അബൂബക്റിന്റെയും ജോർജിൻ്റെയും യഥാർഥ ‘ലൗ’ ജിഹാദ്

5 MINUTES READ

ഇല്ലാത്ത ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും പ്രചരിപ്പിക്കുന്ന നാട്ടിൽ സ്നേഹത്തിൻ്റെ യഥാർഥ ജിഹാദ് നടത്തിയ ഒരു കുടംബമുണ്ട് മഞ്ചേരി ചെരണിയിൽ. ഈ ജിഹാദ് നടന്നത് 48 വർഷം മുമ്പാണ്. ചെരണി എന്ന ഗ്രാമത്തിലെ ഉള്ളാട്ടിൽ അബൂബക്‌റിന് ഒരു കുട്ടിയെ കിട്ടുന്നതോടെയാണ് ഈ ജിഹാദ് കഥ തുടങ്ങുന്നത്. തലചായ്ക്കാനൊരിടമില്ലാതെ ബന്ധുക്കളും കൂട്ടുകാരുമില്ലാതെ അലഞ്ഞുതിരിഞ്ഞ കൊച്ചു പയ്യൻ ജോർജ് വർഗീസിനെയാണ് അന്ന് അബൂബക്ർ തെരുവിൽനിന്ന് കൂടെക്കൂട്ടി സ്നേഹത്തിൻ്റെ ജിഹാദ് തുടങ്ങിയത്. ചെരണിയിൽനിന്നു കിട്ടിയ അനാഥ ബാലനെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയ അദ്ദേഹം അവനെ ഭാര്യ ഫാത്തിമയുടെ കൈകളിലേക്കേൽപിച്ചു. മറുത്തൊന്നും പറയാതെ ഫാത്തിമ പത്തു വയസ്സുകാരനായ ജോർജിനെ തൻ്റെ നെഞ്ചോടു ചേർത്തുവച്ചു. പിന്നെ നടന്നത് ചരിത്രമാണ്. മലപ്പുറത്തിനുമാത്രം സ്വന്തമായ സ്നേഹ ജിഹാദിൻ്റെ ചരിത്രം. അന്നു മുതൽ ജോർജ് രുചിച്ചറിഞ്ഞു, അവനന്നോളം രുചിച്ചിട്ടില്ലാത്ത വാത്സല്യത്തിൻ്റെ രുചിയും കരുതലും. സ്നേഹത്തിൻ്റെ പെരുമഴയിൽ നനഞ്ഞ് അവൻ വളർന്നു, ഒരു കുറ്റവും കുറവുമില്ലാതെ അബൂബക്റിൻ്റെയും ഫാത്തിമയുടെയും ഒരേയൊരു ആൺകുട്ടിയായി, മകൾ സുഹറയുടെ കുഞ്ഞു സഹോദരനായി.

ഗൂഡല്ലൂരായിരുന്നു ജോർജിൻ്റെ വീട്. വീട്ടിൽ എന്നും പരസ്പരം വഴക്കും ബഹളവുമായിരുന്നു. അമ്മയും അച്ഛനും പരസ്‌പരം അടിയും പിടിയും. ഒരു ദിവസം ജോലിക്ക് പോയ അമ്മ പിന്നീട് തിരിച്ചുവന്നില്ല. ഏക സഹോദരി ജോയ്ഷിയെ അപ്പോഴേക്കും അനാഥാലയത്തിലാക്കിയിരുന്നു. സഹോദരൻ ഏലിയാസും നാടുവിട്ടു. ഒരിക്കൽ പോലും സ്നേഹം കിട്ടാത്ത ആ വീട്ടിൽ ജോർജ് തനിച്ചായി. കുടുംബക്കാരുമായി യോജിച്ചുപോകാനാകില്ലെന്നു തിരിച്ചറിഞ്ഞതോടെ കുഞ്ഞു ജോർജ് ഒരു തീരുമാനമെടുത്തു. ഈ നരകത്തിൽനിന്ന് എങ്ങനെയെങ്കിലും പുറത്തുകടക്കണം. അങ്ങനെ മനംമടുത്തൊരു നാളിൽ പത്തുവയസ്സുകാരൻ ജോർജ് വീടുവിട്ടിറങ്ങി. കൈവശമുള്ളത് അച്ഛൻ്റെ പോക്കറ്റിൽനിന്ന് മോഷ്ടിച്ച 12 രൂപ മാത്രം. കൂട്ടിനു സുഹൃത്ത് സണ്ണിയുമുണ്ടായിരുന്നു. രണ്ടുപേരും ഗൂഡല്ലൂരിൽനിന്ന് വണ്ടികയറി. ചെന്നിറങ്ങിയത് കോഴിക്കോട്ട്. നഗരത്തിൽ കുറച്ചുനാളുകൾ അലഞ്ഞുതീർത്തു. ആരെങ്കിലും വച്ചുനീട്ടുന്ന ഭക്ഷണം കഴിച്ച് രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അനേകം പേരിൽ ഒരാളായി അന്തിയുറക്കം. ഒരാഴ്‌ച കഴിഞ്ഞപ്പോൾ സുഹൃത്തിനെയും കൂട്ടി ആദ്യമായി തീവണ്ടിയിൽ കയറി. ഒരു ലക്ഷ്യവുമില്ലാതെയായിരുന്നു ആ യാത്ര. മടുത്തപ്പോൾ ഒരിടത്തിറങ്ങി. തിരൂരായിരുന്നു ആ സ്ഥലമെന്നു പിന്നീടാണു തിരിച്ചറിഞ്ഞത്. മൂന്നുദിവസത്തെ അലച്ചിലിനൊടുവിൽ ബസ് കയറി മഞ്ചേരിയിലെത്തി.

പൊള്ളുന്ന വെയിൽ. ജോർജും സണ്ണിയും തളർന്ന് അവശരായിരുന്നു. വേണ്ടപോലെ ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായിരുന്നു. എന്തെങ്കിലും കഴിക്കണമെങ്കിൽ തന്നെ കയ്യിൽ കാശില്ല. ആരോടെങ്കിലും ചോദിക്കാനും മടി. ഒടുവിൽ നെല്ലിപറമ്പിൽ നിന്ന് നിലമ്പൂരിലേക്കുള്ള റോഡരികിലെ മരത്തിൻ്റെ തണലിൽ തളർന്നിരുന്നു. ഒരു വെള്ളിയാഴ്‌ചയായിരുന്നു അന്ന്. മേലാക്കം പള്ളിയിൽനിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിവന്ന അവറാൻക്ക അവശരായ ജോർജിനെയും സണ്ണിയെയും പേരു പോലും ചോദിക്കാതെ സൈക്കിളിൻ്റെ മുന്നിലും പിന്നിലും ഇരുത്തി അദ്ദേഹത്തിൻ്റെ പലചരക്ക് കടയിലേക്ക് കൊണ്ടുപോയി. ചെരണിയിലെ കിണറ്റിൽനിന്നു വെള്ളം മുക്കിയെടുത്ത് രണ്ടുപേരെയും കുളിപ്പിച്ചു. തൊട്ടടുത്തുള്ള ചായക്കടയിൽ കൊണ്ടുപോയി വയർ നിറയുവോളം ഭക്ഷണം കഴിപ്പിച്ചു. ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ സണ്ണി കരയാൻ തുടങ്ങി. അവന് നാട്ടിലേക്കു തിരിച്ചുപോകണം. അഛനെയും അമ്മയെയും കാണണമെന്ന് പറഞ്ഞ് കരച്ചിൽ സഹിക്കാൻ കഴിയാതായപ്പോൾ സണ്ണിയെ മഞ്ചേരിയിൽനിന്ന് വഴിക്കടവിലേക്കുള്ള ബസിൽ കയറ്റിവിട്ടു. എന്തുവന്നാലും ഇനി നാട്ടിലേക്ക് ഇല്ലെന്നുതന്നെ ജോർജ് ഉറപ്പിച്ചിരുന്നു. ഭക്ഷണം കഴിച്ച ചായക്കടയിൽതന്നെ ജോർജിനു ചെറിയ ജോലി തരപ്പെട്ടു.

ഒരു ദിവസം ഒരു ലോറിക്കാരൻ ചായ കുടിക്കാനെത്തി. ചായ കൊണ്ടുപോയി കൊടുത്ത ജോർജിനെ അയാൾ കണ്ണെടുക്കാതെ നോക്കി. കുറെ നേരം നോക്കി നിന്ന അദ്ദേഹം ജോർജിനെക്കുറിച്ച് ചായക്കടക്കാരനോട് അന്വേഷിച്ചു. ചായക്കടക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്.
“അവൻ ക്രിസ്ത്യാനിയാണ്. ങ്ങക്ക് പറ്റൂല..”
കടക്കാരൻ്റെ മറുപടി കേട്ട ലോറിക്കാരന് ദേഷ്യം വന്നു.
“മതം ഏതായാലും ഓൻ മനുഷ്യക്കുട്ടിയല്ലേ. അവനെ ഞാൻ കൊണ്ടുപോ‌യ്ക്കോളാം. സുഹറാക്കൊരു ആങ്ങള ആകുമല്ലോ..!”
ഉള്ളാട്ടിൽ അബൂബക്റെന്ന ലോറിക്കാരൻ അന്ന് ജോർജിനെ വീട്ടിലേക്കു കൊണ്ടുപോയത് സ്വന്തം മകനായാണ്. അന്നുമുതൽ അബൂബക്ർ ജോർജിൻ്റെ ഉപ്പയായി. ഫാത്തിമ ഉമ്മയും, സുഹ്റ സ്വന്തം പെങ്ങളുമായി. അങ്ങനെ അബൂബക്റിൻ്റെ വീട്ടിൽ അവൻ വളർന്നു. ജോർജ് ആയിത്തന്നെ.

രാത്രി ലോറിയോട്ടം കഴിഞ്ഞെത്തുമ്പോൾ ജോർജിനുവേണ്ടി അബൂബക്ർ പ്രത്യേകം കളിക്കോപ്പുകളും മിഠായിയും കരുതി. ചേർത്തുകിടത്തി കഥകൾ പറഞ്ഞ് അവനെ ഉറക്കി. സ്നേഹം പങ്കിട്ട് ഫാത്തിമയും സുഹ്റയും ജോർജിൻ്റെ ഉമ്മച്ചിയും പൊന്നുപെങ്ങളുമായി. ഉപ്പ അബൂബക്റിനെപ്പോലെ ഒരു ഡ്രൈവർ ആകാനായിരുന്നു ജോർജിന് ആഗ്രഹം. മഞ്ചേരിയിലെ വാഹന ഉടമകൾക്കൊപ്പം സഹായിയായി പോകാമെന്ന് ജോർജ് ഉമ്മയോട് പലതവണ പറഞ്ഞു നോക്കി. പക്ഷേ, ഉപ്പയും ഉമ്മയും സമ്മതിച്ചില്ല. ജോർജ് വേണ്ടാത്ത കൂട്ടുകെട്ടിൽപെട്ട് ചീത്തയാകുമോ എന്നായിരുന്നു അവരുടെ ആധി. തുടരെത്തുടരെയുള്ള ജോർജിൻ്റെ നിർബന്ധത്തിനു വഴങ്ങി പതിനഞ്ചാം വയസ്സിൽ മഞ്ചേരിയിലെ മൊയ്‌തീൻ പെയിന്റേഴ്‌സിൽ ജോലിക്ക് ചേർത്തു. ആറുമാസം പെയിൻ്റിങ് തൊഴിലാളിയായി. അപ്പോഴും ഡ്രൈവറാകണമെന്ന മോഹം ജോർജിനെ വിട്ടകന്നിരുന്നില്ല. ജോർജിൻ്റെ ആഗ്രഹ പൂർത്തീകരണത്തിന് അബൂബക്ർ തൻ്റെ 10 സെന്റ് ഭൂമി വിറ്റ് ഓട്ടോറിക്ഷ വാങ്ങി അവനു നൽകി. പതിനെട്ടാം വയസ്സിൽ ഓട്ടോറിക്ഷ ഡ്രൈവറായി. പിന്നീടങ്ങോട്ട് വാഹനങ്ങൾ മാറിമാറി ജോർജ് ഓടിച്ചു. ഇന്ന് മഞ്ചേരിയിൽ അറിയപ്പെടുന്ന ടാക്സി ഡ്രൈവറാണ് ഉള്ളാട്ടിൽ അബൂബക്റിൻ്റെ മകൻ ജോർജ്.


അബൂബക്റും ജോർജും മറ്റു കുടുംബാംഗങ്ങളും

ജോർജിന് 20 വയസ്സ് ആയപ്പോൾതന്നെ ഉമ്മയും ഉപ്പയും കല്ല്യാണക്കാര്യം ആലോചിച്ചു തുടങ്ങിയിരുന്നു. സുഹ്റ അനിയൻ കുട്ടിക്ക് പെണ്ണ് അന്വേഷിക്കുന്ന തിരക്കിലുമായി. ഇതിനിടെയാണ് ജോർജും അമ്മാവൻ്റെ മകളും പ്രണയത്തിലാണെന്ന വിവരം വീട്ടിൽ അറിഞ്ഞത്. അമ്മാവൻ്റെ വീട്ടിൽ പോയി ഉപ്പയും ഉമ്മയും ജോർജിൻ്റെ വിവാഹക്കാര്യം ആലോചിച്ചു. അബൂബക്‌റിൻ്റെ വീട്ടുമുറ്റത്ത് ജോർജിനു മംഗല്യപ്പന്തലൊരുങ്ങി. 1985 ഫെബ്രുവരി 17 ന് ജോർജ് പുഷ്‌പക്ക് മിന്നുചാർത്തി. അബൂബക്റിൻ്റെയും ഫാത്തിമയുടെയും സുഹ്റയുടെയും ആശീർവാദത്തോടെ.

വിവാഹ ശേഷം ജോർജും ഭാര്യയും കഴിഞ്ഞത് അബൂബക്റിൻ്റെ വീട്ടിൽ തന്നെയാണ്. പുഷ്‌പ ആദ്യത്തെ കുഞ്ഞ് പ്രജിനയെ പ്രസവിച്ചപ്പോൾ പരിചരിച്ചതും ഇവർ തന്നെ. അബൂബക്‌റിൻ്റെ നിർബന്ധപ്രകാരം പിതാവ് വർഗീസിനെ ഗൂഡല്ലൂരിൽനിന്ന് ജോർജ്‌ തന്നെ മഞ്ചേരിയിൽ എത്തിച്ചു. വർഗീസിനും ആ വീട്ടിൽ ഇടം നൽകി. കുറച്ചു വർഷങ്ങൾക്കു ശേഷം ജോർജും ഭാര്യയും മക്കളും അച്ഛന്‍  വർഗീസും മഞ്ചേരി മംഗലശേരിയിലെ പുതിയ വീട്ടിലേക്കു താമസം മാറി. ഇതിനിടെ, പത്താം വയസ്സിൽ ഉപേക്ഷിച്ചുപോയ അമ്മ തിരുവാലിയിലെ ഹോട്ടലിൽ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു. ഒടുവിൽ, അമ്മയെയും തേടി ആ മകൻ പോവുകയും മഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.

അബൂബക്റും ഫാത്തിമയും വിടപറഞ്ഞതോടെ സുഹ്റക്കൊപ്പം എല്ലാകാര്യങ്ങൾക്കും അളിയൻ പാണായി ബീരാൻകുട്ടി കാരണവർ സ്ഥാനത്തായി. ജോർജിൻ്റെ എല്ലാ ആവശ്യത്തിനും അവർ ഒരു വിളിപ്പുറത്തുണ്ട്. സുഹറയുടെ മക്കൾക്കും പേരക്കുട്ടികൾക്കും ഒരേയൊരു മാമനാണ് ജോർജ്. ചടങ്ങുകളും ആഘോഷങ്ങളും എല്ലാം ഒന്നിച്ച് ഒരു വീട്ടിലാണ് നടത്തുന്നത്. ഉമ്മയെയും ഉപ്പയെയും തേടി പാണായി പള്ളിപറമ്പിലേക്ക് ജോർജ് മുടങ്ങാതെ പോകാറുണ്ട്. “തന്നെ സ്നേഹിച്ചു സംരക്ഷിച്ചപോലെ ഉമ്മയെയും ഉപ്പയെയും സംരക്ഷിക്കണേ” എന്നു മനമുരുകി ജോർജ് പ്രാർഥിക്കും. “സ്വർഗലോകത്ത് അവരോടൊപ്പം എന്നെയും കൂട്ടണേ” എന്നു പ്രാർഥിക്കുമ്പോൾ ജോർജിൻ്റെ കണ്ണിൽനിന്നു വീഴുന്ന കണ്ണുനീർ ഖബറിടത്തിലെ മൈലാഞ്ചിച്ചെടിയെ നനക്കും.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച മലപ്പുറം മനസ്സ് എന്ന പുസ്തകത്തില്‍നിന്ന്)

Real ‘Love Jihad’ story of Aboobacker and George from the book Malappuram Manass by Shamsudheen Mubarak

മലപ്പുറം മനസ്സ്

ശംസുദ്ദീൻ മുബാറക്

‘മലപ്പുറം മനസ്സ്’ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. ചെറിയ ചെറിയ മനുഷ്യരുടെ വലിയ വലിയ കാര്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഇതു വായിച്ചു കഴിഞ്ഞാല്‍ നമുക്ക് ബോധ്യപ്പെടും, ഇവരാണ് നമുക്കിടയിലെ ഏറ്റവും വലിയ മനുഷ്യരെന്ന്. അത്രയും മഹത്തരമായ സന്ദേശമാണ് ഇവരുടെ ജീവിതം നമുക്ക് പകര്‍ന്നുതരുന്നത്. ഈ പുസ്തകത്തിലെ നൂറോളം കുഞ്ഞുകുഞ്ഞു കഥകള്‍ വായിക്കുന്ന ഒരാള്‍ക്കും മറ്റുള്ളവരെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ലെന്ന് നൂറു ശതമാനം എനിക്കു പറയാനാകും. ഏതു കടുത്ത മനസ്സും ആര്‍ദ്രമാകാതെ മലപ്പുറം മനസ്സിന്റെ വായന പൂര്‍ത്തിയാക്കാനാകില്ല.
-വി.ഡി സതീശന്‍

ശംസുദ്ദീൻ മുബാറക്

സീനിയർ സബ് എഡിറ്റർ, മലയാള മനോരമ മലപ്പുറം എഡിഷൻ
സീനിയർ സബ് എഡിറ്റർ, മലയാള മനോരമ മലപ്പുറം എഡിഷൻ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy