കുരുക്കിൽപ്പെട്ട നായ

3 MINUTES READ

കുരുക്കിൽപ്പെട്ട്
ഇഴഞ്ഞുനടന്ന നായ
പൂഴിമണ്ണിൽ തളർന്നിരുന്നു.

കുരുങ്ങിയ വേദനയുടെ
കുരുക്കഴിച്ചെടുക്കാനാവാതെ.

മരണത്തിലേക്കുള്ള വഴികളുടെ
പലതരം
ഊഹങ്ങളിലേക്കത്
ചെന്നു വീഴുന്നുണ്ടാകണം.

അലഞ്ഞു നടന്ന തെരുവുകൾ
ഒറ്റപ്പെട്ട കിടത്തത്തിൽ
കൂട്ടുകൂടുന്നുണ്ടാകണം.

ഒരേസമയം
പല ദിക്കിലേക്കുള്ള
മനസ്സിന്റെ വ്യാപരം
നിയന്ത്രിക്കാനാവാതെയാവണം
ഓരോ കിതപ്പും.

നായ,
പ്രാണവേദനയോടെ
കുടുക്കഴിക്കാൻ ശ്രമിക്കുന്നു.

എവിടെ വിളിക്കണം
എന്നറിയാതെ, ഞാൻ നിന്നു.
തെരുവുനായാണ്,
കൈ നീട്ടി മാന്തിയേക്കാം
പരിക്കേൽപ്പിക്കാം.

രാത്രിയല്ലേ, വിശ്രമിക്കട്ടെ
നാളെ,
ശ്രമിച്ചു നോക്കാം.

ഇരുട്ടു ചിതറി,
പക്ഷികൾ പറന്നു തുടങ്ങിയപ്പോൾ
അപരിചിത വേഷത്തിലൊരാൾ
നിൽക്കുന്നു കോലായിൽ.

നീളൻ കുപ്പായം,
കഴുത്തിൽ
പലനിറങ്ങളിലുള്ള മാലകൾ,
ഇഴകളിട്ടു കെട്ടിയ തലപ്പാവിനുള്ളിലൂടെ
പുറത്തേക്കു വീഴുന്ന നീളൻ തലമുടി.

മുറ്റത്ത്,
നായയുടെ കുരുക്കഴിഞ്ഞു കിടക്കുന്നു….

നിങ്ങൾ
ഉണർന്നിട്ടു പോകാമെന്നു കരുതി,
ഒന്നു പുഞ്ചിരിച്ചു.
അയാൾ, നടന്നു…

Poem “Kurukkilpetta Naya” by MP Anas

എം.പി അനസ്

കവി

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy