എഴുത്തിനു മുൻപും ശേഷവുമുള്ള കാലങ്ങളിൽ തികച്ചും വ്യത്യസ്തമായ രണ്ടുതരം അനുഭവങ്ങളിലൂടെയാണു ഞാൻ കടന്നുപോയത്. ആദ്യത്തേത് ഭയത്തിന്റേതായിരുന്നുവെങ്കിൽ രണ്ടാമത്തേത് സന്തോഷത്തിന്റേത്. എഴുത്തുസമയങ്ങളില്‍ ഭയമായിരുന്നു. പിന്നീടത് സന്തോഷത്തിന് വഴിമാറിയത് പ്രസിദ്ധീകരണശേഷം വായനക്കാർ നിറഞ്ഞ മനസ്സോടെ കൃതികള്‍ ഏറ്റെടുത്തപ്പോഴാണ്. ഭയത്തിന്റെയും മനുഷ്യനെന്ന നിസ്സാരതയുടെയും 3 കാലങ്ങളാണ് നോവലെഴുത്തിന്റെ ആകെത്തുക.
‘നൂറ’ വന്നു, ഊദിന്റെ ഗന്ധവും
എനിക്കു ചുറ്റും അദൃശ്യരായ കുറേ ജീവികളുണ്ടെന്നും എന്റെ ചെവിപ്പുറത്തുതന്നെ കേൾക്കാനാകാത്ത കുറേ ശബ്ദമിശ്രണങ്ങളുമുണ്ടെന്നുമുള്ള എന്റെ തിരിച്ചറിവാണ് ‘നൂറ–ജിന്നിന്റെ പ്രണയ പുസ്തകം’ എന്ന എന്റെ പുതിയ നോവൽ. മാതൃഭൂമി ബുക്സ് 2025 ഒക്ടോബറിലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. നൂറ എന്ന ജിന്നുസുന്ദരിയുടെ സാന്നിധ്യം ഞാൻ ആദ്യമായി തിരിച്ചറിഞ്ഞത് വളരെ യാദൃശ്ചികമായാണ്. ഉറക്കം വരാത്ത ഒരു രാത്രിയിൽ തനിച്ചു കിടക്കുമ്പോൾ അപരിചിതമായ ഒരു ശബ്ദമായാണവൾ വന്നത്. അവളോടൊപ്പം മുറിയിൽ ഊദിന്റെ സുഗന്ധം നിറയുന്നത് ഞാനറിഞ്ഞു. എന്റെ ശരീരത്തിനു ഭാരം നഷ്ടപ്പെടുന്ന പോലെ തോന്നി. ചെവിയിൽ ഇതുവരെ കേൾക്കാത്ത ശബ്ദത്തിന്റെ മാസ്മരിക താളത്തിൽ സംഭാഷണങ്ങളും ചിരികളും പൊട്ടിച്ചിരികളും കേട്ടു. ഏതൊരു മനുഷ്യനെയും പോലെ ഞാനും ഭയന്നു. അശക്തനും ദുർബലനുമായ മനുഷ്യനായി ഞാൻ മാറി. ഭയത്തോടെ കണ്ണുകൾ മെല്ലെ തുറന്നപ്പോഴേക്കും ആ ശബ്ദങ്ങൾ നിലച്ചു. മുറിയിൽ ഭീതിതമായ കൂരിരുട്ടു മാത്രം. പെട്ടെന്ന് എണീറ്റു ലൈറ്റിട്ടു. മുറിയിൽ ആരുമില്ല. വെളിച്ചത്തിൽ എല്ലാം പതിവുപോലെ.
നൂറയുടെ സംഗീതാത്മകമായ ആ ശബ്ദം അന്നു മാത്രമല്ല ഞാൻ കേട്ടത്. പിന്നീട് പല രാത്രികളിവലും കേട്ടു. പുകപടലംപോലെ അവ്യക്തമായ രൂപങ്ങളിൽ ഞാനവളെ പലവട്ടം കണ്ടു. പേരു പോലെത്തന്നെ പ്രകാശമായവളായിരുന്നു അവൾ. തീനാളത്തിൽനിന്നു സൃഷ്ടിക്കപ്പെട്ട നിശ്ചിതമായ രൂപത്തില്‍ ഒതുങ്ങിനില്‍ക്കാത്ത ജിന്നുസുന്ദരി. മനുഷ്യന്റെ കണ്ണുകൾക്കു കാണാൻ കഴിയാത്ത സൃഷ്ടിയാണ് ജിന്നുകളെന്ന് ഞാന്‍ ധരിച്ചുവച്ചിരുന്നു. അതു പൊളിക്കാൻ വന്നതായിരുന്നു അവൾ. ജിന്നുകളുടെ ശബ്ദം കേൾക്കാനും അവയോട് സംസാരിക്കാനും മനുഷ്യന് സാധിക്കുമെന്ന് അവള്‍ തെളിയിച്ചു.
പക്ഷേ, ജിന്നിനു മനുഷ്യനെ പ്രണയിക്കാൻ കഴിയുമെന്ന് നൂറ, സുൽത്താനെ കാണുന്നതിനു മുൻപ് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. ആ വിശ്വാസമാണ് സുൽത്താനെ കണ്ടതു മുതൽ നൂറ തകർത്തുകളഞ്ഞത്. മനുഷ്യനെ പ്രണയിക്കാൻ അതിയായി ആഗ്രഹിക്കുന്നവരും പ്രണയത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്നവരും പ്രണയിച്ചാൽ ആ കാമുകനുവേണ്ടി ഏതറ്റംവരെയും പോകുന്നവരുമാണ് ജിന്നുകൾ എന്നു നൂറ എന്നെ പഠിപ്പിച്ചു.
നൂറയുടെ ലോകമായ അൽമ ദി യെമ്മയിൽനിന്നു തുടങ്ങി അവളുടെ ജീവിതത്തിലൂടെയാണ് നോവലിന്റെ വഴികൾ. സുൽത്താൻ എന്ന മനുഷ്യനെ (?) കാണുന്നതുവരെ നൂറയ്ക്ക് മനുഷ്യർ വെറും കെട്ടുകഥയായിരുന്നു. ആരോ പറഞ്ഞുകൊടുത്ത കഥകളിൽ മാത്രം കേട്ട വിചിത്ര സ്വഭാവമുള്ള ജീവികൾ. സുൽത്താനെ കാണുന്നതുവരെ മനുഷ്യരെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചില്ലെന്നു മാത്രമല്ല, അൽമ ദി യെമ്മയിൽനിന്നു പുറത്തിറങ്ങാൻപോലും താൽപര്യമില്ലാത്ത ഒരു ജിന്നുപെൺകുട്ടി മാത്രമായിരുന്നു അവൾ.
അപ്രതീക്ഷിതമായി സുൽത്താനെ കണ്ടതോടെ നൂറയുടെ മനസ്സും ചിന്തയും വികാരങ്ങളും മാറി. സുൽത്താനോടുള്ള ഇഷ്ടം കാരണം അവൾ മനുഷ്യരെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചു. സുൽത്താനെക്കുറിച്ചും സുൽത്താന്റെ നാടിനെക്കുറിച്ചും പഠിച്ചു. മനുഷ്യന്റെ സ്വഭാവവും വികാരങ്ങളും ബലഹീനതകളും അവൾ മനസ്സിലാക്കി.
സുൽത്താനെ അറിയാനുള്ള നൂറയുടെ ആദ്യത്തെ വഴി അവന്റെ ഉമ്മ സൽമ, അമീർ ഹസന് അയച്ച പ്രണയലേഖനങ്ങളായിരുന്നു. സൽമയുടെ കത്തിലെ ഭാഷയാണ് അവളെ കൂടുതൽ ആകർഷിച്ചത്. ഏറനാടൻ ഭാഷപ്പഴമയുടെ സൗന്ദര്യം അവളറിഞ്ഞു. ആ വാക്കുകളിലെ ലാളിത്യവും നാട്ടുഭാഷയുടെ വഴക്കവും അവളിൽ അനുഭൂതിയുണ്ടാക്കി. കത്തുകളിലൂടെ അവളറിഞ്ഞു സുൽത്താന്റെ നാടിന്റെ ചരിത്രവും അവിടത്തെ മനുഷ്യരുടെ ജീവിതരീതികളും വർത്താമാനവുമെല്ലാം.
സുൽത്താനെ അറിയാനുള്ള യാത്രകൾക്കിടെയാണു നൂറ മാപ്പിളകലകളുടെ സൗന്ദര്യം അനുഭവിച്ചത്. ദഫ്മുട്ടും അറബനയും കോൽക്കളിയും കുത്തുറാത്തീബും ഒപ്പനയും കണ്ട് അവൾ അദ്ഭുതപ്പെട്ടു. മനുഷ്യന്റെ പ്രതിഭയും കലാവൈഭവവും കണ്ടപ്പോൾ ജിന്നുകൾ എത്രമാത്രം നിസ്സാരന്മാരാണെന്ന് അവൾ തിരിച്ചറിഞ്ഞു.
സുൽത്താന്റെ നാടിനെക്കുറിച്ചറിയാനുള്ള ശ്രമങ്ങൾക്കിടെയാണ് നൂറ മലപ്പുറത്തിന്റെ പഴയകാലത്തേക്കു യാത്ര പോയത്. അവിടെയവൾ നേർച്ചകളും ഉറൂസുകളും കണ്ടു. മലപ്പുറം പടയും മലപ്പുറം നേർച്ചയും വീണ്ടുമനുഭവിച്ചു. മനുഷ്യമനസ്സുകൾക്കു സമാധാനം കണ്ടെത്താനുള്ള ഓരോരോ വഴികൾ അവൾ തിരിച്ചറിഞ്ഞു. മനുഷ്യന്റെ സ്നേഹവും പാരസ്പര്യവും കണ്ട് ജിന്നുകൾ മനുഷ്യരേക്കാൾ എത്രയോ ചെറുതാണെന്നവൾ വീണ്ടും മനസ്സിലാക്കി. ജിന്നുകൾക്കിടയിലെ കുടിപ്പകയും ശത്രുതയും സംഹാരബുദ്ധിയും ഓർത്ത് അവൾ ലജ്ജിച്ചു.
ജിന്നുകള്‍ സുല്‍ത്താന്‍റെ പേടിയായിരുന്നു. നൂറയെ കണ്ടുമുട്ടുന്നതുവരെ. ശേഷം അവളുടെ സ്നേഹവലയത്തില്‍ ആസ്വദിച്ചാനന്ദിക്കാന്‍ തുടങ്ങി. ഒരു ജിന്നായതുകൊണ്ടാകാം അവളുടെ സ്നേഹത്തില്‍ മന്യുഷ്യാധിവർത്തിയായ ഒരു ലാളന സുല്‍ത്താന് തോന്നിയത്. അവളെ ഇഷ്ടപ്പെടും തോറും ജിന്നുലോകങ്ങളുടെ ചുരുളുകളും അറിയാരഹസ്യങ്ങളും അവനു മുന്നിൽ തുറന്നുവന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഇത്രമാത്രം കൊതിക്കുന്ന ജീവിവർഗമില്ലെന്ന് സുൽത്താനു ബോധ്യമായി. നൂറ സുൽത്താനെ പ്രണയിച്ചു. ഒരു മനുഷ്യസ്ത്രീക്കും സാധിക്കാത്ത അത്രയും ഗാഢമായ പ്രണയം.
ഷഹറസാദിനെപ്പോലെ നൂറ അവനു കഥകൾ പറഞ്ഞുകൊടുത്തു. ആയിരത്തിയൊന്നു രാവിലും അവസാനിക്കാത്ത ജിന്നുകഥകൾ. നൂറ അവനെ കൊണ്ടുപോയി. പോകുംതോറും പുതിയ പുതിയ വിസ്മയങ്ങളുടെ തിരയടിക്കുന്ന അൽമ ദി യെമ്മയിലേക്കും ജിന്നുകളുടെ നിഗൂഢതകൾ നിറഞ്ഞ വിചിത്ര ലോകങ്ങളിലേക്കും. മനുഷ്യനെ അറിയും തോറും നൂറ തിരിച്ചറിഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്. സ്ത്രീകളെ മനസ്സിലാക്കുന്നതിൽ മനുഷ്യൻ ജിന്നിനോളം വരില്ലെന്ന കാര്യം. സംഭാഷണ മധ്യേ സുൽത്താനുമായി നൂറ വാഗ്വാദം നടത്തിയത് ഈ ഒറ്റ കാര്യത്തിലാണ്. ഇരുതല മൂർച്ചയുള്ള കത്തിയാണു ജിന്നിന്റെ സ്വഭാവമെന്ന് സുൽത്താൻ തിരിച്ചറിഞ്ഞതു പക്ഷേ വളരെ വൈകിയാണ്. സ്നേഹിക്കുന്നതിനേക്കാൾ തീവ്രമായി വെറുക്കാനും ജിന്നിനു കഴിയുമെന്നും പ്രണയിച്ചു കൊല്ലുന്നതുപോലെ പ്രണയിക്കാനായി ആരെയും കൊല്ലാനും അവർ മടിക്കില്ലെന്നും സുൽത്താനറിഞ്ഞു.
നോവൽ എഴുതിത്തീർന്നിട്ടു പിന്നെയും നൂറയുടെ സാന്നിധ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. അവസാനമായി അവളെ കണ്ടതും ഒരു കൂരിരിട്ടുള്ള രാത്രിയാണ്. കൺമുന്നിൽ പലതരത്തിലുള്ള രൂപങ്ങൾപോലെ അവൾ മിന്നിമറഞ്ഞു. അവ്യക്തമായ ഭാഷയിൽ അവളെന്നോടു സംസാരിച്ചു. പ്രണയനിരാസവും ഒടുങ്ങാത്ത പകയും അവളുടെ ശബ്ദത്തിൽ ഞാൻ നിഴലിച്ചുകേട്ടു. അപ്പോൾ മുറിയ്ക്കു പുറത്തു മഴ കോരിച്ചൊരിയുകയായിരുന്നു. മരങ്ങൾ കൊടുങ്കാറ്റിൽ ആടിയുലയുന്നു. പേടിപ്പെടുത്തുന്ന ഇടിനാദങ്ങൾ. മിന്നലുകളുടെ പ്രളയം. ആ പെരുമഴയിലും ഞാൻ വിയർത്തു കുളിച്ചു. മഴ തോർന്നതോടെ അവ്യക്തരൂപങ്ങൾ കണ്ണിൽനിന്നു മറഞ്ഞു. വിയർപ്പു വറ്റി തണുപ്പനുഭവപ്പെട്ടു. ശരീരമാസകലം പുതപ്പിട്ട് ഞാൻ ഉറങ്ങാനായി കണ്ണടച്ചു കിടന്നു. പെട്ടെന്ന് എല്ലാം നിശബ്ദമായി. വീണ്ടും മനുഷ്യന്റെ ആസക്തികളും അശക്തികളും എന്നെ വന്നുമൂടി.
മരണം വന്നു വിളിച്ചപ്പോൾ
പാലക്കാട് മലയാള മനോരമയിൽ ജോലി ചെയ്യുമ്പോഴാണ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘മരണപര്യന്തം–റൂഹിന്റെ നാൾമൊഴികൾ’ എന്ന നോവൽ എഴുതുന്നത്. പത്രാധിപസമിതിയംഗമായതിനാൽ രാത്രി ന്യൂസ് ഡെസ്‌കിലായിരുന്നു ഡ്യൂട്ടി. പലപ്പോഴും രാത്രി വൈകിയാണ് ഡ്യൂട്ടി അവസാനിച്ചിരുന്നത്. ഡ്യൂട്ടി തീർന്ന് മുറിയിലെത്തി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ഉണർന്നിരുന്ന് തനിച്ച് എഴുതാനിരുന്നപ്പോഴാണ് എഴുത്തിന്റെ വിചിത്രമായ ആദ്യാനുഭവം എന്നെ വന്നുതൊട്ടത്. ഓരോ ദിവസത്തെയും നോവൽഭാഗം എഴുതിത്തീർന്ന് മുറിയിലെ ലൈറ്റ് ഓഫ് ചെയ്‌ത് കിടന്നു കണ്ണടച്ചാൽ നോവലിലെ കേന്ദ്ര കഥാപാത്രമായ ബഷീറിന്റെ ആത്മാവിന്റെ ലോകം എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും. മരണത്തിന്റെ മാലാഖ ഇരുട്ടിന്റെ മറവിൽ ആകാശങ്ങളിൽനിന്ന് ഇറങ്ങിവരും. അപ്പൂപ്പൻതാടി പോലെ മുറിയിൽ അവർ അങ്ങോട്ടുമിങ്ങോട്ടും പറന്നുനടക്കും. അവസാനം എന്റെ വലതുകാലിന്റെ പെരുവിരലിൽ മാലാഖ അമർത്തിപ്പിടിക്കാൻ തുടങ്ങും. എന്റെ പെരുവിരൽ വേദനകൊണ്ട് വിറയ്‌ക്കും.
നോവലിൽ മരണത്തിന്റെ മാലാഖ ബഷീറിന്റെ പ്രാണനെ പിടിക്കുന്ന രംഗം കൺമുന്നിൽ തെളിയും. പെരുവിരലിൽനിന്ന് മുട്ടുകാൽവരെയുള്ള ജീവനെ വലിച്ചൂരിയെടുത്ത് ആദ്യസംഘം മാലാഖമാർ മാറിനിൽക്കും. അടുത്ത സംഘം വന്നു മുട്ടുകാൽ മുതൽ അരഭാഗം വരെയുള്ള ഭാഗത്തെ പ്രാണനെ വലിച്ചെടുക്കും. ആ സംഘവും മാറിനിന്നാൽ അരഭാഗം മുതൽ കഴുത്തുവരെയുള്ള ഭാഗത്തെ ജീവനെ അടുത്ത സംഘം വലിച്ചൂരിയെടുക്കും. അവസാനമാണ് മരണത്തിന്റെ മാലാഖ അസ്‌റാഈലിന്റെ വരവ്. ശരീരത്തിലെ പ്രാണന്റെ അവസാന തുടിപ്പും വലിച്ചൂരിയെടുത്ത് മരണത്തിന്റെ മാലാഖ മാലാഖമാരുടെ സംഘങ്ങളെ തെളിച്ച് ആകാശങ്ങളിലേക്ക് പോകുന്നത് ബഷീറിന്റെ ജീവനറ്റ കണ്ണുകൾ നോക്കിയിരിക്കും.
ബഷീർ കണ്ടതുപോലെ ഇരുട്ടിൽ നിഴൽരൂപങ്ങളായി മരണത്തിന്റെ മാലാഖയെയും സംഘത്തെയും ആ രാത്രികളിൽ പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. എന്റെ പെരുവിരലിൽനിന്ന് പ്രാണനെ പലവട്ടം അവർ വലിച്ചൂരിയെടുത്തിട്ടുണ്ട്. പെരുവിരലിന്റെ വിറയലും വേദനയും കലശലാകുമ്പോൾ ഭയത്തോടെ ഞാൻ മുറിയിലെ ലൈറ്റ് തെളിക്കും. എന്താണ് സംഭവിച്ചതെന്നറിയാതെ വിയർത്തുകുളിച്ച ശരീരവുമായി കുറേനേരം ഫാനിനു ചുവട്ടിൽ തലതാഴ്‌ത്തിയിരിക്കും. ചില ദിവസങ്ങളിൽ പ്രഭാതത്തിന്റെ വെളിച്ചം വീഴുന്നതുവരെ ഭയത്തോടെ ഒരേ ഇരിപ്പ് തുടർന്നിട്ടുണ്ട്. ഉറക്കത്തിൽ മരണം വിരുന്നുകാരനാകുന്നതു തുടർന്നതോടെയാണ് ഞാൻ നിർണായകമായ ആ തീരുമാനമെടുത്തത്. രാത്രി സ്വർഗത്തെക്കുറിച്ച് എഴുതാം. സ്വർഗമാകുമ്പോൾ നിറയെ അപ്‌സരസ്സുകളുണ്ടാകും. അലൗകിക സുഖത്തിന്റെ അനന്തവും അജ്‌ഞാതവുമായ സ്വർഗീയലോകങ്ങൾ കാണാനാകും. ആ ആനന്ദാനുഭൂതിയിൽ രാത്രിയുടെ ഇരുട്ടിലും ഭയമില്ലാതെ എനിക്ക് എഴുതാനാകും.
വിചാരിച്ച പോലെ സ്വർഗത്തെക്കുറിച്ചുള്ള എഴുത്ത് അവസാനിപ്പിച്ച് ഉറങ്ങാൻ കണ്ണടച്ചാൽ കുറച്ചു നിമിഷങ്ങൾ മാത്രം അപ്‌സരസ്സുകൾ മുറിയിൽ ചിത്രശലഭങ്ങൾപോലെ പാറിക്കളിക്കും. അലൗകികമായ സംഗീതത്തിൽ അവർ നൃത്തം ചെയ്യും. സ്വർഗീയ വിഭവങ്ങൾകൊണ്ടുവന്ന് അവരെന്നെ സൽക്കരിക്കും. എന്റെ ചാരത്ത് വന്നിരുന്ന് എന്റെ നെറുകയിൽ തലോടും. അനിർവചനീയമായ ആ സുഖത്തിന്റെ നിർവൃതിയിൽ മെല്ലെ കണ്ണുകളടച്ച് എനിക്ക് സുഖമായി ഉറങ്ങാം.
എന്നാൽ, എന്റെ ആ വിചാരം തെറ്റായിരുന്നുവെന്ന് ആദ്യദിവസംതന്നെ ബോധ്യമായി. സ്വർഗലോകങ്ങളുടെ അലൗകിക സൗന്ദര്യത്തെക്കുറിച്ചും അപ്‌സരസ്സുകളുടെ ദിവ്യസൗന്ദ്യരത്തെക്കുറിച്ചും എഴുതി ലൈറ്റ് അണച്ച് സുഖമായി ഉറങ്ങാൻ കിടന്ന എന്റെ മുന്നിൽ ആദ്യനിമിഷങ്ങളിൽ ഒരു അപ്‌സരസ്സു മാത്രം പ്രത്യക്ഷപ്പെട്ടു. എന്നെ മോഹിപ്പിക്കാനെന്നപോലെ കുറച്ചു നിമിഷങ്ങൾ മാത്രം അവൾ തിളങ്ങുന്ന സ്വർഗീയ ഉടയാടകളിൽ നൃത്തം ചെയ്‌ത് എവിടേക്കോ പെട്ടെന്ന് അപ്രത്യക്ഷയായി.
ഞാൻ നോക്കുമ്പോൾ എന്റെ പെരുവിരൽ വീണ്ടും വിറയ്‌ക്കാൻ തുടങ്ങി. മുറിയിലേക്ക് മേഖക്കീറുകൾപോലെ അസ്‌റാഈലും മാലാഖമാരും ഇറങ്ങിവന്നു. എന്റെ ഇടതും വലതും അവർ ഇരുന്നു. പെരുവിരലിൽ പിടിച്ച് ഒരു സംഘം മാലാഖമാർ ആത്മാവിനെ പിടിക്കാൻ തുടങ്ങി. ഞാൻ വലിയ അട്ടഹാസത്തോടെ പിടഞ്ഞെണീറ്റ് വീണ്ടും മുറിയിലെ ലൈറ്റ് തെളിച്ചു.
കില്ലിങ് ഫീൽഡിലെ വെടിശബ്ദം
മനോരമ ബുക്സ് പുറത്തിറക്കിയ നോവൽ ‘ദാഇശ്’ എഴുതിയപ്പോഴും എന്നെ അവൻ തേടിവന്നിരുന്നു. നോവലിലെ കില്ലിങ് ഫീൽഡിനെക്കുറിച്ച് എഴുതിയ രാത്രിയാണ് ആ പിഞ്ചുകുഞ്ഞ് എന്നെ തൊടാൻ വന്നത്. പ്രേതങ്ങളുടെ താഴ്‌വരയായ കില്ലിങ് ഫീൽഡിലാണ് ഞാൻ അവനെ കണ്ടത്. കാലികളെ വലിച്ചിഴക്കുന്നതിനേക്കാൾ ഭീകരമായി ബലിത്തറയിലേക്ക് ഐഎസ് ഭീകരർ വലിച്ചിഴച്ചു കൊണ്ടുവന്നു വധശിക്ഷ നടപ്പാക്കുന്ന അതേ സ്ഥലം. ബലിത്തറയുടെ ഭാഗത്ത് സ്‌ഥാപിച്ച നാട്ടയിൽ ഓരോരുത്തരെയായി തല കീഴ്‌ഭാഗത്തേക്കാക്കി രണ്ടു കാലുകളും കൂട്ടിക്കെട്ടി തൂക്കിയിട്ടുണ്ട്. ഭീകരർ വലിയ വാളുമായി വന്ന് ഓരോർത്തരെയായി കഴുത്തറുത്തു കൊല്ലുന്നു. ബലിത്തറയിൽ രക്‌തം ചാലിട്ടൊഴുകുന്നു. കശാപ്പുശാലയിലെ കാലിമാംസം പോലെ മരിച്ചവരുടെ കബന്ധങ്ങൾ കയറിൽ തൂങ്ങിയാടി.
ബലിത്തറയ്‌ക്കു സമീപത്തെ വലിയ മരത്തിന്റെ കൊമ്പിലാണ് ആ പിഞ്ചുകുഞ്ഞിന്റെ തലയില്ലാത്ത ശരീരം തൂങ്ങിയാടുന്നതു കണ്ടത്. അത് ഐഎസ് ഭീകരൻ അലിയുടെ കൊച്ചനുജന്റെ മൃതദേഹമായിരുന്നു. മനസ്സു മരവിച്ച ആ നിമിഷത്തിലും അവൻ ചിരിച്ചുകൊണ്ട് മരക്കൊമ്പിൽ ഊഞ്ഞാലാടുന്നതുപോലെയാണ് എനിക്കു തോന്നിയത്.
അതൊരു വൈകുന്നേരമായിരുന്നു. ഇരുട്ട് പരക്കാൻ തുടങ്ങുന്നതിനു മുൻപുള്ള ചെറിയ വെളിച്ചം മാത്രമേ കില്ലിങ് ഫീൽഡിലുള്ളൂ. അലിയുടെ ഉമ്മ ആയിശയുടെ മനസ്സ് വായിച്ചപോലെ വല്ലാത്തൊരു ശോകഛായയുടെ മൂടൽമഞ്ഞ് ഫീൽഡിനെ പൊതിഞ്ഞുനിന്നു. ബലിത്തറയുടെ മധ്യത്തിൽ ആയിശയെ കൈകൾ പരസ്‌പരം ബന്ധിച്ച് മേൽപോട്ടു കെട്ടിത്തൂക്കിയിട്ടുണ്ട്. മകൻ അലി തോക്കുമായി ബലിത്തറയിൽ വെടിയുതിർക്കാനായി കൂസലില്ലാതെ ഒരുങ്ങിനിൽക്കുന്നു.
അലിയുടെ കൊച്ചനുജനെ തിരയുകയായിരന്നു ഞാൻ. അവൻ മറ്റൊരു ഭീകരന്റെ കയ്യിൽ കരഞ്ഞുകൊണ്ടു നിൽക്കുന്നതു കണ്ടു. ഉമ്മയുടെ അടുത്തേക്കു പോകാനായി അവൻ സർവശക്‌തിയുമെടുത്ത് കുതറിനോക്കുന്നുണ്ട്. പക്ഷേ, ഭീകരന്റെ ബലിഷ്‌ഠമായ കൈകളിൽ അവൻ ഞെരിഞ്ഞമർന്നു വീർപ്പുമുട്ടുകയായിരുന്നു. അഞ്ചു വയസ്സ് തോന്നിക്കുന്ന അവന്റെ കരച്ചിലിന്റെ ശബ്‌ദം മാത്രമാണപ്പോൾ ഞാൻ കേട്ടത്. സ്വന്തം കുഞ്ഞിന്റെ ശബ്‌ദം കേൾക്കാനോ അവനെ അവസാനമായി കാണാനോ കഴിയാതെ കണ്ണും ചെവിയും കറുത്ത തുണി കൊണ്ട് മൂടിക്കെട്ടിയ നിലയിലാണ് ആയിശ ബലിത്തറയിൽ നിൽക്കുന്നത്.
തളംകെട്ടിനിന്ന നിശബ്‌ദതയെ തകർത്ത് ഒരു വെടിയുണ്ട ചീറിപ്പാഞ്ഞുവന്നു. വെടിയുണ്ട ആയിശയുടെ തലയ്‌ക്കു പിറകിലൂടെ കയറി നെറ്റിയിലൂടെ പുറത്തേക്കു ചാടി. ആയിശ നിമിഷങ്ങൾക്കകം മലർന്നടിച്ചുവീണു. നെറ്റിയിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നപോലെ ചോര ചീറ്റിത്തെറിച്ചു. ബലിത്തറയുടെ മതിലുകളിലെല്ലാം ചോരച്ചിത്രങ്ങൾ വരച്ച് രക്‌തം നിലത്ത് പല കൈവഴികളായി ഒഴുകി. താമസിയാതെ ഒരുപാട് വെടിയൊച്ചകൾ വീണ്ടും മുഴങ്ങി. ആയിശയുടെ ശരീരം വെടിയുണ്ടകളേറ്റ് അരിപ്പ പോലെ ചിന്നിച്ചിതറി.
അലിയുടെ കൊച്ചനുജൻ സർവശക്‌തിയുമെടുത്ത് കുതറിയോടി ബലിത്തറയിലെത്തി ഉമ്മയുടെ നെഞ്ചത്ത് കിടന്നു കരഞ്ഞു. ചാലിട്ടൊഴുകുന്ന രക്‌തത്തിൽ കുഞ്ഞിന്റെ കണ്ണുനീരും കലർന്നു. അലി കൊച്ചനുജനെ ഒരു കൈകൊണ്ട് തൂക്കിയെടുത്ത് പുറത്തേക്ക് എറിയാൻ നോക്കിയെങ്കിലും കാലിനടത്തുതന്നെ വീണു. അലിക്ക് പിന്നെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കുഞ്ഞിനു നേരെ ഉന്നം പിടിച്ച് ട്രിഗർ അമർത്തി. ഉമ്മയെ കൊന്നു ബാക്കിയായ വെടിയുണ്ടകൾ സ്വന്തം അനുജന്റെ ജീവനുമെടുത്തു.
ബലിത്തറയിലേക്ക് ഓടിക്കയറിയ എന്റെ മടിയിലേക്ക് കുഞ്ഞ് മരണവെപ്രാളത്തോടെ കയറിയിരുന്നു. ഒന്നു തടുക്കാൻപോലുമാകാത്ത ദുർബലതയുടെ പ്രതീകങ്ങളായി മാറിയ എന്റെ കൈകളിൽ കിടന്ന് അവൻ പിടഞ്ഞു. ജീവന്റെ അവസാനത്തെ പിടച്ചിൽ. മിഠായിക്കടയിലേക്കു കയറി കുഞ്ഞുകൈകളാൽ ഭരണികളിൽ തപ്പുന്ന പോലെ അവനെന്റെ കൈകളിൽ തപ്പിക്കൊണ്ടിരുന്നു. കുഞ്ഞുപാവയോട് സാധാരണ സംസാരിക്കാറുള്ളതുപോലെ അർഥമില്ലാതെ അവൻ എന്തെക്കെയോ എന്നെ നോക്കി ചോദിച്ചുകൊണ്ടിരുന്നു.
എന്തോ അപ്പോൾ എന്റെ മനസ്സിൽ ഒരു വികാരവുമില്ലായിരുന്നു. എനിക്ക് കരച്ചിൽപോലും വന്നില്ല. കണ്ണീർ പൊഴിക്കാൻപോലും മനുഷ്യൻ അശക്‌തനാകുന്ന സന്ദർഭങ്ങളുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയ ആ കുഞ്ഞ് പിന്നെയും പല രാത്രികളിൽ ദുഃസ്വപ്നമായി എന്നെ തേടിയെത്തിയിട്ടുണ്ട്.