മതവിഷയങ്ങളിൽ വലിയ തയ്യാറെടുപ്പുകളോടെയൊന്നുമല്ല ഞാനും പത്നിയും 2013 ൽ ആസ്ത്രേലിയൻ നഗരമായ സിഡ്നിയിലേക്കു പഠനാവശ്യാർഥം പുറപ്പെടാൻ തീരുമാനിച്ചത്. കാരണം, ഏതൊരു സാഹചര്യത്തിലും പ്രായോഗികമാംവണ്ണം ആത്മീയാധിഷ്‌ഠിത വീക്ഷണങ്ങളും വിചാരങ്ങളും ഞങ്ങൾ രണ്ടു പേരും മുമ്പു തന്നെ ചിട്ടപ്പെടുത്തിയിരുന്നു. ഒരുപക്ഷേ, അത്തരമൊരു രീതിയിലാണ് ഇസ്‌ലാം സ്വയം പരിചയപ്പെടുത്തിയത് എന്നു പറയാം. ഇസ്‌ലാം ഒരു ന്യൂനപക്ഷ ദർശനമായ ഇന്ത്യയിൽ ജനിച്ച ഞാൻ, ഇസ്‌ലാം വളർന്നു പന്തലിച്ച സൗദി അറേബ്യയിൽ സേവനം അനുഷ്ടിച്ചശേഷം, ഇസ്‌ലാം ‘അപരനായി’ (Other) പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്ന പാശ്ചാത്യൻ സംസ്കാരത്തിൻ്റെ ഭാഗമായ ആസ്ത്രേലിയ പോലെയുള്ള ഒരു ഭൂമികയിൽ എത്തുമ്പോഴേക്കും ഒട്ടുമിക്ക ഇസ്‌ലാമിക വർണാന്തരങ്ങളും വായനകളിലൂടെയും ജീവിതത്തിലൂടെയും സുപരിചിതമായിരുന്നു. അതുകൊണ്ടുതന്നെ ഏതു ഇസ്‌ലാം, എപ്പോൾ എന്നതിൽ വലിയ സന്ദേഹമുണ്ടായിരുന്നില്ല. എന്താണ് “ഏതു ഇസ്‌ലാം’ കൊണ്ട് ഉദ്ദേശിക്കുന്നത്? അപ്പോൾ എത്ര ഇസ്‌ലാം, അവയിൽ മികച്ചത് ഏത്? എന്തുകൊണ്ട്? തുടങ്ങിയവ സ്വാഭാവികമായും ഉയർന്നുവന്നേക്കാവുന്ന ചോദ്യങ്ങളാണ്.
ആസ്ത്രേലിയയുടെ ബ്രിട്ടീഷ് കോളനിവൽക്കരണത്തിൻ്റെ അത്ര തന്നെ പഴക്കമുണ്ട് അവിടത്തെ ഇസ്‌ലാമിക പാരമ്പര്യത്തിനും. ബ്രിട്ടീഷുകാർ അടിമകളായി കൊണ്ടുവന്ന അഫ്ഘാനികളാണ് ഇസ്‌ലാമിനെ ആദ്യമായി ആസ്ത്രേലിയയിൽ പരിചയപ്പെടുത്തുന്നത്. തികച്ചും പ്രാമാണിക പൗരാണിക മുസ്‌ലിംകളായ ഇവർ ഓലകൊണ്ട് മറച്ചുണ്ടാക്കിയ ചെറിയ കൂരകൾ പള്ളികളാക്കി ഉപയോഗിച്ച് ആത്മീയ ജീവിതം നയിച്ചു. പിന്നീട് കുടിയേറ്റക്കാലത്ത് തുർക്കികളിലൂടെയും അറബികളിലൂടെയും അവസാന ഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളിലൂടെയും ഇസ്‌ലാമിനെ ആസ്ത്രേലിയ പരിചയപ്പെട്ടു. ഇതിനിടക്ക് ഇസ്‌ലാമിൽ ആകൃഷ്ടരായ പല പാശ്ചാത്യരും ഇസ്‌ലാമിക ജീവിതം ആശ്ലേഷിച്ചു.
ഇസ്‌ലാമിലെ നാനാത്വം വളരെ പ്രബലമായി തന്നെ പ്രതിഫലിക്കുന്ന പ്രദേശമാണ് ആസ്ത്രേലിയ. സുന്നി ഭൂരിപക്ഷ സമുദായത്തിനു പുറമെ, ശക്തമായ ശിആ സമുദായ അടിത്തറയും ആസ്ത്രേലിയൻ ഇസ്‌ലാമിൽ കാണാവുന്നതാണ്. അലവികൾ, അഹമ്മദിയ്യകൾ തുടങ്ങി വ്യവസ്ഥാപിതമായി ഇസ്‌ലാമിൽ ഉടലെടുത്ത ഒട്ടുമിക്ക വർണാന്തരങ്ങളും ആസ്ത്രേലിയയിലുണ്ട്. ഇതിനെല്ലാം പുറമെ, ഇസ്‌ലാമിനെ സമീപിക്കുന്നത് അടിസ്ഥാനപ്പെടുത്തിയുള്ള വർഗീക രണത്തിൻ്റെ ഫലമായുള്ള പ്രാക്ടീസിംഗ് മുസ്‌ലിം, പയസ് മുസ്‌ലിം, ഡിവോട്ട് മുസ്‌ലിം, പ്രാഗ്മാറ്റിക് മുസ്‌ലിം, നോമിനൽ മുസ്‌ലിം, സ്ട്രിക്റ്റ് മുസ്‌ലിം, സെക്കുലർ മുസ്‌ലിം മുതലായ വിഭാഗങ്ങൾ വളരെയധികമുള്ള നാടാണ് ആസ്ത്രേലിയ എന്നു പറയേണ്ടിവരും. നാനാത്വം ഈ വിധം പ്രത്യക്ഷമായിരിക്കെ തന്നെ പല മേഖലകളിലും ‘മുസ്‌ലിമായിരിക്കുക’ എന്നത് ഒരു ഏകീകൃത വികാരമായി ഈ വിഭാഗങ്ങളിലൂടെയെല്ലാം രക്തയോട്ടം നടത്തുന്നു. സാമ്പത്തിക സാംസ്കാരിക മേഖലകളിൽ ഇത് കൂടുതൽ വ്യക്തമാണ് എന്നതു പ്രസ്താവ്യമാണ്.
സമീപനങ്ങളിൽ അയവുവരുത്തിയും അങ്ങിങ്ങ് മുറുക്കിയും ആസ്ത്രേലിയ ഇസ്‌ലാമുമായുള്ള ബന്ധം തുടരുന്നു. പരസ്‌പരം സഹായിച്ചും ചിലപ്പോഴൊക്കെ വിട്ടും ഈ ബന്ധം ഇന്നും പ്രത്യക്ഷമായ അസ്വാരസ്യങ്ങൾ ഒഴിവാക്കി നിലനിന്നു പോരുന്നു. ആസ്ത്രേലിയയിലെ ഇസ്‌ലാമിൻ്റെ പശ്ചാത്തലം ഇങ്ങനെയൊക്കെയാണെങ്കിലും മുസ്‌ലിം അപരത്വം (Other) എന്നത് ഇന്നും വ്യക്തമായി വ്യാഖ്യാനങ്ങളിലും വ്യവഹാരങ്ങളിലും നിലനിൽക്കുന്നുണ്ട്.
ഇനി ഇസ്‌ലാമിനെക്കുറിച്ചുള്ള ആസ്ത്രേലിയൻ എഴുത്തുകളിൽ, വിചാരങ്ങളിൽ എടുത്തുപറയേണ്ട ഒരു മേഖലയാണ് അവിടത്തെ ആദിവാസി സമൂഹവും ഇസ്‌ലാമും തമ്മിലുള്ള വ്യവഹാരങ്ങൾ. ഞാൻ ഈയിടെ ഏറ്റവും കൂടുതൽ വായനകളും അന്വേഷണങ്ങളും നടത്തുന്നത് “അബോറിജിനൽ ഇസ്‌ലാം’ എന്നൊക്കെ വിളിക്കാവുന്ന ആസ്ത്രേലിയൻ തദ്ദേശജന്യമായ ഇസ്‌ലാമിനെക്കുറിച്ചാണ്. ആസ്ത്രേലിയൻ ആദിവാസി വിഭാഗങ്ങളുടെ ആത്മീയ വിചാരങ്ങളിലും ആചാരങ്ങളിലും ഇസ്‌ലാമിക ആത്മീയശാഖകളുടെ, വിശിഷ്യാ, സൂഫീ ചിന്തകളുടെ പ്രകടമായ സ്വാധീനമുണ്ടായിട്ടുണ്ട് എന്ന് അടുത്തിടെ നടന്ന പല ഗവേഷണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
ഉൾനാടുകളിലേക്കുള്ള സഞ്ചാരത്തിനു ബ്രിട്ടീഷുകാരെ സഹായിക്കുന്നതിനായി അഫ്ഘാൻ, പാക്കിസ്ഥാൻ, ഇന്ത്യ തുടങ്ങിയ മേഖലകളിൽനിന്ന് എത്തിയ മുസ്‌ലിം തൊഴിലാളികളെയാണ് ആസ്ത്രേലിയയിലെ ആദ്യകാല മുസ്‌ലിം കുടിയേറ്റക്കാരായി കണക്കാക്കുന്നത്. 1860-1920 കാലഘട്ടത്തിൽ ഇങ്ങനെ വന്ന പല മുസ്‌ലിം തൊഴിലാളികളും ഉൾനാടുകളിൽ അധിവസിച്ചിരുന്ന ആദിവാസി സമൂഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ തുടങ്ങി. കാലക്രമേണ, അവരിൽ പലരും ആദിവാസി കുടുംബങ്ങളിൽ നിന്നു വിവാഹം ചെയ്യാനും ആരംഭിച്ചു. ഇതിൻ്റെ പ്രതിഫലനമെന്നോളം ആസ്ത്രേലിയൻ ആദിവാസികൾ ക്കിടയിൽ ഖാൻ, സുൽത്താൻ, മഹോമ്മെദ്/മുഹമ്മദ്, അക്‌ബർ എന്നിങ്ങനെയുള്ള കുടുംബപ്പേരുകൾ (Surname) വന്നുചേരാൻ തുടങ്ങി. ഏകദേശം ഇതേ കാലഘട്ടത്തിൽ മലേഷ്യയിൽ നിന്ന് ഉത്തര ആസ്ത്രേലിയയിലേക്കു വന്നിരുന്ന കൂലിത്തൊഴിലാളികളിലൂടെയും ഇസ്‌ലാം വ്യാപിക്കാൻ തുടങ്ങി. ‘അബോറിജിനൽ ഇസ്‍ലാമിൻ്റെ ഒരു വശം കുടിയേറ്റ സംസ്ക്കാരവുമായി ബന്ധപ്പെട്ടു കിടക്കുമ്പോൾ തന്നെ, മറ്റൊരു വശം തികച്ചും മൂല്യങ്ങൾ തമ്മിലുള്ള ഒത്തുചേരൽ (Majma’ul Bahrain) ആയി കാണേണ്ടതുണ്ട്.
ഇസ്‌ലാമിലെ സ്ത്രീപുരുഷ സങ്കൽപങ്ങൾ ആദിവാസി സങ്കൽപ്പങ്ങങ്ങളോട് ഏറെക്കുറെ അടുത്തിരിക്കുന്നതാണ് എന്നത് ഇസ്‌ലാമിലേക്കുള്ള ആത്മീയ ആകർഷണത്തിന് കാരണമാകുന്നുണ്ട് എന്നു പഠനങ്ങൾ പറയുന്നു. അതോടൊപ്പം ജീവിതരീതി, സഹവർത്തിത്വം, സാമൂഹിക ഉത്തരവാദിത്വം, പ്രകൃതിയോടുള്ള കടമകൾ, കടപ്പാടുകൾ എന്നിങ്ങനെ ഇസ്‌ലാം മുന്നോട്ടുവക്കുന്ന പല ആശയങ്ങളും മൂല്യങ്ങളും ഖുർആനിക അധ്യാപനങ്ങളും ആസ്ത്രേലിയൻ ആദിവാസികൾ ആയിരക്കണക്കിന് വർഷങ്ങളായി അവരുടെ ജീവിതചര്യയുടെ ഭാഗമായി കാണുന്നവയാണ്. ഈ മൂല്യങ്ങളിലും ജീവിത വീക്ഷണങ്ങളിലും പ്രകടമാകുന്ന സാമ്യതയാണ് ഇസ്‌ലാമിനോടുള്ള മറ്റൊരു ആകർഷണം. വംശീയ യാഥാസ്ഥിതികത്വത്തോടുള്ള ഖുർആനിക വിമർശനങ്ങളും നാനാത്വത്തോടുള്ള അനുകൂല സമീപനങ്ങളും ‘അബോറിജിനൽ ഇസ്‌ലാമി’ൻ്റെ നിലനിൽപ്പിലും വളർച്ചയിലും വലിയ പങ്കുവഹിക്കുന്നുണ്ട്.
ആസ്ത്രേലിയയിലേക്കു കുടിയേറിയ മുസ്‌ലിംകൾ തങ്ങളുടെ മതാധിഷ്‌ഠിത ജീവിതം ചിട്ടപ്പെടുത്തുന്നതിൽ വളരെ ആത്മവിശ്വാസമുള്ളവരായി കാണപ്പെടുന്നു എന്നത് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ഇസ്‌ലാമിക ജീവിതത്തിൽ തങ്ങൾ അതുവരെ തുടർന്ന രീതിയിൽ തന്നെ ആസ്ത്രേലിയൻ ചുറ്റുപാടിലും ജീവിക്കാനുതകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ താൽപര്യം കാണിക്കുന്നുണ്ട്. പ്രമുഖ നഗരങ്ങളിൽ പ്രാർഥനാ മന്ദിരങ്ങൾ സ്ഥാപിച്ചും സാമൂഹിക സാംസ്‌കാരിക സംഘടനകളെ സംയോജിപ്പിച്ചും അവർ തങ്ങളുടേതായ ഇസ്‌ലാം അനുഷ്ടിച്ചും ആശയവിനിമയം നടത്തിയും ജീവിക്കുന്നു. എന്നാൽ, ഇവരുടെ രണ്ടാം തലമുറയിലേക്ക് എത്തിയപ്പോൾ സാഹചര്യങ്ങളും സമീപനങ്ങളും വ്യത്യസ്തമാകുന്നതായി കാണപ്പെടുന്നു. തങ്ങളുടെ മാതാപിതാക്കളുടെ, അല്ലെങ്കിൽ പ്രപിതാക്കളുടെ ഇസ്‌ലാമിക രീതി ഇവരിൽ അത്രകണ്ട് ഫലം ചെയ്യുന്നില്ല എന്നതാണ് വസ്‌തുത. പ്രത്യേകിച്ചും ആസ്ത്രേലിയയിൽ ജനിച്ചവരിൽ. ഈ യുവതലമുറ തങ്ങളുടെ ഇസ്‌ലാമിനെ വിട്ടുവീഴ് ചക്കും അനുരഞ്ജനത്തിനും വിധേയമാക്കിക്കൊണ്ട് അൽപം കൂടി നവീകരിച്ചുകൊണ്ടിരിക്കുന്നത് നമുക്കു കാണാം.
ചുരുക്കത്തിൽ ഈ യുവതലമുറ ഒരു ‘നവ ഇസ്‌ലാമി’ന് രൂപം നൽകുന്ന കാഴ്ച പ്രകടമാണ്. ഈ നവ ഇസ്‌ലാം ‘ആസ്ത്രേലിയൻ ഇസ്‌ലാം’ എന്ന പേരിൽ പലപ്പോഴും ഗവേഷണ വിധേയമാകാറുണ്ട്. ഇസ്‌ലാമിക വിഷയങ്ങളുടെ ആശയവിനിമയത്തിന്, പ്രത്യേകിച്ചും പ്രാർഥനാ മന്ദിരങ്ങളിൽ ഉപയോഗിച്ചുപോരുന്ന ഭാഷ അറബിയിൽനിന്ന് ഇംഗ്ലീഷിലേക്കു മാറ്റണം എന്നതാണ് ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഒന്ന്. സാംസ്കാരിക വിഷമവൃത്തത്തിൽ (cultural dilemma) നിന്നു മോചനം നേടുക എന്നതാണ് ഇവരിതിലൂടെ പ്രഥമമായും ഉദ്ദേശിക്കുന്നത്. പൊതുവിൽ, ആത്മീയ വൃത്തങ്ങളിൽ ചർച്ചക്കു വിധേയമാകാത്ത പല വിഷയങ്ങളും മുഖ്യ ചർച്ചാ വിഷയമാക്കി പാശ്ചാത്യ സ്വീകാര്യമായ രീതിയിൽ ആശയ രൂപീകരണം നടത്തണം എന്നതാണ് ഇവർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. ഇതിൽ മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിലുള്ള സമീപനങ്ങൾ മുതൽ ലിംഗസമത്വം വരെ ഉൾപ്പെടും. ഇതിനായി ക്ലാസിക്കൽ ഇസ്‌ലാമിക വിവക്ഷകൾ ആധാരമാക്കുന്നവരുമുണ്ട്.
പ്രധാനമായും നാനാത്വമാണ് ആസ്ത്രേലിയൻ ഇസ്‌ലാമിക ജീവിതത്തിൽ പ്രതിഫലിക്കുന്നത്. ഒന്ന്, മതനിയമ വീക്ഷണങ്ങളുടെയും സമീപനങ്ങളുടെയും അടിസ്ഥാനത്തിൽ നിലനിൽക്കുന്ന നാനാത്വം. രണ്ട്, സാംസ്‌കാരിക സമീപനങ്ങളിൽ നിലനിൽക്കുന്ന നാനാത്വം. ഇതിൽ രണ്ടാമത്തേതാണ് ഏറെക്കുറെ ആസ്ത്രേലിയൻ മുസ്‌ലിം സ്വത്വത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നത് എന്നു വിലയിരുത്താം. മുസ്‌ലിം യുവതയും സ്ത്രീകളും വ്യത്യസ്ത വിഷയങ്ങളിൽ സ്വീകരിക്കുന്ന സാംസ്‌കാരിക സമീപനങ്ങൾ പലപ്പോഴും രക്ഷിതാക്കളിൽ കാര്യമായ ആശങ്കകൾക്കു വഴിയൊരുക്കാറുണ്ട്. ഉദാഹരണത്തിന് മത നിയമങ്ങൾക്ക് അതീതമായി തൻ്റെ സഹപാഠിയോ സഹപ്രവർത്തകനോ ആയ ഗേ, ലെസ്ബിയൻ വ്യക്തികളോടുള്ള സമീപനം എന്തായിരിക്കണം, ആസ്ത്രേലിയൻ പോപുലർ കൾച്ചറിനോടുള്ള മുസ്‌ലിം സമീപനം എന്തായിരിക്കണം എന്നിവയെല്ലാം പോലെ. ഇതു പലപ്പോഴും ഒരു പാശ്ചാത്യ മധ്യപൂർവേഷ്യൻ, അഥവാ പാശ്ചാത്യ ഇന്ത്യൻ സാംസ്‌കാരിക വിഷമ വൃത്തത്തിലേക്കു യുവതയെ ചെന്നെത്തിക്കാറുണ്ട്. ഇതിനാലൊക്കെത്തന്നെ ആസ്ത്രേലിയൻ മുസ്‌ലിം യുവതലമുറയുടെ സ്വത്വബോധം അരിഷ്ട സന്ധിയിലായി കാണപ്പെടുന്നു. ആസ്ത്രേലിയൻ മുസ്‌ലിമായോ അതോ തങ്ങളുടെ രക്ഷിതാക്കളുടെ മേൽവിലാസത്തിലൂടെ ഇന്ത്യൻ മുസ്‌ലിമായോ അറബ് മുസ്‌ലിമായോ ആരായി അറിയപ്പെടണമെന്നത് പലപ്പോഴും യുവാക്കളെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഇതു തന്നെയാണ് ആസ്ത്രേലിയൻ മുസ്‌ലിം ജീവിതത്തെ സംബന്ധിച്ചിടത്തോളം ഗവേഷണമായിക്കൊണ്ടിരിക്കുന്ന വിഷയവും എന്ന് നിസംശയം പറയാം.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച സഫര്‍ എന്ന പുസ്തകത്തില്‍നിന്ന്)
Jasbeer Musthafa’s travelogue to Australian tribal communities, from the book Safar editted by Fasil Firos