കൊൽക്കത്ത; നിർവികാരതയുടെ നഗരം

4 MINUTES READ

വായിച്ചും കേട്ടും മാത്രമറിഞ്ഞ ടാഗോറിൻ്റെ പശ്ചിമബംഗാൾ. ഒന്നരനൂറ്റാണ്ടു കാലം ബ്രിട്ടീഷ് രാജിൻ്റെ തലസ്ഥാനനഗരിയായി വെള്ളക്കാരൻ്റെ സർവ മുന്നേറ്റങ്ങൾക്കും പ്രാണവായു നൽകിയ നഗരം. സമൂലമായ പരിവർത്തനങ്ങൾ സൃഷ്ടിച്ച ദേശീയചിന്തകളുടെ നായകർക്ക് ജന്മംനൽകിയ നാട്. എളുപ്പം പറഞ്ഞാൽ പെൺകരുത്തിൻ്റെ ആൾരൂപമായ ദീദിയും ക്രിക്കറ്റ് ഇതിഹാസം ദാദയുമൊക്കെ കളം വാഴുന്ന, ഒരുകാലത്ത് ഇടതുപക്ഷ കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന ഇടം. ഞാനിതെഴുതുമ്പോൾ മമത തരംഗത്തിൽ മൂന്നുപതിറ്റാണ്ടിലധികം കാലം ബംഗാൾ ഭരിച്ച ഇടതുപക്ഷ പാർട്ടികളും സി.പി.എമ്മും അവിടെ നാമാവശേഷമായിക്കഴിഞ്ഞിരുന്നു. സാഹിത്യവും ചരിത്രവും സംസാരവുമൊക്കെ ഒന്നായി മാറുന്നൊരിടം. നോവലിസ്റ്റും ബംഗാളി ദേശീയതയുടെ പിതാവുമായ രാജാറാം മോഹൻറോയും ദേശീയഗീതത്തിൻ്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജിയും ബംഗാളി കവി ഖാസി നസ്റുൽ ഇസ്ലാമുമൊക്കെ വിദ്യാഭ്യാസ വിപ്ലവം സാധ്യമാക്കിയ നാട്. ഫാക്ടറികളിൽ നിന്നുള്ള അഴുക്കുകളാൽ മലിനമാക്കപ്പെട്ട് ചുടുരക്തം കണക്കെ ബംഗാളിൻ്റെ ഞരമ്പിലോടുന്ന അനേകം നദികളുടെ പിതൃഭൂമിയായ വംഗനാട്.

ഹൗറയിൽ നിന്നുള്ള ആദ്യയാത്ര തലസ്ഥാനനഗരിയായ കൊൽക്കത്തിയിലേക്കായിരുന്നു. പതിമൂന്ന് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഈ നഗരത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മഹാനഗരമെന്ന ഖ്യാതിയുണ്ട്. എന്തുമാത്രം ജനസാന്ദ്രതയാണ് ഈ പട്ടണത്തിലെന്ന് കണ്ടറിയേണ്ട കാര്യംതന്നെയാണ്. തിരക്കുകളിലേക്ക് ഉൾവലിയുന്ന പുരുഷാരങ്ങളും മഞ്ഞനിറത്തിലുള്ള അംബാസിഡർ കാറുകളെ തൊട്ടുരുമ്മി പോകുന്ന റിക്ഷവണ്ടികളും കൊൽക്കത്തയെ പതിയെ വരച്ചിടാൻ തുടങ്ങി. മറ്റെവിടെയുമില്ലാത്ത തിരക്കാണ് ഹൗറയിലെ ഓരോ ഗല്ലികളിലും. ആ നഗരത്തിൻ്റെ ചൂടിലും ചൂരിലുമലിഞ്ഞ് ഞങ്ങൾ പതിയെ നടന്നുനീങ്ങി. ഒട്ടിയ വയറും കൊടിയ ചൂടുമൊക്കെ പെട്ടെന്നുതന്നെ ക്ഷീണിതരാക്കി. ഉള്ളം തണുപ്പിക്കാനായി കൂൾ ഡ്രിങ്ക്‌സ് കിട്ടുന്ന ചെറിയ കടകൾ തേടിയലഞ്ഞു. ഒടുവിൽ ഒരു കടയിൽനിന്ന് നല്ല തണുത്ത ലസ്സിതന്നെ കിട്ടി. ട്രാവൽസ് കം കൂൾ ഡ്രിങ്ക്സ് കടയാണത്. ഒറ്റനോട്ടത്തിൽ ആ ചെറിയ ഇടത്ത് ഇത്രയധികം സെറ്റപ്പുകളുണ്ടെന്ന് തോന്നുകയേയില്ല. ചെറിയ ഷീറ്റു പാകിയ കടകളിൽപോലും നടക്കുന്നത് വലിയ വലിയ ഇടപാടുകളാണ്. അവിടെച്ചെന്ന് ചോദിച്ചാൽ ഹൗറ റെയിൽവേ ടെർമിനലിൽനിന്ന് എങ്ങോട്ടേക്കുമുള്ള ബ്ലാക്ക് ടിക്കറ്റുകൾ ലഭിക്കും. കാശ് കുറച്ചധികം കൊടുക്കണമെന്നുമാത്രം.

ദൈന്യതയുടെ ഗീതികൾ ഉയർന്നുപൊങ്ങുന്ന ഗല്ലികൾക്കപ്പുറം എവിടെ നിന്നും കാണാവുന്ന ഹൗറയുടെ മേൽവിലാസമായ രബീന്ദ്ര സേതുവിൻ്റെ സ്‌തൂപങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്. ഞങ്ങൾക്കെത്തേണ്ടത് ഹൗറയിൽനിന്ന് പതിനഞ്ച് കിലോമീറ്ററകലെ ഓൾഡ് കൊൽക്കത്തയിലെ വാണിജ്യകേന്ദ്രമായ സക്കറിയ സ്ട്രീറ്റും ബഡാബസാറുമൊക്കെ നിലകൊള്ളുന്ന, നിർമാണവൈഭവത്താലുള്ള വാസ്തുവിദ്യകളാൽ അത്ഭുതപ്പെടുത്തുന്ന നാഖുദാ മസ്‌ജിദിലേക്കാണ്. മുഗൾ ചക്രവർത്തി അക്ബറിൻ്റെ ശവകുടീരത്തിന് സമാന മാതൃകയിലാണതുണ്ടാക്കിയിരിക്കുന്നത്. പാകിസ്ഥാനിലെ സിന്ധി ൽനിന്നും ഗുജറാത്തിലെ കച്ചിലേക്ക് കുടിയേറിപ്പാർത്ത കച്ച് മേമൻ വിഭാഗം അവരുടെ നേതാവ് അബ്ദുറഹ്‌മാൻ ഉസ്‌മാനെന്നവരുടെ സാമ്പത്തിക നിക്ഷേപത്തിലായിരുന്നു 1926 ൽ ഇത് പണിയുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അയാളുടെ തൊഴിലായ സമുദ്രയാത്രയുമായി ബന്ധപ്പെടുത്തി കപ്പലോട്ടക്കാരനെന്നർഥം വരുന്ന നാഖുദായെന്ന നാമവും ചാർത്തിക്കൊടുത്തു.

ബഡാബസാറിലേക്ക് യാത്ര ചെയ്യുമ്പോൾ ഞാൻ കൗതുകത്തോടെ നോക്കിനിന്നത് നിരത്തുകളിലെ അനിയന്ത്രിതമായ തിരക്കായിരുന്നു. തകരക്കൂടുപോൽ തോന്നിക്കുന്ന ആകാശനീലയും മഞ്ഞയും ചേർന്ന കുറിയ ടൗൺബസ്സുകൾ കാലപ്പഴക്കത്തിൻ്റെ മൂർത്തിഭാവങ്ങളാണ്. അരിച്ചരിച്ചുപോകുന്ന മഞ്ഞനിറത്തിലുള്ള അംബാസിഡർ കാറുകൾ. നമ്മുടെ നാട്ടിലായിരുന്നു ഇത്തരമൊരു കാഴ്ച‌യെങ്കിൽ ആ ബസ്സുകൾക്ക് മോട്ടർ വെഹിക്കിൾ വകുപ്പെന്നോ റീത്തു വക്കുമായിരുന്നു. ചുറ്റിലും ഒടിവും ചതവും മാത്രമുള്ള ബസ്സുകളും വണ്ടികളും ആ നഗരത്തിലെ രൂക്ഷമായ തിരക്കിനെ തൊട്ടുകാണിക്കുന്നുണ്ട്. മുമ്പിൽ പതിപ്പിച്ച നമ്പറൊന്നും നോക്കാതെത്തന്നെ ഞങ്ങളൊരു ബസ്സിൽ കയറിപ്പറ്റി. കൂടെയുള്ളവർക്കൊക്കെ ഹിന്ദിയും ഉറുദുവുമൊക്കെ നല്ലപോലെ അറിയുന്നതുകൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയില്ല. ഇടുങ്ങിയ വഴികളും പൊളിഞ്ഞു നിലംപൊത്താറായ കെട്ടിടങ്ങളും ബ്രിട്ടീഷ് ആധിപത്യം ബാക്കിവെച്ച അപൂർവ കാഴ്‌ചകളായി നിലകൊള്ളുന്നു.

നിരത്തുകളിലൂടെ സൈക്കിൾറിക്ഷകൾ വലിച്ചുകൊണ്ടുപോകുന്ന വിഷാദമുഖമുള്ള മനുഷ്യക്കോലങ്ങൾ വർത്തമാനകാലത്തെ നോക്കി കിതച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിൻ്റെ പ്രഭാതം മുതൽ പ്രദോഷംവരെയും വ്യത്യസ്‌തമായ ജോലികൾ ചെയ്‌ത് ഒന്നും നേടാനാകാതെ തോറ്റുപോയ ജന്മങ്ങൾ, നിരക്ഷരതയും അരക്ഷിതാവസ്ഥയും ഒരുപോലെ കളംവാഴുന്ന ദയനീയ കാഴ്‌ചകൾ, നാളെയുടെ പുതുകിരണങ്ങളെ ആശങ്കയോടെമാത്രം നോക്കിക്കാണുന്ന വളർന്നുവരുന്ന യൗവനങ്ങൾ, സഞ്ചാരികളുടെ കാൽക്കൽ ചാടിവീണ് ഭിക്ഷ ജീവിതമാർഗമായി സ്വീകരിക്കാൻ നിർബന്ധിപ്പിക്കപ്പെടുന്ന കവിളൊട്ടി താടിയെല്ല് പുറത്തേക്കുന്തി നിൽക്കുന്ന എത്രയോ ബാല്യങ്ങൾ. ആരുടെയും മുഖത്ത് സന്തോഷമോ ചിരിയോ പടരുന്നേയില്ല. വെയിലും വെള്ളവും കിട്ടാതെ പാതിവഴിയിൽ കൊഴിഞ്ഞു വീണ പനിനീർപ്പൂവുപോലവർ സുഗന്ധം പൊഴിക്കാതിരിക്കുന്നു. പിന്നെയെങ്ങനെയാണ് നമ്മൾ കൊൽക്കത്തയെ ആനന്ദത്തിൻ്റെ നഗരമെന്ന് പേരിട്ടു വിളിക്കുന്നത്. എന്തുമാത്രം വിരോധാഭാസങ്ങളുടെ ലോകത്താണ് നമ്മളിങ്ങനെ കൃത്യമായ മറുപടികളില്ലാതെ ഞെരുങ്ങി ജീവിക്കുന്നത്.

ബസ്സ് ഹൗറ പാലത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ദൂരക്കാഴ്ചയിലെ സങ്കൽപങ്ങളെ എത്ര പെട്ടെന്നാണത് പൊളിച്ചെഴുതിയത്. വെറുമൊരു പാലമാണെന്ന ചിന്തകൾക്കപ്പുറം വിസ്മയങ്ങളുടെ കലവറ തുറക്കുന്ന ഹൗറ! നമ്മൾ മനുഷ്യരങ്ങനെയാണ്, പലതിനെയും അടുത്തറിയാതെ ദൂരെനിന്ന് വിധിയെഴുതുന്നവർ. ദിവസേന എത്രയെത്ര സങ്കടങ്ങളും പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ഈ പാലം മറുകര കയറ്റുന്നതെന്ന് അതിനുമാത്രമെ അറിയൂ. ഹൂഗ്ലി നദിക്കു കുറുകെ നീണ്ടും പരന്നും കിടക്കുന്ന പാലത്തിൻ്റെ യഥാർഥ നാമം രബീന്ദ്ര സേതുവെന്നാണ്. 1942ൽ പണി പൂർത്തിയായ പാലം എഴുപതടി വീതിയും എട്ടുവരിപ്പാതയുമുൾക്കൊള്ളുന്നതാണ്. തൊട്ടടുത്തായുള്ള നടപ്പാത ഒരുപാടുപേർക്ക് ഒരേസമയം സഞ്ചാരസൗകര്യം നൽകുന്നുമുണ്ട്. പലരും ചിത്രങ്ങൾ ഒപ്പിയെടുക്കുന്നത് ഈ പാതകളിൽ നിന്നാണ്. ഇതൊന്നും ദിനേന ഇതിലൂടെ ഹൂഗ്ലി നദി മുറിച്ചുകടക്കുന്ന ബംഗാളികൾക്ക് പുതുമയുള്ള കാര്യങ്ങളേയല്ല.

ഹൗറ പാലം പണിയുന്നതിനുമുമ്പ് ചങ്ങാടങ്ങൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ പാലത്തിലൂടെയായിരുന്നു അന്നുള്ളവർ നദി മുറിച്ചു കടന്നിരുന്നത്. ഹൗറക്ക് മുമ്പ് ഹൂഗ്ലിക്കു കുറുകെയുണ്ടായിരുന്ന ആ പാലത്തിന് പോതൂണെന്നായിരുന്നു നാമം. ട്രെയിനിറങ്ങിയ സമയത്ത് ഹൂഗ്ലി നദിക്കരികെ അവിടത്തെ കാഴ്‌ചകൾ കാണാൻ ഞങ്ങൾ പോയിരുന്നു. ഒട്ടും വൃത്തിയില്ലാത്ത പുഴക്കടവിൽ ആൺ പെൺ വ്യത്യാസമില്ലാതെ നൂറു കണക്കിനാളുകൾ കുളിക്കുന്നതും മറ്റുചിലർ വിദൂരതയിലോട്ടു കണ്ണുനട്ടിരിക്കുന്നതും ഞങ്ങൾ നോക്കിനിന്നു. ആത്മശുദ്ധീകരണത്തിനുവേണ്ടി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയെ ബംഗാളികൾ കൂടുതലായി ആശ്രയിക്കുന്നതിൻറെ അടയാളങ്ങൾ ഞങ്ങൾക്കവിടെ കാണാമായിരുന്നു.

ബസ്സിനു തൊട്ടടുത്തായി ട്രാമുകൾ ഭീകരശബ്ദം തീർത്ത് സഞ്ചാരികളെ അലോസരപ്പെടുത്തി ഇടക്കിടെ കടന്നുപോകുന്നുണ്ട്. തകരക്കൂടു പോലുള്ള ബസ്സുകൾ പോലെത്തന്നെ കാഴ്ചയിൽ ട്രാമുകളും കാലപ്പഴക്കം ചെന്ന് വാർധക്യത്തിലേക്കെത്തിയിട്ടുണ്ട്. നിരത്തുകളിൽ ട്രാമിന് കടന്നുപോകാനുള്ള ഇരുമ്പുപാതകളും കാണാം. പുക തുപ്പി റെയിൽപ്പാളത്തിലൂടെ കടന്നുപോകുന്ന തീവണ്ടികൾ മാത്രം കണ്ടു പരിചയിച്ച നമുക്ക് അതൊരു കൗതുകക്കാഴ്‌ച തന്നെയാണ്. ഇന്ന് വലിയ സ്വീകാര്യതയില്ലെങ്കിലും ഒരുകാലത്ത് ഇന്ത്യയിൽ കൊൽക്കത്തക്കു മാത്രം അവകാശപ്പെടാവുന്നൊരു സംവിധാനമായിരുന്നുവത്.
ചെന്നൈയിലും മുംബൈയിലും ഒരുകാലത്ത് ഇത്തരം ട്രാമുകളുണ്ടായിരുന്നെങ്കിലും ഇന്നും പ്രവർത്തിക്കുന്നത് ഇവിടെ മാത്രമാണ്.

ഉദ്ദിഷ്ട സ്ഥലമായ ബഡാബസാറിനടുത്തായി ഞങ്ങൾ ബസ്സിറങ്ങി. ഗല്ലികളിലെ ആൾത്തിരക്കുകളും കാൽപ്പെരുമാറ്റവുമൊക്കെ ബഡാബസാറിനെ സാമാന്യ സങ്കൽപങ്ങൾക്കപ്പുറത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നു. കഥകളിലും സിനിമകളിലും മാത്രം കേട്ടുപരിചയിച്ചിരുന്ന നിഗുഢതകൾ നിറഞ്ഞ, മാഫിയകളുടെയും കൊലപാതകങ്ങളുടെയും സങ്കേതമായ കൊൽക്കത്ത നഗരം, അവിടെയില്ലാത്ത കച്ചവടമോ നടക്കാത്ത ഇടപാടുകളോ ഒന്നുമില്ലെന്ന് നിസ്സംശയം പറയാം! പഴമയുടെ തുറന്നിട്ട ജാലകപ്പടികളിലൂടെ ബഡാബസാറിലേക്ക് ഏന്തിനോക്കുന്ന ആബാലവൃദ്ധം ജനങ്ങൾ മങ്ങിയ നാളെകളെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ അതോ ഇന്നുകളിൽ മാത്രം ജീവിക്കുന്നവരാണോ, അറിയില്ല!

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഗൂര്‍ഖകളുടെ നാട്ടില്‍ എന്ന പുസ്തകത്തില്‍നിന്ന്)

Kolkata travelogue by UK Ajmal, taken from the book Goorkhakalude Nattil

ഗൂർഖകളുടെ നാട്ടിൽ

യു.കെ അജ്മൽ

ഇന്ത്യയുടെ ഏറ്റവും വിദൂരമായ മൂന്ന് അതിർത്തി മേഖലകളിലേക്കുള്ള യാത്രകളാണ് പ്രധാനമായും ഈ പുസ്തകം. അതിൽ ഗൂർഖാലാൻഡും കാശ്മീർ താഴ്വരയും പൊതുവെ മലയാളിക്ക് പരിചിതമാണെങ്കിലും മ്യാൻമർ അതിർത്തിയിലെ മാറാലാൻഡ് ഒരുപക്ഷേ, മലയാളി വായനയിൽ അന്യമായ ഭൂമികയാണ്. ആർഭാടങ്ങളേതുമില്ലാത്ത ഈ യാത്രകൾക്ക് ശരിക്കും തീർഥാടനങ്ങളുടെ ലാളിത്യവും കാഠിന്യവുമുണ്ട്. കൗതുകം മാത്രമാണ് യാത്രികന്റെ ഇന്ധനം. അതുകൊണ്ട്, ഉറക്കമോ ക്ഷീണമോ വിശപ്പോ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നേയില്ല. ഓരോ ഇടങ്ങളിലെയും കാലികവും ചരിത്രപരവുമായ വിവരങ്ങൾ അടുക്കോടെ അഴകുള്ള ഭാഷയിൽ ചേർത്തുവച്ചിട്ടുണ്ട് പുസ്തകത്തിൽ.

യു.കെ അജ്‌മൽ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy