ദ്വീപുവാസികളും മൂഷിക സാമ്രാജ്യത്വവും

6 MINUTES READ

പിഞ്ഞാണപ്പാത്രത്തിൻ്റെ രഹസ്യവുമന്വേഷിച്ച് ഞാന്‍ ദ്വീപിലേക്ക് പുറപ്പെടുന്നതിനും ഏതാണ്ട് നാലര ദശകം മുമ്പ്, അതായത് കന്നഡനാടിലെ സൂഫീവര്യനായ ഒരാള്‍ പായക്കപ്പലിലേറി ഈ ദ്വീപിലിറങ്ങി ഏകദേശം മൂന്നു നൂറ്റാണ്ടിനുശേഷം, ഇനിയും കൃത്യമായി പറഞ്ഞാല്‍ ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാലില്‍ കുടകില്‍ നിന്നുള്ള യുവാവായ ഒരു മൂഷികശാസ്ത്രജ്ഞന്‍ എലിപ്പാഷാണത്തിൻ്റെ രഹസ്യവുമന്വേഷിച്ച് ഇതേ ലക്ഷദ്വീപിലേക്ക് വന്നിരുന്നു. ഇപ്പോളദ്ദേഹത്തിന് എണ്‍പതുവയസ്സ് കഴിഞ്ഞു. കുടകിലുള്ള തൻ്റെ കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്കാണദ്ദേഹം കഴിയുന്നത്. കൂട്ടിന് തോട്ടത്തിലുള്ള പണിക്കാരുടെ മക്കളുമുണ്ട്. ഈ കുട്ടികള്‍ അദ്ദേഹത്തിൻ്റെ ചെറിയ ബംഗ്ലാവ് മുഴുവനും കുഞ്ഞനെലികളെയും ചുണ്ടെലികളെയും പോലെ കലപില കൂട്ടി ഓടിക്കളിച്ചുകൊണ്ടിരിക്കുന്നു. ആ കുട്ടികള്‍ അങ്ങനെ ഓടിക്കളിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് ഉറക്കം വരില്ലത്രെ. അതുകൊണ്ടവരെ വീട്ടില്‍ കഴിഞ്ഞുകൂടാന്‍ അനുവദിച്ചിരിക്കുകയാണ്.

ഇദ്ദേഹം യൂറോപ്യന്‍ ശീലങ്ങളുള്ളൊരു മനുഷ്യനാണ്. നല്ല തമാശ പറച്ചില്‍ ഭയങ്കര ഇഷ്ടമാണ്. സന്ധ്യാസമയത്ത് നല്ല ഒന്നാന്തരം സ്‌കോച്ച് വിസ്‌കിയും കഴിച്ച് പ്രപഞ്ചത്തിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള തമാശകള്‍ പങ്കുവക്കും. അങ്ങനെപങ്കുവക്കുമ്പോള്‍ ഒരു ചെറുചിരി അദ്ദേഹത്തിൻ്റെ തലയ്ക്കുള്ളില്‍ നിന്ന് പുറപ്പെട്ട് ശബ്ദമുണ്ടാക്കാതെ ഉരുണ്ടുകൊണ്ട് വായിലൂടെ പുറത്തുവന്ന് ചെറിയ ഇടിമുഴക്കംപോലെ അവിടെയെല്ലാം വ്യാപിക്കും. പത്തുവര്‍ഷം മുമ്പ് ഞാന്‍ കുടകിലായിരുന്നപ്പോള്‍ അദ്ദേഹത്തിൻ്റെ നര്‍മസല്ലാപങ്ങളും ഇടിമുഴക്കംപോലെയുള്ള ചിരിയും ആസ്വദിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്, കൂടെ ഇടക്കിടെ വിസ്‌കിയും. ഇന്ത്യയിലെ വലിയൊരു മൂഷികശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ഇങ്ങനെ കുടകിലെ കാപ്പിത്തോട്ടത്തിലുള്ള ചെറിയ ബംഗ്ലാവില്‍ കുഞ്ഞനെലികളെപ്പോലെയുള്ള പാവപ്പെട്ട കുട്ടികളോടൊത്ത് ലളിത ജീവിതം നയിച്ചുവരുന്നത് എന്നെസംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. എന്നാല്‍, നാലു ദശകംമുമ്പ് എലിപ്പാഷാണത്തിൻ്റെ രഹസ്യവും തേടി ഇപ്പോള്‍ ഞാനെത്തിപ്പെട്ടിരിക്കുന്ന ഈ ദ്വീപിലേക്ക് അദ്ദേഹവും വന്നിരുന്നെന്ന കാര്യം എനിക്കറിയില്ലായിരുന്നു.

ഏകദേശം നാല്‍പ്പതുവര്‍ഷം മുമ്പത്തെ കഥയാണിത്. അക്കാലത്ത് യുവാവായ അദ്ദേഹം മുംബൈയിലെ ഒരു കീടനാശിനി കമ്പനിയില്‍ മൂഷികശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിൻ്റെ കമ്പനി ഉത്പാദിപ്പിച്ച പാഷാണവുമായി എലികള്‍ സാവധാനം പൊരുത്തപ്പെടുകയും അവയുടെ വംശാവലിയില്‍ പാഷാണത്തിനെതിരെയുള്ള പ്രതിരോധശക്തി വര്‍ധിക്കുകയും ഏതുതരത്തിലുമുള്ള പാഷാണത്തെയും കാര്യമാക്കാതെ അതിജീവിക്കുവാന്‍ കെല്‍പ്പുള്ളയിനം മൂഷികന്മാര്‍ തങ്ങളുടെ വംശത്തെ പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ ആയിനം എലികളെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ട പുതിയതരം പാഷാണം കമ്പനിക്ക് ഉണ്ടാക്കേണ്ടിയിരുന്നു. യുവശാസ്ത്രജ്ഞനായ അദ്ദേഹത്തിനായിരുന്നു ഗുരുതരമായ ആ പ്രശ്‌നം പരിഹരിക്കാനുള്ള ചുമതല ലഭിച്ചത്. എങ്കിലും ആ സമയത്ത് പറയാന്‍തക്ക ശാസ്ത്രജ്ഞനായി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ ഞാനിപ്പോള്‍ താമസിക്കുന്ന ലക്ഷദ്വീപിലെ സഹവാസം കാരണം പാഷാണത്തെ പ്രതിരോധിക്കാനുള്ള ശക്തിയാര്‍ജിച്ച് സങ്കല്‍പാതീതമാം വേഗത്തില്‍ സന്താനമുത്പാദിപ്പിക്കുന്ന ഒരു മൂഷിക കുടുംബത്തെ വളരെയടുത്തുനിന്ന് കാണാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. ഈ എലി കുടുംബത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തുകയും അതിൻ്റെ വംശത്തെ ഉന്മൂലനം ചെയ്യാനുള്ള പുതിയൊരു പാഷാണം കണ്ടുപിടിച്ച് പേരു സമ്പാദിക്കുകയും ചെയ്തു. ഈയൊരു നേട്ടം കാരണം ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷികസംഘടനയുടെ ഉപദേഷ്ടാവായി അദ്ദേഹം നിയമിക്കപ്പെടുകയുണ്ടായി.

മുംബൈയില്‍ ജോലി ചെയ്യുന്ന സമയത്ത തൻ്റെ കമ്പനിയുെട കോഴിക്കോട്ടുള്ള ഡിപ്പോയില്‍നിന്ന് ചാക്കുകണക്കിന് എലിപ്പാഷാണം ലക്ഷദ്വീപിലേക്ക് കയറ്റിയയക്കുന്നതിൻ്റെ കണക്ക് മുകളിൽ പറഞ്ഞ ഈ ശാസ്ത്രജ്ഞന്‍ അറിയാനിടയാകുന്നു. രാജ്യത്തെ മൊത്തം ഉത്പാദനത്തിൻ്റെ പകുതിയില്‍ കൂടുതലും കോഴിക്കോട്ടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന് വഞ്ചികളില്‍ ലക്ഷദ്വീപിലേക്കാണ് കയറ്റിയയച്ചുകൊണ്ടിരിക്കുന്നത്. എത്ര എത്തിച്ചുകൊടുത്താലും മതിയാകാത്ത ദ്വീപുവാസികളുടെ പാഷാണത്തിനുവേണ്ടിയുള്ള ആവശ്യം. ഇതിലെന്തോ രഹസ്യമുണ്ടെന്ന് കരുതി ഇതുവരെ പേരുപോലും കേട്ടിട്ടില്ലാത്ത ഈ ദ്വീപിലേക്ക് വരാന്‍ അദ്ദേഹം തയ്യാറാകുന്നു. മുംബൈയില്‍നിന്ന് പുറപ്പെട്ട അദ്ദേഹത്തിന് പക്ഷേ കോഴിക്കോട്ടെ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് പോകാനുള്ള അനുമതി ലഭിക്കുന്നില്ല. എത്ര കണ്ട് അപേക്ഷിച്ചാലും ലഭിക്കാത്ത സര്‍ക്കാര്‍ അനുമതി!

ഒടുവില്‍ അയാളൊരുപായം കണ്ടെത്തുന്നു. ഏതു തരത്തിലുമുള്ള പാഷാണത്തിനുമുമ്പിലും അടിയറവ് പറയാത്ത എലികളെ തീര്‍ത്തും ഉന്മൂലനം ചെയ്യാനുള്ള വിദ്യ തൻ്റെ കൈവശമുണ്ടെന്നും തനിക്കൊരു അവസരം തന്നാല്‍ ദ്വീപുവാസികള്‍ നേരിടുന്ന എലിശല്യത്തെ ശാശ്വതമായി ഇല്ലാതാക്കാമെന്നും ദ്വീപിലെ കൃഷിവകുപ്പിൻ്റെ തലവന് അദ്ദേഹം കത്തയക്കുന്നു. കുറേ മാസത്തെ കാത്തിരിപ്പിനുശേഷം അനുമതിയും ലഭിക്കുന്നു. ബേപ്പൂര്‍ തുറമുഖത്തുചെന്ന് ചെറുയാത്രാകപ്പലില്‍ കയറി ഒരു ദ്വീപിലിറങ്ങി അവിടെനിന്ന് ഒരു തോണിയില്‍ കയറി ഞാനിപ്പോള്‍ വസിക്കുന്ന ദ്വീപില്‍ ഏകദേശം നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പ് അദ്ദേഹം എത്തിച്ചേരുന്നു. കടലിനു നടുവിലെ ഈ ദ്വീപുകളെക്കുറിച്ചുള്ള സുന്ദരകഥകള്‍ തലക്കകത്ത് നിറച്ചുകൊണ്ട് ഇവിടെ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള അനന്യസുന്ദരികളെയും ബലിഷ്ഠരായ ആണുങ്ങളെയും മനസ്സില്‍ സങ്കല്‍പ്പിച്ചുകൊണ്ട് തോണിയിറങ്ങി വന്ന അദ്ദേഹത്തിന് ശോഷിച്ച പെണ്ണുങ്ങളെയും വാടിയ മുഖമുള്ള ആണുങ്ങളെയും കണ്ട് വളരെയേറെ നിരാശ തോന്നി.

ആകാശേത്തക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കല്‍പവൃക്ഷങ്ങളുടെ നീണ്ട നിരകള്‍. ഓരോ മരത്തിനടിയിലും എലികള്‍ കരണ്ടെറിഞ്ഞ മച്ചിങ്ങകള്‍. തെങ്ങിൻ്റെ ഓരോ കുലകളിലും പാരമ്പര്യമായി സന്താനോത്പാദനം നടത്തികൊണ്ട് സാമ്രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പല തരത്തിലുള്ള മൂഷികവംശങ്ങള്‍. ദ്വീപുവാസികളുടെ വിവരണാതീതമായ സങ്കടങ്ങള്‍ക്കും വിശപ്പിനും കാരണക്കാരായ എലികള്‍ യാതൊരു പാപബോധവുമില്ലാതെ ആള്‍ക്കാരുടെ കാലിനിടയില്‍ക്കൂടിതന്നെ കിരികിരി ശബ്ദമുണ്ടാക്കി ഓടിക്കളിക്കുകയാണ്. മുംബൈയിലെ തങ്ങളുടെ കമ്പനിയില്‍ തയ്യാറാക്കിയ എലിവിഷത്തിൻ്റെ കാലിപ്പാക്കറ്റുകള്‍ തെങ്ങിന്‍ചുവട്ടില്‍ ഉപയോഗശൂന്യമായ ആറ്റംബോംബുകളെപ്പോലെ ദയനീയമായി വീണുകിടക്കുന്നു. പാഷാണമുപയോഗിക്കുന്നതിലെ നിരര്‍ഥകത ദ്വീപുവാസികള്‍ മനസ്സിലാക്കിയെങ്കിലും മറ്റൊരു വഴിയുമില്ലാത്തതിനാല്‍ അവതന്നെ വീണ്ടും വീണ്ടും പ്രയോഗിക്കുന്നു. അരി, തേങ്ങ, വെല്ലം എന്നിവ ചേര്‍ത്തരച്ച് ‘എലിയപ്പം’എന്നൊരു പുതിയ പലഹാരം ചുട്ടെടുത്ത് അവയില്‍ തേന്‍പോലെ വിഷം പുരട്ടി മൂഷിക പരമാത്മാവിന് അവരത് സമര്‍പ്പിക്കുന്നു. അവയെ പ്രസാദംപോലെ സ്വീകരിക്കുന്ന എലിദേവന്മാര്‍ ഒന്നുകൂടി കൊഴുത്തു തടിച്ചുവളര്‍ന്ന് തങ്ങളുെട നാശം വിതക്കല്‍ യജ്ഞം തുടരുന്നു.

അക്കാലത്ത് ദ്വീപിലെ ആളുകള്‍ക്ക് അന്നം നല്‍കിയിരുന്നത് കല്‍പവൃക്ഷങ്ങള്‍മാത്രമായിരുന്നു. അതില്‍നിന്ന് വെളിച്ചെണ്ണയുണ്ടാക്കി വില്‍ക്കണം.അതില്‍നിന്നെടുത്ത നീരയുപേയാഗിച്ച് ശർക്കരയുണ്ടാക്കി വില്‍ക്കണം.അതില്‍നിന്നുതന്നെ ഉണ്ടാക്കിയ കയറും നിര്‍മിച്ചെടുത്ത് ഇവയെല്ലാംചരക്കുകപ്പലില്‍ കയറ്റി കേരളത്തിലെയും മംഗലാപുരത്തെയും തുറമുഖങ്ങളിലേക്ക് കൊണ്ടുപോയി ഇറക്കി അവിടെനിന്ന് അരി, മാംസം, പച്ചക്കറി, വസ്ത്രം, സോപ്പ്, ചീപ്പ്, കണ്ണാടി ഇത്യാദി വസ്തുക്കള്‍ വാങ്ങിക്കൊണ്ടുവരണം. ഈ മൂഷിക സമൂഹം ഇളംകരിക്കുകള്‍ കരണ്ടുതിന്ന് അവരുടെ ജീവിതംതന്നെ കഷ്ടത്തിലാക്കുന്നുണ്ടായിരുന്നു. യാതൊരു വിഷത്തിനു മുമ്പിലും പത്തി മടക്കാത്ത മൂഷികവംശത്തെ മലര്‍ത്തിയടിക്കാനായി ഇതിപ്പോള്‍ വാരാന്ത്യത്തില്‍ പുതിയൊരു പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതെന്താണെന്നുവച്ചാല്‍ ഒരാള്‍ ചുറുക്കോടെ തെങ്ങില്‍ കയറുകയും അതിൻ്റെ മണ്ടയിലിരുന്ന് വളരെ ശക്തിയായി തെങ്ങിനെ കുലുക്കുകയും വേണം. അങ്ങനെ കുലുക്കുമ്പോള്‍ ആ ആടിയുലച്ചലില്‍ പതറുന്ന എലികള്‍ തങ്ങളുടെ ആഢംബരക്കൂടുകളില്‍നിന്ന് വെളിയിലേക്കുവന്ന് താഴെ നിലത്തേക്ക് വീണ് ദിക്കുതെറ്റി ഓടണം. അന്നേരം താഴെ കാത്തുനില്‍ക്കുന്ന ജനസമൂഹം അവയെയെല്ലാം അടിച്ചടിച്ച് കൊല്ലണം. സന്ധ്യയാകുന്നതോടെ ദ്വീപിലെ തെങ്ങുകളുടെ ചുവട്ടില്‍ കുമിഞ്ഞു കിടക്കുന്ന മൂഷികന്മാരുടെ മൃതദേഹം കണ്ട് ദ്വീപുവാസികളെല്ലാം വിജയോത്സവം ആചരിക്കണം. ആ എലിവേട്ടയെ ‘എലിനായാട്ട്’ എന്നാണവര്‍ വിളിച്ചിരുന്നത്.എന്നാല്‍ അവരുടെ അറിവില്‍പ്പെടാതെ രക്ഷപ്പെട്ട് തെങ്ങില്‍ തന്നെ ബാക്കിയായ ചില എലികള്‍ വീണ്ടും കുഞ്ഞുങ്ങളെ പ്രസവിച്ച് അവരുടേതായ വിജയഭേരിയും മുഴക്കുമായിരുന്നുവത്രെ.

നാലര ദശകം മുമ്പ് ഇതുപോലുള്ള ഒരു പകലില്‍ യുവാവായ മൂഷിക ശാസ്ത്രജ്ഞൻ പാഷാണരഹസ്യവും അന്വേഷിച്ചു തോണിയിൽ വന്നിറങ്ങിയപ്പോള്‍ ദ്വീപുവാസികള്‍ ഇങ്ങനെയൊരു ‘എലിനായാട്ടും’കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയായിരുന്നുവത്രെ. കുറച്ചുകാലം ഇങ്ങനെകുറേ കടല്‍യാത്രയും പലവിധത്തിലുള്ള വിഷപ്രയോഗങ്ങളും പരീക്ഷിച്ച നമ്മുടെ യുവശാസ്ത്രജ്ഞന്‍ ഒടുവില്‍ ഫ്രാന്‍സില്‍നിന്ന് വരുത്തിച്ച പ്രത്യേക പാഷാണം രഹസ്യമായ അനുപാതത്തില്‍ ഉപയോഗിച്ച് പുതിയൊരു എലിവിഷമുണ്ടാക്കി ദ്വീപുവാസികളുടെ മുമ്പില്‍ സമര്‍പ്പിച്ചു. ‘ഇപ്പോള്‍ നിങ്ങളുടെ ദ്വീപിലെ അവസ്ഥയെന്താണെ’ന്ന് നാല്‍പ്പത്തഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്നോടന്വേഷിച്ചു. അതിനകംതന്നെ സൂചീമുഖമുള്ള അനേകം ചുറുചുറുക്കന്മാരായ എലികള്‍ തെങ്ങില്‍ കയറുന്നതും ഇറങ്ങുന്നതും പലതവണ കണ്ടിരുന്ന ഞാന്‍ ‘അവരെല്ലാം സുഖത്തിലുണ്ട്. ദ്വീപിലെ ആള്‍ക്കാരും സുഖത്തിലുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് പലവിധത്തിലുള്ള സൗകര്യങ്ങളും സര്‍ക്കാരുദ്യോഗങ്ങളും നല്‍കിയിരിക്കുന്നതിനാല്‍ തെങ്ങിനോടുള്ള ബാധ്യത ഉപേക്ഷിച്ചിട്ടുണ്ട്. തെങ്ങുകയറ്റക്കാര്‍ ആ തൊഴിലുപേക്ഷിച്ച് മീന്‍പിടുത്തം ആരംഭിച്ചിട്ടുണ്ട്. കയറു വ്യാപാരവുമില്ല, നീര ഉണ്ടാക്കേണ്ട ആവശ്യവുമില്ല. അതിനാല്‍തന്നെ മൂഷികസാമ്രാജ്യത്തിലെ അധിപന്മാര്‍ കല്‍പവൃക്ഷത്തിനു മുകളിലെ ലീലാവിലാസങ്ങളില്‍ മുഴുകി ഒരുതരത്തിലുള്ള വിസ്മൃതിയിലാണ്ടു പോയിരിക്കുന്നു’ എന്നു മറുപടി പറഞ്ഞു. അദ്ദേഹം കുടുകുടാ ചിരിച്ചു. ‘അല്ലെടോ, അവിടെ സ്‌കോച്ചുമില്ല, പൂര്‍വദിക്കിലെ മോഹിനികളാരുമില്ല, ഇതൊന്നുമില്ലാതെ വെറുതെയിരിക്കുന്ന ആസാമിയുമല്ല നീ. വെറും പിഞ്ഞാണപ്പാത്രത്തെക്കുറിച്ചുള്ള രഹസ്യമറിയാനാണ് നീ ഈദ്വീപില്‍ താമസിക്കുന്നതെന്നു കരുതാന്‍ തരമില്ല. പറ, അവിടുത്തെ ഏകാന്തവാസത്തിൻ്റെ രഹസ്യമെന്താണ് എന്നദ്ദേഹം പൊട്ടിച്ചിരിച്ചു.

കാലവര്‍ഷത്തിനുേശഷമുള്ള കുടകിെല ഇളംവെയിൽ, മുഖത്തേക്കടിക്കുന്ന പച്ചപ്പ്, അകത്ത് കലപിലയുണ്ടാക്കുന്ന സഹായികളുടെ മക്കള്‍, പതിയെ അദ്ദേഹത്തിൻ്റെ തലച്ചോറിനെയും ചിരിയെയും ആവരണം ചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ ഹിതമായ ലഹരി. ഇവിടെ ഒറ്റക്ക് താമസിക്കുന്ന എനിക്ക് അദ്ദേഹത്തോട് എന്തു മറുപടി പറയണമെന്നറിഞ്ഞില്ല. ഇതിപ്പോള്‍ പടിഞ്ഞാറന്‍ സീമയില്‍ ഇത് ആദ്യമാണോയെന്നു തോന്നിപ്പിക്കുംവിധം തങ്കനിറമുള്ള വെള്ളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷം ശതകോടി നക്ഷത്രവയസ്സുള്ള മനുഷ്യർ. ഈ എല്ലാ അണ്ഡബ്രഹ്‌മാണ്ഡ പ്രപഞ്ചവ്യവഹാരങ്ങള്‍ക്കും നടുവില്‍ ഒന്നുമറിയാതെ സൈക്കിളും ചവിട്ടിപ്പോകുന്ന ഞാന്‍. എന്താണെന്നറിയില്ല, കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. മൂഷികശാസ്ത്രജ്ഞനോട് എന്തുമറുപടി പറയണമെന്നറിഞ്ഞില്ല. ‘ഗുരുവേ, ഈ ദ്വീപില്‍ അജ്ഞാതവാസിയായി കഴിയുന്നതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. അവയില്‍ പലതുെമന്താെണന്ന് എനിക്ക് പോലുമറിയില്ല.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച കാറ്റോശയും പിഞ്ഞാണവും എന്ന പുസ്തകത്തില്‍നിന്ന്)

Lakshadweep travelogue Dweepu Samrajyavum Mooshika Samrajyathwavum by Abdul Rasheed

കാറ്റോശയും പിഞ്ഞാണവും

അബ്ദുൾ റഷീദ്

ചെറുപ്പകാലത്തെ ഓര്‍മകളിലെ പിഞ്ഞാണപ്പാത്രം തേടിയുള്ള അബ്ദുള്‍ റഷീദിന്റെ ലക്ഷദ്വീപിലൂടെയുള്ള സഞ്ചാരം. ചരിത്രവും ഫാന്റസിയും ആധ്യാത്മികതയും അസ്തിത്വ ചോദ്യങ്ങളും ഉത്തരങ്ങളും പ്രണയവും ഉന്മാദവും എന്നിങ്ങനെ വായനക്കാരനെ ഭ്രമാത്മകമായ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മാസ്മരിക എഴുത്ത്. എ.കെ. റിയാസ് മുഹമ്മദിന്റെ മികച്ച വിവര്‍ത്തനം.

അബ്ദുൾ റഷീദ്

കന്നട എഴുത്തുകാരന്‍
കന്നഡ എഴുത്തുകാരൻ

വിവ. എ.കെ റിയാസ് മുഹമ്മദ്

വിവര്‍ത്തകന്‍

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy