നാടൻ ജീവിതങ്ങളുടെ കഥാഖ്യാനം

3 MINUTES READ

ലോകമെമ്പാടുമുള്ള പുസ്‌തക വിപണികൾ വളരെയധികം ഗവേഷണങ്ങൾ നടത്തുന്നതായി പറയുന്നുണ്ട്. വിഷയം ‘വായനക്കാരുടെ അഭിരുചികൾ’ എന്നതുതന്നെ! ഇത്തരം പഠനങ്ങളുടെ പൊതുവായ ഒരു ഫലം പറയുന്നത് പുതിയ തലമുറയിലെ ഒരു വലിയ വിഭാഗം സയൻസ് ഫിക്ഷനുകളുടെ വലിയ ആരാധകരാകുന്നു എന്നും ഒരു ‘ബ്രാൻഡ് അഡിക്ടഡ്’ എന്ന രീതിയിൽ പുസ്ത‌ കങ്ങൾ വാങ്ങുന്നു എന്നുമാണ്. മറ്റൊരു വിഭാഗം വായനക്കാർ ഗ്രാഫിക് ഫിക്ഷനുകളും ഹൊറർ കഥകളും തെരഞ്ഞെടുക്കുമ്പോ ൾ യുദ്ധകഥകളും ക്രൈം സ്റ്റോറികളും വായനക്കാരുടെ ഇഷ്ട ലിസ്റ്റുകളിൽ ഉണ്ട്. ഇത്തരം ഒരു മുൻഗണന ചില പുസ്‌തകങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കുകയും അത്തരം ജോണറുകൾ അധികമായി വായനക്കാരിലെത്തിക്കുകയും ചെയ്യുക എന്നത് ബുദ്ധിപരമായ ഒരു വിപണന തന്ത്രമാണ്. മലയാള പുസ്‌തക വിപണി ഇത്തരം തിരിച്ചറിവുകൾ നടത്തുന്നതായും അതനുസരിച്ചുള്ള മാർക്കറ്റിംഗ് രീതികൾ അവലംബിക്കുന്നതായും ശ്രദ്ധിച്ചിട്ടുണ്ടോ?

പുസ്‌തക വിപണിയെക്കുറിച്ചും അവരുടെ മാർക്കറ്റിംഗ് രീതികളെക്കുറിച്ചും യാതൊരു ധാരണയും ഇല്ലാത്തയാളാണ് ഞാൻ. പുതിയ തലമുറയുടെ വായനാഭിരുചികളെക്കുറിച്ചും വലിയ അറിവില്ല. അവയൊന്നും ഒരു എഴുത്തുകാരൻ അറിയേണ്ട ആവശ്യമില്ലെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ അർപ്പണബോധത്തോടെ എഴുതുക. കൊള്ളാവുന്നതാണെങ്കിൽ ആളുകൾ വായിക്കും. ഇല്ലെങ്കിൽ തിരിഞ്ഞു നോക്കില്ല. എഴുത്ത് ദീർഘകാലത്തേക്കുള്ള ഈടുവപ്പാണെന്ന് കരുതിയാണ് ഓരോരുത്തരും എഴുതുന്നത്. മാർക്കറ്റിംഗിൻ്റെ ആലോചന ഇപ്പോഴെന്ത് വിൽക്കാമെന്നുള്ളതാണ്. ഇറങ്ങുന്ന കാലത്ത് കൂടുതൽ കോപ്പി വിറ്റു എന്നുള്ളത് വലിയ പ്രാധാന്യമുള്ള കാര്യമല്ല, പിന്നീടും അത് സംഭവിച്ചേക്കും.

വായനക്കാരുടെ അഭിരുചികൾ അറിയുന്നത് എഴുത്തുകാരനെ സംബന്ധിച്ച് എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് കരുതുന്നത്?

ഒരു പ്രാധാന്യവും ഇല്ല. വായനക്കാരുടെ അഭിരുചി നോക്കിയല്ല നമ്മൾ എഴുതേണ്ടത്. ഇത്രയും കാലത്തെ വായനയും ജീവിതപരിചയവുംകൊണ്ട് ഓരോ എഴുത്തുകാരൻ്റെയും മനസ്സിൽ മികച്ച എഴുത്ത് എങ്ങനെയാകണം എന്നൊരു ധാരണ രൂപപ്പെട്ടിട്ടുണ്ടാകും. അതിനോട് നീതി പുലർത്താനാണയാൾ ശ്രമിക്കേണ്ടത്. സമാനഹൃദയരായവർ വായിച്ചോളും അത്രേയുള്ളൂ. കല ഏറ്റവും സത്യസന്ധത വേണ്ട പ്രവർത്തിയാണ്. ജീവിതത്തിൽ നമ്മൾ ചെയ്യുന്ന കള്ളത്തരങ്ങൾ എഴുത്തിൽ പ്രായോഗികമല്ല. പാരമ്പര്യമോ സമ്പത്തോ ഒന്നും സഹായിക്കില്ല. വായനക്കാരുടെ അഭിരുചി തപ്പിനടക്കുന്ന നേരത്ത് എഴുത്തുകാരൻ കഷ്ടപ്പെട്ട് എഴുതുകയാണ് വേണ്ടത്.

ദേശത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കഥകളാണ് ഹരീഷിന്‍റേത്. അത്തരം കഥകളാണ് ഭാഷയുടെയും സംസ്‌കാരത്തിൻ്റെയും നേരെ പിടിക്കുന്ന കണ്ണാടികളാകുന്നത്. ഇത്തരം കഥകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ, മറ്റു ഭാഷാ-സംസ്‌കാരങ്ങളിലുള്ള വായനക്കാർക്ക്, മലയാള വായനക്കാർ സ്വാംശീകരിച്ചതുപോലെ അവയെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന ആശങ്കയുണ്ടോ?

തീർച്ചയായും ഉണ്ട്. മീശ വിവർത്തനം ചെയ്യുന്ന സമയത്ത് എനിക്ക് നല്ല ആശങ്കയുണ്ടായിരുന്നു. കാരണം, തികച്ചും പ്രാദേശികമായ ഭാഷയും കഥകളുമാണ് അതിലുള്ളത്. എന്നാൽ ആ ആശങ്ക അസ്ഥാനത്തായിരുന്നു. ഇംഗ്ലീഷിൽ അത് നന്നായി സ്വീകരിക്കപ്പെട്ടു. വിവർത്തക ജയശ്രീ കളത്തിലിന് നന്ദി. നല്ല വിവർത്തകരാണെങ്കിൽ എഴുത്തിൻ്റെ പ്രാദേശിക സ്വഭാവമൊന്നും പ്രശ്‌നമല്ല. മനുഷ്യർ എല്ലാ സ്ഥലത്തും ചിന്തിക്കുന്നത് ഒരു പോലെയാണ്.

പുതിയ തലമുറയിലെ എഴുത്തുകാർ, എഴുത്തിൽ അവലംബിക്കുന്ന രീതികളും വിഷയ സ്വീകരണവുമെല്ലാം വളരെയേറെ പ്രശംസിക്കപ്പെടേണ്ടതുണ്ട്. അതുപോലെ, പുതുമകൾ കൊണ്ടുവരാൻ നടത്തുന്ന ശ്രമങ്ങൾ ചിലപ്പോഴെല്ലാം ഒരു തരം വിരസത ഉണ്ടാക്കുന്നുമുണ്ട്. അതിൽ ആവർത്തനവിരസത എന്ന രീതിയിൽ ചില എഴുത്തുകാരുടെ ശൈലിയെ പരാമർശിക്കുന്നതായും കാണാറുണ്ട്. ഒരു എഴുത്തുകാരൻ്റെ ശൈലിയെന്നത് അത്ര പെട്ടെന്ന് മാറ്റാവുന്ന ഒന്നാണോ? വിഷയ സ്വീകരണം മുതൽ ആവിഷ്‌കാരം വരെയുള്ള കാര്യങ്ങളിൽ ശൈലിയും പുതുമയും ഒരു വെല്ലുവിളിയാവുകയും തൻ്റെ വൈദഗ്ധ്യം എഴുത്തുകാരൻ തെളിയിക്കാൻ ബാധ്യസ്ഥനാവുകയും അതിന് സാധിക്കാത്തിടത്താണ് വിരസത ഉണ്ടാകുന്നതെന്നും പറഞ്ഞാൽ നിഷേധിക്കാനാവുമോ?

എഴുത്തുകാരൻ ഓരോ വരിയിലും സ്വയം പുതുക്കാൻ ശ്രമിക്കണമെന്നാണ് എൻ്റെ അഭിപ്രായം. ശൈലി എന്നൊക്കെ എന്തിനാണ് നമ്മൾ ചുമ്മാ പറയുന്നത്. ജീവിതകാലം മുഴുവൻ എന്തിനാണ് ഒരേ മട്ടിൽ എഴുതുന്നത്. തൻ്റെ പഴയ എഴുത്തുകൾ വായിക്കുമ്പോൾ എഴുത്തുകാരന് അഭിമാനമല്ല, നാണക്കേടാണ് തോന്നേണ്ടത്. സ്വയം വിമർശനവും നവീകരണവും എഴുത്തിന് അത്യാവശ്യമാണ്. അത് സാധിക്കുന്നില്ലെന്ന് തോന്നിയാൽ എഴുതാതിരിക്കുക.

വിനോയ് തോമസിൻ്റെ ദേശ സങ്കൽപങ്ങൾ, മീശ എന്ന നോവലിന് പ്രേരകമായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടല്ലോ? ഇപ്പോൾ പുറ്റ് എന്ന കൃതി അദ്ദേഹത്തിൻ്റേതായി പുറത്തുവന്നിട്ടുണ്ട്. പുതിയ കാല എഴുത്തുകാർ – സമകാലീനർ – എന്ന നിലയിൽ മലയാളത്തിലെ നോവലുകളിലെ ദേശം – അതിൻ്റെ ആവിഷ്‌കാരങ്ങൾ – എന്നതിനെക്കുറിച്ചൊന്നു പറയാമോ?

എഴുത്തുകാരൻ്റെ ദേശത്തിന് എല്ലാകാലത്തും എഴുത്തിൽ പ്രാധാന്യമുണ്ടായിരുന്നു. മലയാളത്തിലും അങ്ങനെതന്നെ. പക്ഷേ, നമ്മുടെ എഴുത്തുകൾ പലപ്പോഴും കേരളീയ യാഥാർഥ്യത്തെ ഫിക്ഷനിലേക്ക് കൊണ്ടുവരാൻ മടിക്കുന്നതായി തോന്നിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള അനുഭവലോകം കൈകാര്യം ചെയ്യുന്ന ഒരുപാട് നോവലുകൾ ഇവിടെ വന്നിട്ടുണ്ട്. എന്നാൽ നമ്മുടെ നാടിൻ്റെ തീക്ഷ്‌ണയാഥാർഥ്യങ്ങളെ നമുക്ക് ഭയമാണ്. അതൊക്കെ എഴുതുന്നവർക്ക് ആസ്ഥാന സാഹിത്യകാരനാകാൻ പറ്റില്ല. ആരേയും വേദനിപ്പിക്കാതെ പൊതുബോധത്തിനനുസരിച്ച് എഴുതിയാൽ നിങ്ങൾ ആഘോഷിക്കപ്പെടും. പഴയ തലമുറയുടെ ലാളന കിട്ടുന്ന എഴുത്തുകാരനാകാം. വിനോയിയുടെ നോവലുകൾ നമ്മുടെ യാഥാർഥ്യത്തെ ധൈര്യമായി അഭിമുഖീകരിക്കുന്നുണ്ട്.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച പുതുമൊഴി എന്ന പുസ്തകത്തില്‍നിന്ന്)

Interview of Divya John Jose with S. Hareesh on his works

പുതുമൊഴി

ദിവ്യ ജോൺ ജോസ്

കഴിഞ്ഞ പത്തിരുപതു വര്‍ഷത്തിനുള്ളില്‍ മലയാളത്തിലുണ്ടായിട്ടുള്ള ഇരുപത്തിമൂന്ന് എഴുത്തുകാരെയും അവരുടെ എഴുത്തുകളെയും ആഴത്തില്‍ പരിശോധിക്കുകയാണ് ‘പുതുമൊഴി.’ ലോകത്തെല്ലായിടത്തുമുള്ള സാഹിത്യ ചലനങ്ങള്‍, പുതിയ ട്രെന്‍ഡുകള്‍, എഴുത്തിന്റെ രാഷ്ട്രീയം എന്നിവ കൃത്യമായി വീക്ഷിക്കുന്ന ദിവ്യയുടെ കാതലായ സാഹിത്യ വിമര്‍ശനങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. തങ്ങളുടെ എഴുത്തുജീവിതം, നിലപാടുകള്‍, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടികള്‍, സ്വപ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് മനസ്സുതുറക്കുന്ന എഴുത്തുകാരുടെ അഭിമുഖവും ഇതോടു ചേര്‍ത്തിട്ടുണ്ട്. ക്രിയാത്മകമായ നിരൂപണത്തിന്റെ നല്ല മാതൃകകൂടിയാണീകൃതി.

എസ്. ഹരീഷ്

നോവലിസ്റ്റ്
നോവലിസ്റ്റ്

ദിവ്യ ജോൺ ജോസ്

എഴുത്തുകാരി

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy