തലേന്ന് രാത്രി കുറുമ്പുകാട്ടി
വൈകിയുറങ്ങിയ വിറകുകൊള്ളി
അടുപ്പുകല്ലിൻ്റെ മാറിലുരുമ്മി
ഒട്ടിക്കിടപ്പുണ്ടാകും;
കനൽകണ്ണ് മുറുക്കിയടച്ച്
പല്ലുപോലും തേക്കാതെ
കഴുകിക്കമിഴ്ത്തി വച്ചിട്ടും
മീൻമണം മാറാത്ത മൺചട്ടി
വായപൊത്തി കുനിഞ്ഞിരിപ്പുണ്ടാകും
വീതനത്തിണ്ണയിൽ
കയിലറയിൽ കഴുകിയാർത്തിട്ട
കുഞ്ഞിക്കയിലുകൾ
വരിവരിയായി കുത്തിയിരിപ്പുണ്ടാവും
മിണ്ടാതെ, കാലുകളാട്ടാതെ
പുലർച്ചക്കെണീറ്റ്
പതിവുപോലെ സവാരിക്കിറങ്ങാൻ
ചെരുപ്പിട്ട് ഒരുങ്ങി നിൽപുണ്ടാകും
അമ്മിത്തിണ്ടിനു ചാരി, ചൂല്
മുടങ്ങാതെയെന്നും പരിഭവമോതുന്ന
കഞ്ഞിക്കലത്തെ കാത്ത്
ചാരിയിരുന്ന് തൂങ്ങിയുറങ്ങുന്നുണ്ടാകും
കിണറ്റിൻ കരയിലൊരു
വെള്ളത്തൊട്ടി
വടക്കേ മുറ്റത്ത്
വിശപ്പിന് കൊളുത്തിട്ടൊരു കോഴിക്കൂട്
നാലുമണി നേരത്തെ
എൽ.പി സ്‌കൂളുപോലെ
കലപില കൂട്ടുന്നുണ്ടാകും
കണ്ണുതിരുമ്മിയെണീറ്റ് വരുന്ന വെയിലത്ത്
ഉണങ്ങിവരണ്ടൊരു വറ്റുപാത്രം
താടിക്ക് കൈ കുത്തി
ആകാശം നോക്കിയിരിപ്പുണ്ടാകും
ഇനിയും പറഞ്ഞുതീരാത്ത
മൗനശീലുകൾക്ക് കുന്തിരിമണം പൂശി
അയാൾ കോലായിപ്പടികളിറങ്ങും
നനഞ്ഞൊട്ടിയ കൺവീടൊന്നാകെ
കൈവീശി പിന്നാലെ ചെരിപ്പിടും
വടക്കേ വാതിലിനു പിറകിൽ
ഒരു അടുക്കളയപ്പോൾ
കർക്കിടകപ്പെരുമഴ പോലെ
ഇരമ്പിയാർത്ത് പെയ്യുന്നുണ്ടാകും!
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച അങ്ങനെയൊക്കെയാണ് നമുക്കിടയിലൊരു മതിൽ മുളച്ചുപൊന്തുന്നത്..! എന്ന പുസ്തകത്തില്‍നിന്ന്)
Poem Maranaveettile Adukkala by Musafir Vellila