അശ്റഫ് വാളൂർ : സാർവദേശീയ ദേശീയ രംഗങ്ങളിലും നമ്മുടെ പ്രാദേശിക മേഖലകളിലും മാധ്യമപ്രവർത്തനം അപകടകരമായൊരു തൊഴിലായി മാറിയ സവിശേഷ സാഹചര്യമാണിന്നുള്ളത്. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പലവിധം വെല്ലുവിളികൾ നേരിടുന്നു. ഗസ്സയിൽ മാത്രം ഈ അടുത്ത കാലത്തായി കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ ഒട്ടേറെയാണ്. മാധ്യമപ്രവർത്തകർക്ക് യുദ്ധരംഗത്തും അല്ലാതെയും ലഭ്യമായിരുന്നൊരു പരിരക്ഷ ഇല്ലാതാവുന്ന സാഹചര്യം. ദേശീയതലത്തിൽ 2014 നു ശേഷം മാത്രം നാൽപതോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിൻ്റെ വിഷയത്തിൽ 180 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യ 161 ാം സ്ഥാനത്തെത്തി നിൽക്കുന്നു. കേരളത്തിൻ്റെ സാഹചര്യത്തിൽ മാധ്യമങ്ങളുടെ ഓരോ വാക്കുകളും മാധ്യമപ്രവർത്തകരുടെ ശരീരചലനങ്ങൾ പോലും സൂക്ഷ്മമായ നിരീക്ഷണങ്ങൾക്ക്, സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവുന്നു. ഇതിൽ മോദി കാലത്തിനു ശേഷം ദേശീയ മാധ്യമ രംഗത്ത് വന്ന പ്രകടമായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് തോന്നുന്നു?
ടി.എം ഹർഷൻ : 2014 നു മുമ്പുതന്നെ അത്തരമൊരു മാറ്റം ആരംഭിച്ചിരുന്നു. 2014 നു ശേഷം അതു സമ്പൂർണമായി എന്നുപറയാം. അതോടെ ഈ മാധ്യമങ്ങളെല്ലാം കേന്ദസർക്കാരിനെ, അല്ലെങ്കിൽ അതിൻ്റെ നടത്തിപ്പുകാരായ സംഘ്പരിവാറിനെ, അവരുടെ പ്രത്യയശാസ്ത്രത്തെ സമ്പൂർണമായി പിന്തുണക്കുന്ന തരത്തിലേക്ക് അതു മാറി. ഈ സമയത്തു നടന്ന രണ്ടു മാറ്റങ്ങൾ ശ്രദ്ധേയമാണ്. ഒന്നാമതായി, ഏറ്റവും കൂടുതൽ ഇൻവെസ്റ്റ്മെന്റ് മാധ്യമരംഗത്ത് വന്നു. 2018 ലാണ് ഏറ്റവുമധികം വിദേശമൂലധനം ഇന്ത്യൻ മാധ്യമങ്ങളിലേക്ക് വന്നത്. അതോടൊപ്പംതന്നെ മാധ്യമങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങളുണ്ടാവുകയും ചെയ്തു. സമ്പൂർണമായ ഒരു കോർപറേറ്റുവൽക്കരണം മാധ്യമലോകത്തുണ്ടായെന്നു ചുരുക്കം. അംബാനിക്ക് 28 ചാനലുകൾ ഉണ്ടെന്നകാര്യം പകൽവെളിച്ചം പോലെ വ്യക്തമായൊരു കാര്യമാണ്. പക്ഷേ, അപ്പോഴും ഇത്രമാത്രം നിയന്ത്രണമുള്ളൊരു മേഖലയിൽ എന്തിനാണ് ഇത്രയധികം ഇൻവെസ്റ്റ് ചെയ്യുന്നതെന്ന ചോദ്യത്തിന്, സർക്കാരിനൊപ്പം നിന്നാൽ, സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ സമ്പൂർണ ഒത്താശ ചെയ്താൽ ഇൻവെസ്റ്റ്മെന്റ് ഇരട്ടിപ്പിക്കാനുള്ള മാർഗം ഇവിടെ നിലനിൽക്കുന്നുണ്ട് എന്നാണുത്തരം.
അശ്റഫ് വാളൂർ : മാധ്യമങ്ങളുടെ എണ്ണക്കൂടുതൽ അതിൻ്റെ ജനാധിപത്യവൽക്കരണത്തിന് ആക്കം കൂട്ടുന്നുവെന്നും അതിൻ്റെ ഗുണഫലങ്ങൾ ഉണ്ടാക്കുന്നില്ല എന്നും തീർത്തു പറയാമോ?
അഭിലാഷ് മോഹനൻ : മാധ്യമങ്ങളുടെ എണ്ണം കൂടുതന്നതനുസരിച്ച് നമ്മുടെ മാധ്യമ അന്തരീക്ഷം കൂടുതൽ ബഹുസ്വരമാവും. ഒന്നോ രണ്ടോ മാധ്യമങ്ങൾക്ക് നരേറ്റീവ് തീരുമാനിക്കാൻ കഴിഞ്ഞ കാലത്തിൽനിന്ന് ഒരുപാട് മാധ്യമങ്ങളുണ്ടാവുക എന്നത് ഒരുപാട് ശബ്ദങ്ങൾ കേൾക്കാനുള്ള അന്തരീക്ഷമുണ്ടാക്കുന്നതാണ്. അതിനെ മാധ്യമങ്ങളുടെ ജനാധിപത്യവൽക്കരണമെന്നുതന്നെ വിളിക്കാം. പക്ഷേ, എണ്ണം കൂടുന്നത് ആയർഥത്തിൽ മാത്രം കാണേണ്ടതല്ല എന്നൊരു പ്രശ്നം അവിടെയുണ്ട്. താരതമ്യേന ചെലവുകുറഞ്ഞ നിലയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇന്നൊരു മാധ്യമം തുടങ്ങാമെന്നത് ഒരു സാധ്യതയാണ്. ഈ സാധ്യത വിജയകരമായി ഉപയോഗപ്പെടുത്തുന്ന ഒത്തിരി ഉദാഹരണങ്ങൾ ദേശീയതലത്തിൽ വരെ കാണാം. പക്ഷേ, ആർക്കും എന്തും വിളിച്ചുപറയാമെന്ന ഒരു മറുവശം ഇവിടെയുണ്ട്. എല്ലാവരും മാധ്യമപ്രവർത്തകരാവുന്ന ഈ കാലത്ത് ആര്, എന്ത് എന്ന ഉത്തരവാദത്തിൻ്റെ പ്രശ്നം തീർച്ചയായുമുണ്ട്. വളരെ അനായാസം എന്തു നരേറ്റീവും സെറ്റ് ചെയ്ത് പ്രചരിപ്പിക്കാവുന്ന ഒരന്തരീക്ഷം. അതിന് നിയന്ത്രണം കൊണ്ടുവരികയെന്നത് അസാധ്യവുമാണ്. പ്രത്യേകിച്ച് പോസ്റ്റ് ട്രൂത്തെന്ന സവിശേഷ കാലത്ത് ഡിസിൻഫർമേഷനുകൾ കൂടുതലായി പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യത കണ്ട് ജനങ്ങളും കൂടുതൽ ജാഗ്രത്താവുക, ഓരോ മനുഷ്യനും തൻ്റെ വിവേചനബുദ്ധി ഉപയോഗിക്കുക എന്നതാണ് പരിഹാരം.
അശ്റഫ് വാളൂർ : ഒരുപാട് ഡിസിൻഫർമേഷനുകൾ ഉണ്ടാവുന്ന പോസ്റ്റ് ട്രൂത്ത് കാലത്ത് വാർത്തകൾ കൊടുക്കുകയെന്ന പരമ്പരാഗത രീതിയിൽനിന്നു മാറി എത്തുന്ന വാർത്തകളുടെ വസ്തുത പരിശോധിക്കുന്ന ഒരു ഫാക്ട് ചെക്കിങ് ഏജൻസിയായി മാധ്യമങ്ങൾ മാറേണ്ട സാഹചര്യമില്ലേ ഇന്ത്യയിൽ?
സി. ദാവൂദ് : മാധ്യമങ്ങളുമായി ബന്ധപ്പെട്ടൊരു അടിസ്ഥാനകാര്യം, മാധ്യമവ്യവസായവും കൃഷിയും തമ്മിൽ വലിയ സാമ്യതയുണ്ട്. ഒരാൾ ഒരു സോപ്പുണ്ടാക്കിയാൽ അതിന് അയാൾ നിശ്ചയിക്കുന്ന വിലക്ക് മാർക്കറ്റിൽ വിൽക്കാം. അതേസമയം, വെണ്ടക്ക കൃഷിചെയ്യുന്ന ഒരാൾക്ക് അയാളുദ്ദേശിക്കുന്ന വിലക്ക് അത് മാർക്കറ്റിൽ വിൽക്കാൻ സാധിക്കില്ല, അതിൻ്റെ വില നിശ്ചയിക്കുക മാർക്കറ്റ് ഡൈനാമിക്സാണ്. പ്രൊഡക്ട് ഓണർക്ക് അതിൻ്റെ വില നിശ്ചയിക്കാനുള്ള അവകാശമില്ലെന്നത് കർഷകർ നേരിടുന്നൊരു പ്രതിസന്ധിയാണ്. ഇതുതന്നെയാണ് മാധ്യമങ്ങളുടെയും സ്ഥിതി. എട്ടുരൂപ കൊടുത്ത് നാം വാങ്ങുന്നൊരു പത്രത്തിൻ്റെ പ്രൊഡക്ഷൻ കോസ്റ്റ് പതിനാറു മുതൽ പതിനെട്ടു രൂപവരെ വരും. ടെലിവിഷൻ്റെ കാര്യം അതിലും കഷ്ടമാണ്. പ്രൊഡക്ടുകൾ ഉണ്ടാക്കിയ ശേഷം വലിയ തുകയും മുടക്കി, സൗജന്യമായി വീടുകളിലെത്തിക്കുക എന്നതാണ് ടെലിവിഷൻ മീഡിയകൾ ചെയ്യുന്നൊരു കാര്യം. പ്രൊഡകിന്റെ വില ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ കഴിയില്ലെന്നതാണ് ഈ മീഡിയ ഇൻഡസ്റ്റ്ട്രിയുടെ വലിയൊരു പ്രതിസന്ധി. ടൈം സെയിൽസിലൂടെ ടെലിവിഷനുകളും സ്പെയ്സ് സെയിൽസിലൂടെ പത്രങ്ങളും ഈയൊരു പ്രതിസന്ധിയെ മാനേജ് ചെയ്യുന്നു. ഒരു തേർഡ് ഏജൻസിയുടെ സഹായത്തോടെയല്ലാതെ സ്വന്തം പ്രൊഡക്ടുകൾ വിറ്റുമാത്രം നിലനിൽക്കാൻ പറ്റുന്നൊരു ഡൈനാമിക്സല്ല മീഡിയ ഇൻഡസ്റ്റസ്ട്രിയിൽ ഉള്ളതെന്നു ചുരുക്കം. മറ്റൊന്ന് സബ്സ്ക്രൈബ്ഡ് കണ്ടന്റ് എന്നൊരു ഐഡിയയാണ്. അതത്ര എളുപ്പമുള്ള ജോലിയുമല്ല. ക്വാളിറ്റി കണ്ടന്റ് വേണമെന്ന് പ്രേക്ഷകനോ വായനക്കാരനോ ആവശ്യപ്പെടുകയും അതിനവർ പേ ചെയ്യാതിരിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ, പല നിലക്കുമുള്ള സ്വാധീനങ്ങളോ ദുഃസ്വാധീനങ്ങളോ അതിന് സ്വാഭാവികമായി വന്നു ചേരുന്നു. സൈദ്ധാന്തികമായി പറഞ്ഞാൽ 1988 ൽ നോം ചോംസ്കി തൻ്റെ MANUFACTURING CONSENT: The Political Economy of the Mass Media എന്ന പുസ്തകത്തിൽ ഫൈവ് ഫിൽറ്റർ തിയറി പറയുന്ന കൂട്ടത്തിൽ ഇക്കാര്യം പറയുന്നത് കാണാം.
അശ്റഫ് വാളൂർ : മൂലയുക്തി, വിപണന താൽപര്യം എന്നതിനപ്പുറം പ്രത്യയശാസ്ത്ര താൽപര്യം ഇന്ത്യൻ മാധ്യമങ്ങൾക്കില്ലേ? അതല്ലേ കൂടുതൽ ഹൈലേറ്റ് ചെയ്യപ്പെടേണ്ടത്?
ടി.എം ഹർഷൻ : ഇത് രണ്ടും പരസ്പരപൂരകങ്ങളായി നിൽക്കുന്നു എന്നതാണ് കാര്യം. കേരളത്തിലും ദേശീയതലത്തിലുമായി ക്വാളിറ്റി കണ്ടന്റുകൾ കൊടുക്കുന്ന മാധ്യമങ്ങൾ പലതുണ്ട്. അവർ ഏറ്റവും കഷ്ടപ്പെടുന്നത് കൂടെ നിൽക്കാനോ ആ കണ്ടന്റ് പർച്ചേസ് ചെയ്യാനോ ആളില്ല എന്നിടത്താണ്. ഇവരിൽ വലിയ പങ്കും സ്ട്രഗിൾ ചെയ്യുകയാണ്. പക്ഷേ, നാം സംസാരിക്കേണ്ടത് പരമ്പരാഗത മാധ്യമ പ്രവർത്തന രീതിയെക്കുറിച്ചു തന്നെയാണ്. പല മാധ്യമങ്ങളും പലനിലക്കും രക്ഷപ്പെടാൻ ശ്രമിച്ചിട്ടും നടക്കാതെ പോകുന്ന സാഹചര്യവും നമുക്കു മുന്നിലുണ്ട്. അപ്പോഴും കഴിഞ്ഞ വർഷം ഇന്ത്യയിൽ പത്രങ്ങളുടെ കാര്യത്തിൽ 2.1 സി.എ.ജി.ആർ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ പത്രങ്ങളും ടെലിവിഷനും മറ്റെല്ലാ മാധ്യമങ്ങളും വളരുക തന്നെയാണ്. 2027 ആകുമ്പഴേക്കും 73 ബില്യൺ ഡോളറിൻ്റെ ബിസിനസ്സായി ഇന്ത്യയിലെ മാധ്യമരംഗം മാറുമെന്നാണ് കണക്കുകൾ പറയുന്നത്. ഇത്തരത്തിൽ ഒരുഭാഗത്ത് വലിയ വളർച്ച നടക്കുന്നുണ്ടെങ്കിലും അതെല്ലാം അനുഭവിക്കുന്നത് വലിയ മാധ്യമങ്ങളും, കോർപറേറ്റുകളും മാത്രമാണ് എന്നിടത്താണ് പ്രശ്നം. അവരിത് സാധിച്ചെടുക്കുന്നത് കേന്ദ്രസർക്കാരിനെയും അവരുടെ പ്രത്യയശാസ്ത്രത്തെയും പിന്തുണച്ചും ഗോദി മീഡിയ എന്ന നിലക്ക് സമ്പൂർണമായി അവർക്ക് വിധേയപ്പെട്ടുമാണ്. അടിയന്തരാവസ്ഥക്കാലത്തെ ഉദാഹരണമാണ് പലപ്പോഴും പറയാറുള്ളത്. പക്ഷേ, അടിയന്തരവസ്ഥക്കാലത്ത് ലെഗസി മീഡിയയാണ് ഭരണകൂടത്തോട് പോരാടിയത്. ഇന്ന്, ഭരണകൂടത്തോട് പോരാടുന്ന ഏതെങ്കിലുമൊരു ലെഗസി മീഡിയ ഉണ്ടോ എന്നതാണ് ആലോചിക്കേണ്ട കാര്യം.
അശ്റഫ് വാളൂർ : 2014 നു മുമ്പുള്ളത് പോലെ തന്നെ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് ഭയമില്ലാതെ പറയാൻ മലയാള മാധ്യമങ്ങൾക്കിടയിൽ സ്വാതന്ത്ര്യം ഉണ്ടെന്ന് നാം പറയാറുണ്ട്. അപ്പോൾ പോലും അവതാരകനെന്ന നിലയിൽ വാക്കുകളിലും പ്രയോഗങ്ങളിലുമൊക്കെ ഒരു സ്വയം സെൻസർഷിപ്പ് വരുത്തേണ്ടി വരുന്നു എന്നതൊരു യാഥാർഥ്യമല്ലേ?
അഭിലാഷ് മോഹനൻ : കേരളത്തിൽ അങ്ങനെയുണ്ടെന്നോ സ്വയം സെൻസർഷിപ്പ് വേണമെന്നോ തോന്നുന്നില്ല. ദേശീയ സാഹചര്യം പരിശോധിക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും ജനകീയനായ ആങ്കറായ രവീഷ് കുമാർ ഇന്ന് ഒരു യുട്യൂബ് ചാനൽ ആങ്കറാണ്. അദ്ദേഹത്തെക്കുറിച്ച് ഈയടുത്ത് വന്നൊരു ഡോക്യുമെന്ററി എന്താണ് വർത്തമാന കാല ഇന്ത്യൻ ജേണലിസം എന്ന് പറഞ്ഞുവക്കുന്നുണ്ട്. ഓരോ പത്തു മിനിറ്റിലും ജോലി പോയിക്കൊണ്ടിരിക്കുന്ന ഒരു ജേണലിസ്റ്റെങ്കിലും ഈ രാജ്യത്തുണ്ടെന്നതൊരു വസ്തുതയാണ്. ജേണലിസ്റ്റിനെ സംബന്ധിച്ച് ഭരണകൂടം പിടിച്ച് അകത്തിടുമോ എന്നതിനപ്പുറം അടുത്ത മാസത്തെ ഇ.എം.ഐ എങ്ങനെ അടക്കാമെന്നതാവും വലിയൊരു ആധി. മാധ്യമ തൊഴിൽ രംഗത്തെ അരക്ഷിതാവസ്ഥ അടക്കം ഈ മേഖല വളരെ സങ്കീർണമാണ്. മാധ്യമപ്രവർത്തകൻ നിർഭയനായിരിക്കണമെന്നു പറയുമ്പോൾതന്നെ തൻ്റെ അടുത്ത നിമിഷം എങ്ങനെയെന്ന് ആലോചിക്കുന്ന ഒരു സാധാരണ മനുഷ്യൻ കൂടി അയാളിലുണ്ടെന്ന് മനസ്സിലാക്കണം. വലിയ ഐക്കണുകൾ ചിലപ്പോൾ അതിന് അപവാദമാണെന്നതിനപ്പുറം ഈ തൊഴിൽമേഖലയുടെ അരക്ഷിതാവസ്ഥയും തൊഴിൽ നഷ്ടപ്പെടുന്ന ജേണലിസ്റ്റുകളും ഒരു യാഥാർഥ്യമാണ്. ഔട്ട്ലുക്ക് എഡിറ്ററായിരുന്ന റൂബൻ ബാനർജി Editor Missing എന്നപേരിൽ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. എന്നെയിനി ഒരു മാധ്യമത്തിനും വേണ്ട എന്നദ്ദേഹം ഒരു അഭിമുഖത്തിൽ എന്നോട് പറയുകയുണ്ടായി. അത്തരം സാഹചര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്.
അശ്റഫ് വാളൂർ : കോർപറേറ്റുകളുടെ സാമ്പത്തിക താൽപര്യങ്ങളെക്കാളുപരി ഭരണകൂടത്തിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു. അല്ലെങ്കിൽ ഭരണകൂടം തന്നെ ഇത്തരം ബിസിനസുകളിൽ ഇടനിലക്കാരനായി വരുന്നു. ഇവിടെ രാഷ്ട്രീയ താൽപര്യങ്ങളല്ലേ പ്രധാനമായി കണ്ടുവരുന്നത്?
സി. ദാവൂദ് : ഭരണകൂടത്തിൻ്റെ താൽപര്യങ്ങൾ മാധ്യമങ്ങൾക്കു മേൽ വരുന്നു എന്നതിന് വളരെ കൃത്യമായി മറുപടി പറയാൻ എനിക്കാവും. കാരണം, എൻ്റെ സ്ഥാപനം നൂറിലേറെ കോടി ഇൻവെസ്റ്റ് ചെയ്തിട്ടുള്ള, മുന്നൂറിലേറെ തൊഴിലാളികളുള്ള ഒന്നാണ്. അത്തരമൊരു സ്ഥാപനത്തിലേക്കാണ് ഒരു സാധാരണ ദിവസം ഉച്ചനേരത്ത് ഒരു വെള്ളക്കടലാസിൽ മൂന്നു പാരഗ്രാഫ് മാത്രമുള്ള ഒരെഴുത്ത് വരുന്നത്. വൈകുന്നേരം 4-30 ആകുമ്പഴേക്ക് സ്ഥാപനം പൂട്ടണമെന്ന ആജ്ഞയായിരുന്നു അതിൻ്റെ ആകെത്തുക. മീഡിയ വണ്ണിൻ്റെ നിരോധനം പോലൊരു സംഭവം ഇന്ത്യൻ മാധ്യമ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ലാത്ത ഒന്നാണെന്ന് ഉറപ്പിച്ചു പറയാം. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗിലെ ഒരു അണ്ടർ സെക്രട്ടറിയുടെ ഒപ്പുള്ള വെറുമൊരു സർക്കുലർ വഴി ഒരു മാധ്യമസ്ഥാപനത്തെ ഇല്ലാതാക്കാൻ നിയമപരമായി സാധിക്കും എന്നാണല്ലോ അതിൻ്റെ അർഥം. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സ്, മിനിസ്ട്രി ഓഫ് ഇൻഫർമേഷൻമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് എന്നിവയുടെ നേരിട്ടുള്ള മോണിറ്ററിംഗിലാണ് ഇന്ത്യയിലെ എല്ലാ മാധ്യമസ്ഥാപനങ്ങളും പ്രവർക്കുന്നത് എന്നകാര്യം മനസ്സിലാക്കണം. അതിനിടയിൽ വേറെ ഒരു മെക്കാനിസവും വർക്ക് ചെയ്യുന്നില്ല. അതുകൊണ്ടാണ് വെറുമൊരു അണ്ടർ സെക്രട്ടറിക്ക് ഒരു കത്തയച്ച് അതിനു സാധിക്കുന്നത്. ഇവിടെ മീഡിയ വണ്ണിനു വന്നിട്ടുള്ള സന്ദേശം അതിനുമാത്രമുള്ളതല്ല, മറിച്ച് എല്ലാ മാധ്യമങ്ങൾക്കുമുള്ളതാണ്. നമ്മുടെ ഒരു കത്തുവഴി നിയമപരമായിത്തന്നെ നിങ്ങളെ ഇല്ലാതാക്കാൻ പറ്റും, കാപിറ്റൽ പണിഷ്മന്റ് തരാൻ പറ്റും എന്ന ലളിതമായ സന്ദേശമാണത്. ഗവൺമെന്റിന് മാധ്യമസ്ഥാപനങ്ങൾക്കു മേലുള്ള അധികാരം റീസണബിൾ റെസ്ട്രിക്ഷൻ എന്ന ഒന്നാണ്. അവയുടെ കണ്ടന്റ് പരിശോധിച്ച് പബ്ലിക് ഹെൽത്ത്, മൊറാലിറ്റി, നാഷണൽ സെക്യൂരിറ്റി എന്നിവക്കൊക്കെ വിഘാതമാണെങ്കിൽ ഈ ന്യായമായ നിയന്ത്രണം (Reasonable Restriction) ആവാമെന്നതാണ് നിയമം. പക്ഷേ, മീഡിയ വണ്ണിനെതിരായ ഈ നടപടി ന്യായമോ, നിയന്ത്രണമോ അല്ല, മറിച്ച് വെറും കാപിറ്റൽ പണിഷ്മെന്റ് മാത്രമാണെന്നാണ് ഞങ്ങൾ കോടതിയിൽ വാദിച്ചത്. ഇത്തരമൊരു സങ്കീർണ സാഹചര്യത്തിൽ എല്ലാ മാധ്യമസ്ഥാപനങ്ങളും വിപ്ലവകാരികളാകണമെന്ന് നമുക്ക് ആഗ്രഹിക്കാം, പക്ഷേ സാധിക്കില്ല!
(തുടരും)
Media persons Abhilash Mohanan, TM Harshan, C. Davood and Ashraf Valoor discuss about Godi media