അറബ് നോവുകളെ വിവര്‍ത്തനം ചെയ്യുന്നൊരാള്‍…

15 MINUTES READ

ഖുദ്‌സിയെ കുറിച്ച് ആലോചിക്കുമ്പോള്‍ രണ്ട് കൗതുകങ്ങളുണ്ട്. 1970-72 കളിലാണ് താങ്കളുടെ അറബ് സാഹിത്യ പ്രേമം മുളക്കുന്നത്. അതായത് താങ്കളുടെ പ്രീ-ഡിഗ്രി കാലത്ത്. വിദ്യാഭ്യാസ പരിസരത്തുനിന്ന് അറബ് സാഹിത്യത്തിലുള്ള ഒറിയന്റേഷന്‍ ലഭിക്കാനൊന്നും ഇടയില്ലാത്ത കാലത്ത്. മറ്റൊന്ന്, യൂറോപ്യന്‍ സാഹിത്യമായിരുന്നു ഇക്കാലഘട്ടത്തില്‍ കേരളത്തില്‍ പ്രധാനമായും വായിക്കപ്പെട്ടിരുന്നത് എന്ന യാഥാര്‍ഥ്യവും. കാറ്റും കോളും എതിരായിരുന്നിട്ടും അറേബ്യയിലേക്ക് ദിശമാറി സഞ്ചരിച്ച ഒരു സാഹിത്യ നൗകയായിരുന്നു ഖുദ്‌സി. എങ്ങനെയായിരുന്നു ആ നിശ്ചയവും നിയോഗവും രൂപപ്പെടുന്നത്?

സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ബാലനായിരുന്നു ഞാന്‍. ഒരു വിക്കന്‍. മനസ്സില്‍ തെളിഞ്ഞ വാക്കുകളൊന്നും വായ വിട്ട് പുറത്തുവരുമായിരുന്നില്ല. അവ തൊണ്ടയില്‍ തന്നെ കുരുങ്ങിക്കിടക്കുമായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിയായിരുന്നു. എല്ലായിടത്തുനിന്നും ഞാന്‍ മാറി നടന്നു. ആ നടത്തം സാഹിത്യത്തിലേക്കുള്ള പാതയിലായത് തീര്‍ത്തും യാദൃശ്ചികമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, സാഹിത്യാഭിരുചി അകമേ രൂപപ്പെട്ട ഒന്നായിരുന്നു. സാഹിതീയത ദൈവികമാണ്. വിദ്യാഭ്യാസം കൊണ്ട് സാഹിത്യ അഭിരുചിയും താല്‍പര്യവും ഉണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വിഖ്യാതരായ നിരവധി സാഹിത്യകാരന്മാര്‍ക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ലെന്നതാണ് വസ്തുത. അത് തീര്‍ത്തും ദൈവികമാണ്.

എനിക്ക് സാഹിത്യ പ്രചോദനം ചെറുതിലേ ലഭിച്ചിരുന്നു. കൊയിലാണ്ടിക്കാരിയായ എന്റെ ഉമ്മാമയില്‍ നിന്ന്. കണ്ണും കാതും കൂര്‍പ്പിച്ച് ഉമ്മാമയുടെ കഥകള്‍ക്ക് മുമ്പില്‍ കുട്ടിയായ ഞാന്‍ ഇരിക്കുമായിരുന്നു. അവര്‍ കഥ പറയാന്‍ മിടുക്കിയായിരുന്നു. അതിലെ കഥാപാത്രങ്ങളായ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും വിശേഷണങ്ങളുടെ ആഭരണങ്ങള്‍ എപ്പോഴും അവര്‍ അണിയിച്ചുകൊടുത്തിരുന്നു. മണികെട്ടിയ പൂച്ച, കിരീടം വെച്ച രാജകുമാരി, നിലാ കണ്ണുള്ള തോഴി… ഈ രീതിയില്‍ പോകുമായിരുന്നു അവരുടെ അവതരണം. അതെന്റെ ഹൃദയത്തില്‍ ചിന്തയുടെയും ആലോചനയുടെയും വിത്തിട്ടു. ഉമ്മാമ പറഞ്ഞു തന്നിരുന്നത് അറേബ്യന്‍ കഥകളായിരുന്നു. ഉമ്മാമയുടെ ഭര്‍ത്താവ് (ഉപ്പാപ) ഫലസ്തീനിയാണ്. അറബ് വേരുള്ള, ഞങ്ങളിലെ ആദ്യ മലയാളി.

പാഠ പുസ്തകം ചിത്രങ്ങളുള്ളതായിരുന്നു. ഓരോ അധ്യായത്തിലും വിവിധ ചിത്രങ്ങള്‍. അവയെല്ലാം ചേര്‍ത്തുവെച്ച് എന്റേതായ ഒരു കഥയുണ്ടാക്കി ഞാന്‍. അന്ന് എട്ടാം ക്ലാസ്സിലായിരുന്നു. കഥ മെനയുന്ന കല ഞാന്‍ സ്വായത്തമാക്കുകയായിരുന്നു. അക്കാലം റോഡിയോകളില്‍ സജീവമായി നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. ഞാനത് ആര്‍ത്തിയോടെ തന്നെ കേള്‍ക്കുമായിരുന്നു. ഒമ്പതാം ക്ലാസ്സിലെത്തിയപ്പോള്‍ ഞാനൊരു നാടകം എഴുതി. ബാല നാടക വിഭാഗത്തില്‍ സംപ്രേക്ഷണം ചെയ്യണമെന്ന അഭ്യര്‍ഥനയുമായി ആകാശവാണിക്ക് അയച്ചു. രണ്ടു മാസത്തിനിപ്പുറം ഡയറക്ടര്‍ കെ.എ കൊടുങ്ങല്ലൂരിന്റെ മറുപടിക്കത്ത് ലഭിച്ചു. അതിലെ വരികള്‍ ഏതാണ്ട് ഇങ്ങനെയായിരുന്നു: കുട്ടീ, ഈ കൃതി ഞങ്ങള്‍ എടുക്കുന്നു. തലക്കെട്ട് സുല്‍ത്താന്റെ മകള്‍ എന്നാക്കി മാറ്റണം. ഇത് ജനറല്‍ നാടകമായി സംപ്രേക്ഷണം ചെയ്യപ്പെടും. ബാല നാടകമായല്ല.

ഒരു ഒമ്പതാം ക്ലാസുകാരന് അക്കാലത്ത് സ്വപ്‌നംകാണാന്‍ പോലും കഴിയാത്തത്ര ഉയരമുള്ള നേട്ടമായിരുന്നു എനിക്കത്. സന്തോഷത്തോടെ ഞാനെന്റെ സ്‌കൂള്‍ അധ്യാപകരോട് അക്കാര്യം പറഞ്ഞു. താന്‍ പഠിത്തത്തില്‍ ശ്രദ്ധിക്കൂ എന്ന മറുപടിയായിരുന്നു ലഭിച്ചത്. നാടകത്തോടുള്ള അന്നത്തെ സമുദായത്തിന്റെ റിഫ്‌ളക്ഷനായിരിക്കാം അത്. സാംസ്‌കാരികതയോടുള്ള പ്രാക്ടീസിംഗ് മുസ്‌ലിംകളുടെ സമീപനമായിരിക്കാം.

എന്റെ പ്രീഡിഗ്രി കാലഘട്ടത്തിന് ശേഷം ഞാന്‍ യുഎഇയിലേക്ക് ജീവിതപ്പച്ച തേടി പോയി. രാജ്യത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ജോലി. ആറു മണിക്കൂര്‍ മാത്രമായിരുന്നു ജോലിയെടുക്കേണ്ടിയിരുന്നത്. ബാക്കി സമയങ്ങളിലെല്ലാം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താനും വിവിധ സംഘടനകളോട് ചേര്‍ന്നു നില്‍ക്കാനും അവസരം ലഭിച്ചു. അക്കാലത്താണ് അറബ് നാടോടിക്കഥകള്‍ വായിക്കുന്നതും അത് പുനരാഖ്യാനം ചെയ്യണമെന്ന് മോഹമുദിക്കുന്നതും. അത് പൂര്‍ണ പബ്ലിക്കേഷന്‍ ജിന്ന് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാഹിത്യവും വിദ്യാഭ്യാസവും തമ്മില്‍ കാര്യപ്രസക്തമായ ബന്ധമില്ലെന്ന് പറഞ്ഞല്ലോ.. പക്ഷേ, നിങ്ങളുടെ കാര്യത്തില്‍ അത് പൂര്‍ണമായും ശരിയല്ലെന്ന് തോന്നുന്നു. കാരണം, താങ്കളുടെ പുസ്തകങ്ങളെല്ലാം വിവര്‍ത്തനങ്ങളാണ്. അവ ഭംഗിയായി നിര്‍വഹിക്കാന്‍ വിദ്യാഭ്യാസം പ്രധാനമാണ്.

ശരിയാണ്. വിവര്‍ത്തനത്തില്‍ വിദ്യാഭ്യാസം, അഥവാ ഭാഷ അറിഞ്ഞിരിക്കണമെന്നത് പ്രധാനമാണ്. പക്ഷേ, അത് മാത്രമാണ് പ്രധാനം എന്ന് മനസ്സിലാക്കരുത്. മറ്റു ഭാഷയിലെഴുതപ്പെട്ട ഒരു കഥ വായിക്കുമ്പോള്‍ പ്രസ്തുത ഭാഷ മാത്രമല്ല, അതിനപ്പുറത്തുള്ള ഭാഷ നിങ്ങള്‍ അറിഞ്ഞിരിക്കണം. ഞാന്‍ അറബ് പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്നാണ് വിവര്‍ത്തനം ചെയ്യുന്നത്. അന്നേരം രണ്ട് ഉത്തരവാദിത്തമാണ് എനിക്കുണ്ടാകുന്നത്. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വൃത്തിയോടെ വിവര്‍ത്തനം നിര്‍വഹിക്കണം. അതേ സമയം, അറബ് മൂല കൃതിയുടെ രചയിതാവിനെയും അയാളുടെ സാഹചര്യത്തെയും ചുറ്റുപാടിനെയും കുറിച്ച് ആലോചിക്കുകയും ചിന്തിക്കുകയും വേണം. അറബ് സംസ്‌കാരം അറിഞ്ഞിരിക്കണമെന്ന് ചുരുക്കിപ്പറയാം. വിവര്‍ത്തനത്തില്‍ സംസ്‌കാരത്തിന്റെ മണമുണ്ടാവണം. മികച്ച ഭാഷാ വിവര്‍ത്തനമെന്ന് അഭിനന്ദിക്കാവുന്ന ചില വിവര്‍ത്തനങ്ങളില്‍ സംസ്‌കാരത്തിന്റെ ഗന്ധം വലിച്ചെടുക്കാനാവാത്ത പ്രതിസന്ധി എനിക്കുണ്ടായിട്ടുണ്ട്. നോവലുകളില്‍ ഞാന്‍ വാക്കുകളെയല്ല മൊഴിമാറ്റുന്നത്. സംസ്‌കാരത്തെയാണ്. അതുകൊണ്ടാകും ഒരു അറബ് വിവര്‍ത്തകനെന്ന നിലയില്‍ എനിക്ക് സ്വീകാര്യത ലഭിച്ചത്.

വണ്‍ ഹണ്ട്രഡ് ഇയേര്‍സ് ഓഫ് സോളിറ്റിയൂഡ് (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) ഇംഗ്ലീഷിലേക്ക് ഗ്രഗറി റബാസ്സ തന്നെ വിവര്‍ത്തനം ചെയ്യണമെന്നതായിരുന്നു മാര്‍ക്കേസിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ ഊഴം കാത്ത് മൂന്നിലേറെ വര്‍ഷം മാര്‍ക്കേസ് കാത്തിരുന്നിട്ടുണ്ടത്രെ. മൂല കൃതിയെ വെല്ലുന്ന വിവര്‍ത്തനമാണെന്നും തന്റെ കൃതികള്‍ വായിക്കാനും വിവര്‍ത്തനം ചെയ്യാനും താല്‍പര്യപ്പെടുന്നവര്‍ ഇംഗ്ലീഷ് വിവര്‍ത്തനത്തെ ആശ്രയിക്കണമെന്നും മാര്‍ക്കേസ് ഒടുക്കം പറയുകയും ചെയ്തു. ക്രിയാത്മകമായ വിവര്‍ത്തനത്തിന് മൂല കൃതിയെ കൂടുതല്‍ ചന്തമുള്ളതാക്കാനാവുമെന്ന് സാരം.

അറബ് സംസ്‌കാരവുമായുള്ള താങ്കളുടെ ഇഴയടുപ്പം എങ്ങനെയാണ് രൂപപ്പെടുന്നത്. ഭാഷയുടെ കാണാപ്പുറങ്ങളിലേക്ക് താങ്കളുടെ ദൃഷ്ടി പതിയുന്നതെങ്ങനെയാണ്.

മിഡില്‍ ഈസ്റ്റ് സംസ്‌കാരം പലവഴികളിലൂടെ എനിക്ക് പരിചിതമാണ്. ഒന്നാമത്, ഞാനൊരു മുസ്‌ലിമാണ്. ഇസ്‌ലാമിന്റെയും അറബികളുടെയും രീതികള്‍ ഒരു മുസ്‌ലിമിന് കുറെയൊക്കെ ധാരണയുണ്ടാകും. രണ്ടാമത്, എന്റെ കുടുംബവേര് അറബ് ഭൂമിയിലേക്ക് നീളുന്നതാണ്. 1948 ലെ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് മുമ്പ് വലിയ സംഘര്‍ഷങ്ങള്‍ ഫലസ്തീന്‍ ഭൂമിയെ സംഘര്‍ഷഭരിതമാക്കി. അന്ന് വലിയ തോതില്‍ ഫലസ്തീനികള്‍ ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് ചിതറിയോടി. എന്റെ വല്യാപ്പ മുഹമ്മദ് ഖുദ്‌സിയും അന്ന് പലായനം ചെയ്തു. അദ്ദേഹം ജറുസലേമില്‍നിന്ന് കരമാര്‍ഗം തുര്‍ക്കി വഴി ഡെക്കാനില്‍ എത്തി. പിന്നീട് കോഴിക്കേടെത്തി പുതിയറയില്‍ താമസമാക്കി.

മറ്റൊന്ന്, 36 വര്‍ഷം ഉദ്യോഗ സംബന്ധമായി എമിറേറ്റ്‌സിലുണ്ടായിരുന്നു ഞാന്‍. വിവിധ നാട്ടുകാരുമായി ഇടപഴകി. ആ നാടുകളുടെ പേര് ഇവയാകാം. തദ്ദേശിയരുമായും ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹ്‌റൈന്‍, സഊദി അറേബ്യ, ഫലസ്തീന്‍, ലബനോന്‍, ഈജിപ്ത്, സിറിയ, ലിബിയ, സുഡാന്‍, സൊമാലിയ, എറിത്രിയ.. പല ദേശത്തെയും അറബ് സ്വദേശികളുമായും അവരുടെ വീടുമായും ആചാരങ്ങളുമായും എനിക്ക് വലിയ ബന്ധമുണ്ടായിരുന്നു. ഇതെല്ലാമാണ് വിവര്‍ത്തനത്തില്‍ എന്റെ ശക്തികേന്ദ്രമായി വര്‍ത്തിച്ചത്.

 

 

 

ബദുക്കളുമായുള്ള സഹവാസം ഖുര്‍ആനിലെ ധാരാളം വാക്കുകളുടെ ഉല്‍പത്തിയെ കുറിച്ച് തനിക്ക് വലിയ അവബോധം ഉണ്ടാക്കിത്തന്നിട്ടുണ്ടെന്ന് മുഹമ്മദ് അസദ് പറയുന്നുണ്ട്. തന്റെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ തുടക്കത്തില്‍. വളരെ പഴക്കമേറിയ വാക്കുകളെ ഇപ്പോഴും കൊണ്ടുനടക്കുന്നവരാണ് അവര്‍. അറബികളോടുള്ള സഹവാസം താങ്കളെയും വിവര്‍ത്തനത്തില്‍ സഹായിച്ചിട്ടുണ്ടോയെന്നതാണ് ചോദ്യം.

തീര്‍ച്ചയായും. ലബനോന്‍ എഴുത്തുകാരിയായ ഹനാന്‍ ശൈഖിന്റെ കൃതി വിവര്‍ത്തനം ചെയ്യവെ, രണ്ട് പാരഗ്രാഫുകളില്‍ എനിക്ക് സംശയമുണ്ടായി. ഉടനടി ഇംഗ്ലീഷ് വിവര്‍ത്തനം മാറ്റിവെച്ച് ഞാന്‍ ശൈഖിന് ഇ-മെയിലെഴുതി. എന്റെ സംശയം ശരിവെക്കുന്ന രൂപത്തിലായിരുന്നു അവര്‍ മറുപടി തന്നത്. ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ താളപ്പിഴ പറ്റിയതാണെന്നും മലയാളത്തില്‍ അത് തിരുത്തിയെഴുതേണ്ടത് എങ്ങനെയാണെന്നും അവരെനിക്ക് പറഞ്ഞുതന്നു.

ഈജിപ്ത്, ഷാര്‍ജ, സഊദി അതിനപ്പുറം സുഡാന്‍, ജോര്‍ദാന്‍ തുടങ്ങി വിവിധ ദേശക്കാരുമായും അവരുടെ സ്വീകാര്യതയും സംസ്‌കാരവും അടുത്തറിയാനും പ്രവാസം എനിക്ക് വലിയ അവസരം ഒരുക്കിത്തന്നു. ഈജിപ്തുകാരുടെയും മറ്റും സാഹിത്യ-സാംസ്‌കാരിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരങ്ങളൊത്തുവന്നു.

3 പതിറ്റാണ്ടുകൊണ്ട് സംസ്‌കാരവും സാഹിത്യവും ആവോളം സ്വായത്തമാക്കി. പക്ഷേ, ഭാഷ മാത്രം താങ്കളെ തടഞ്ഞുവെച്ചു. കെട്ടുംവട്ടും ശീലിച്ച, സര്‍വനിയമാവലികളെയും പാലിച്ച അറബി തല്‍ക്കാലത്തേക്ക് മാറ്റിവെക്കാം. കൊളോക്കിയല്‍ അറബിയിലേക്കും താങ്കള്‍ക്ക് തുറവി ലഭിച്ചില്ലല്ലോ എന്ന സങ്കടമുണ്ട്.

എലീറ്റ് സ്വഭാവമുള്ള ഗവണ്‍മെന്റ് സ്ഥാപനത്തിലായിരുന്നു യു.എ.ഇയില്‍ ഞാന്‍ ജോലിയെടുത്തിരുന്നത്. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(ADIA)യുടെ മെയിന്‍ ഓഫീസില്‍. ഓഫീസില്‍ അനേകം അറബ് നാറ്റീവ്‌സുണ്ടായിരുന്നു. അവരെല്ലാം യു.കെയിലും യു.എസിലും ഉപരിപഠനം കഴിഞ്ഞെത്തിയവരായിരുന്നു. അങ്ങോട്ട് അറബി പറയാന്‍ ശ്രമിച്ചപ്പോഴെല്ലാം ഇംഗ്ലീഷിലായിരുന്നു മറുപടി കിട്ടിപ്പോന്നത്. അന്നേരം വഴങ്ങാത്തൊരു ഭാഷ മേല്‍ തൂങ്ങിക്കൂടേണ്ടെന്ന് എനിക്ക് തോന്നിക്കാണണം. ഞാനും ഇംഗ്ലീഷിനെ അവലംബിച്ചു. ദേശഭാഷയില്‍ ചോദിച്ചില്ലെങ്കില്‍ വഴിപോലും പറഞ്ഞുതരാത്ത യൂറോപ്യന്‍ നാടുകളുണ്ട്. പക്ഷേ, അറബികള്‍ ഭാഷ നോക്കാതെ അനേകായിരം ലക്ഷം പേരെ ചേര്‍ത്തുനിര്‍ത്തി. അതില്‍ ഞാനുമുണ്ടായിരുന്നു.

യു.എ.ഇ എനിക്ക് അറേബ്യന്‍ സംസ്‌കാരവും ഇംഗ്ലീഷ് ഭാഷയും തന്നുവെന്ന് പറയാം.

ഒരു രസകരമായ സംഗതി പറയാം. എമിറേറ്റ്‌സ് റൈറ്റേഴ്‌സ് വിങ്ങിന്റെ ചെയര്‍മാനായിരുന്നു ഹബീബ് അല്‍സായിഗ്. എമിറേറ്റിസിന്റെ ആസ്ഥാന കവിയാണ് അദ്ദേഹം. സച്ചിദാന്ദന്റെ വിവര്‍ത്തനങ്ങള്‍ ഉള്ളതുകൊണ്ടും ഇന്ത്യയില്‍ ഉപരിപഠനം നടത്തിയതുകൊണ്ടും നമുക്ക് ഒരു പക്ഷേ, ശിഹാബ് ഗാനത്തെ മാത്രമാണ് അറിയാന്‍ വഴിയുള്ളത്. ഒരിക്കല്‍, ഞാന്‍ ഹബീബ് അല്‍സായിഗുമായി സംസാരിച്ചു. അറബ് നോവലുകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും ഭാഷ വശമില്ലെന്നും സംസാരത്തിനിടെ പറഞ്ഞിരുന്നു ഞാന്‍. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഒരു സ്വദേശി പത്രത്തില്‍ ഈ കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം എഴുതി. അറബ് ഭാഷ വശമില്ലാത്തൊരാള്‍ സംസ്‌കാരത്തെയും സാഹിത്യത്തെയും വിവര്‍ത്തനം ചെയ്യുന്നതിന്റെ സൗകുമാരികതയെ കുറിച്ചായിരുന്നു എഴുത്ത്.

അറബ് സാഹിത്യ വിവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ സ്വീകാര്യത വന്നുതുടങ്ങിയിട്ടുണ്ടോ. വിവര്‍ത്തന സാഹിത്യത്തില്‍ അവ പറയപ്പെടുന്നുണ്ടോ.

വിരളമാണ്. ഇല്ല എന്നു തന്നെ പറയാം. അതൊരു പക്ഷേ, ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ വളരെ മാസ്സീവായി മിഡില്‍ഈസ്റ്റ് ലിറ്ററേച്ചര്‍ വിവര്‍ത്തനം ചെയ്യപ്പെടാത്തതു കൊണ്ടാകാം. എം.എം ബഷീര്‍, ബി.എം സുഹറ, …. തുടങ്ങിയവരുടെ ഏതാനും വര്‍ക്കുകളാണ് ലഭ്യമായിരുന്നത്. പിന്നീടാണ് ഞാനൊക്കെ വരുന്നത്. ഇപ്പോള്‍ അറബിയില്‍നിന്ന് നേരിട്ട് വിവര്‍ത്തനം ചെയ്യുന്ന സമര്‍ഥരായ വിവര്‍ത്തകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ബുക്ക്പ്ലസ്, ഗ്രീന്‍ ബുക്‌സ് എന്നീ പ്രസാധകര്‍ക്ക് അറബ് വിവര്‍ത്തന പ്രൊജക്ടുകളുണ്ട്. അതിനായി അനുവദിക്കപ്പെടുന്ന അന്താരാഷ്ട്ര ഫണ്ടുകള്‍ അവര്‍ കണ്ടെത്തുകയും ചെയ്യുന്നു.

എനിക്ക് ഒരു നിര്‍ദേശം കൂടിയുണ്ട്. അറബ്-മലയാള വിവര്‍ത്തന ചരിത്രം ആധികാരികമായി ക്രോഡീകരിക്കപ്പെടണം. ചുരുങ്ങിയത് ക്രൊണോളിക്കല്‍ പാറ്റേണില്‍ വിവര്‍ത്തന പുസ്തകങ്ങളുടെ ലഘു വിവരണമെങ്കിലും ശേഖരിക്കപ്പെടണം. അറബ് ലോകത്ത് ഇത്തരത്തിലുള്ള ഒരു കണക്കെടുപ്പ് കൃത്യമായി നടക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് ഞാന്‍ ശേഖരിച്ചുകൊടുക്കാറുണ്ട്…

മിഡില്‍ഈസ്റ്റ് സാഹിത്യത്തോടുള്ള മലയാളികളുടെ സമീപനം എങ്ങനെയാണ്.

1988 ലാണ് പൗലോ കൊയ്‌ലോ ആല്‍ക്കമിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. യൂറോപ്യന്‍ ലിറ്ററേച്ചര്‍ ആയത് കൊണ്ട് കേരളത്തില്‍ അത് ആവോളം വായിക്കപ്പെട്ടു. പക്ഷേ, ഇക്കഥ എനിക്ക് ചെറുപ്പത്തിലേ അറിയാമായിരുന്നു. എന്റെ ഉമ്മാമ പറഞ്ഞുതന്ന ഒരു അറബിക്കഥയായിരുന്നു ഇത്. ആല്‍ക്കമിസ്റ്റിന്റെ മാത്രം കഥയല്ല ഇത്. ഫിക്ഷന്റെ മാത്രം ദുരനുഭവമല്ല ഇത്. കേരളം എപ്പോഴും യൂറോപ്പിന്റെ ദര്‍പ്പണമായാണ് നിലകൊണ്ടത്. പക്വവും പൂര്‍ണവും അനുകരണനീയവുമായ പ്രത്യേയശാസ്ത്രങ്ങളും സാഹിത്യവും യൂറോപില്‍ നിന്ന് മാത്രമേ പ്രതീക്ഷിക്കാവൂ എന്ന മുന്‍വിധിയുണ്ടായിരുന്നു മലയാളികള്‍ക്ക്. ക്രിയാത്മകവും സാംസ്‌കാരികവുമായ ആഴം സ്പര്‍ശിക്കുന്ന കൃതികള്‍ ഇപ്പോള്‍ അറബിയില്‍നിന്ന് മലയാളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ മുന്‍ധാരണ തകര്‍ന്നുവീഴുന്നു.

കേരളത്തിലെ ദര്‍സുകളില്‍ അറബി ഭാഷയും വ്യാകരണവും പഠിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, അവര്‍ ഫിക്ഷനെ മുഖവിലക്കെടുത്തിരുന്നില്ലെന്ന വസ്തുത വളരെ വേദനാജനകമാണ്. ഫിക്ഷന്‍ നുണക്കഥകളായതിനാല്‍ തങ്ങള്‍ അതിന്റെ പ്രചാരകരാവില്ലെന്ന രീതിയിലായിരുന്നു അവരുടെ സമീപനം. അതുവിട്ട്, യൂനിവേഴ്‌സിറ്റി തലത്തിലേക്ക് വരുമ്പോള്‍ ഫിക്ഷന്‍ സിലബസിന്റെ ഭാഗമായി വായിക്കുന്നവരും പഠിക്കുന്നവരും ഉണ്ടെന്നത് മാത്രമാണ് ഒരേയൊരു മാറ്റം. അതിന്റെ സാംസ്‌കാരിക വിനിമയത്തെക്കുറിച്ചോ, പ്രചാരണത്തെക്കുറിച്ചോ ബോധവാന്മാരല്ലായിരുന്നു സ്‌കോളേര്‍സും. ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ധാരാളം അറബ് വിവര്‍ത്തനങ്ങള്‍ മലയാളത്തിലേക്ക് വരുന്നുണ്ട്.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ ഇന്ദുലേഖയാണെന്ന് പറയപ്പെടുന്നു. ഇന്ദുലേഖക്ക് മുമ്പ് എഴുതപ്പെട്ട നോവലുകളുണ്ട്. ദളിത്, കീഴാള രചനകളായതിനാല്‍ നായന്മാരായിരുന്ന അതോറിറ്റിക്ക് അവ സ്വീകരിക്കാന്‍ വിമുഖതയുണ്ടാവുകയും സൗകര്യപൂര്‍വം ലക്ഷണമൊത്ത എന്ന വാക്കുകൊണ്ട് ആ രചനകളെല്ലാം കുഴിച്ചുമൂടുകയും ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ വിവര്‍ത്തന സാഹിത്യ ചരിത്രത്തില്‍ അറബ് വിവര്‍ത്തകരായ നിങ്ങളും വിസ്മൃതരാകുമെന്ന് എനിക്ക് ആശങ്കയുണ്ട്.

തീര്‍ച്ചയായും. രണ്ട് കാര്യങ്ങളാല്‍ ഇത് സംഭവിക്കാം. ഒന്ന്) അറബ് വിവര്‍ത്തന സാഹിത്യത്തെ സാഹിത്യമായി പരിഗണിക്കാന്‍ കഴിയാത്ത ചരിത്ര രചന. രണ്ട്) തൊള്ളായിരങ്ങള്‍ വിട്ടുകടക്കാത്ത, അപ്‌ഡേറ്റഡ് അല്ലാത്ത രചനകള്‍. ആധുനിക അറബ് സാഹിത്യം മലയാളത്തില്‍ എന്ന പുസ്തകം വായിക്കാനിടയായി. സങ്കടം തോന്നി. കുറെ ക്ലാസ്സിക്കല്‍ ടെക്‌സ്റ്റുകളുടെ വിവരങ്ങളാണ് പ്രധാനമായും അതിലെ ഉള്ളടക്കം. ഫിക്ഷനും ആധുനിക രചനകളും അതില്‍ കടന്നുവരുന്നില്ല. ഖമറുദ്ദീന്‍ ആമയം, എം.എം ബഷീര്‍, സര്‍ജു, ഈ എളിയവന്‍ തുടങ്ങി അനേകം വ്യക്തികളുടെ കോണ്‍ട്രിബ്യൂഷന്‍ വിസ്മരിക്കപ്പെട്ടു. ഈ വിടവ് ബുക്പ്ലസ് നികത്തുകയും ഞങ്ങളോട് നീതി പുലര്‍ത്തുകയും വേണമെന്ന് പറഞ്ഞുവെക്കുന്നു.

ഖുദ്‌സിയുടെ വിവര്‍ത്തന രീതിശാസ്ത്രം എന്താണ്. അറബിയില്‍നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ആംഗലേയ പശ്ചാത്തിലേക്ക് പറിച്ചുനട്ട ഭാഗങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക.

ഇറാനിലെ ആദ്യ വനിത നോവലിസ്റ്റാണ് സിമിന്‍ ദാനിഷ് വര്‍. സവുഷുന്‍ എന്ന അവരുടെ നോവലില്‍ കുളിപ്പുരയെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇറാനില്‍ കുളിപ്പുര സംമ്പ്രദായം സജീവമാണ്. യൂറോപ്പിനാണെങ്കില്‍ അത് പരിചയവുമില്ല. ഈ ഭാഗത്ത് കോണകം എന്ന വാക്ക് വരുന്നുണ്ട്. ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ അര പേജോളം അതിന്റെ വിശദീകരണം അഡീഷനലായി ചേര്‍ത്തിരിക്കുന്നു. മലയാളം വിവര്‍ത്തനം ചെയ്യുമ്പോള്‍ ഞാനാ ഭാഗം വെട്ടിക്കളഞ്ഞു. കോണകം എന്ന ഒറ്റവാക്കില്‍ മലയാളികള്‍ക്ക് എല്ലാം മനസ്സിലാകുമായിരുന്നല്ലോ.

ഇംഗ്ലീഷിലേക്ക് പോകുമ്പോള്‍ പല വാക്കുകളും യൂറോപ് കള്‍ച്ചര്‍ കൂടി അണിയുന്നുണ്ട്. ഗ്രാമത്തലവനെ ക്യാപ്റ്റന്‍ എന്ന് വിവര്‍ത്തനം ചെയ്തത് കണ്ടിട്ടുണ്ട്. റജുലുന്‍ കരീമുന്‍ എന്ന പദത്തിന് ജെന്റില്‍ മെന്‍ എന്ന വിവര്‍ത്തനം ഇംഗ്ലീഷില്‍ ശരിയാകും. പക്ഷേ, മലയാളത്തില്‍ അച്ഛാ മാന്യനായ ഒരാള്‍ മുന്‍വശത്ത് വന്നിരിക്കുന്നുവെന്ന് പറയാറില്ല. അച്ഛാ ദേ ഒരാള്‍ വന്നിരിക്കുന്നുവെന്ന് മതി. ഈ രീതിയില്‍ മൂല കൃതിയുടെയും വിവര്‍ത്തകന്റെയും ഭാഷ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഞാന്‍ വിവര്‍ത്തന കല പൂര്‍ത്തിയാക്കുന്നത്.

SA Qudsi talks about his translation journey of decades

എസ്.എ ഖുദ്സി

വിവർത്തകൻ
വിവർത്തകൻ

നിസാം ചാവക്കാട്

എഴുത്തുകാരൻ, ഗവേഷകൻ

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy