തിമൂറിനെ യുദ്ധതന്ത്രം പഠിപ്പിച്ച വൃദ്ധ

2 MINUTES READ

അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇറാന്‍ വരെ വിസ്തൃതമായ തിമൂരിദ് സാമ്രാജ്യത്തിന്‍റെ സ്ഥാപകനായിരുന്നു തിമൂര്‍ ചക്രവര്‍ത്തി. പക്ഷേ, അദ്ദേഹം ജനിച്ചത് ഒരു ഗോത്രത്തവലന്‍റെ പുത്രനായിട്ടായിരുന്നു. പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് ചെറുപ്രായത്തില്‍ തന്നെ ഗോത്രത്തലവനായി മാറി ആ യുവാവ് തന്‍റെ ഗ്രാമത്തിലെ യുവാക്കളെ സംഘടിപ്പിച്ച് സൈനിക അഭ്യാസങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ തിമൂറിന്‍റെ ഗോത്രവും അയല്‍നാടുമായി ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. സ്വന്തം കഴിവിലും സൈനികശേഷിയിലും അമിത ആത്മവിശ്വാസം ഉണ്ടായിരുന്ന തിമൂര്‍ അയല്‍നാട്ടിലേക്ക് ഇരച്ചു കയറി അവരുടെ കോട്ട ആക്രമിച്ചു. പക്ഷേ, ആ കടന്നു കയറ്റത്തില്‍ തിമൂറിന് അടി തെറ്റി. വേണ്ടത്ര മുന്നൊരുക്കം നടത്താതെ ശത്രുവിന്‍റെ ശക്തിദുര്‍ഗം ആക്രമിച്ച തിമൂറിന്‍റെ സൈന്യം പരാജയപ്പെട്ട് ചിതറിയോടി. ശത്രുഗ്രാമത്തിന്‍റെ മധ്യത്തില്‍ അകപ്പെട്ടു പോയ തിമൂര്‍ പ്രാണരക്ഷാര്‍ഥം വേഷപ്രഛന്നനായി അവിടം വിട്ടു. ഒരു ഭിക്ഷാടകന്‍റെ വേഷം സ്വീകരിച്ച അദ്ദേഹം പാത്തും പതുങ്ങിയും സ്വന്തം നാട്ടിലേക്ക് പ്രയാണമാരംഭിച്ചു.

ദീര്‍ഘമായ കാല്‍നട യാത്രയില്‍ ക്ഷീണിച്ചവശനായ തിമൂര്‍ ഭക്ഷണം തേടി വഴിയരികില്‍ കണ്ട ഒരു കുടിലിലേക്ക് കയറി. ഒരു വൃദ്ധ മാത്രം താമസിച്ചിരുന്ന കുടിലായിരുന്നു അത്. ‘ഭിക്ഷാടക’നോട് അലിവ് തോന്നിയ വൃദ്ധ അപ്പോള്‍ പാകം ചെയ്ത ഭക്ഷണം ചൂടോടെ അദ്ദേഹത്തിന്‍റെ മുന്നിലെത്തിച്ചു. വിശപ്പിന്‍റെ കാഠിന്യത്താല്‍ തിമൂര്‍ പെട്ടെന്ന് ഭക്ഷണപാത്രത്തിലേക്ക് കൈ നീട്ടി. പാത്രത്തിന്‍റെ മധ്യത്തിലേക്ക് കൈ താഴ്ത്തിയ അദ്ദേഹത്തിന്‍റെ വിരലുകള്‍ പൊള്ളി. ഇതു കണ്ട വൃദ്ധ സ്നേഹഭാവത്തില്‍ ഉപദേശിച്ചു. “ഒരു ഭാഗത്ത് നിന്ന് തുടങ്ങിയാല്‍ കൈ പൊള്ളാതെ മുഴുവനും കഴിക്കാം. തിമൂറിനെ പോലെ പെരുമാറരുത്. മധ്യഭാഗം ആക്രമിച്ച് തുടങ്ങിയതു കൊണ്ട് തിമൂറിന് മുന്നേറ്റം അസാധ്യമായി. ആക്രമണം ഒരു വശത്ത് നിന്ന് തുടങ്ങിയിരുന്നുവെങ്കില്‍ ഈ നാട് അയാളുടേതാകുമായിരുന്നു.”

ഭിക്ഷാടകനെ തിരിച്ചറിയാതെ വൃദ്ധ പറഞ്ഞ ആ വാക്കുകള്‍ കേട്ട് തിമൂറിന്‍റെ മനസില്‍ കൊള്ളിയാന്‍ മിന്നി. ആ വാക്കുകളുടെ ഉള്‍സാരം അദ്ദേഹത്തെ വല്ലാതെ ചിന്തിപ്പിച്ചു. യുദ്ധത്തില്‍ തനിക്കു പറ്റിയ പിഴവ് അദ്ദേഹം തിരിച്ചറിഞ്ഞു. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ തിമൂര്‍ തന്‍റെ സൈന്യത്തെ പുനഃസംഘടിപ്പിച്ചു. പിന്നീട് നടന്ന യുദ്ധങ്ങളിലെല്ലാം വൃദ്ധ ഉപദേശിച്ച പ്രകാരം ദുര്‍ബലമായ ഭാഗത്തിലൂടെ ശത്രുവിനെതിരെ ആക്രണം കടുപ്പിക്കുന്ന തന്ത്രം അദ്ദേഹം കൈക്കൊണ്ടു. ആ കാലത്തെ ഏറ്റവും വലിയ സാമ്രാജ്യത്തിന് ഉടമയായി അദ്ദേഹം മാറുകയും ചെയ്തു.

(Source : Niccolao Manucci, Storio do Mogor/Mughal India, p.99)

Series Dastan by Shameer Kaipangara, telling the golden days of Indian Muslim History

മുഹമ്മദ് ഷമീര്‍ കൈപങ്ങര

അസി. പ്രൊഫ. ചരിത്രവിഭാഗം, ഗവ. കോളേജ്, മലപ്പുറം
അസി. പ്രൊഫ. ചരിത്രവിഭാഗം, ഗവ. കോളേജ്, മലപ്പുറം

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy