12 വർഷം പഴക്കമുള്ള
ഒരു ലാൻസർ കാറായിരുന്നു
ഞങ്ങളുടെ വീട്
അതിൻ്റെ തിരിയാനിടമില്ലാത്ത
സിറ്റൗട്ടിലിരുന്ന് ആകാശം കണ്ടു
ആ ആകാശം ആകാശത്തെക്കാൾ നിറഞ്ഞു
ഇപ്പോൾ താഴേക്കു ചാടുമോയെന്ന്
നക്ഷത്രങ്ങൾ കുതറി
അവസാന ബെല്ലടിച്ചിട്ടും
സ്‌കൂളിലേക്കോടാതെ കുട്ടികൾ
മാവിൻചുവട്ടിൽ നിൽക്കുംപോലെ
ഞങ്ങൾ താഴെ
കാറ്റ് എപ്പോൾ വേണമെങ്കിലും വരും
12 വർഷം പഴക്കമുള്ള
ഒരു ലാൻസർ കാറായിരുന്നു
ഞങ്ങളുടെ വീട്
അതിൻ്റെ പുകയും മണവും നിറഞ്ഞ
അടുക്കളയിലിരുന്ന്
കടൽ കണ്ടു
ആ കടൽ കടലിനെക്കാൾ പരന്നു
ആഴത്തിലൂടെ നീന്തിയ മീനുകൾ
ചോദിച്ചു ‘പോരുന്നോ?’
ഉച്ചയായി വിശന്നിട്ടും
ഒരു വരാൽ വരാനുണ്ടെന്നു കാത്ത്
പിന്നെയുമിരിക്കുന്ന ചൂണ്ടക്കാരനെപ്പോലെ
ഞങ്ങൾ
കണ്ണീരിൻ്റെയും കൈത്തോടിൻ്റെയും
വഴികൾ കടൽമീനുകൾക്കറിയില്ല
കാർമേഘം എപ്പോൾ വേണമെങ്കിലും വരാം
12 വർഷം പഴക്കമുള്ള
ഒരു ലാൻസർ കാറായിരുന്നു
ഞങ്ങളുടെ വീട്
അതിൻ്റെ കർട്ടനുകളില്ലാത്ത
ജനാലക്കരികിലിരുന്ന്
കാടു കണ്ടു
ആ കാട് കാടിനെക്കാൾ കറുത്തു
എന്തേ വരാൻ വൈകിയെന്ന പരിഭവം നടിച്ച്
മരങ്ങൾ
ചില്ലകൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും
നിലാവ്
മിന്നാമിനുങ്ങുകൾ നെൽക്കതിരുകൾ
കാണുംപോലെ ഞങ്ങൾ
വെളിച്ചപ്പെടാത്ത മുറിവുകളുണ്ട്
ഒരിടിമിന്നൽ എപ്പോൾ വേണമെങ്കിലും വരും
12 വർഷം പഴക്കമുള്ള
ഒരു ലാൻസർ കാറായിരുന്നു
ഞങ്ങളുടെ വീട്
അതിൻ്റെ പരുത്തതും അല്ലാത്തതുമായ
ഇടങ്ങളിലിരുന്ന്
ഞങ്ങൾ പരസ്‌പരം
വിശപ്പും ദാഹവും മാറ്റി
കലഹിച്ചു
പ്രാർഥിച്ചു
വിശുദ്ധപുസ്‌തകം വായിച്ചു
ഇടക്കിടെ ആരും കാണാതെ
അവൾ പാവക്കുഞ്ഞുങ്ങൾക്ക്
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി
അപ്പോഴെല്ലാം സിഗരറ്റുവലിക്കാനെന്ന വ്യാജേന
ഞാൻ പുറത്തേക്കു പോയി
അപ്പോൾ ഞങ്ങൾക്കിടയിൽ
ആകാശം, കടൽ, കാട്
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച തടാകത്തില്‍ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴല്‍ എന്ന പുസ്തകത്തില്‍നിന്ന്)
Malayalam Poem Written by Kuzhur Wilson