ഫലസ്തീന്‍ ഇല്ലാതാകുന്നത് അവിടെ ഫലസ്തീനികള്‍ ഇല്ലാത്തതുകൊണ്ടല്ല- എഡ്വേര്‍ഡ് സെയ്ദ്
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തെ മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പുവരെ, ഗ്രീസും തുര്‍ക്കിയും തമ്മില്‍ വരച്ച സാങ്കല്‍പിക രേഖയുടെ കിഴക്കുള്ളതെല്ലാം ഓറിയന്റ് എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്. ഒരു പ്രത്യേക മനോഭാവത്തെയും (ഓറിയന്റല്‍ മൈന്റ്) അതുള്‍ക്കൊള്ളുന്ന സാംസ്‌കാരിക, രാഷ്ട്രീയ സവിശേഷതകളെയും നൂറ്റാണ്ടുകളോളം ആ പദം പ്രതിനിധീകരിച്ചു. എന്നാല്‍, പ്രത്യേകിച്ചും യൂറോപ്പിന് ഓറിയന്റ് ഒരൊറ്റ അസ്തിത്വമാകുമ്പോള്‍തന്നെ, വിശാലമായ ഭൂപ്രദേശങ്ങളെയും പല നിറങ്ങളുള്ള ജനസമൂഹങ്ങളെയും കിഴക്കിന്റെ വിസ്മയങ്ങളെയും (ദ മാര്‍വല്‍സ് ഓഫ് ദ ഈസ്റ്റ്) അത് ഉള്‍ക്കൊണ്ടു.
വിക്ടോറിയന്‍ കാലഘട്ടത്തിന്റെ അവസാനഘട്ടത്തിലെ രാഷ്ട്രീയചരിത്രം അറിയുന്നവര്‍ക്ക് ഓറിയന്റിനു പകരം കിഴക്കന്‍ പ്രശ്‌നം (ഈസ്റ്റേണ്‍ ക്വസ്റ്റ്യന്‍) എങ്ങനെയാണ് ഉയര്‍ന്നുവന്നതെന്നു മനസ്സിലാകും. 1918 ാടെ യൂറോപ്യന്‍ ശക്തികള്‍ ലോകത്തിന്റെ ഏകദേശം 85 ശതമാനം പ്രദേശങ്ങള്‍ കോളനികളാക്കി കൈവശപ്പെടുത്തിയിരുന്നതായി കണക്കാക്കപ്പെടുന്നു. അതില്‍ വലിയൊരു ഭാഗം നേരത്തെ ഓറിയന്റല്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളിലും. അതോടെ കിഴക്കിന്റെ സൗന്ദര്യവും സന്തോഷവും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കു വഴിമാറി. അവിടെ സ്വാധീനം നേടാന്‍ ശ്രമിച്ച യൂറോപ്പ്യന്‍ ശക്തികള്‍ തമ്മിലുള്ള കിടമത്സരവും തദ്ദേശീയരുടെ സ്വാതന്ത്ര്യപോരാട്ടങ്ങളും സജീവമായി. അതുവരെ ‘അപ്രസക്തമായിരുന്ന’ ഓറിയന്റ് അത്യന്തം നിര്‍ണായകമായ മേഖലയായി രൂപാന്തരപ്പെട്ടു. അവയില്‍ ഒന്നായ മിഡില്‍ ഈസ്റ്റ് ഇന്നും അനന്തമായ സങ്കീര്‍ണതകളും പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും പേറി ഓറിയന്റിന്റെ ഭാഗമായി നിലകൊള്ളുന്നു. അതിന്റെ മധ്യത്തിലാണ് ഫലസ്തീന്‍ ക്വസ്റ്റ്യന്റെ കിടപ്പ്.
ഏതെങ്കിലും വിഷയത്തിലേക്കോ സ്ഥലത്തേക്കോ വ്യക്തിയിലേക്കോ ചേര്‍ത്ത് ദ ക്വസ്റ്റിയന്‍ ഓഫ് എന്ന് പ്രയോഗിക്കുമ്പോള്‍ അത് വ്യത്യസ്ത അര്‍ഥതലങ്ങളെ സൂചിപ്പിക്കുന്നതു കാണാം. ഉദാഹരണത്തിന്, ആധുനിക സംഭവങ്ങളെക്കുറിച്ചുള്ള അവലോകനം അവസാനിപ്പിക്കുമ്പോള്‍ ഒരാള്‍ ‘ഇപ്പോള്‍ ഞാന്‍ ദ ക്വസ്റ്റ്യന്‍ ഓഫ് എക്‌സി(X)ലേക്ക് വരുന്നു’ എന്നു പറയുന്നുവെന്നു കരുതുക. അപ്പോള്‍, മറ്റു വിഷയങ്ങളില്‍നിന്ന് വേറിട്ടതും പ്രത്യേകമായി പരിഗണിക്കേണ്ടതുമായ കാര്യമാണ് X എന്നാണര്‍ഥം. രണ്ടാമതായി, ‘ദ ക്വസ്റ്റിയന്‍ ഓഫ്’ വളരെ പഴക്കമുള്ളതും ഇടപെടാന്‍ എളുപ്പമുള്ളതും നിരന്തരം ഉന്നയിക്കപ്പെടുന്നതുമായ വിഷയങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്- ദ ക്വസ്റ്റ്യന്‍ ഓഫ് റൈറ്റ്‌സ്, ഈസ്റ്റേണ്‍ ക്വസ്റ്റ്യന്‍, ദ ക്വസ്റ്റ്യന്‍ ഓഫ് ഫ്രീ സ്പീച്ച് തുടങ്ങിയവ ഉദാഹരണം. മൂന്നാമതായി, പറയപ്പെടുന്ന കാര്യത്തിന്റെ സ്ഥിതിതന്നെ അനിശ്ചിതവും സംശയാസ്പദവും അസ്ഥിരവുമാണെന്ന് സൂചിപ്പിക്കാന്‍ അതുപയോഗിക്കുന്നു. ഉദാഹരണത്തിന്, ‘ലോക്‌നെസ് രാക്ഷസന്റെ ഉണ്‍മയെ സംബന്ധിച്ച ചോദ്യം’. ഫലസ്തീനുമായി ചേര്‍ത്ത് ഈ പദം ഉപയോഗിക്കുമ്പോള്‍ മേല്‍പറഞ്ഞ മൂന്ന് അര്‍ഥതലങ്ങളെയും അത് സ്പര്‍ശിക്കുന്നതായി കാണാം. ഫലസ്തീന്‍, ഓറിയന്റിനെ പോലെത്തന്നെ, അറ്റ്‌ലാന്റികിന്റെ അതിര്‍ത്തിക്കപ്പുറത്ത് മറ്റൊരു ലോകത്താണ് സ്ഥിതിചെയ്യുന്നത്. ഏറ്റവും കഠിനമായ അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഒന്നായ ഫലസ്തീനുവേണ്ടിയുള്ള പോരാട്ടം ദീര്‍ഘകാലമായി അനേകം പേരുടെ ശക്തിയും ശ്രദ്ധയും ആകര്‍ഷിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ പ്രധാന കാരണവും അതുതന്നെ.

ഫലസ്തീന്‍ എന്ന പദപ്രയോഗംതന്നെ പലസ്തീനികളുടെയും അവരെ പിന്തുണക്കുന്നവരുടെയും പ്രധാനപ്പെട്ട രാഷ്ട്രീയ അവകാശ പ്രഖ്യാപനമാണ്. അതേസമയം, ശത്രുക്കള്‍ അതൊരു ഭീഷണിയായാണ് കണക്കാക്കുന്നത്. അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ അരങ്ങേറിയിരുന്ന പ്രകടനങ്ങളില്‍ ഒരുവിഭാഗം ഉയര്‍ത്തിയ ‘Palestine is’ എന്ന മുദ്രാവാക്യവും മറുവിഭാഗം ഉയര്‍ത്തിയ ‘There is no Palestine’ എന്ന മുദ്രാവാക്യവും തെളിയിക്കുന്നത് അതാണ്. ഇസ്രായേലികള്‍ പൊതുവെ ഫലസ്തീനികളെ ‘so-called Palestinians’ എന്നാണ് വിളിക്കുക. ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡ മെയര്‍ 1969 ല്‍ പറഞ്ഞ ‘ഫലസ്തീനികള്‍ നിലവിലില്ല’ എന്ന നിഷേധപ്രഖ്യാപനത്തേക്കാള്‍ അല്‍പം മൃദുവായ പ്രയോഗമാണത്. വാസ്തവം ഇതാണ്: ഇപ്പോള്‍ ഫലസ്തീന്‍ എന്ന രാജ്യം നിലവിലില്ല; അതൊരു ഓര്‍മയായി, ആശയമായി, രാഷ്ട്രീയവും മാനുഷികവുമായ അനുഭവമായി, ഒപ്പം അണയാത്ത അഭിലാഷമായി ശേഷിക്കുന്നെന്നു മാത്രം.
പത്രങ്ങള്‍ വായിക്കുന്ന, ടെലിവിഷന്‍ കാണുന്ന, റേഡിയോ കേള്‍ക്കുന്ന, രാഷ്ട്രീയ പാണ്ഡിത്യമുണ്ടെന്നു നടിക്കുന്ന, അന്താരാഷ്ട്ര വിഷയങ്ങളില്‍ വിദഗ്ധാഭിപ്രായം പറയുന്ന കൂടുതല്‍ പേര്‍ക്കും മിഡില്‍ ഈസ്റ്റ് എന്നാല്‍ കേവലം അറബ്-ഇസ്രായേല്‍ സംഘര്‍ഷമാണ്. ഈ കാഴ്ചപ്പാടിന്റെ പ്രധാന പ്രശ്‌നം, മിഡില്‍ ഈസ്റ്റില്‍ ഫലസ്തീനുണ്ടെന്നു കരുതുന്ന എല്ലാത്തിനെയും അക്ഷരാര്‍ഥത്തില്‍ അത് നിഷേധിക്കുന്നു എന്നതാണ്. 1978 ലെ ക്യാംപ്‌ഡേവിഡ് ഉടമ്പടി മുതല്‍ മിഡില്‍ ഈസ്റ്റ് മൊത്തമായി മെനാഹെം ബെഗിനും അന്‍വര്‍ സാദതും ജിമ്മി കാര്‍ട്ടറും ഒരുമിച്ചിരിക്കുന്ന ദൃശ്യത്തിലൂടെ പ്രതിനിധീകരിക്കപ്പെടുന്നുവെന്ന ധാരണയുണ്ടായി. 1968 വരെ മിഡില്‍ ഈസ്റ്റിനെക്കുറിച്ച് പുറത്തുവന്ന ഭൂരിഭാഗം സാഹിത്യങ്ങളും അവിടെ അരങ്ങേറിയ സംഭവങ്ങളുടെ സാരാംശം ഒരുകൂട്ടം അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മില്‍ നടന്ന ഒരിക്കലും അവസാനിക്കാത്ത യുദ്ധങ്ങള്‍ മാത്രമാണെന്ന സന്ദേശമാണ് പ്രചരിപ്പിച്ചത്. പക്ഷേ, യാഥാര്‍ഥ്യം അങ്ങനെയല്ല. 1948 വരെ ഫലസ്തീന്‍ എന്ന പ്രദേശം ഉണ്ടായിരുന്നുവെന്നതും അതിന്റെ നശീകരണഫലമായിരുന്നു ഇസ്രയേലിന്റെ സ്വാതന്ത്ര്യം എന്നു പറയപ്പെടുന്ന അവസ്ഥയെന്നതുമാണ് വസ്തുത. എന്നാല്‍, മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളെ പിന്തുടരുന്ന ഭൂരിഭാഗം പേര്‍ക്കും അതറിയില്ല. സ്വയം ഫലസ്തീനുകാരായി തിരിച്ചറിയുകയും മറ്റുള്ളവര്‍ അങ്ങനെ വിളിക്കുകയും ചെയ്യുന്ന ഏകദേശം നാലു ദശലക്ഷം മുസ്‌ലിം-ക്രിസ്ത്യന്‍ അറബികളുണ്ട് ഫലസ്തീനില്‍. ഫലസ്തീന്‍ എന്ന പേരില്‍ ഒരു രാജ്യം ഇല്ലാതാകുന്നത് അവിടെ തദ്ദേശീയര്‍ ഇല്ലാത്തതുകൊണ്ടല്ലെന്നര്‍ഥം.
സമീപകാല ചരിത്രം ഫലസ്തീനികളെ വലിയ അളവില്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും അത് ആശാവഹമായ രീതിയിലല്ല സംഭവിക്കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചു നടക്കുന്ന സിമ്പോസിയങ്ങളും അക്കാദമിക പഠനങ്ങളുമൊന്നും ഫലസ്തീന്‍ ഭീകരവാദം (പലപ്പോഴും ‘അറബ് ഭീകരവാദം’) പരാമര്‍ശിക്കാതെ അവസാനിക്കാറില്ല. സിനിമകളുടെ കാര്യവും അങ്ങനെത്തന്നെ. ആധുനിക സംഭവങ്ങളും മറ്റും ആസ്പദമാക്കി ചെയ്യുന്ന ചിത്രങ്ങളില്‍, തന്റെ കഥാപാത്രങ്ങളിലൊരാളായി ‘ഫലസ്തീന്‍ ഭീകരനെ’ ഉള്‍പ്പെടുത്തണമെന്ന നിര്‍ബന്ധ ബുദ്ധിയുണ്ട് മിക്ക സംവിധായകര്‍ക്കും. ബ്ലാക്ക് സണ്‍ഡേ (Black Sunday), സോര്‍സറര്‍ (Sorcerer) തുടങ്ങിയ സിനിമകളാണിപ്പോള്‍ മനസ്സിലേക്കുവരുന്ന ഉദാഹരണങ്ങള്‍. മറ്റൊരുവശത്ത്, ഫലസ്തീനികളെ സാധാരണയായി അഭയാര്‍ഥിക്യാമ്പുകളില്‍ കഷ്ടപ്പെടുന്നവരായി, അറബ് രാജ്യങ്ങളുടെ രാഷ്ട്രീയ ഫുട്‌ബോളായി, കമ്യൂണിസത്തിന് വളരാനുള്ള ഭൂമികയായി, വര്‍ധിച്ചുവരുന്ന ജനസംഖ്യയുടെ പ്രതീകമായി ചിത്രീകരിക്കുന്നു.
എന്നാല്‍, കൂടുതല്‍ വിശകലനാത്മകമായ നിരീക്ഷണങ്ങള്‍ ഫലസ്തീനികളെക്കുറിച്ച് മുമ്പുതന്നെ വന്നിട്ടുണ്ട്. അറബികള്‍ക്കിടയിലെ അഭിജാത വര്‍ഗമാണവര്‍. മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ഉന്നത ജോലിയുമുള്ളവര്‍. അറബ് രാഷ്ട്രീയത്തിന്റെ മര്‍മസ്ഥാനങ്ങളില്‍ അവരുണ്ട്. എണ്ണമന്ത്രാലയങ്ങളുടെയും എണ്ണശാലകളുടെയും ഉപദേശകരായും അനേകം പേരുണ്ട്. ബൗദ്ധിക-വ്യാവസായിക-ബാങ്കിങ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അറബ് മധ്യവര്‍ഗത്തില്‍ വലിയൊരു ശതമാനവും അവരാണ്.
അവസാനമായി, അമേരിക്കന്‍ രാഷ്ട്രീയസംവാദവും ഫലസ്തീന്‍ പ്രശ്‌നത്തിലേക്ക് തിരിഞ്ഞു. ജിമ്മി കാര്‍ട്ടറിന്റെ പ്രസിഡണ്ടുകാലം മുതല്‍, മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉറപ്പാക്കാന്‍ ഫലസ്തീന്‍ പ്രശ്‌നം ഗൗരവമായി പരിഗണിക്കപ്പെടണം എന്നു പറയുന്നത് സെമിറ്റിക് വിരുദ്ധത (anti-Semitism) അല്ലാതായിട്ടുണ്ട്. ഫലസ്തീനിയന്‍ ഹോംലാന്റ് എന്ന ആശയവും, സമാധാനസമ്മേളനങ്ങളില്‍ ഫലസ്തീനിയന്‍ പ്രാതിനിധ്യം എന്ന ആവശ്യവും പൊതുബോധത്തെ വെല്ലുവിളിക്കുന്ന വലിയ ചോദ്യങ്ങളായി പരിണമിച്ചിട്ടുണ്ട്.

1948 നുശേഷം ആദ്യമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ അജണ്ടയില്‍ ഫലസ്തീന്‍ പ്രശ്‌നം സ്വതന്ത്ര വിഷയമായി ഉള്‍പ്പെടുന്നത് 1974 ലാണ്. യാസിര്‍ അറഫാത്തിന്റെ വിവാദമായ പങ്കാളിത്തത്തിലൂടെയാണത് സാധ്യമായത്. ഫലസ്തീനികളുടെ സ്വയംനിര്‍ണയാവകാശം ആദ്യമായി ഐക്യരാഷ്ട്രസഭയില്‍ അനുകൂലമായി വോട്ടുചെയ്യപ്പെട്ടത് 1969 ലായിരുന്നെങ്കിലും, 74 ാടെയാണ് ഫലസ്തീന്‍ പ്രശ്‌നം പൊതുബോധത്തില്‍ പുനരവതരിപ്പിക്കപ്പെട്ടത്. അന്ന് പാസാക്കിയ യുഎന്‍ പൊതുസഭാ പ്രമേയം(2535 B), കൂട്ടശിക്ഷ, നിയമവിരുദ്ധ തടങ്കല്‍, കര്‍ഫ്യൂ, വീടുകളും സ്വത്തുക്കളും നശിപ്പിക്കല്‍, നാടുകടത്തല്‍, അധിനിവിഷ്ട പ്രദേശങ്ങളിലെ താമസക്കാരെയും അഭയാര്‍ഥികളെയും അടിച്ചമര്‍ത്തല്‍ നടപടികള്‍ എന്നിവ മൂലം ഫലസ്തീനികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതില്‍ ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും അവ വീണ്ടെടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത വര്‍ഷം പാസാക്കിയ പ്രമേയം (2627 C), ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍പ്രകാരം ഫലസ്തീന്‍ ജനതക്ക് തുല്യാവകാശങ്ങളും സ്വയംനിര്‍ണയാവകാശവും ഉറപ്പുനല്‍കി.
ഇത്രയും വ്യക്തമായ അന്താരാഷ്ട്ര പ്രമേയങ്ങളുണ്ടായിട്ടും, ഫലസ്തീനികള്‍ ഇന്നും ഒരു പ്രത്യേകതരം ജനതയായി, ‘കാരണങ്ങളൊന്നും കണ്ടെത്താനാകാത്ത’ സാമൂഹിക പ്രശ്‌നമായാണ് പരിഗണിക്കപ്പെടുന്നത്. അവര്‍ വിധിയെ അംഗീകരിക്കുന്നില്ലെന്നും പലരും ചെയ്തതുപോലെ അഭയാര്‍ഥികളായി കുടിയിറങ്ങളിപ്പോകുന്നില്ലെന്നും പകരം പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു. ലെബനോനിലും ജോര്‍ദാനിലുമുണ്ടായ പ്രശ്‌നങ്ങളെ ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ചിലര്‍ വലിയ ബുദ്ധിജീവികളെപ്പോലെ നിരീക്ഷിക്കുന്നത്, ഭീതിജനകമായ ഇസ്ലാമിക പുനരുജ്ജീവനത്തിന്റെ മാര്‍ഗമാണ് ഫലസ്തീന്‍ എന്നാണ്.
ഏതുനിലക്കാണെങ്കിലും, ഫലസ്തീന്‍ എന്നു വിളിക്കപ്പെട്ട ഭൂമിയില്‍ നൂറ്റാണ്ടുകളോളം, സാമൂഹികമായും സാംസ്‌കാരികമായും രാഷ്ട്രീയമായും സാമ്പത്തികമായും വ്യക്തിത്വമുള്ള ഒരു ജനസമൂഹം നിലനിന്നിരുന്നു എന്നതും അവരുടെ ഭാഷ അറബിയും മതം (ഭൂരിപക്ഷത്തിന്റെയും) ഇസ്ലാമുമായിരുന്നു എന്നതും എല്ലാവരും സൗകര്യപൂര്‍വം മറക്കുകയാണ്. ആ ജനത -അവര്‍ ‘ഒരു ജനതയല്ല’ എന്ന വാദക്കാരുടെ അഭിപ്രായത്തില്‍ ആ സമൂഹം- തങ്ങള്‍ കൃഷിചെയ്തു ജീവിച്ചിരുന്ന ഭൂമിയോടാണ് (അവര്‍ സമ്പന്നരോ ദരിദ്രരോ ആകട്ടെ) അവരുടെ വ്യക്തിത്വം ചേര്‍ത്തുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആനയിക്കപ്പെടുന്ന ജൂതര്‍ക്കുവേണ്ടി സ്വന്തം ഭൂമി തീറെഴുതിക്കൊടുക്കേണ്ട സാഹചര്യത്തില്‍ അവര്‍ക്ക് തങ്ങളുടെ ഭൂമിയോടുള്ള വൈകാരികമായ അടുപ്പം ശക്തിപ്പെടുകയും ചെയ്തു. സ്വന്തം രാജ്യം നഷ്ടപ്പെടുന്നതിനെ അംഗീകരിക്കാന്‍ അവരാരും ഇതുവരെ തയ്യാറായിട്ടില്ല.
അതുകൊണ്ടുതന്നെ, ഈ കോളനിവല്‍ക്കരണത്തിനെതിരായ പ്രതിരോധപ്രവൃത്തികളിലാണ് എക്കാലവും ഫലസ്തീന്‍ എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നത്. അതേസമയം മറുവശത്ത്, ഫലസ്തീനിയന്‍ അറബികള്‍ നിലനില്‍ക്കുന്നുവെന്ന സത്യത്തെ അംഗീകരിക്കാന്‍പോലും സയണിസവും ഇസ്രയേലും കൂട്ടാക്കുന്നില്ല. ‘നിരന്തര ശല്യം’ എന്നതിലപ്പുറം, ‘തങ്ങളുടെ ഭൂമിയോടു വേര്‍പിരിയാനാവാത്ത ബന്ധം സൂക്ഷിക്കുന്ന ജനത’യായി ഫലസ്തീനികള്‍ നിലനില്‍ക്കുന്നതാണ് അതിനു കാരണം.
ചുരുക്കത്തില്‍, നൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിക്കുകയും അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് പശ്ചാത്തലമൊരുക്കുകയും ചെയ്ത സ്ഥിരീകരണവും തിരസ്‌കാരവും തമ്മിലുള്ള പോരാട്ടമാണ് യഥാര്‍ഥത്തില്‍ ഫലസ്തീന്‍ പ്രശ്‌നം. തുടക്കംമുതലേ തീര്‍ത്തും അന്യായമായി, അസന്തുലിതമായി നിലനിന്ന പോരാട്ടം. പാശ്ചാത്യന്‍ വീക്ഷണത്തില്‍ ഫലസ്തീന്‍ എന്നാല്‍ ജൂതന്മാര്‍ അത്ഭുതകരമാംവിധം നിര്‍മാണങ്ങളും നാഗരികമുന്നേറ്റവും നടത്തിയ, മണ്ടന്മാരും അസംസ്‌കൃതരുമായ തദ്ദേശീയ അറബികള്‍ക്കെതിരെ വിജയകരമായ സാങ്കേതിക യുദ്ധങ്ങള്‍ നയിച്ച ഭൂമിയാണ്. വികസിത (അല്ലെങ്കില്‍ വികസ്വര) സംസ്‌കാരവും ആപേക്ഷികമായി പിന്നാക്കംനില്‍ക്കുന്ന പരമ്പരാഗത സംസ്‌കാരവും തമ്മിലാണവിടെ പോരടിക്കുന്നത്. എന്നാല്‍, ഈ യുദ്ധത്തിന്റെ ‘ഉപകരണങ്ങളും’ അവ എങ്ങനെയാണ് സയണിസത്തിന്റെ അവകാശവാദങ്ങള്‍ക്ക് ന്യായീകരണം നല്‍കുകയും ഫലസ്തീനിയന്‍ അവകാശങ്ങളെ അവമതിക്കുകയും ചെയ്യുന്ന ചരിത്രം രൂപപ്പെടുത്തിയതെന്നും നാം മനലസ്സിലാക്കണം.
മറ്റൊരുനിലക്കു പറഞ്ഞാല്‍, ഒരു സാന്നിധ്യവും ഒരു വ്യാഖ്യാനവും തമ്മിലുള്ള പോരാട്ടമാണ് ഫലസ്തീനികളും സയണിസവും തമ്മില്‍ നടക്കുന്നത്. അതില്‍ ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ശക്തിയാല്‍ കീഴടക്കപ്പെടുകയും മായ്ച്ചുകളയപ്പെടുകയും ചെയ്യുന്നു. ആ സാന്നിധ്യം എന്തായിരുന്നു എന്നാണപ്പോള്‍ ചോദ്യം. എത്ര പിന്നോക്കക്കാരും അസംസ്‌കൃതരും നിശ്ശബ്ദരുമാണെങ്കിലും ഫലസ്തീനിയന്‍ അറബികള്‍ ആ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതാണത്. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ ഓറിയന്റിലേക്കുള്ള യാത്രാവിവരണങ്ങള്‍ -ഷാത്തോബ്രിയാന്‍ഡ്, മാര്‍ക്ക് ട്വെയ്ന്‍, ലാമാര്‍ട്ടിന്‍, നേര്‍വാല്‍, ഡിസ്രെയ്‌ലി തുടങ്ങിയവരുടെ- വായിച്ചാല്‍, അവയിലെല്ലാം ഫലസ്തീനിലെ അറബ് ജനവാസങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. ഇസ്രയേല്‍ രേഖകളനുസരിച്ച്, 1822 ല്‍ ഫലസ്തീനില്‍ കേവലം 24,000 യഹൂദികളേ ഉണ്ടായിരുന്നുള്ളൂ. അതായത്, ആകെ ജനസംഖ്യയുടെ 10 ശതമാനത്തേക്കാള്‍ കുറവ്. ബാക്കി മുഴുവന്‍ അറബികള്‍. ‘പ്രാകൃതരും അപ്രധാനരും’ എന്ന് വിശദീകരിക്കപ്പെട്ടാലും അറബികള്‍ അവിടെ ഉണ്ടായിരുന്നു എന്ന് വ്യാക്തമാകാന്‍ ഇതില്‍പരം രേഖകള്‍ ആവശ്യമില്ല.
ഭൂമി ഫലസ്തീന്‍ ആയതിനാല്‍, അവിടെ താമസിക്കുന്ന ജനങ്ങള്‍ക്കോ നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ക്കോ അല്ല, അതിന്റെ ‘മഹത്തായ’ ഭൂതത്തിനും ‘ശോഭനമായ’ ഭാവിക്കുമാണ് അവിടെ നിയന്ത്രണാധികാരം എന്നാണ് യൂറോപ്പിന്റെ വിശ്വാസം. ആ നിലക്ക് അവിടം പുനര്‍നിര്‍മിക്കപ്പെടണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ഈ കാഴ്ചപ്പാടിനെ അടിവരയിടുന്നുണ്ട് അല്‍ഫോണ്‍സ് ഡെ ലാമാര്‍ട്ടിന്‍. അദ്ദേഹം 1833 ല്‍ ഫലസ്തീന്‍ സന്ദര്‍ശിക്കുകയും Voyage en Orient എന്ന പേരില്‍ നൂറുകണക്കിന് പേജുകളുള്ള യാത്രാവിവരണം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടൊപ്പം Résumé politique എന്ന പേരില്‍ ഒരു നിര്‍ദേശാവലിയും ഫ്രഞ്ച് സര്‍ക്കാരിന് സമര്‍പ്പിച്ചു. യാത്രാവിവരണത്തില്‍ അനേകം അറബ് കര്‍ഷകരെയും നഗരവാസികളെയുംകുറിച്ച് വിവരിക്കുന്നുണ്ടെങ്കിലും, Résumé politique ല്‍ അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ‘ഈ പ്രദേശം യഥാര്‍ഥത്തില്‍ ഒരു രാജ്യമല്ല; ഇവിടത്തെ ജനങ്ങള്‍ യഥാര്‍ഥ പൗരന്മാരുമല്ല; അതുകൊണ്ടുതന്നെ ഫ്രാന്‍സിന് ഇവിടെ ഒരു സാമ്രാജ്യമോ കോളനിയോ സ്ഥാപിക്കാം.’ ഒരു ആഗ്രഹപൂര്‍ത്തീകരണത്തിനുവേണ്ടി (കൂടുതല്‍ അനുയോജ്യരെന്നു കരുതുന്നവര്‍ക്കുവേണ്ടി ഭൂമി ഒഴിപ്പിക്കല്‍) നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ (അറബ് തദ്ദേശീയരെ) തേച്ചുമായ്ച്ചുകളയുന്ന ഏര്‍പ്പാടാണ് ലാമാര്‍ട്ടിന്‍ ചെയ്തത്. ഈ ചിന്തയാണ്, ‘ജനങ്ങളില്ലാത്തൊരു ദേശം, ദേശമില്ലാത്തൊരു ജനതക്കായി’ എന്ന സയണിസത്തിന്റെ പ്രസിദ്ധമായ മുദ്രാവാക്യം രൂപകല്‍പന ചെയ്യാന്‍ ഇസ്രയേല്‍ സാങ്‌വിലിനെ പ്രേരിപ്പിച്ചത്.
പാശ്ചാത്യലോകത്തിന്റെ രാഷ്ട്രീയസങ്കല്‍പത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നുണ്ട് ഫലസ്തീന്‍. അതുകൊണ്ടാണ് ആധുനിക സയണിസത്തിന്റെ ജന്മസ്ഥലവും അതായത്. തീര്‍ഥയാത്രകളുടെ ലക്ഷ്യസ്ഥാനവും കുരിശുയുദ്ധങ്ങളുടെ സമ്മാനവുമാണ് ഫലസ്തീന്‍. പേരുകൊണ്ടുതന്നെ -ഫലസ്തീന്‍ എന്നാണോ ഇസ്രയേല്‍ എന്നാണോ സിയോണ്‍ എന്നാണോ വിളിക്കേണ്ടത് എന്ന കാര്യത്തില്‍- രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായ നാട്. മുമ്പ് പറഞ്ഞതുപോലെ, ഫലസ്തീന്‍ എന്ന പേരുപയോഗംതന്നെ ഒരു രാഷ്ട്രീയസങ്കല്‍പത്തിന്റെ പ്രയോഗമാണ്. അതൊന്നുകൂടി വ്യക്തമാകാന്‍ ചില വസ്തുതകള്‍ പറയാം. നിരവധി സയണിസ്റ്റ് അനുകൂല ഗ്രന്ഥങ്ങളില്‍ ആവര്‍ത്തിച്ചുകാണുന്ന ഒരു വാദമാണ്, ‘റോമന്‍ സാമ്രാജ്യത്തിലെ ഭരണപരമായൊരു പ്രദേശനാമം മാത്രമായിരുന്നു ഫലസ്തീന്‍, അതിനുശേഷം -1922 നുശേഷമുള്ള ബ്രിട്ടീഷ് മാന്‍ഡേറ്റ് കാലം ഒഴികെ- ഈ പേര് ഉപയോഗിച്ചിട്ടില്ല’ എന്നത്. ഫലസ്തീന്‍ ഒരു ‘വ്യാഖ്യാനം’ മാത്രമാണെന്നും ഇസ്രയേലിനെക്കാള്‍ മഹത്വമോ പാരമ്പര്യമോ അതിന് അവകാശപ്പെടാനില്ലെന്നുമാണ് ഈ വാദത്തിന്റെ പൊരുള്‍. ഭൂതമോ ഭാവിയോ ആശ്രയിച്ച് വര്‍ത്തമാന യാഥാര്‍ഥ്യത്തെ ഇല്ലാതാക്കുന്ന ലാമാര്‍ട്ടിയന്‍ യുക്തിയുടെ ആവര്‍ത്തനമാണിത്. സത്യത്തെ കുഴിച്ചുമൂടുന്ന തന്ത്രം. എട്ടാം നൂറ്റാണ്ടു മുതല്‍ അറബിയില്‍ എഴുതിയ ചരിത്രകാരന്മാര്‍, തത്ത്വചിന്തകര്‍, കവികള്‍, ഭൂമിശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ രചനകളില്‍ ഫലസ്തീനിനെക്കുറിച്ച് അനേകം പരാമര്‍ശങ്ങളുണ്ട് താനും. മധ്യകാലം മുതല്‍ ഇന്നുവരെയുള്ള യൂറോപ്യന്‍ സാഹിത്യത്തിലും ഫലസ്തീന്‍ പലവുരു പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
ഫലസ്തീന്‍ എന്ന പേരിനെയും അവിടത്തെ ജനങ്ങളുടെ സാന്നിധ്യത്തെയും യാഥാര്‍ഥ്യത്തില്‍നിന്ന് അസത്യത്തിലേക്കും സാന്നിധ്യത്തില്‍നിന്ന് അഭാവത്തിലേക്കും മാറ്റുന്ന ബൗദ്ധികപ്രക്രിയയുടെ ഉദാഹരണമാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍, ഞാന്‍ പറയാനാഗ്രഹിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഒരു അറബ് ഫലസ്തീനിയുടെ കാഴ്ചപ്പാടില്‍, മധ്യകാലം മുതല്‍ അരങ്ങേറിയ നിരവധി യൂറോപ്യന്‍ സാമ്രാജ്യത്വ പദ്ധതികളില്‍ ഏറ്റവും വിജയകരമായതും കൂടുതല്‍ കാലം നിലനിന്നതും ഫലസ്തീനെ ലക്ഷ്യമാക്കി നടന്ന സയണിസ്റ്റ് പദ്ധതിയാണ് എന്നതാണ്. ഒരു ചരിത്രസത്യം എന്ന നിലക്കാണ് ഞാനിത് പറയുന്നത്. മറിച്ച്, സയണിസത്തെയും അതിനുമുമ്പു സംഭവിച്ച യൂറോപ്യന്‍ പദ്ധതികളെയും താരതമ്യം ചെയ്യാന്‍ വേണ്ടിയല്ല.
ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രധാനമായും അറബ് മുസ്‌ലിം രാജ്യമായി രൂപപ്പെട്ടിട്ടുണ്ട് ഫലസ്തീന്‍. പിന്നീട് അതിന്റെ സൗന്ദര്യവും സമ്പുഷ്ടിയും മതപരമായ പ്രാധാന്യവും മൂലം, അതിന്റെ അതിര്‍ത്തിയും ഗുണഗണങ്ങളും ഇസ്‌ലാമിക ലോകത്തിനാകെ സുപരിചിതമായി. ഉദാഹരണത്തിന്, പത്താം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അറബിയില്‍ എഴുതപ്പെട്ട ഒരു രേഖയില്‍ ഇങ്ങനെ കാണാം:
‘സിറിയയുടെ പടിഞ്ഞാറന്‍ ഭാഗത്തെ പ്രവിശ്യയാണ് ഫലസ്തീന്‍. കുതിരപ്പുറത്ത് രണ്ടു ദിവസത്തെ യാത്രയാണ് റാഫ മുതല്‍ ലജൂന്‍ വരെ അതിന്റെ നീളം. വീതിയില്‍ ജാഫ മുതല്‍ റിഹാ (ജെറിക്കോ) വരെയും അത്രതന്നെ വഴിദൂരം കാണും. സുഗര്‍ (സെഗോര്‍, സൊവാര്‍), ലൂത്തിന്റെ ദേശം (ദിയാര്‍ കൗം ലൂത്), അല്‍ ജിബാല്‍ (എദോമിലെ പര്‍വതങ്ങള്‍), അശ്ശറാഹ് മുതലായ പ്രദേശങ്ങളെല്ലാം ഈ അതിരുകള്‍ക്കകത്താണ്. മഴയും മഞ്ഞും സുലഭമാണ് ഫലസ്തീനില്‍. അവിടത്തെ വൃക്ഷങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും കൃത്രിമ ജലസേചനം ആവശ്യമില്ല. നാബ്‌ലസ് മാത്രമേ അതിന് അപവാദമായുള്ളൂ. സിറിയന്‍ പ്രവിശ്യകളില്‍തന്നെ ഏറ്റവും സമൃദ്ധവും ഫലഭൂയിഷ്ഠവുമാണ് ഫലസ്തീന്‍. തലസ്ഥാനമായ റംലാഹ് (റാമല്ല) ആണ് ഏറ്റവും വലിയ പട്ടണമെങ്കിലും വിശുദ്ധനഗരമായ ജെറുസലേം വലിപ്പത്തില്‍ അതിനോട് അടുത്തു നില്‍ക്കും. വിസ്തൃതിയില്‍ ചെറുതാണെങ്കിലും വെള്ളിയാഴ്ച പ്രാര്‍ഥന(ജുമുഅ)ക്കായി ഒരുമിച്ചുകൂടാവുന്ന, മിമ്പറുകളുള്ള ഇരുപതോളം പള്ളികളുണ്ട് ഫലസ്തീനില്‍.’
1516 ല്‍, ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയെങ്കിലും ഫലസ്തീന്റെ സമൃദ്ധിക്കോ അറബിത്തത്തിനോ ഇസ്ലാമികമായ അടയാളങ്ങള്‍ക്കോ കോട്ടങ്ങളൊന്നുമുണ്ടായില്ല. ഒരു നൂറ്റാണ്ടിനുശേഷം, ഇംഗ്ലീഷ് കവിയായ ജോര്‍ജ് സാന്‍ഡീസ് ഫലസ്തീനിനെപ്പറ്റി ഇങ്ങനെ എഴുതി: ‘പാലും തേനും ഒഴുകുന്ന ഭൂമി; ലോകത്തിന്റെ മധ്യഭാഗത്ത്, സമതാപമേഖലയില്‍, മനോഹരമായ പര്‍വതങ്ങളാലും സമൃദ്ധമായ താഴ്‌വരകളാലും അലങ്കരിക്കപ്പെട്ട ഇടം; പാറകളില്‍നിന്ന് ജലം ഉറവെടുക്കുന്ന, സദാ സന്തോഷവും ആനന്ദവും കളിയാടുന്ന ഭൂമി.’
ഇത്തരം വിവരണങ്ങള്‍ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലുടനീളം വ്യാപകമായി കാണാം. യാത്രാവിവരണങ്ങളില്‍ മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് പാലസ്തീന്‍ എക്‌സ്‌പ്ലൊറേഷന്‍ ഫണ്ട് പ്രസിദ്ധീകരിച്ച ശാസ്ത്രീയ പാദവാര്‍ഷിക റിപ്പോര്‍ട്ടുകളിലും അതുണ്ട്.
1882 നുശേഷം ജൂത കുടിയേറ്റക്കാര്‍ സ്ഥിരമായി ഫലസ്തീനില്‍ വന്നുചേരുന്നുണ്ടായിരുന്നെങ്കിലും, 1948 ല്‍ ഇസ്രയേല്‍ സ്ഥാപിതമാകുന്നതിന് ആഴ്ചകള്‍ മുമ്പുവരെ അവിടെ സ്ഥിരമായി വലിയ അളവില്‍ അറബ് ഭൂരിപക്ഷം നിലനിന്നിരുന്നു. ഉദാഹരണത്തിന്: 1931 ല്‍ ജൂതന്മാരുടെ എണ്ണം 1,74,606 ആയപ്പോള്‍, ആകെ ജനസംഖ്യ 10,33,314 ആയിരുന്നു. 1936 ല്‍ ജൂതന്മാര്‍ 3,84,078 ആയി ഉയര്‍ന്നപ്പോള്‍ ആകെ ജനസംഖ്യ 13,66,692 ആയിരുന്നു. 1946 ല്‍ 6,08,225 ജൂതന്മാരും ആകെ 19,12,112 ജനങ്ങളുമുണ്ടായിരുന്നു. ഈ കണക്കുകളിലൊക്കെയും തദ്ദേശീയര്‍ (നാറ്റീവ്‌സ്) കുടിയേറ്റക്കാരില്‍നിന്ന് വ്യക്തമായി വേര്‍തിരിച്ചറിയാനാകുംവിധം ഭൂരിപക്ഷമായി നില്‍ക്കുന്നു. പക്ഷേ, ആരാണീ തദ്ദേശീയര്‍? അതാണ് ഇവിടെ പ്രധാനമായും ഉന്നയിക്കപ്പെടേണ്ട ചോദ്യം.
പ്രധാനമായും സുന്നി മുസ്‌ലിംകളാണ് അവര്‍. കൂടെ കുറച്ച് ക്രിസ്ത്യാനികളും ദ്രൂസുകളും ശിയാ മുസ്ലിംകളും. എല്ലാവരും അറബി സംസാരിക്കുന്നവര്‍. അഞ്ഞൂറോളം ഗ്രാമങ്ങളില്‍ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തുജീവിക്കുന്ന കര്‍ഷകരായിരുന്നു ഏകദേശം 65 ശതമാനം ഫലസ്തീനിയന്‍ അറബികളും. നാബ്‌ലസ്, ജറൂസലേം, നസറേത്, ആക്രെ, ജാഫ, ജെറീക്കോ, റാമല്ല, ഹെബ്രോണ്‍, ഹൈഫ തുടങ്ങിയ പ്രധാന നഗരങ്ങളുടെ നിര്‍മാതാക്കളുമാണ് അവര്‍. സയണിസ്റ്റ് കുടിയേറ്റങ്ങള്‍ തങ്ങളെ ചുറ്റിപ്പറ്റി വ്യാപിച്ചപ്പോഴും അവര്‍ അവിടെത്തന്നെ തുടര്‍ന്നു.
ഉയര്‍ന്ന ദേശീയ ബോധവും ബൗദ്ധിക, പ്രൊഫഷണല്‍ വിചാരങ്ങളുമുള്ള ജനവിഭാഗമായിരുന്നു ഫലസ്തീനികള്‍. അവരുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക ജീവിതം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും സാമ്രാജ്യത്വവിരുദ്ധതയുടെയും ചുറ്റിലാണ് രൂപപ്പെട്ടുവന്നത്. ഒട്ടോമന്‍ ഭരണത്തിനും സയണിസ്റ്റ് കൊളോണിയലിസത്തിനും ബ്രിട്ടീഷ് മാന്‍ഡേറ്ററി ഭരണത്തിനും കീഴില്‍ ഒരുമിച്ചുനിന്ന പാരമ്പര്യമുണ്ടവര്‍ക്ക്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സജീവമായ അറബ് നവോത്ഥാനത്തിന്റെ ഭാഗമാണ് തങ്ങളെന്ന് വിശ്വസിക്കുന്നവരാണ് മിക്കവാറും എല്ലാ ഫലസ്തീനികളും. ഹകം ദര്‍വാസ, ഖലീല്‍ സകാകിന, ഖലീല്‍ ബെയ്ദാസ്, നജീബ് നാസര്‍ തുടങ്ങിയ എഴുത്തുകാര്‍, ഫുതുവ്വ, നജാദ എന്നീ രാഷ്ട്രീയ സംഘടനകള്‍, അറബ് നാഷണല്‍ ലിബറേഷന്‍ (അറബികളും ജൂതരും ചേര്‍ന്നാണ് ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കേണ്ടതെന്ന് വാദിച്ച സംഘടന), അറബ് ഹയര്‍ കമ്മിറ്റികള്‍ എല്ലാം ചേര്‍ന്ന് ജനകീയ സഖ്യങ്ങളുണ്ടാക്കുകയും ജൂതരല്ലാത്ത ഫലസ്തീന്‍ സമൂഹത്തെ ഏകോപിപ്പിക്കുകയും ബ്രിട്ടീഷ് ആധിപത്യത്തെയും ജൂത കോളോണിയലിസത്തെയും എതിര്‍ക്കുന്ന ഫലസ്തീന്‍ സ്വത്വരൂപീകരണം സാധ്യമാക്കുകയും ചെയ്തു. അതുവഴി, സ്വന്തമായ ഭാഷയും (പ്രാദേശിക ഫലസ്തീനിയന്‍ അറബിക്) സമുദായബോധവുമുള്ള ഫലസ്തീനിയന്‍ വികാരം ശക്തിപ്പെട്ടുവന്നു.

ഫലസ്തീനു വേണ്ടിയുള്ള സയണിസ്റ്റ് പദ്ധതി തീവ്രമായി ആസൂത്രണം ചെയ്തുതുടങ്ങിയതുമുതല്‍ (ഒന്നാം ലോക മഹായുദ്ധ വേളയിലും പിന്നീടും), അറബ് ഫലസ്തീന്റെ അവശിഷ്ടങ്ങളിലാണ് ഇസ്രയേല്‍ പണിയപ്പെടേണ്ടത് എന്ന ആശയത്തിന് വലിയ പ്രചാരം നല്‍കപ്പെടുന്നതു കാണാം. യൂറോപ്യന്‍ സാമ്രാജ്യത്വത്തിന്റെ മുഖ്യഘടകമായ പുനര്‍നിര്‍മാണ കോളനിവ്യവസ്ഥയുടെ ആശയങ്ങളോട് താദാത്മ്യപ്പെടുന്നവിധം സൂക്ഷ്മമായാണ് ആദ്യം ഇത് പ്രചരിപ്പിക്കപ്പെട്ടത്. 1895 ല്‍ തിയോഡാര്‍ ഹെര്‍സല്‍ കുറിച്ചു: ‘ദരിദ്ര ജനവിഭാഗത്തെ നാം അതിര്‍ത്തിക്കപ്പുറത്തേക്കു കടത്തണം. ചെന്നെത്തുന്ന ദേശങ്ങളില്‍ അവര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കണം. പക്ഷേ, നമ്മുടെ സ്വന്തം നാട്ടില്‍ അവരെ ഒരുനിലക്കും അക്കമഡേറ്റ് ചെയ്യരുത്. ഭൂമി പിടിച്ചെടുത്തും ദരിദ്രരെ നീക്കംചെയ്തും നടത്തുന്ന ഈ പ്രക്രിയ അത്യന്തം സൂക്ഷ്മവും രഹസ്യവുമായി നടപ്പാക്കണം.’ (ഡയറി, 1895)
ഇക്കാര്യം സയണിസത്തെ പ്രതിനിധീകരിച്ച് ലോര്‍ഡ് റോത്‌സൈല്‍ഡ് ബ്രിട്ടീഷ് ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യുകയും അതിന്റെ ഫലമായി ബാല്‍ഫര്‍ പ്രഖ്യാപനം പുറപ്പെടുവിക്കപ്പെടുകയും ചെയ്തു. 1917 ജൂലൈ 18 ന് അദ്ദേഹം എഴുതി: ‘ജൂതരുടെ ദേശീയ ഗേഹമായി ഫലസ്തീന്‍ പുനര്‍നിര്‍മിക്കപ്പെടണം എന്നതാണ് അടിസ്ഥാനതത്ത്വം.’ ചെയിം വൈസ്മാന്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘ഫലസ്തീനെ പുനര്‍നിര്‍മിക്കാനും ആധുനിക രാഷ്ട്ര കുടുംബത്തില്‍ അതിനൊരിടമുണ്ടാക്കാനും കഴിയുന്നത് ജൂതന്‍മാര്‍ക്ക് മാത്രമാണെന്ന് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി.’ ഇംഗ്ലണ്ടിലെ പ്രധാന റബ്ബിയായ ഡോ. ജെ.എച്ച് ഹെര്‍സും അങ്ങനെത്തന്നെയാണ് പ്രസ്താവിച്ചത്: ‘ഫലസ്തീനില്‍ ജൂതന്മാര്‍ക്കൊരു ദേശീയ ഗേഹം പുനഃസ്ഥാപിക്കുന്നതിന് ബ്രിട്ടണ്‍ ശക്തമായ പിന്തുണ നല്‍കി.’
എന്നാല്‍, ഈ പ്രസ്താവനകളിലെവിടെയും അന്നത്തെ ഫലസ്തീന്റെ യഥാര്‍ഥാവസ്ഥയെപ്പറ്റി ഒന്നും പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്. അവയില്‍ ഉപയോഗിക്കപ്പെട്ട പുനഃസ്ഥാപനം, പുനര്‍നിര്‍മാണം തുടങ്ങിയ പദങ്ങള്‍ സൂചിപ്പിക്കുന്നത്, അവിടെ നിലനിന്നിരുന്ന സാമൂഹ്യഘടന (ലക്ഷക്കണക്കിന് അറബികള്‍) പൂര്‍ണമായും തകര്‍ക്കപ്പെടുകയും തല്‍സ്ഥാനത്ത് ജൂതരാജ്യം പണിയുകയുമാണ് ലക്ഷ്യമെന്നാണ്.
ഈ പ്രസ്താവനകള്‍ പറയാതെ പറയുന്ന പ്രധാനപ്പെട്ട കാര്യമാണ്, ഫലസ്തീനില്‍ ആദ്യമേ ജനവാസമുണ്ടെന്നതും പുതിയൊരു കൊളോണിയല്‍ ശക്തിയുടെ ‘പുനര്‍നിര്‍മാണം’ അവിടത്തുകാര്‍ അംഗീകരിക്കാന്‍ ഒരുക്കമല്ലെന്നതും.
എങ്കിലും പ്രസ്താവനകളെല്ലാം വാസ്തവമാണ്; ഫലസ്തീന്‍ പുനര്‍നിര്‍മിക്കപ്പെട്ടു, പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, അത്യന്തം ക്രൂരമായാണ് അത് സംഭവിച്ചത്. 1969 ഏപ്രിലില്‍ മോഷെ ദയാന്‍ നടത്തിയ പ്രസ്താവനയിലുണ്ട് ആ ക്രൂരതയുടെ ആഴം. അദ്ദേഹം പറഞ്ഞു:
‘ഞങ്ങള്‍ എത്തിയപ്പോള്‍ ഇവിടെ അറബികള്‍ താമസിക്കുന്നുണ്ടായിരുന്നു. ഹിബ്രു -ജൂതരാജ്യം- സ്ഥാപിക്കാന്‍വേണ്ടി അവരില്‍നിന്ന് ഞങ്ങള്‍ ഭൂമി (ആകെ വിസ്തൃതിയുടെ ഏകദേശം 6 ശതമാനം) വാങ്ങി. അറബ് ഗ്രാമങ്ങളുടെ സ്ഥാനത്ത് ജൂതഗ്രാമങ്ങള്‍ പണിയാന്‍ തുടങ്ങി. ആ പഴയ അറബ് ഗ്രാമങ്ങളുടെ പേരുകള്‍ പക്ഷേ, നിങ്ങള്‍ക്കറിയില്ല. അതില്‍ ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. കാരണം, ആ ഭൂമിശാസ്ത്രപുസ്തകങ്ങളൊന്നും ഇപ്പോള്‍ ഇല്ല. പുസ്തകങ്ങള്‍ മാത്രമല്ല, ആ അറബ് ഗ്രാമങ്ങളും നിലവിലില്ല. മഹലൂലിന്റെ സ്ഥാനത്ത് നഹലാല്‍ (എന്റെ സ്വന്തം ഗ്രാമം) പടുത്തുയര്‍ത്തപ്പെട്ടു. ജിബ്തയുടെ സ്ഥാനത്ത് ഗെവാതും ഹനീഫ്‌സിന്റെ സ്ഥാനത്ത് സരീദും തെല്‍ശമാന്റെ സ്ഥാനത്ത് കെഫര്‍ യെഹോഷും ഉയര്‍ന്നുവന്നു. അറബികള്‍ താമസക്കാരായി ഇല്ലാതിരുന്ന ഒരിടവും ഇവിടെയില്ല.’ (ഹാ-ആരെറ്റ്സ്, ഏപ്രില്‍ 4, 1969)
‘അറബ് ഗ്രാമങ്ങള്‍ നിലവിലില്ല’ എന്നതിന്റെ അര്‍ഥം അവ സംഘടിതമായ രീതിയില്‍ നശിപ്പിക്കപ്പെട്ടു എന്നാണ്. ഇസ്രയേല്‍ പൗരനും പ്രൊഫസറുമായ ഇസ്രയേല്‍ ഷഹാക്, ഏകദേശം നാനൂറോളം അറബ് ഗ്രാമങ്ങള്‍ ഇങ്ങനെ നശിപ്പിക്കപ്പെട്ടു എന്നു കണക്കാക്കുന്നു. അദ്ദേഹം പറയുന്നു: ‘ഗ്രാമങ്ങള്‍ പൂര്‍ണമായും -വീടുകള്‍, പൂന്തോട്ടങ്ങള്‍, മതിലുകള്‍, ശ്മശാനങ്ങളും കല്ലറകളും വരെ- നശിപ്പിക്കപ്പെട്ടു. പഴയതെന്നു പറയാന്‍ ഒരു കല്ലുപോലും ബാക്കിയില്ലാതായി. സന്ദര്‍ശകരോട് ‘ഇത് മുഴുവന്‍ മരുഭൂമിയായിരുന്നു’ എന്നു പറയപ്പെടുന്ന സ്ഥിതി വന്നു.’
ഇതിനോട് ചേര്‍ത്തുപറയേണ്ട വസ്തുതയാണ്, 1967 ല്‍ വെസ്റ്റ് ബാങ്കും ഗസ്സയും ഇസ്രായേല്‍ അധീനപ്പെടുത്തിയ ശേഷം ഇതേ നശീകരണനയം അവിടെയും തുടര്‍ന്നത്. 1969 അവസാനത്തോടെ 7,554 ഉം, 1971 ഓഗസ്റ്റ് വരെയായി 16,212 ഉം വീടുകളാണ് അവിടെ നശിപ്പിക്കപ്പെട്ടത്. (ലണ്ടന്‍ സണ്‍ഡേ ടൈംസ് ജൂണ്‍ 19, 1977).
മാത്രമല്ല, 1948 ല്‍ ഫലസ്തീനെ ‘പുനര്‍നിര്‍മിക്കാനു’ള്ള ശ്രമത്തിനിടെ ഏകദേശം 7,80,000 അറബ് ഫലസ്തീനികള്‍ക്ക് ഭൂമിയും വീടുകളും നഷ്ടമായെന്നാണ് കണക്കുകള്‍ പറയുന്നത്. അവരാണ് ഇന്നത്തെ ഫലസ്തീന്‍ അഭയാര്‍ഥികള്‍. ഇപ്പോള്‍ അവരുടെ എണ്ണം രണ്ടുമില്യണിനു മുകളിലാണ്.
ചുരുക്കത്തില്‍, ഫലസ്തീന്‍ ഒരു ജൂതരാജ്യമായി മാറ്റപ്പെട്ട ‘പുനര്‍നിര്‍മാണം’ അസാധാരണമാംവിധം ചെലവേറിയ ഒരു പദ്ധതിയായിരുന്നു. ഫലസ്തീനിയന്‍ അറബികളാണ് അതിന് ഏറ്റവും ഭീകരമായ വില നല്‍കേണ്ടിവന്നത്.
(തുടരും)
Palestine and Palestinians from Edward Said’s THE QUESTION OF PALESTINE, Translated by Shafi Chengara