ശക്തമായ വികാരങ്ങള്‍ നിമിത്തം സ്വതസിദ്ധമായി കവിഞ്ഞൊഴുകുന്നതിനെയാണ് വില്യം വേഡ്സ്വര്‍ത്ത് കവിത എന്ന് നിര്‍വചിക്കുന്നത്. അത്തരം കവിതകളുടെ ഒരു സമാഹാരമാണ് ഡോ. റഹീം കടവത്തിൻ്റെ ‘സങ്കട മിഠായി’. ഗാസയിലെ യുദ്ധക്കെടുതിയില്‍ നിന്നും സഊദി സര്‍ക്കാറിൻ്റെ അതിഥികളായെത്തിയ കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള 23 ദിവസത്തെ അനുഭവത്തില്‍ നിന്നാണ് ഈ കവിതകള്‍ ഉടലെടുക്കുന്നത്. കൈകാലുകള്‍ പോയവര്‍, കണ്ണ് നഷ്ടപ്പെട്ടവര്‍, താടിയെല്ല് തകര്‍ന്നവര്‍ തുടങ്ങി യുദ്ധത്തിൻ്റെ ക്രൂരതകള്‍ അനുഭവിച്ച കുഞ്ഞുങ്ങളെ ചികിത്സിക്കാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു. അവരെ ശുശ്രൂഷിച്ചും അവര്‍ക്ക് മിഠായിയും കളിപ്പാട്ടങ്ങളും സമ്മാനിച്ചും അവരിലൊരാളായി കൂട്ടുകൂടുകയായിരുന്നു അദ്ദേഹം. തൻ്റെ മക്കള്‍ക്കൊപ്പം കഴിഞ്ഞതിനേക്കാള്‍ എത്രയോ വലിയ മഹത്തരമായാണ് ആ ദിവസങ്ങളെ എഴുത്തുകാരന്‍ കണക്കാക്കുന്നത്. അവരില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ‘വലാമര്‍വാന്‍’ എന്ന ഒമ്പത് വയസ്സുകാരിയെ തൻ്റെ മകളും അവളുടെ അനിയനെ മകനുമായാണ് അദ്ദേഹം കണ്ടത്. അവളിലൂടെ ഗസ്സയിലെ കുഞ്ഞുമക്കളുടെ നോവുകള്‍ പുറം ലോകത്തെ അറിയിക്കുകയാണ് കവി.
പുറംലോകത്തുള്ള അജ്ഞാതയായ കൂട്ടുകാരിക്ക് തൻ്റെ വേദനകളും സങ്കടങ്ങളും സ്വപ്നങ്ങളും പങ്കുവെച്ച് ആ ഒമ്പതു വയസ്സുകാരി എഴുതുന്ന കത്തുകളുടെ ശൈലിയിലാണ് 15 ഭാഗമായി കവിതകളെ ക്രമീകരിച്ചിട്ടുള്ളത്. അവതാരികയില്‍ സച്ചിദാനന്ദന്‍ പറഞ്ഞതുപോലെ ഇതിലെ ഓരോ വാക്കിലും ചോര ചിതറിക്കിടക്കുന്നുണ്ട്. ഭാഷയെ പുകയും ചാരവും മൂടുന്നുണ്ട്. ബാബയും ഉമ്മിയും അനുജനും അടങ്ങുന്ന ഒരു സാധാരണ കുടുംബമാണ് വലാമര്‍വയുടേത്. അവള്‍ക്ക് പഠിക്കാന്‍ സ്‌കൂളില്ല. മരത്തണലുകളില്ല. അവരെല്ലാവരും വീട്ടിനകത്ത് ഇരിക്കാറാണ് പതിവ്. വെറുതെയിരുന്ന് ബോറടിക്കുമ്പോള്‍ ടിവി കാണാനും വയ്യ. അതിൻ്റെ നിലയങ്ങളടക്കം അവര്‍ ബോംബിട്ട് തകര്‍ത്തിരുന്നു. അതുകൊണ്ട് കൈയക്ഷരമെങ്കിലും നന്നാകുമല്ലോ എന്ന് കരുതി ഉമ്മിയാണ് അവളോട് കത്തെഴുതാന്‍ പറയുന്നത്. ഇടുങ്ങിയ തെരുവിലെ മുറ്റമില്ലാത്ത വീട്ടിനകത്തെ ഇരുട്ട് നിറഞ്ഞ മുറികളിലിരുന്ന് വലതുകൈ നഷ്ടപ്പെട്ട തൻ്റെ അനുജനെ കുറിച്ചുള്ള സങ്കടമാണ് ആദ്യ കത്തിലൂടെ അവള്‍ പങ്കുവെക്കുന്നത്. ദൂരെയുള്ള കല്ലുകൂട്ടത്തിലേക്ക് അവള്‍ വലിച്ചെറിഞ്ഞ പന്തെടുക്കാന്‍ തുനിഞ്ഞതായിരുന്നു അവന്‍. പക്ഷേ അവരെ എറിയാന്‍ കല്ലെടുക്കുകയാണെന്ന് കരുതിയിട്ടാകും അവൻ്റെ കൈ വെടിവെച്ചിട്ടത്. അവര്‍ കല്ലുകളെ അത്രയധികം ഭയന്നിരുന്നല്ലോ.
കൈ മുറിഞ്ഞതോടെ വായാടിയായിരുന്ന അനിയന്‍ ആകെ മാറിപ്പോയി. എപ്പോഴും ഒറ്റക്കിരിക്കുക പതിവായി. അതിനുപുറമേ കളിക്കൂട്ടുകാരായിരുന്ന സൈനബയും ഹാതിഫും വിട്ടുപിരിഞ്ഞു. വീടിനടുത്തുള്ള നിരവധി ആളുകള്‍ കൊല്ലപ്പെടുകയും പലരും കുടുംബത്തോടൊപ്പം എങ്ങോട്ടെന്നില്ലാതെ ഓടി മറയുകയും ചെയ്തു. അയല്‍ക്കൂട്ടങ്ങള്‍ കൂടി നാടുവിടുന്നതോടെ അവളും അനിയനും തനിച്ചാകും. എല്ലാം മടുത്താണത്രെ അവരെല്ലാം നാടുവിട്ടത്. ഭയവും ഭീകരതയുമല്ല. നിശ്ചയമില്ലാത്ത എന്തോ ഒന്ന്. വീടാണെങ്കില്‍ ഇപ്പോള്‍ ഖബറിന് തുല്യവും. ആരുമില്ലാത്ത ഒരു നിസ്സഹായാവസ്ഥയെ പങ്ക്‌വെക്കുകയാണ് വലാമര്‍വാന്‍. അവളുടെ മൂന്ന്‌വീടപ്പുറത്തുള്ള കരീംചാച്ച എന്ന മൊല്ലാക്കയെ കുറിച്ച് പറയുന്നുണ്ട്. ചാച്ചയുടെ ബാങ്ക് വിളി ആയിരുന്നത്രേ അവിടെ ജീവനുള്ളവര്‍ ഉണ്ടെന്ന അടയാളം ബാക്കിവെച്ചത്. ചാച്ച പണ്ടൊക്കെ അറ്റമില്ലാത്തത്ര നൂലുള്ള വിവിധ വര്‍ണങ്ങളിലുള്ള പട്ടങ്ങള്‍ ഉണ്ടാക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ ഉണ്ടാക്കുന്ന പട്ടങ്ങളൊന്നും ഉയരത്തില്‍ പറക്കാറില്ല. അവക്ക് ചെറിയ നൂലുണ്ട മതി. അവരുടെ ആത്മവീര്യവും സ്വപ്നങ്ങളും തല്ലിക്കെടുത്തുകയായിരുന്നു അക്രമികള്‍. പിന്നീട് ഒരിക്കല്‍ പള്ളിയുടെ ചായ്പ്പില്‍ പട്ടം തുന്നുകയായിരുന്ന കരീംചാച്ചയെയും അവര്‍ വെടിവെച്ചിട്ടു.
അതിനിടയില്‍ ഉമ്മയുടെ അനിയത്തിയുടെ മൂന്ന് വയസ്സുള്ള മൂന്ന് കുഞ്ഞുങ്ങളും ഒന്നര മാസം പ്രായമുള്ള കുഞ്ഞും അവരുടെ ബോംബിനിരയായി. നംറൂദ് തീയിലിട്ടപ്പോള്‍ ഇബ്‌റാഹീം നബിക്ക് തണുപ്പാക്കി കൊടുത്തതുപോലെ അവര്‍ക്കും തീ തണുപ്പായിരിക്കുമെന്ന് പറഞ്ഞ് ഉമ്മി സമാധാനിക്കുന്നുണ്ട്. രണ്ടു മാസം അവര്‍ക്ക് സമാധാനത്തിന്റേതായിരുന്നു. എല്ലാം ഒന്ന് ശാന്തമായി. മൈതാനത്ത് പന്തുരുളി. പട്ടങ്ങള്‍ ഉയര്‍ന്നുപറന്നു. സന്തോഷത്തിൻ്റെ നാളുകള്‍ തിരിച്ചുവരികയാണെന്നാണ് അവര്‍ കരുതിയത്. പക്ഷേ, പെട്ടെന്ന് എല്ലാം മാറി മറിഞ്ഞു. വീണ്ടും യുദ്ധ ടാങ്കുകളും വെടിവെപ്പുകളും നിലവിളികളുമെല്ലാം കൊണ്ട് തെരുവ് നിറഞ്ഞു. അവരുടെ സകല പ്രതീക്ഷകളും കെട്ടടങ്ങി.
ചില ദിനങ്ങളില്‍ യുദ്ധക്കെടുതികളുടെ കണക്കെടുപ്പുണ്ടാകും. അങ്ങനെ കണക്കെടുക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ആരോ മറന്നുപോയ ‘ഥ’ ആകൃതിയിലുള്ള ഊന്നുവടി കണ്ടത് മുതല്‍ അനിയന്‍ സന്തോഷത്തിലാണ്. ബാബയുടെ ഉപേക്ഷിക്കപ്പെട്ട അടിയുടുപ്പിൻ്റെ ഇലാസ്റ്റിക് അതിന്മേല്‍ ഘടിപ്പിച്ച് അവനൊരു കവണ ഉണ്ടാക്കി. ശേഷം ഒറ്റ കൈ കൊണ്ട് കവണ ചുഴറ്റാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. അവൻ്റെ കളിപ്പാട്ടങ്ങള്‍ സൂക്ഷിക്കുന്ന ഭരണി നിറയെ ആണികളും കുപ്പിച്ചില്ലുകളുമായിരുന്നു. അവനെന്നും വലതുകൈ വെടിവെച്ചിട്ട അയാളെ തിരഞ്ഞുകൊണ്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അനിയൻ്റെ അറ്റുപോയ കൈ തുന്നിയിടത്ത് പഴുത്ത് അവന് പനിയും വിറയലും ബാധിച്ചു. അവനുള്ള ഔഷധം തേടി ബാപ്പ പുറത്തേക്കിറങ്ങി. അതിര്‍ത്തിക്കപ്പുറത്തേക്ക് നീളുന്ന ഇരുട്ടുമാളങ്ങളെ ലക്ഷ്യം വെച്ച് നീങ്ങിയ അദ്ദേഹം മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. അവള്‍ ഏറെ സങ്കടത്തോടെയാണ് ഇത് പങ്കുവച്ചത്. മുതിര്‍ന്നാല്‍ ഒരു മാന്ത്രികയാകാനാണ് അവളുടെ ആഗ്രഹം. അനിയന് ‘ഇമാദ് അകിലും’. അവനാണ് കുട്ടികളുടെ സൂപ്പര്‍ ഹീറോ. ബാബയും ഉമ്മയും നഷ്ടപ്പെട്ട അവന് മാലാഖമാര്‍ അരൂപിയായി സഞ്ചരിക്കാനുള്ള വരം നല്‍കി. അവന്‍ ജൂതന്മാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കി. കുറെ കുഞ്ഞുങ്ങളെ അവരില്‍ നിന്നും മോചിപ്പിച്ചു. ഉമ്മമാര്‍ക്ക് മകനും ബാപ്പമാര്‍ക്ക് കൈത്താങ്ങുമായി. പക്ഷേ ഇരുപത്തിമൂന്നാം വയസ്സില്‍ അവനും മരണപ്പെട്ടു.
അവരുടെ തെരുവിലുണ്ടായിരുന്ന മുഷിഞ്ഞ ഉടുപ്പുകള്‍ ധരിച്ച് പാടി നടന്നിരുന്ന ഒരു കിഴവനെ കുറിച്ച് അവള്‍ പറയുന്നുണ്ട്. അയാളുടെ കാലില്‍ ഉണങ്ങാത്ത ഒരു മുറിവുണ്ടായിരുന്നു. ഇടക്കിടെ പൊട്ടിയൊലിച്ചും ഉണങ്ങിയും നീര് വെച്ചുമുള്ള ആ മുറിവ് പോലെയായിരുന്നു അവളുടെ രാജ്യം. അയാളുടെ വിലാപമായിരുന്നു അവരുടെ കവിത. അതിലെ കദനമായിരുന്നു അവരുടെ സംഗീതം. അയാളുടെ മുഷിഞ്ഞ ഉടുപ്പുകളായിരുന്നു അവരുടെ കൊടിയടയാളം. അവസാനം വലാമര്‍വയും വിടവാങ്ങുകയാണ്. അവള്‍ സ്വര്‍ഗലോകത്തുനിന്ന് കാണുന്ന സ്വപ്നമാണ് അവസാന കത്തിലൂടെ പങ്കുവെക്കുന്നത്. തെരുവുകളില്‍ നിന്ന് ടാങ്കറുകള്‍ ഒഴിഞ്ഞു. കുട്ടികളും മുതിര്‍ന്നവരും പരസ്പരം ആഘോഷിക്കുന്നു. തരിശുഭൂമിയില്‍ ഫലവൃക്ഷാദികള്‍ തളിര്‍ക്കുന്നു. ബാഗുമേന്തി കുഞ്ഞുങ്ങള്‍ സ്‌കൂളുകളിലേക്ക് നീങ്ങുന്നു. ടിവി സ്‌ക്രീനില്‍ കാര്‍ട്ടൂണുകള്‍ തെളിയുന്നു. ഫലസ്തീനികള്‍ക്ക് സ്വര്‍ഗലോകത്ത് മാത്രമേ സമാധാനം ലഭിക്കുകയുള്ളൂ എന്ന് വരികള്‍ക്കിടയിലൂടെ പറയുകയാണ് കവി.
ലോകചരിത്രത്തിലെ നിര്‍ദയമായ ഏടുകളിലൊന്നായി മാറിയിരിക്കുകയാണ് ഗസ്സ. സരളമായ ഭാഷയില്‍ അനുഭവതീക്ഷ്ണതയില്‍ നിന്നും എഴുതിയ ഈ പുസ്തകം തീര്‍ത്തും ഗസ്സയിലെ അവസ്ഥകളെ വരച്ചിടുന്നുണ്ട്. ഓരോ കവിതയോടൊപ്പവുമുള്ള കബിതാ മുഖോപാദ്ധ്യയയുടെ ചിത്രീകരണങ്ങള്‍ അവയുടെ തീക്ഷ്ണത വര്‍ധിപ്പിക്കുന്നു. ഐ പി ബി യാണ് പുസ്‌തകത്തിൻ്റെ പ്രസാധകര്‍. വില 100 രൂപ.
Book Review of Sankada Mittayi By Dr. Rahim Kadavath, Written by Khalilul Rahman