നിൽപ് തുടങ്ങിയിട്ടേറെയായീ കവലയിൽ
ശിൽപി കരുതിവച്ചൊരു തുള്ളി
ജലമുണ്ട് ജീവനായുള്ളിൽ.
ഇഷ്ടമെന്ന് ഞാനെങ്ങനെ പറയും,
ഉള്ളിലെ വാത്സല്യമൊരു
വള്ളിച്ചെടിയായ് പടരുന്നുണ്ട്
പാദങ്ങളിൽ.
സ്കൂളിലേക്കുള്ള വഴിയിൽ
ചിതറിക്കിടക്കുന്നു ചിരിപ്പൂക്കൾ,
കുഞ്ഞുടുപ്പ് നിറയെ പറക്കാൻ
കൊതിയുള്ള ശലഭങ്ങൾ,
വഴിക്കണ്ണുമായി നിൽക്കുന്നു
വീട്ടുപടിക്കലൊരു കാട്.
വെളിച്ചമൊഴുക്കുന്ന ചെറുമിഴികളിൽ
കത്തുന്ന കട്ടുനോട്ടങ്ങൾ,
എല്ലാം ഇഷ്ടമാണെനിക്ക്.
കല്ലാണെങ്കിലും എന്നിലെ കിനാവുകളിൽ
ഒരു പുഴയുണ്ട്, കടലുണ്ട്
വസന്തം സ്വപ്‌നം കണ്ടുറങ്ങുന്ന
വിത്തുണ്ട്,
രണ്ടു കാലിൽ നടക്കുന്ന
ശിലാരൂപങ്ങളല്ലല്ലോ ഞാൻ.
കുഞ്ഞേ,
ഇവിടെയെല്ലാ കൺകളും
ഇരുളാഴിയിൽ നീന്തുന്ന
വിഷപ്പാമ്പുകൾ,
ആരോ തിരി താഴ്ത്തുന്നു
വെളിച്ചമിനി മടങ്ങിവരില്ല കുഞ്ഞേ,
തൊടിയിലൊരു കാറ്റും
ഊഞ്ഞാൽ കെട്ടാൻ വരില്ല
വരില്ലൊരു താരകവും ഉണ്ണിയുറക്കങ്ങളെ
കണ്ടോണ്ടിരിക്കാൻ.
കുറ്റിക്കാട്ടിൽ, പഴയ കെട്ടിടങ്ങളിൽ,
അഴുക്കുചാലിൽ, പുഴവക്കിൽ
നിലവിളികൾ നേർത്ത് ഞരക്കങ്ങളായ്,
രക്തം കട്ടപിടിച്ച മണ്ണടരുകളിൽ
ചിതറിക്കിടക്കുന്നു ശലഭച്ചിറകുകൾ.
ആരവമൊഴിയുമ്പോൾ
വീണ്ടും ചോരപ്പൂക്കൾ വിടരുന്നു.
വരൂ കുഞ്ഞേ,
ഒരു മാംസവും കരുതാതെ,
എൻ്റെ കൂടെ പ്രതിമയായി നിൽക്കൂ..!
തൊഴുകയ്യോടെ നമ്മെയവർ
വണങ്ങി നിൽക്കും
തിരി വക്കും
ദൈവമായ് കാണും.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച മഗ്‌രിബ് എന്ന പുസ്തകത്തില്‍നിന്ന്)
Shihab Kumbidi’s poem Prathimayum Kuttiyum, taken from book Magrib