വർത്തമാനകാലത്തുനിന്ന് ഭൂതകാലത്തെ സങ്കൽപ്പിച്ചെടുക്കുന്നതാണല്ലോ ചരിത്രം. ലഭ്യമായ പല ഉപാദാനങ്ങളും അതിനുവേണ്ടി സ്വീകരിക്കുകയും ചെയ്യും. ദേശത്തെക്കുറിച്ചുള്ള വിഭാവനകൾ പല കാലത്തും പലതായിരുന്നു. ഇന്ത്യയെന്നോ കേരളമെന്നോ ഉള്ള ഏകാത്മകമായ ഒരു സ്ഥലരാശിയെക്കുറിച്ചുള്ള അവകാശവാദങ്ങൾ 20-ാം നൂറ്റാണ്ടിനു മുമ്പ് കാണാനാവില്ല. ഇവിടെയുള്ള വ്യത്യസ്‌ത നാട്ടുരാജ്യങ്ങൾക്കിടയിലെ മറ്റൊരു രാജ്യം പോലെയായിരുന്നു വിദേശശക്തികൾ. കുഞ്ചൻനമ്പ്യാരുടെ കൃതികളിൽ ലന്ത, പറങ്കി, ഇങ്കിരീയസ് പോലെയാണ് ഉത്തരേന്ത്യൻ ഗോ സായിയേയും കാണുന്നത് എന്നത് അതിനുള്ള ഉദാഹരണമായി മനസ്സിലാക്കാവുന്നതാണ്.
മാപ്പിളപ്പാട്ടുകൾ ചരിത്രരേഖ എന്ന നിലയിൽ
സാഹിത്യകൃതികളെ ചരിത്രപഠനത്തിൽ ദ്വിതീയ ഉപാദാന സാമഗ്രിയായി പരിഗണിച്ചുപോരുന്നുണ്ട്. എന്നാൽ മാപ്പിളപ്പാട്ടിൽ എങ്ങനെയാണ് കേരള ചരിത്രം/മുസ്‌ലിം ചരിത്രം അടയാളപ്പെടുന്നതെന്ന് ശരിയായി പഠനവിധേയമായിട്ടില്ല. വൈദേശിക ഭരണത്തെ പ്രതിരോധിച്ച കേരളത്തിലെ മുസ്‌ലിംകൾ അവരുടെ ലിഖിതപാരമ്പര്യം അതിനുപയോഗിച്ചതെങ്ങനെ എന്നത് വിശകലനമർഹിക്കുന്നു. നമുക്ക് നാണയങ്ങളും ശാസനങ്ങളും നാടൻ പാട്ടുകൾ പോലും ഉപാദാന സാമഗ്രികളാണ്. എന്നാൽ മത രാഷ്ട്രീയ മാനങ്ങളുള്ള മലബാറിലെ പാട്ടുകൾ മറ്റു സാഹിത്യശാഖകളിലൊന്നും കാണാത്ത വിധം ചരിത്രബദ്ധവും രാഷ്ട്രീയ മുഖമുള്ളതുമായിരുന്നു. ഒരു പൗരസമൂഹത്തിലേക്ക് വളരുന്ന കേരളീയജനതയുടെ ആദ്യകാല പ്രതിഷേധരൂപങ്ങൾ എന്ന നിലക്ക് പോലും അവ അന്വേഷണ വിധേയമായിട്ടില്ല. മാപ്പിളപ്പാട്ടുകളെ ലാവണ്യശാസ്ത്രപരമായി സമീപിക്കുന്ന പഠനങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ചരിത്രരേഖ (Historical Document) എന്ന നിലക്കുള്ള അവയുടെ നിൽപ് പ്രധാനമാണ്. ഹിച്ച് കോക്കിൻ്റെ വള്ളുവമ്പുറത്തെ സ്‌മാരകം പിഴുതുകളയാൻ ആഹ്വാനം നൽകുന്ന കമ്പളത്ത് ഗോവിന്ദൻനായരുടെ പാട്ട് മാപ്പിളപ്പാട്ട് എന്ന ഉപാദാനസാമഗ്രിയിലല്ലാതെ വേറെ ഏതു രേഖയിലാണ് കണ്ടെത്താനാവുക. ‘ചാത്തനെ കുടിവെച്ച പോലെയുള്ള ആ ബലാലിൻ സ്‌മാരകം നമ്മളുടെ നെഞ്ചിലാണ് നാട്ടിവെച്ചിരിക്കുന്നതെന്നും നമ്മളുടെ കൂട്ടരെയാണാ സുവറ് കൊന്നതെന്നും’ പാട്ട് ഓർമിപ്പിക്കുന്നു. (ചാത്തൻ എന്ന കീഴാള ആരാധ്യസ്വരൂപത്തെ ശരിയായ രീതിയിലല്ല ഉപമിച്ചിരിക്കുന്നത് എന്ന വിമർശനവും ഇവിടെ സാധ്യമാണ്).
മരപ്പണിക്ക് പോകുമ്പോഴോ കാളവണ്ടിയിൽ കയറി നിലാവ് കാണുമ്പോഴോ മാത്രമുണ്ടായതല്ല മാപ്പിളപ്പാട്ട്. അതത് കാലത്ത് മാപ്പിളപ്പാട്ട് അതിൻ്റെ ഉള്ളടക്കത്തെ നവീകരിച്ചിട്ടുണ്ട്. ബദർ പടപ്പാട്ട് മുതൽ പ്രാദേശിക പടപ്പാട്ടുകൾ വരെ രൂപപ്പെടുന്നത് 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിലെ രാഷ്ട്രീയസംഘർഷങ്ങളുടെ കാലത്താണ്. സാർവലൗകിക ഇസ്‌ലാമികമൂല്യങ്ങളെക്കുറിച്ച് സം സാരിക്കുമ്പോൾ തന്നെ വളരെ പ്രാദേശികമായ ചരിത്രസന്ദർഭത്തിന് വേണ്ടി ആളുകളെ തയ്യാറാക്കുക എന്ന ധർമം കൂടി ആ പാട്ടുകൾ നിർവഹിച്ചു. മാപ്പിളപ്പാട്ടുകളെ സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തുന്ന പഠനങ്ങൾ (കമ്പി, കഴുത്ത്, ഇശൽ വഴക്കങ്ങൾ മുതലായ രൂപസംബന്ധിയായ പഠനങ്ങൾ) നടന്നിട്ടുണ്ട്. ചരിത്രപരമായി വിലയിരുത്തിക്കൊണ്ടുള്ള പഠനങ്ങളാണ് ഇനി ആ വശ്യമുള്ളത്. അന്തമാനിലേക്ക് നാടുകടത്തപ്പെട്ട മനുഷ്യർ, ബല്ലാരി ജയിലിലെ സാഹചര്യങ്ങൾ, ശിക്ഷിക്കപ്പെട്ടവരുടെ ആത്മാലാപങ്ങൾ, രാഷ്ട്രീയപ്രതികരണങ്ങൾ തുടങ്ങി മാപ്പിളപ്പാട്ടുകൾ സ്വാതന്ത്ര്യപോരാളിയുടെ വിചാരങ്ങളാണ്. അതുവഴി കേരളത്തിൻ്റെ രാഷ്ട്രീയചരിത്രമാണ് പുറത്തുവരുന്നത്. അംശി നാരായണപ്പിള്ളയോ ബോധേശ്വരനോ വള്ളത്തോൾ പോലുമോ ദേശചരിതത്തിൽ പാട്ടുമായി കടന്നുവരുന്നതിനു മുമ്പ് അതിനേക്കാൾ ജീവത്തായ ചരിത്ര ദൗത്യങ്ങളുമായി ജീവിതം സമർപിച്ച പോരാളികളുടെ ആത്മകഥനങ്ങളാണത്. അന്തമാനിലിരുന്ന് കേരളസമൂഹത്തെക്കുറിച്ച് ആലോചിക്കുന്ന ഒരാളുടെ പാട്ട്, അയാളുടെ ജീവചരിത്രം, പെരുമാറ്റം, ജീവിത വീക്ഷണം എന്നിവയൊന്നും എന്തുകൊണ്ട് രേഖപ്പെടുത്തിയില്ല എന്നാണ് ചരിത്രകാരൻ ആലോചിക്കേണ്ടത്. വിസ്താരഭയത്താൽ പരാമർശിക്കാതെ പോയതും നാടൻപാട്ടിൻ്റെ ഗണത്തിൽപെടുത്താവുന്നതുമായാണ് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ മാപ്പിളപ്പാട്ടുകളെ സ്ഥാനപ്പെടുത്തുന്നത്.’ രചയിതാക്കളുടെ കാലവും പേരും കൃത്യമായി രേഖപ്പെടുത്തിയ മാപ്പിളപ്പാട്ടുകൾ എങ്ങനെയാണ് നാടൻ പാട്ടിൻ്റെ ഗണത്തിൽപെടുന്നത് എന്ന് പോലും ശ്രദ്ധിക്കാത്ത ഉദാസീനത നമ്മുടെ സാഹിത്യചരിത്രകാരന്മാർ തുടർന്നുപോന്നത് അത്ഭുതം തന്നെയാണ്.
ആധുനികതയും മാപ്പിളസ്വത്വവും
ആധുനികതയുടെ പരിവർത്തനദശയിൽ ഗ്രാമഫോൺ ഡിസ്കുകൾ വന്നു. മൂന്നു മിനിറ്റ് 40 സെക്കന്റിലേക്കൊക്കെ ഒരു പാട്ട് ഒതുക്കേണ്ടിവന്നു. ദീർഘദീർഘങ്ങളായ വർണനകൾ പറ്റാതെയായി. ലളിതഗാനം, സിനിമാപ്പാട്ട് എന്നിവ പോലെ ഒരു പല്ലവി, അനുപല്ലവി, ചരണം എന്ന രൂപത്തിലേക്ക് മാപ്പിളപ്പാട്ടും മാറി. സാങ്കേതികവിദ്യ കലാരൂപങ്ങളിലും സാഹിത്യജനുസ്സുകളിലും ഇടപെടാതിരിക്കില്ല. മാപ്പിളക്കും ഇത് ബാധകമാണ്. മൊബൈൽ ഫോണും ഇൻ്റെർനെറ്റും വന്ന കാലത്ത് കത്തുപാട്ടുകൾ പ്രതീക്ഷിക്കേണ്ടതില്ല. കണ്ടാരക്കട്ടുമ്മൽ, ഫെരിപ്പം ഫടപ്പെല്ലാം, ജ്ജ്, മുയ്‌മൻ എന്നീ പദസമ്പത്തുമായി എക്കാലവും മാപ്പിള നിൽക്കുകയുമില്ല. ഒരു കാലത്ത് ആര്യനെഴുത്ത് (സവർണമലയാളം) പഠിക്കാൻ അറച്ചുനിന്ന മാപ്പിള ഇന്ന് എല്ലാ വിവരവിനിമയമാർഗങ്ങളും വശത്താക്കിയവനാണ്. പുതിയ പാട്ടുകളിലെ പദാവലികൾ സ്വാഭാവികമായും ഇനിയും ഒരുപാട് മാറാതെ തരമില്ല.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച മാപ്പിളസാഹിത്യവും മലയാളഭാവനയും എന്ന പുസ്തകത്തില്‍നിന്ന്)
A chapter from Dr. V. Hikmathulla’s Mappila Sahithyavum Malayala Bhavanayum