ഫാർമസി വിദ്യാർഥിയായിരുന്ന നിസാറുദ്ദീൻ അഹമ്മദിനെ കോളെജിലേക്കുള്ള വഴിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്യുന്നു. തീവണ്ടിയാക്രമണം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. തുടർന്നു ജയിലിലടക്കുകയും ചെയ്തു. കസ്റ്റഡിയിൽ മാരകമായ പീഡനങ്ങളാണു നിസാർ അഹമ്മദിന് ഏൽക്കേണ്ടിവന്നത്. 23 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കുറ്റവിമുക്തനാക്കപ്പെട്ടു പുറത്തിറങ്ങിയ അദ്ദേഹം വേദനയോടെ പറഞ്ഞു: ‘ഇന്നു ഞാൻ സ്വതന്ത്രനാണെന്നതു ശരിതന്നെ. പക്ഷേ, നിങ്ങൾ കാണുന്നതു ജീവിക്കുന്ന ഒരു മൃതദേഹമാണ്.’

ഇസ്‌ലാമോഫോബിയ അതിൻ്റെ മൂർധന്യാവസ്ഥ പ്രാപിച്ചുകൊണ്ടിരിക്കുകയാണല്ലോ ഇവിടെ. ചരിത്രപരമായി ഇതിൻ്റെ തുടർച്ചകൾ എന്തൊക്കെയാണ്? ഇതിലും മോശമായ സന്ദർഭം മുമ്പുണ്ടായിട്ടുണ്ടോ?

ഇസ്‌ലാമോഫോബിയ 9/11 നു ശേഷം ഉടലെടുത്ത ഒരു സാമൂഹികക്രമമാണെന്നു പറഞ്ഞു ലളിതവത്കരിച്ചുകൂടെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. നെഹ്റുവിൻ്റെ കാലത്ത് ഇന്ത്യയിൽ ഇസ്‌ലാം വിരുദ്ധതയില്ലായിരുന്നെന്നും മുസ്‌ലിംകളുടെ സുവർണകാലമായിരുന്നുവെന്നും വിലയിരുത്തുന്നതിൽപരം ചരിത്രനിരാസം വേറെയില്ല. യഥാർഥത്തിൽ ഇന്ത്യൻ/ഹിന്ദു ആധുനികതക്കകത്തുതന്നെ ഇസ്‌ലാമോഫോബിയയുണ്ട്. ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് റാം മോഹൻ റോയി (1772-1833) യെ എടുക്കുക. തൻ്റെ അഭിപ്രായത്തിലെ യഥാർഥ തദ്ദേശീയരായ ഹിന്ദുക്കൾക്ക് ‘മുഹമ്മദൻ ഭരണ’ത്തിൽ നിന്നുള്ള മോചനം എന്ന സ്വപ്‌നത്തിലാണല്ലോ കോളനിവത്കരണത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നത്. അതായത്, റോയിയെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷുകാർ ‘അധിനിവേശകര’ല്ല എന്നു മാത്രമല്ല, ‘വിമോചകരാണുതാനും. റോയിയുടെ പ്രോട്ടോ-നാഷണലിസത്തിൽ തന്നെ വംശീയവത്കരണത്തിൻ്റെയും ഇസ്‌ലാമോഫോബിക് ദേശീയതയുടെയും വേരുണ്ടായിരുന്നുവെന്നു ചുരുക്കം. പിന്നീടു രൂപപ്പെട്ട ആധുനിക ദേശരാഷ്ട്രത്തിൽ ഇസ്‌ലാമോഫോബിയയുടെ സ്വഭാവവും പ്രയോഗവും മാറിവരുന്നതു കാണാം. നിലവിലെ ഇസ്‌ലാമോഫോബിയയുടെ പ്രധാന കാരണം, ദേശ-രാഷ്ട്രത്തിന് ഇസ്‌ലാം/മുസ്‌ലിംകൾ സുരക്ഷാഭീഷണിയാണന്ന തോന്നലാണ്.

മുസ്‌ലിംകളിലെ മതമൗലികവാദികളാണ് ഇസ്‌ലാമോഫോബിയയുടെ പ്രധാന കാരണമെന്നു പറയാറുണ്ട്. മുസ്‌ലിംഭീതിക്കു മതമൗലികവാദം എത്രമാത്രം കാരണമാകുന്നുണ്ട്?

ഇതിനു മറുപടി പറയുന്നതിനുമുമ്പ് മതമൗലികവാദം എന്തെന്നു നിർവചിക്കേണ്ടിയിരിക്കുന്നു. ഒരു വിഭാഗം വിശ്വാസികൾ തങ്ങളുടെ മതത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങൾ കർക്കശമായി പിന്തുടരുന്ന സമീപനത്തെയാണു മതമൗലികവാദമെന്നു വിളിക്കുന്നതെങ്കിൽ എല്ലാ മതവിശ്വാസികളും മൗലികവാദികളാണ്. എന്നാൽ, ഈ അർഥത്തിലല്ല മൗലികവാദം മനസ്സിലാക്കപ്പെടുന്നത്; പ്രയോഗിക്കപ്പെടുന്നതും. ആഗോള രാഷ്ട്രീയത്തിൽ ഭീകരവാദം മുഖ്യ പ്രശ്നമാകുന്നതിനുമുമ്പ് ‘മുസ്‌ലിം മൗലികവാദ’മായിരുന്നു മുഖ്യ പ്രശ്നം. 1979 ലെ ഇറാനിയൻ വിപ്ലവാനന്തരം, സവിശേഷമായി വികസിച്ചുവന്ന ആഖ്യാനരീതിയാണ് ഇത്. അങ്ങനെ നോക്കുമ്പോൾ മൗലികവാദം എന്ന ആശയം തന്നെ അത്ര നിഷ്‌പക്ഷമല്ലെന്നു മനസ്സിലാകുന്നു. നമ്മളും (സുഹൃത്തുക്കൾ) അവരും(ശത്രുക്കൾ) എന്ന ദ്വന്ദ്വനിർമിതിയാണതിൻ്റെ ലക്ഷ്യമെന്നുവരുന്നു. മുസ്‌ലിംകൾക്കിടയിൽ യാഥാസ്ഥിതികരില്ലെന്ന് എനിക്കു വാദമില്ല. തീർച്ചയായും ഉണ്ട്. എന്നാൽ, യാഥാസ്ഥിതികരായ വിശ്വാസികളില്ലാത്ത ഏതെങ്കിലും മതമുണ്ടോ?…

മതമൗലികവാദമെന്ന പ്രയോഗം എങ്ങനെ രാഷ്ട്രീയവത്കരിക്കപ്പെട്ടുവെന്നു പറയാനാണു ശ്രമിച്ചത്. അതേക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ, സി.പി.ഐ.എം സൈദ്ധാന്തികനായ സീതാറാം യെച്ചൂരിയുടെ ‘വോട്ട് ഈസ് ഹിന്ദുരാഷ്ട്ര (1993)’ എന്ന ലഘുലേഖ കാണുക. അദ്ദേഹം എഴുതി: ‘ഹിന്ദുവർഗീയതയും മുസ്‌ലിം മതമൗലികവാദവും പരസ്‌പരം ആശ്രയിച്ചു കിടക്കുന്നു.’ യെച്ചൂരിയെ സംബന്ധിച്ചിടത്തോളം ഹിന്ദുക്കൾക്കു വർഗീയതയും മുസ്‌ലിംകൾക്കു മതമൗലികവാദവുമാണ്. ആഖ്യാനത്തിലെ ഈ വ്യത്യാസം എങ്ങനെ വന്നുവെന്നതു വളരെ പ്രധാനമാണ്. ഈ വാദമനുസരിച്ച്, മുസ്‌ലിംകളുടെ മൗലികവാദത്തിൻ്റെ അടിത്തറ മതപരമാണ്; ഹിന്ദുവർഗീയതയുടെ അടിസ്ഥാനം സാമൂഹിക വും.ഇസ്‌ലാമിൻ്റെ കുഴപ്പം മതത്തിൽ തജ്ജന്യമാണെന്ന് ചുരുക്കം. ഇവിടെ, ഇസ്‌ലാമിൻ്റെ കൊളോണിയൽ-ഓറിയൻ്റെലിസ്റ്റ് പ്രതിച്ഛായാ നിർമിതിയിൽ യെച്ചൂരിയും പങ്കുചേരുന്നു; അറിഞ്ഞോ അറിയാതെയോ.

ഈ വിദ്വേഷപ്രചരണത്തോടു മുസ്‌ലിംകൾ എങ്ങനെ പ്രതികരിക്കണം? അതു മറികടക്കാൻ അവർക്കു മുന്നിലുള്ള മാർഗങ്ങളെന്തെല്ലാം?

ഇസ്‌ലാമോഫോബിയയുടെ കാരണക്കാർ മുസ്‌ലിംകളല്ലാത്തതിനാൽ അവർക്ക് ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യാനില്ല സത്യത്തിൽ. അവർക്ക് ഇസ്‌ലാമോഫോബിയയുടെ പരിഹാരമാകാൻ ആവില്ല. അവരുടെ പ്രതികരണത്തിനും ഇക്കാര്യത്തിൽ കാര്യമായ റോളില്ല തന്നെ. അമേരിക്കയുടെ ഭാവിയെക്കുറിച്ച് ജെയിംസ് ബാൾഡ്വിനോട് ചോദിക്കുന്നുണ്ട് ഒരിക്കൽ. അതിനദ്ദേഹം മറുപടി പറയുന്നത്, “നീഗ്രോകൾ എന്തിനു പ്രഥമസ്ഥാനത്ത് വരണം?’ എന്നു പരസ്പ്‌പരം ചോദിക്കാനുള്ള വെള്ളക്കാരുടെ ധീരതയെ ആശ്രയിച്ചിരിക്കുന്നു അത് എന്നാണ്. ബാൾഡ്വിൻ്റെ വീക്ഷണത്തിൽ അദ്ദേഹം ഒരു മനുഷ്യനായിരുന്നു; ഒരു നീഗ്രോയല്ല. ബാൾഡ്വിയൻ തത്ത്വശാസ്ത്രമനുസരിച്ചു പറയട്ടെ, എന്തുകൊണ്ട് ഇസ്‌ലാമോഫോബിയ പ്രഥമസ്ഥാനത്തു വരണമെന്ന ചോദ്യത്തിൻ്റെ ഉത്തരം, ഈ ഫോബിയ കൊണ്ടുനടക്കുന്ന ആളുകൾ സ്വന്തമായി കണ്ടെത്തുകയാണു വേണ്ടത്. കാരണം അവരുടെ നിർമിതിക്കു വിരുദ്ധമാണു യഥാർഥ്യം. മുസ്‌ലിംകൾ അക്രമികളോ അപരിഷ്കൃതരോ അല്ല. അവർ ആദരിക്കുന്ന ദൈവികഗ്രന്ഥം വെറുപ്പുൽപാദിപ്പിക്കുന്നതുമല്ല. നിർമലരായ ഈ മനുഷ്യരെക്കുറിച്ചും മാർഗദർശനത്തിൻ്റെയും വെളിച്ചത്തിൻ്റെയും ഈ ഗ്രന്ഥത്തെക്കുറിച്ചും എന്തിനാണ് ഭീകരമായ ചിത്രങ്ങൾ നിർമിച്ചതെന്ന് ഇസ്‌ലാമോഫോബുകൾ തന്നെ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

പുതിയ ലോകക്രമത്തിൻ്റെ യുക്തിതന്നെ ഇസ്ലാമോഫോബിയയാണ്. പര്സപരം ശത്രുക്കളായ രാജ്യങ്ങൾ പോലും ‘ഭീകരവാദ’ത്തിനെതിരെ സ്വമേധയാ ഐക്യപ്പെടുന്നുവെന്ന് നേരത്തെ സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ, യഥാർഥ പരിഹാരം സാധ്യമാകണമെങ്കിൽ ആഗോള രാഷ്ട്രീയത്തിൻ്റെ ആധാരശിലകളിൽ മാറ്റം വരേണ്ടതുണ്ട്. സമാധാനപരമായി സ്ത്രീകൾ നേതൃത്വം നൽകിയ ഷഹീൻ ബാഗ് സമരംവഴി, ഇസ്‌ലാമിൻ്റെയും ഇന്ത്യയുടെയും മാതൃകാപരമായ വീക്ഷണം പ്രകടമാക്കിയതുപോലെ, ഇന്ത്യയിലെ മുസ്‌ലിംകൾ സഹനം ശീലിക്കുകയും ഇതരമതസ്ഥരുമായി ചേർന്നുനിന്ന് നീതിക്കും ബഹുസ്വരതക്കുംവേണ്ടി പോരാടുകയും വേണം. നിലവിലെ സാഹചര്യത്തിൽ അതൊക്കെ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കുന്നതിൽ എത്രമാത്രം ഫലപ്രദമാകുമെന്ന ചോദ്യം ബാക്കിയാണെങ്കിലും.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഇസ്‌ലാമോഫിയ: പഠനങ്ങള്‍, സംവാദങ്ങള്‍ എന്ന പുസ്തകത്തില്‍നിന്ന്)

Irfan Ahmed talks Snigdhendu Bhattacharya about Islamophobia

ഇസ്‌ലാമോഫോബിയ: പഠനങ്ങള്‍ സംവാദങ്ങള്‍

എഡിറ്റര്‍: സുദേഷ് എം.രഘു, സലീം ദേളി

ആധുനിക വംശീയ പ്രയോഗമെന്ന നിലയില്‍ ഇസ്ലാമോഫോബിയ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിക്കുന്നുണ്ട്. മുസ്ലിം എന്നു തോന്നിപ്പിക്കുന്ന അടയാളങ്ങളെ, സാമൂഹിക സാഹചര്യങ്ങളെ, വ്യക്തികളെ, ചിഹ്നങ്ങളെ ലക്ഷ്യംവക്കുന്ന വംശീയപദ്ധതി കൂടിയാണ് അത്. അന്തര്‍ദേശീയ-ദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി, ആഗോളതലത്തിലും ഇന്ത്യയിലും പല വിധത്തില്‍ ദൃശ്യമായ ഇസ്ലാമോഫോബിയ അനാവരണം ചെയ്യുന്നു. ഇടതു മതേതര പുരോഗമന കേരളമോഡലില്‍ മുസ്ലിംവിരുദ്ധത എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും പുസ്തകം പരിശോധിക്കുന്നു.

ഇർഫാൻ അഹ്‌മദ്

പ്രൊഫസർ, ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റി
പ്രൊഫസർ, ഇബ്നു ഖൽദൂൻ യൂനിവേഴ്സിറ്റി

സ്നിഗ്ദേന്ദ ഭട്ടാചാര്യ

പത്രപ്രവർത്തകൻ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy