ഇമ്മമ്മ

2 MNIUTES READ

മഴ പെയ്യ്ണത് കണ്ടാല്
ഇമ്മമ്മാന്റെ കണ്ണില്
സന്തോഷത്തിനൊപ്പം ഭീതിയാണ്.
അവസാനായിട്ട്
എളാപ്പ ഗൾഫീന്ന് വന്നപ്പൊ
പൊട്ടിച്ച പെട്ടീത്തെ
എല്ലാം കാലിയായി.
എല്ലാവരും പോയി
പെട്ടി മാത്രം ബാക്കി.

ഇമ്മമ്മ പെട്ടിട്ത്ത് ബെക്കുമ്പോ
അറ്റത്തൊരു തിളക്കം
നോക്കിയപ്പതാ മാല!
അതും തസ്ബീഹ് മാല 1
ചെറുപുഞ്ചിരിയോടെ
മൂപ്പത്തിയാര്
കഴുത്തിലിട്ട് ചൊല്ലാൻ തുടങ്ങി;
ലാ ഇലാഹ ഇല്ലല്ലാഹ്
മുഹമ്മദുററസൂലുല്ലാഹ്… 5
മഴ പെയ്ത്ത് തുടങ്ങിയപ്പോൾ
ദിക്ർ 3 ഭക്തിയോടെ
അൽഹംദുലില്ലാന്നായി 4

പിന്നതാ
ബലണ്ട്ന്ന് മൂപ്പത്തിയാര് വാദിക്ക്ണ
തൊടൂന്ന് വെട്ടിണ്ടാക്കിയ
ഊന്ന് വടിട്ത്ത് ഊന്നി ഊന്നി
മഴ പെയ്യ്ണ മാനം കാണാൻ
കോലായീന്ന് ഇമ്മറത്തെ തിണ്ട്മ്മക്ക്,
കൂടെ ഇത്തിരി പോന്ന ഞങ്ങളും

പിന്നെ ഓടിലൂടെ ഒലിച്ചിറങ്ങുന്ന
മഴത്തുള്ളികളെ നോക്കി
നനഞ്ഞ് കുളിച്ച
കടുംപച്ച നിറത്തിലുള്ള
മൂച്ചിന്റെം, തേക്കിന്റെം
ഈറൻ ഇലകളെ നോക്കി
ശാന്തമായി ഒഴുകുന്ന തോട് നോക്കി
ഹാജിക്കാന്റെ കിണറ്റിലെ ആഴം നോക്കി
ആണ്ടാണ്ടുകളുടെ മഴക്കാലത്തെ
ഇമ്മമ്മ മാടി വിളിക്കും
വിളി കേക്കാൻ കൊതിച്ച്ക്കണ
പോലെ ഓല് ഓടി വരും

പിന്നെ തിരക്കായി,
വാതോരാത്ത അയവിറക്കുന്ന
പറച്ചിലിലുമായി ഇമ്മമ്മിം മഴയും,
ഇമവെട്ടാതെ കാണാനും കേക്കാനും ഞങ്ങളും

അതില് മഴ പെയ്താണ്ടാവ്ണ
കുടീത്തെ ചോർച്ചണ്ടാവും,
കൂടെ മേൽക്കൂര മണ്ണ്പറ്റോന്ന്
പേടിച്ചരണ്ട ദിവസങ്ങള്ണ്ടാവും,
നനഞ്ഞ അടുപ്പിലെ വിറക്
തീ കത്താതെ, വയർ കത്തിയ
പശി പിടിച്ചീസങ്ങള്ണ്ടാവും
ആറാൻ വെച്ച കുടത്തിലെ കഞ്ഞിക്കലത്തില്
ചോർന്നൊലിച്ചിറങ്ങിയ വെള്ളോം കൂടി
കുടിമുട്ടിയതും

അപ്പോ കൂട്ടത്തിലെ കുസൃതി ചോദിച്ചു;
അപ്പോ ഇപ്പാപ്പന്റെ മുതലാളി സഹായിച്ചില്ലേന്ന്!

ഇമ്മമ്മ അട്ടഹസിച്ച് പറഞ്ഞു;
ചക്രോം അരിം ചോയ്ച്ചാ
നിറം മാറ്ണ ജാതിയ മോനെ ഓല്
തെറിതുപ്പി ആട്ടുമ്മളെ
ദിക്ർ ചൊല്ലണ തൊള്ളോണ്ട്
ഇമ്മമ്മ അവരെ
ഓന്തിന്റെ സ്വഭാവള്ള നായിക്കളെന്ന് വിളിച്ച്
പിന്നെ അസ്‌തഗ്ഫിറുള്ളാഹ് 5 ന്നും പറഞ്ഞ് തുടർന്നു

പിന്നെ തോടും പാടോം കിണറും ഒന്നായി
കടലായതും അങ്ങനെ അങ്ങനെ…
മഴ പെയ്ത്തിന്റെ ആനന്ദമില്ലാത്ത അരക്ഷിതത്വം
ഉറഞ്ഞ് ശബ്‌ദിക്കുന്നു ഇമ്മമ്മക്കഥകൾ

തുടർന്നും പെയ്ത് തീരാത്ത മഴയോടൊപ്പം
പറഞ്ഞ് തീരാത്ത കഥകളുമായി
കുറെയേറെ മഴക്കാലം കഴിഞ്ഞ് പോയി
തറവാടും പോയി
ഓടും തിണ്ടും ഇത്തിരിപോന്ന ബാല്യങ്ങളും പോയി
ഇന്നും മനസ്സ് നീറ്റുമ്പോ ഞാൻ ഇമ്മമ്മാനെ ഓർക്കും

ഇമ്മാമ്മന്റെ മയ്യിത്ത് നിസ്കാരത്തിന്റന്നും 6
മഴണ്ടായിരുന്നോ?
അറിയില്ല.
ഒന്നറിയാം,
ഇന്നും ബാക്കിയായത് മഴ മാത്രം.

 

1.മുസ്‌ലിംകൾ ഉപയോ​ഗിക്കുന്ന ജപമാല.
2.അല്ലാഹുവല്ലാതെ മറ്റൊരു ദൈവം ഇല്ല, മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണ്
3.ആരാധനാ മന്ത്രങ്ങൾ.
4.അല്ലാഹുവിന് നന്ദി
5.അല്ലാഹുവെ, എനിക്ക് പൊറുത്ത് തരണേ.
6.മൃതദേഹത്തിന് അർപ്പിക്കുന്ന നിസ്കാരം

Poem “Immamma” by Musfir Razaq Edaikkal

മുസ്‌ഫിർ റസാഖ് എടായിക്കൽ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy