ഒരു സാമൂഹികരോഗത്തെ പറ്റി ചർച്ച ചെയ്തു കൊണ്ട് തുടങ്ങാം. എത്‌നോസെൻട്രിസം എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ലോകത്തുടനീളം പല രീതിയിലും പല മേഖലയിലായി വ്യാപിച്ചിരിക്കുന്നു. സംഘമാണ് എല്ലാത്തിനും കേന്ദ്രം എന്ന കാഴ്ചപ്പാടാണ് എത്‌നോസെൻട്രിസം. ഒരു വംശത്തിനകത്തിരുന്ന് ഒരാള്‍ ലോകത്തെ സ്വന്തം വീക്ഷണ കോണിൽനിന്ന് നോക്കാന്‍ ശ്രമിക്കുന്നു. തന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടിസ്ഥാനത്തിൽ മറ്റു വ്യക്തികളെക്കാൾ മികച്ചവരാണ് തങ്ങളെന്ന് ഈ എത്‌നോസെൻട്രിക് വ്യക്തികൾ വിശ്വസിക്കുകയും ചെയ്യുന്നു.
വിഷയത്തിലേക്ക് കടക്കാം, ലോകത്തെവിടെയും എല്ലാ സമൂഹങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും വിവേചനത്തിന്റെ ഉപമകളും അടയാളങ്ങളും നിറഞ്ഞുനിൽക്കുന്നുണ്ട്. ജാതി, മതം, ശക്തി, വർണം, ഭാഷ, അധികാരം, കുടുംബം തുടങ്ങിയ വിഭിന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വർഗ്ഗീകരണം തുടർന്നുപോകുന്നത്. ഇതിൽ വളരെ സരളമായതും എന്നാൽ വളരെ തീവ്രമായതുമായ വംശീയത നിറഞ്ഞുനിൽക്കുന്ന ഒരു പ്രധാന മേഖലയാണ് വർണം. കളറിസം ചൂഷണാത്മകമായ നിലയില്‍ കുഞ്ഞുകുഞ്ഞു വിഷയങ്ങളില്‍ പോലും കുടിയിരിക്കുന്നുവെന്നതാണ് സത്യം.
“ഫ്രഞ്ചുകാര് വെളുത്ത് തുടുത്ത സായ്പ്പന്മാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ… എന്നെക്കാൾ കറുത്ത പ്രേതങ്ങൾ. ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ച് കിടക്കും. ഹൊ!”
ഖത്തർ വോൾഡ് കപ്പ് ഫൈനലിൽ മികച്ച പ്രകടനം നടത്തിയ ഫ്രാൻസിനെയും എംപാപ്പെയെയും പരിഹസിച്ച് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണിത്. അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയ ഒരു ടീമിനെയും കളിക്കാരനെയും പുകഴ്ത്തുന്നതിന് പകരം നിറത്തിന്റെ പേരിൽ അവരെ അകറ്റിയും പരിഹസിച്ചും പാടെ അവഗണിക്കുകയാണ് ഇതിന്‍റെ ഉപജ്ഞാതാവ്. സമൂഹമാധ്യമങ്ങളിലൂടെ മനസ്സിലെ കറ പിടിച്ച ആശയങ്ങൾ പ്രചരിപ്പിക്കുന്ന എത്‌നോസെൻട്രിക് വ്യക്തികൾക്ക് കേവലം ഒരുദാഹരണം മാത്രമാണ് മേല്‍ പറഞ്ഞത്. കളറിസത്തിലൂടെ വ്യാപിക്കുന്ന വർഗീയത കളിക്കളത്തിൽ മാത്രം ഒതുങ്ങിക്കൂടുന്നില്ല. ചലച്ചിത്രം, തൊഴിൽ, പരസ്യങ്ങള്‍, ക്ലാസ് മുറികള്‍, വിനോദങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ വിവേചനം അതി ശക്തമായി നിലനില്‍ക്കുന്നുവെന്ന് പ്രത്യക്ഷമായും കാണാം.
എന്താണ് ഇത്രമാത്രം കറുപ്പിനെ വെറുക്കാനും വെളുപ്പിനെ ആരാധിക്കാനും കാരണം? ഇന്ത്യയിലേക്ക് കുടിയേറിവന്ന ആര്യന്മാർ വെളുത്തവരും ഇന്ത്യയിലെ സ്വദേശികള്‍ കറുത്തവരുമായിരുന്നു. രാജാക്കന്മാരും ദർബാറിലെ ഉന്നതസ്ഥാനീയരും തൊലിവെളുപ്പുള്ളവരായിരുന്നു. അങ്ങനെയാണ് ആ നിറത്തോട് ആളുകൾക്ക് ആരാധന തോന്നിത്തുടങ്ങിയത്. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചെറിയ തോതിലേ കളറിസം പ്രവർത്തിച്ചിരുന്നുള്ളൂ. എന്നാൽ, ബ്രിട്ടീഷ് ഭരണകാലത്ത് വർഗ്ഗീകരണം വലിയ തോതില്‍ ജനങ്ങള്‍ക്കിടയിൽ നടപ്പിലാക്കപ്പെട്ടു. ആനുപാദികമായി ബ്രിട്ടീഷുകാരുടെ എണ്ണം ഇന്ത്യക്കാരുടേതിനെക്കാള്‍ കുറവായിരുന്നല്ലോ. അതിനാല്‍ ബ്രിട്ടീഷ് കമ്പനികളിലും പ്രൊജക്ടുകളിലും തൊഴിലാളികളായി ഇന്ത്യക്കാരെ ആവശ്യമായിരുന്നു. വെളുത്ത തൊലിയും നിറവുമുള്ളവർക്ക് കൂടുതൽ യോഗ്യത നൽകുന്ന രീതി ബ്രിട്ടീഷുകാർ പിന്തുടർന്നിരുന്നു. ഇത് വർഗീയത പടരാൻ കാരണമായി. “Black Indians not allowed” എന്നെഴുതിയ ബോർഡുകൾ ബ്രിട്ടീഷുകാർ സ്ഥാപിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല, കോളനി ഭരണം നിലനിന്നിരുന്ന ഭൂമികളിലെല്ലാം ഇത്തരത്തിലുള്ള കളറിസം ഉയർന്നുവരികയും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു. വെളുപ്പിന് ഉയർന്ന സ്ഥാനവും കറുപ്പിന് താഴ്ന്ന സ്ഥാനവും എന്നതൊരു സമീപനത്തിലെ പ്രതിഭാസമായി നിലനിന്നു പോന്നു. ഒരു കണക്കെടുപ്പ് പ്രകാരം, ഇന്ത്യയിലെ സ്ത്രീകളിൽ 80 ശതമാനവും വെളുത്ത തൊലി നിറമുണ്ടായാൽ ഉയർന്ന ജീവിതം നയിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു.

പുതിയ ലോകക്രമത്തില്‍ വളരെ പ്രകടമായി നിലനില്‍ക്കുന്ന വർണവിവേചനം മുതിർന്നവരിലും ചെറിയ കുട്ടികളിലും പ്രതിഫലിക്കുന്നു. തൊഴില്‍, വിദ്യാഭ്യാസം, പൊതുവിടങ്ങള്‍ തുടങ്ങി എല്ലായിടത്തും തീവ്രമായി വർത്തിക്കുന്ന ബ്ലാക്ക് ആന്‍റ് വൈറ്റ് എന്ന് വേർതിരിവ് ഭാവം മനുഷ്യനില്‍ വൈറസ് പോലെ പടർന്നുപിടിക്കുന്നു. 1940 ൽ രണ്ട് മനശാസ്ത്രവിദഗ്ധർ കുറച്ച് കുട്ടികളിൽ ഒരു പരീക്ഷണം നടത്തി. വെളുപ്പും കറുപ്പും നിറമുള്ള രണ്ട് പാവകള്‍ അവർക്ക് മുമ്പിൽ നിരത്തി. കുട്ടികള്‍ ഏത് തിരഞ്ഞെടുക്കും എന്നറിയാന്‍. 90 ശതമാനം കുട്ടികളും വെളുത്ത പാവയെയാണ് തെരഞ്ഞെടുത്തത്. മറ്റൊരു ഞെട്ടിക്കുന്ന കാര്യം, ഈ പരീക്ഷണം നടത്തിയതാവട്ടെ കറുത്ത വർഗക്കാരുടെ മക്കള്‍ക്കിടയിലായിരുന്നു. മറ്റൊരു ഉദാഹരണം എടുത്താൽ, തുല്യ യോഗ്യതയുള്ള ഒരു പറ്റം യുവാക്കളിൽനിന്ന് തൊഴിൽ മേഖലയിലേക്ക് തെരഞ്ഞെടുക്കുന്നത് അവരിൽ വെളുത്ത നിറമുള്ളവരെയാകുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
മെലനോസൈറ്റ്‌സ് ഉൽപ്പാദിപ്പിക്കുന്ന മെലനിന്റെ അളവിൽ വരുന്ന വ്യത്യാസമാണ് മനുഷ്യരുടെ തൊലി നിറത്തിൽ വ്യത്യാസമുണ്ടാവാൻ കാരണം. മെലനിന്റെ അളവിലെ വർധനവ് തൊലിക്ക് കറുപ്പ് നിറം നൽകുന്നു. നിറം ഒരു വൈകല്യമോ, ഒരാളുടെ അധമത്തെ സൂചിപ്പിക്കുന്ന അടയാളമോ ആയി കണക്കാക്കേണ്ട ഒന്നല്ല. എന്നാൽ, പുതിയ ലോകക്രമത്തില്‍ നിറം ഒരു സുപ്രധാന മാനദണ്ഡമായി കണക്കാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതനുസരിച്ച് ജനങ്ങളുടെ ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക് വർഗീയത പടരുകയും ചെയ്യുന്നു.
“കറുപ്പിന് ഏഴഴക്” എന്ന ചൊല്ല് കേവലം മലയാളികളുടെ കവലപ്രസംഗങ്ങളിലും അന്തിച്ചർച്ചകളിലും എഴുത്തുകളിലും മാത്രമായി ഒതുങ്ങുന്നു എന്നതാണ് സത്യം. യുവ നടൻ ലുക്മാൻ അവറാൻ തന്റെ വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചപ്പോൾ, വരനെയും വധുവിനെയും നിറത്തിന്റെ അടിസ്ഥാനത്തിൽ പരിസഹിക്കുന്ന അനേകം കമന്റുകൾ കുമിഞ്ഞുകൂടിയിരുന്നു. “നിലവിളക്കിന്റെ അടുത്ത് കരിവിളക്ക് വെച്ച പോലെ” “കല്യാണം കഴിഞ്ഞു പോകുമ്പോൾ പെണ്ണിന്റെ അടുത്ത് ടോർച്ച് കൊടുത്തയക്കണം” “പേരിൽ മാത്രം ലുക്ക്” ഷാരൂഖാൻറെ മകൾ സുഹാന ഖാനും നിറത്തിന്റെ പേരിൽ പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
തൊലി കറുത്തത് കാരണം ആക്ടേഴ്സിന്റെ കഴിവ് പോലും മുഖവിലക്കെടുക്കാതിരിക്കുന്ന സാഹചര്യവും ചലച്ചിത്ര മേഖലയിൽ നിത്യമായിരിക്കുന്നു. അവരുടെ കഴിവനുസരിച്ചുള്ള റോളുകൾ ലഭിക്കാതെ പോകുന്നു. ഒരു മുഖ്യകഥാപാത്രത്തിന്റെ പ്രധാന സവിശേഷതയായി വെളുത്ത നിറം പരിഗണിക്കപ്പെടുമ്പോള്‍ വില്ലന്‍റെ അടയാളമാകുന്നത് വിരൂപവും ഇരുണ്ടനിറവുമാണ്. ഇനി കറുത്ത തൊലിയുള്ള അഭിനേതാക്കളെ കഥാപാത്രങ്ങളിലേക്ക് വെളുപ്പിച്ച് കടത്തുന്ന രീതി സിനിമകളില്‍ വ്യാപകമാണ്. എന്ത് കൊണ്ട് കഴിവുള്ള എല്ലാവർക്കും ഒരേ പരിഗണന കൊടുക്കുന്നില്ല. കഴിവുണ്ടായിട്ടും ജനപ്രീതി ലഭിക്കാത്ത ഒരുപാട് സെലിബ്രിറ്റികള്‍ യഥാർത്ഥ ശരീരത്തെ പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റംവരുത്തുന്നു. ലോക പ്രശസ്ത പോപ്പ് സംഗീതജ്ഞനും ഡാൻസറുമായ മൈക്കിൾ ജാക്സൺ അതിലൊരു ഉദാഹരണം മാത്രം. ഇത്തരം മേഖലകളിൽ വെളുപ്പിനുള്ള മുൻഗണനയും കറുപ്പിനോടുള്ള അവഗണനയും ആരാധകരുടെ ഹൃദയത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.
കറുപ്പിനെ പരിഹസിക്കുന്ന പരസ്യങ്ങള്‍ പ്രിന്‍റ് വിർച്ച്വല്‍ മീഡിയകളില്‍ സജീവമാണ്. പതിവുമാണ്. ഒരു കറുത്ത കുട്ടി പിയേഴ്‌സ് സോപ്പ് ഉപയോഗിച്ച് കുളിക്കുമ്പോൾ വെളുക്കുന്നു. നിറത്തെ പച്ചക്ക് പരിസരിക്കുന്ന പിയേഴ്സിന്‍റെ പരസ്യം കേവല ഉദാഹരണം മാത്രമാണ്. സൗന്ദര്യം വർധിപ്പിക്കാനായി ഉപയോഗിക്കുന്ന ഫെയർ ആൻഡ് ലൗലിയുടെ പരസ്യങ്ങളും ഇതിന് ഉദാഹരണം തന്നെ. ഐ.എ.എസ് പോലെയുള്ള പരീക്ഷകളിൽ ജയിക്കാൻ വരെ ശരീരം വെളുക്കുന്ന ഈ ക്രീം തേച്ചാൽ മതി എന്നതാണ് ഈ പരസ്യത്തിന്‍റെ ഭയങ്കരമായൊരു എക്സ്റ്റന്‍ഷന്‍. ഉയർന്ന നിലവാരമുള്ള ജീവിതത്തിനും മികച്ച ശാരീരിക പക്വതക്കും വെളുത്ത തൊലി നിർബന്ധമാണെന്ന സന്ദേശം കൈമാറുന്നു എന്നതിലപ്പുറം അതിലെ അഭിനേതാക്കളായ കറുത്തവർഗക്കാരെ ദയയില്ലാതെ കാഷ്കൊടുത്ത് പരിഹസിക്കുകയാണ് ചെയ്യുന്നത്. സാമ്പത്തിക വർധനവിനും വില്പനക്കും വേണ്ടി കളറിസം കൊണ്ട് വരുന്നതിലൂടെ കാണികളുടെ മനസ്സിൽ പ്രകടമായി തന്നെ ഇത് ആഴ്ന്നിറങ്ങുന്നു
വർഷങ്ങളായി യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കൻ രാജ്യങ്ങളിലും നിറത്തിന്റെ പേരിലുള്ള അടിച്ചമർത്തലുകൾ പ്രത്യക്ഷമായി തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ് 2013-2019 കണക്കെടുപ്പിൽ കാലിഫോണിയ, ടെക്‌സാസ്, ഫ്ലോറിഡ എന്നീ അമേരിക്കൻ സ്റ്റേറ്റുകളിലാണ് കൂടുതൽ കറുത്ത വർഗക്കാർ കൊല്ലപ്പെട്ടത്. 40 വയസ്സുകാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം അതിൽ ഒരുദാഹരണം മാത്രം. മോഷണ കേസിലെ പ്രതിയെന്ന് കള്ളക്കേസില്‍ കുരുക്കി അറസ്റ്റ് ചെയ്ത ശേഷം വിലങ്ങണിയിച്ച് പോലീസിന്റെ മുട്ടിനരികിൽ ഞെരിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തത്. ഇത്തരത്തിൽ അധികാര സ്ഥാനങ്ങളിൽ സ്വാധീനമുള്ള വെളുത്ത വർഗക്കാർ താഴേക്കിടയിലുള്ള കറുത്ത വർഗ്ഗക്കാരെ ചൂഷണം ചെയ്യുന്നത് പതിവായിരുന്നു.
എന്നാൽ ഇത്തരം വർണവെറികൾക്കിടയിലും കളിയാക്കലുകൾക്കിടയിലും അതിജീവിച്ച് മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ ഏറെ തന്നെയാണ്. ഈയിടെയായി സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിലൂടെ തരംഗമായി തീർന്ന മലയാളിയായ കാജൽ ഒരു ഇന്റർവ്യൂയിൽ, താൻ ചെറുപ്പത്തിൽ നിറത്തിന്റെ പേരിൽ വളരെയധികം കളിയാക്കലുകളും അപമാനങ്ങളും നേരിട്ടുവെന്നും തനിക്ക് സുഹൃത്തുക്കൾ ഇല്ലായിരുന്നു എന്നും ഇപ്പോൾ തനിക്ക് നിറത്തിനാൽ തന്നെ പ്രശസ്തയാവാൻ സാധിച്ചുവെന്നും തുറന്നു പറയുന്നുണ്ട്.
1968 ൽ മെക്സിക്കോ ഒളിമ്പിക്‌സ് ചരിത്രത്തിൽ അടയാളപ്പെടുത്തിയത് കറുത്ത വർഗക്കാരായ താരങ്ങളുടെ പ്രതിഷേധത്തിലൂടെയാണ്. മെഡൽ ദാനചടങ്ങിൽ ദേശീയ ഗാനം ഉയരുമ്പോൾ അമേരിക്കൻ താരങ്ങൾ തലതാഴ്ത്തി കറുത്ത ഗൗൺ അണിഞ്ഞ് മുഷ്ടി ഉയർത്തിപ്പിടിച്ചു. കറുത്ത വർഗക്കാർ നേരിടുന്ന പീഢനങ്ങൾക്കെതിരെയുള്ള ഈ പ്രതിഷേധം അറിയപ്പെടുന്നത് ബ്ലാക്ക് പവർ സല്യൂട്ട് എന്ന പേരിലാണ്. അമേരിക്കയില്‍ കറുത്ത വർഗക്കാര്‍ക്കുവേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് കൊല്ലപ്പെട്ടതും ആ വര്‍ഷമായിരുന്നു. ഒളിമ്പിക്സിന് എത്തിയ അമേരിക്കന്‍ ട്രാക്ക് ഏന്‍ഡ് ഫീല്‍ഡ് ടീമിനകത്തു പോലും വംശീയ വിദ്വേഷം നിറഞ്ഞു. പുരുഷ വിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ ആഫ്രിക്കന്‍ വംശജനായ അമേരിക്കന്‍ താരം ടോമിസ്മിത്ത് ലോകറെക്കോർഡോടെ വിജയം നേടുകയായിരുന്നു.
യൂറോപ്യൻ ഗാലറിയിൽ വർണവെറി ആളിക്കത്തിരുന്ന സമയം, 2012. സ്പാനിഷ് ലീഗിൽ വില്ലറയലിനെതിരെയുള്ള മത്സരത്തിൽ ബാഴ്‌സലോണക്കുവേണ്ടി ഒരു കോർണർ കിക്ക് എടുക്കാന്‍ ഡാനി ആൽവസ് ലൈനിലെത്തി. ആ സമയത്താണ് വില്ലറയലിന്‍റെ ആരാധകർ പഴം ദേഹത്തേക്ക് വലിച്ചെറിഞ്ഞ് പരിഹസിച്ചത്. സാധാരണ ഇത്തരം അവസ്ഥയിൽ തളർന്നു പോകുന്ന കളിക്കാരെ പോലെയായിരുന്നില്ല ഡാനിയുടെ പ്രതികരണം. അദ്ദേഹം ആ പഴം എടുത്ത് കഴിച്ച ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ കോർണർ കിക്കെടുത്തു. ഈ സംഭവത്തിനുശേഷം ഒരുപാട് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പഴം തിന്നുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത പ്രസിഡന്റായി സ്ഥാനമേറ്റ നെൽസൺ മണ്ടേല വർണ വിവേചന വിരുദ്ധ പ്രവർത്തകനായതിന്റെ പേരിൽ 27 വർഷം ജയിലിൽ കിടന്നിട്ടുണ്ട്. 1993 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക് ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു. ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഇന്ത്യ മണ്ടേലയെ ആദരിക്കുകയും ചെയ്തു. ഓസ്കാർ ചരിത്രം രചിച്ച കറുത്ത വർഗംക്കാർ ഏറെയാണ്. ഡാനിയൽ കലൂയ, റൂത്ത് ഇ കാർട്ടർ, ഹന്നി ബെച്ചലർ, റജീന കിങ്, മാൽക്കം എക്‌സ്, ഹാലെ ബെറി എന്നിവർ ഓസ്കാർ അവാർഡ് കാരസ്ഥമാക്കിയവരാണ്. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യനെ അളക്കേണ്ടത് മൂല്യങ്ങളുടെ പേരിലാണ്. അറിവിന്‍റെയും പക്വതയുടെയും പേരിലാണ്. കഴിവിന്‍റെയും നീതിയുടെയും പേരിലാണ്. നിറ വിവേചനവും ഭൂമിശാസ്ത്രപരമായ പുറന്തള്ളലുകളും ഒരിക്കലും നടക്കാതിരിക്കട്ടെ.
Kakka Kulichal Kokkakumo, a writeup by Muhammed Shemil on Black identity politics