പശു ഒരു ദേശീയ മൃഗമാണ്

10 MINUTES READ

ചില കഥകൾ അങ്ങനെയാണ്. നമ്മൾ മോഹിച്ച് പിന്നാലെ ചെല്ലുമ്പോൾ പിടിതരാതെ വഴുതിപ്പോകും. കൈയിലൊതുക്കാൻ ശ്വാസമടക്കിപ്പിടിച്ച് ചെന്നാലും കുട്ടിക്കാലത്ത് നമ്മെ കബളിപ്പിച്ച് കടന്നുകളഞ്ഞ ചില പൂത്തുമ്പികളാണ് അത്തരം കഥകൾ. പിടിതരാതെ കാട് കയറിപ്പോകുന്ന ഒരു കഥയെ പതുങ്ങിച്ചെന്ന് വട്ടം പിടിച്ച് വലിച്ചിഴച്ച് ശരിയായ ട്രാക്കിലേക്കിടുകയാണ് ഈ കഥയിൽ എനിക്ക് ചെയ്യാനുള്ളത്. എന്നാൽ കഥാന്ത്യത്തിൽ കാണേണ്ടതായ ക്ലൈമാക്സ് കഥാദ്യം വരുമ്പോൾ കഥാന്ത്യം കഥയില്ലായ്‌മയായി മാറുമെന്നതാണ് എൻ്റെ സങ്കടം.

മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും പൊരുൾ കഥയില്ലായ്‌മയാണോ?

തുടക്കം ഇങ്ങനെയാണ്. അഥവാ ഇങ്ങനെയാവാം.

രംഗം ഒന്ന്

മുന്നൂറോളം ശ്രോതാക്കൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഒരു ചെറിയ ഹാൾ. നാട്ടിൻപുറമാണ്. ചുവന്ന തിരശ്ശീലയിട്ട് മറച്ച വേദി. തിരശ്ശീല ഉയരുമ്പോൾ വേദിയിൽ ഒരു മേശയും ഏതാനും കസേരകളും. മേശവിരിപ്പിന് മുകളിൽ അതിനെക്കാൾ തിളക്കമുള്ള ഒരു പൂക്കുട. വ്യത്യസ്ത നിറങ്ങളുള്ള പൂക്കൾ പുഞ്ചിരിക്കുന്നു. പിൻകർട്ടനിൽ ഒരു ഫ്ലക്സ് തൂക്കിയിട്ടിരിക്കുന്നു. ജനകീയ മതേതര സമ്മേളനം എന്ന് വളരെ മനോഹരമായി അതിൽ ആലേഖനം ചെയ്തിട്ടുണ്ട്. താഴെ മുഖ്യാതിഥിയും സെലിബ്രിറ്റിയുമായ സാംസ്കാരിക നായകൻ്റെ പേര് വർണപ്പൊലിമയോടെ രേഖപ്പെടുത്തിയിരിക്കുന്നു. വർധിച്ചുവരുന്ന മതസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സാമുദായികൈക്യം ഊട്ടിയുറപ്പിക്കാനുദ്ദേശിച്ചുകൊണ്ട് ജനകീയ മതേതരസമ്മേളനം.

രംഗം രണ്ട്

തിരശ്ശീല ഉയർന്നു. പഞ്ചായത്ത് പ്രസിഡന്റിൻ്റെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു. സെലിബ്രിറ്റിയുടെ ഉദ്ഘാടനപ്രസംഗം എല്ലാവർക്കും ഇഷ്ടമായി. ഉദ്ഘാടകൻ പുനർജന്മ സങ്കൽപത്തെക്കുറിച്ചാണ് അധികസമയവും സംസാരിച്ചത്. തൻ്റെതന്നെ പുനജന്മസങ്കൽപത്തെക്കുറിച്ച് എടുത്തുപറയുകയും ചെയ്‌തു. അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്‌മണനായി ജനിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി. തുടർന്ന് സംസാരിച്ചവർ സെലിബ്രിറ്റിയെ പിന്തുടർന്ന് ബ്രാഹ്‌മണാപദാനങ്ങളെ പുകഴ്ത്തിയും പുനർജന്മത്തെ ചൂണ്ടിയും സംസാരിച്ചു. പതിവുപോലെ ഒടുവിലത്തെ പ്രസംഗകൻ ഒരു പട്ടിക ജാതിക്കാരനായിരുന്നു. പൊതുപ്രവർത്തകനായ തങ്കപ്പൻ, അതുവരെ നടന്ന മുഴുവൻ പ്രസംഗങ്ങളെയും റദ്ദുചെയ്തുകൊണ്ട് സകലരെയും ഞെട്ടിച്ചു.

“ഒരു ബ്രാഹ്‌മണനായി ജനിക്കുന്നത് എപ്പോഴും സുഖകരമാണ്. പദവികൊണ്ടും ബഹുമാന്യതകൊണ്ടും നിറംചാർത്തപ്പെട്ട ജീവിതമാണത്. എന്നാൽ ഒരു ദലിതനായി ജനിക്കുന്നതും ജീവിക്കുന്നതുമാണ് ഏത് കാലഘട്ടത്തിലെയും വെല്ലുവിളി. അപമാനംകൊണ്ടും പാർശ്വവൽക്കരണംകൊണ്ടും നിന്ദകൊണ്ടും ചൂളിപ്പോകുന്ന, നട്ടെല്ലുവളച്ച്, തലകുനിച്ച്, ഓഛാനിച്ച്, കൈനീട്ടി നിൽക്കുന്ന ജന്മമാണത്. ഒരു സാഫല്യവും പറയാനില്ലാത്ത കീഴാളജന്മത്തിൻ്റെ അരികുജീവിതങ്ങൾ ആരും ഓർക്കാൻ ഇഷ്ടപ്പെടാത്ത പഥസഞ്ചലനങ്ങളാണ്. പൊതുവഴിയിൽ മൂത്രമൊഴിച്ചതിന് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ്റെ ദീനരോദനങ്ങൾ ഇവിടുണ്ട് സർ. പൊതുനിരത്തിൽ അടിച്ചുകൊല്ലപ്പെട്ടവരുടെ പഥസഞ്ചലനങ്ങൾ ഇവിടുണ്ട് സർ. വിപ്ലവകരമായി ചിന്തിക്കുന്നവർ ബ്രാഹ്‌മണ്യത്തെ ഭജിക്കുകയല്ല, ദലിതത്വത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നുമാത്രം.”

തങ്കപ്പൻ അവസാനിപ്പിച്ചപ്പോൾ ഉണ്ടായത് ഒരു നീണ്ട നിശബ്ദതയായിരുന്നു. ഉദ്ഘാടകൻ്റെ കരണത്തടിച്ചതുപോലെ എല്ലാവരും അമ്പരന്ന് ചുറ്റുംനോക്കി. തിടുക്കത്തിൽ കൃതജ്ഞത പറഞ്ഞ് തിരശ്ശീല താഴ്ത്തി യോഗം അവസാനിപ്പിച്ചു.

ഉദ്ഘാടകൻ വേദിയിൽനിന്നും താഴെയിറങ്ങി ജനങ്ങളുമായി കുശലം പറഞ്ഞ് കുറച്ചുനേരം നിന്നു. അപ്പോഴേക്കും ഒട്ടുമിക്ക ആളുകളും ഹാളിന് പുറത്തേക്ക് നടന്നു. ഏതാനും പേർ കസേരകളിൽ ഇരിപ്പുണ്ടായിരുന്നു.

ഈ സമയം വേദിയിൽ തിരശ്ശീലയ്ക്ക് പിന്നിൽ മൂന്നാം രംഗം അരങ്ങേറി. ആരുടെയോ ഒച്ച ഉയർന്നു.

“നമ്മളെയല്ല, ഞങ്ങൾ വിളിച്ച ആളിനെയാണ് നീ അപമാനിച്ചത്.” ആരൊക്കെയോ അട്ടഹസിക്കുന്നതും തുടർന്ന് ഒരു അലർച്ചയും കേട്ടു. എന്തൊക്കെയോ തട്ടിമറിഞ്ഞ് വീഴുന്ന ശബ്ദം.

എന്താണെന്നറിയാൻ ആരോ തിരശ്ശീല ഉയർത്തി നോക്കി. തങ്കപ്പൻ കുത്തേറ്റ് നിലത്തുകിടന്ന് പിടയുന്ന കാഴ്‌ചയാണ് അവർ കണ്ടത്. കത്തി നെഞ്ചിൽ തന്നെയുണ്ടായിരുന്നു. അത് കണ്ടയാളുകൾ അലറി നിലവിളിച്ചു. അലർച്ച കേട്ടവർ പുറത്തുനിന്നും ഓടിക്കയറിവന്നു. ആരോ തിരശ്ശീല ഉയർത്തി കെട്ടിവച്ചു. തങ്കപ്പൻ്റെ മരണം എല്ലാവരും ലൈവായി കണ്ടു. മരിച്ചെന്ന് ഉറപ്പായപ്പോൾ ആരുടെയോ നിർദ്ദേശപ്രകാരം തിരശ്ശീല താഴ്ത്തിയിട്ടു. പിന്നീട് പോലീസ് വന്ന ശേഷമാണ് അതുയർത്തിയത്.

തങ്കപ്പൻ്റെ മരണമറിഞ്ഞ് ജനം തടിച്ചുകൂടി. പത്രമാധ്യമങ്ങൾ കാമറയുമായെത്തി. ആകെ ബഹളമയം. മതസൗഹാർദസമ്മേളനത്തിൻ്റെ ബലിയാടായ തങ്കപ്പൻ അന്നു രാത്രിയിൽ ചാനൽ ചർച്ചകളിൽ നിറഞ്ഞുനിന്നു.

അവിചാരിതവും അതിദാരുണവുമായിരുന്നു തങ്കപ്പൻ്റെ മരണം. ആശയത്തെ ആയുധംകൊണ്ട് നേരിട്ട നിശബ്ദനായ കൊലയാളി വരമ്പത്ത് കൂലികൊടുത്ത ഉത്തരാധുനികനായിരിക്കണം. അയാൾ ആരെന്ന് പക്ഷേ, ആർക്കുമറിയില്ല.

മൂന്നു ദിവസങ്ങൾക്കുശേഷവും പോലീസ് ഇരുട്ടിൽ തപ്പുകയായിരുന്നു. പോലീസ് ഒട്ടേറെപേരെ ചോദ്യം ചെയ്‌തു. ബഹളത്തിനിടയിൽ ആരാണ് കുത്തിയതെന്ന് ആർക്കും അറിയില്ലാത്രെ. അങ്ങനൊരാളെ ആദ്യം കാണുകയായിരുന്നു എന്നാണ് അവരുടെയെല്ലാം മൊഴി.

പോലീസിനെ കുഴക്കിയ പ്രശ്‌നമായിരുന്നു അത്?

മതസൗഹാർദ സമ്മേളനത്തിന് കഠാരയുമായി എത്തിയതാരാ ?

അതൊരു ചോദ്യചിഹ്നമായി അവശേഷിച്ചു.

വിവിധ ദലിത് സംഘടനകൾ സംയുക്തയോഗം ചേരാൻ നിശ്ചയിച്ചതാണ് പുതിയ സംഭവവികാസം. തങ്കപ്പൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുക എന്നതാണ് ആവശ്യം. തങ്കപ്പൻ്റെ വിയോഗം സംഭവിച്ച് ഏഴാം ദിവസം മറ്റൊരു വാടകഹാളിൽ യോഗം ചേർന്നു. യോഗത്തിൽ നാട്ടിലെയും അയൽപ്രദേശങ്ങളിലെയും മിക്ക സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു.

തങ്കപ്പൻ്റെ മരണംസംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ മുഴുവൻ പങ്കുവച്ചുകൊണ്ടാണ് സ്വാഗതപ്രസംഗകൻ സംസാരിച്ചത്. തങ്കപ്പൻ മദ്യപിച്ച ശേഷമാണ് യോഗത്തിനെത്തിയതെന്ന് ഒരു കേൾവികൂടെ അദ്ദേഹം വെളിപ്പെടുത്തിയത് സ്വന്തനീതിബോധത്തിൻ്റെ ആവിഷ്‌കാരം കൂടിയായി പരിഗണിക്കണം.

തുടർന്ന് മുഖ്യപ്രഭാഷകൻ്റെ ഊഴമായിരുന്നു.

“പുനർജന്മം ഒരു ഇന്ത്യൻ സങ്കൽപമാണ്. അതിൽ വിശ്വസിക്കാനും അതാഗ്രഹിക്കാനും അത് തള്ളിക്കളയാനും ആർക്കും അവകാശമുണ്ട്. ജനനം മുതൽ മരണം വരെ കഠിനമായ വ്യഥകളിലൂടെ കടന്നുപോകുന്ന ദുരാനുവങ്ങളുടെ ആകെത്തുകയാണ് ദലിതൻ്റെ ജീവിതം. എങ്ങനെയെങ്കിലും ഈ ജന്മം ഒന്നു തീർന്നുകിട്ടണമേ എന്നാണ് അവനാഗ്രഹിക്കുന്നത്. ഈ നരകത്തിൽനിന്നും കരകയറണമേ എന്നാണവൻ്റെ പ്രാർഥന. ഈ ജന്മം വലിയൊരു ഭാരമായിരിക്കെ അവൻ മറ്റൊരു ജന്മം ആഗ്രഹിക്കുന്നില്ല. അതിനാൽ തങ്കച്ചൻ തെറ്റുകാരനല്ല. പുനർജന്മമല്ല, ഇന്നത്തെ ജന്മമാണ് അവൻ്റെ വിഷയം. അതിനാൽ സവർണമാടമ്പികൾ മനഃപൂർവം കൊന്നുകളഞ്ഞ തങ്കപ്പൻ്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ഉചിതമായ ശിക്ഷ അവർക്ക് നൽകുവാൻ നമ്മൾ സർക്കാരിൽ സ്വാധീനം ചെലുത്തണം, നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം.” മുഖ്യപ്രഭാഷകൻ പറഞ്ഞു നിർത്തി.

അടുത്തയാൾ വേദിയിലെത്തി സംഭാഷണം ആരംഭിച്ചു.

“കേരളത്തിലെ ക്രിസ്‌ത്യാനികൾ ബ്രാഹ്‌മണരിൽനിന്നും മതം മാറിയവരാണ് എന്നാണ് പറയപ്പെടുന്നത്. കാര്യം ശരിയായാലും തെറ്റായാലും അവരിലൊരാളായ വി.എം. തോമസ് എന്ന തോമസ് മാപ്പിളയാണ് പുലയർക്ക് വിദ്യാഭ്യാസം നൽകണമെന്ന് മലയാളത്തിൽ ആദ്യത്തെ പുസ്‌തകമെഴുതിയത്. അതിനാൽ ഉയർന്ന ജാതിക്കാരായ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നതും അവരെല്ലാവരും ദലിത് വിരോധികൾ ആണെന്നു പറയുന്നതും ശരിയല്ല. എല്ലാ ജാതിക്കാരിലും നല്ലവരുണ്ട്, ചീത്തയുമുണ്ട്” എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിൻ്റെ വൈജ്ഞാനിക വാഗ്‌ധോരണി.

അതിൻ്റെ ചുവടുപിടിച്ച് അടുത്തയാൾ സംസാരിച്ചു തുടങ്ങി.

“വരമ്പത്ത് തോമസ് മാപ്പിള ചരിത്രത്തിൽ അറിയപ്പെടുന്ന ആളാണ്. അദ്ദേഹം അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ പഠിക്കാൻ ചെന്നപ്പോൾ അംബേദ്‌കർ അവിടെ രണ്ടിടത്തും പഠിക്കുന്നുണ്ടായിരുന്നു. 1920-24 കാലത്താണ്. അതു കണ്ടിട്ടാണ് നമ്മുടെ നാട്ടിലെ പുലയർക്ക് വിദ്യാഭ്യാസം കൊടുക്കണമെന്ന് അദ്ദേഹം ഗ്രന്ഥമെഴുതിയത്. ഈ പുസ്ത‌കം ഞാൻ വായിച്ചിട്ടുണ്ട്. അതിൻ്റെ ഒരു കോപ്പി എൻ്റെ അപ്പൻ്റെ കൈവശമുണ്ടായിരുന്നു. ഏതാനും വർഷംമുമ്പ് ചിതലരിച്ചു പോയി.” തുടർന്നു സംസാരിച്ചയാൾ ഇതിൻ്റെ ബാക്കിയായി ഇങ്ങനെ കൂട്ടിച്ചേർത്തു.

“ബ്രാഹ്‌മണരിൽനിന്നും മതംമാറിയെത്തുന്നവർ പേരിൻ്റെ കൂടെ തിരുമേനി എന്നൊക്കെ ചേർത്താൽ അതിലൊരു യുക്തിയുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഒരാൾ പേരിൻ്റെയൊപ്പം മാപ്പിളയെന്ന് ചേർത്തതെന്ന് നാം മനസിലാക്കേണ്ടതാണ്. കേരളത്തിലെ എത്ര മാപ്പിളമാർ പേരിൻ്റെയൊപ്പം മാപ്പിളയെന്ന് ചേർക്കാറുണ്ട്? തോമസ് മാപ്പിളമാത്രം എന്തിനങ്ങനെ ചേർത്തു? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആ മനുഷ്യൻ്റെ ഫോട്ടോ കണ്ടിട്ടുണ്ടോ? കറുത്ത് കരുവാളിച്ച തോമസ് മാപ്പിള ബ്രാഹ്മണരിൽനിന്നും മതം മാറിയ ആളല്ല, അയാൾ പുലത്തിൻ്റെ അഥവാ വയലിൻ്റെ ഉടയവനായിരുന്നു. അതുകൊണ്ടാണ് പേരിൻ്റെ കൂടെ മാപ്പിളയെന്ന് ചേർത്തത്. കാവിപ്പൊടിക്കുപ്പിയുടെ പുറത്ത് പഞ്ചസാര എന്നെഴുതിയ പോലെയാണത്. എന്താണയാളുടെ വീട്ടുപേര്? വരമ്പത്ത്… വയലിൻ്റെ വരമ്പത്താണ് ആ കുടുംബം പാർത്തതും വേരുറപ്പിച്ചതും. ചുരുക്കിപ്പറഞ്ഞാൽ കലർപ്പില്ലാത്തവരില്ല. അതിനാൽ ബ്രാഹ്‌മണ്യകാര്യം നമുക്കില്ല. എല്ലാ ജാതിയിലും പുലയരുണ്ട്. ചിലർ പാരമ്പര്യംകൊണ്ടും ചിലർ സ്വഭാവംകൊണ്ടും.”

ചർച്ച ചൂടുപിടിച്ചതായി പലർക്കും തോന്നി. അടുത്തയാൾ ചർച്ചയിലേക്ക് കടന്നു.

“പാരമ്പര്യംകൊണ്ട് പുലയരെന്ന് പറഞ്ഞാലത് മനസിലാകും. സ്വഭാവംകൊണ്ട് പുലയരെന്ന് പറഞ്ഞാലത് അധിക്ഷേപാർഹമാണ്. ഒരാൾ നിഷ്കളങ്കതകൊണ്ട് പുലയനാണ് എന്നാണോ കാപട്യംകൊണ്ട് പുലയനെന്നാണോ ഈ പ്രസംഗകൻ ഉദ്ദേശിച്ചതെന്നറിയില്ല. പുലയനെന്നാൽ അതൊരു മഹത്തായ സംസ്‌കാരത്തിൻ്റെ ഭാഗമാണ്. യഥാർഥത്തിൽ പുലയനാണ് ഈ ലോകത്തിൻ്റെ വഴികാട്ടി. ഈ നാട്ടിലൊരു കാർഷികസംസ്‌കാരം ഉരുത്തിരിഞ്ഞത് അവനിലൂടെയാണ്. സാംസ്‌കാരികരംഗത്ത് തപസ്വി ഓമൽ എന്ന പുലയസന്യാസി പ്രതിഷ്ഠിച്ച പുലയശിവനാണ് കീഴാളരുടെ ആദ്യത്തെ ശിവപ്രതിഷ്ഠ. അതിനുശേഷം പതിനേഴുവർഷം കഴിഞ്ഞാണ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. അങ്ങനെ ഗുരുവിനും വഴികാട്ടിയ പുലയന് മഹത്തായ ഒരു പാരമ്പര്യമുണ്ട്. പുലയനാർ കോട്ടയുടെ പാരമ്പര്യവും ഓർക്കണം.”

ചർച്ചയിലേക്ക് അടുത്തയാൾ പെട്ടെന്ന് കടന്നു.

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശത്തിലൂടെയാണ് നമ്മൾ ഗുരുവിനെ അറിയുന്നത്. ഇത് തിരുക്കുറളിലെ സന്ദേശമാണ്. അത് പഠിച്ചാണ് അദ്ദേഹം ഗുരുവായത്. അതിൽ നമുക്കഭിമാനിക്കാം.”

“ഞാനിവിടെത്തന്നെ നിന്നോളാം. വളരെ തീർച്ച പറയുവാൻ കഴിയുന്ന ഒരുകാര്യം തിരുക്കുറൾ എഴുതിയത് തിരുവള്ളുവരാണ് എന്നതാണ്. അന്തിമവിശകലനത്തിൽ നാം സ്‌ഫുടമായി എത്തിച്ചേരുന്ന നിഗമനം ഈ മഹാകാവ്യം ഭക്ഷിണേന്ത്യയുടെ ബൈബിളും രാമായണവുമാണ് എന്നതാണ്. കാവ്യകാരനായ ശ്രേഷ്ഠപുരുഷൻ തിരുവള്ളുവർ ജീവിച്ചിരുന്ന കാലഘട്ടം സംഘകാലത്താണ് എന്ന് ഗവേഷണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മലീമസമായ ജാതി എന്ന സാമൂഹിക വിഭജനഘടകങ്ങൾ അന്ന് രൂപം കൊണ്ടിരുന്നില്ല. എ.ഡി. എട്ടാം നൂറ്റാണ്ടിലാണ് ബ്രാഹ്‌മണർ ഇവിടെ കുടിയേറിപാർത്തത്. ഒരു തരത്തിലുള്ള ജാതിവിഭജനക്രമവ്യവസ്ഥകളും ചരിത്രപരമായി ആവിർഭവിക്കുന്നതിനുമുമ്പുള്ള പ്രാക്തനകാലത്ത് വിരചിതമായ ഒരു ഗ്രന്ഥത്തിൽ ഒരു ജാതി, ഒരു മതം എന്നെഴുതേണ്ടതായ സാഹചര്യമില്ല. യഥാർഥത്തിൽ തിരുക്കുറളിനെ പിൽക്കാലത്ത് പരിഷ്കരിച്ചെഴുതിയവൻ കൂട്ടിചേർത്തതാണാ മുദ്രാവാക്യം എന്ന് നാം തിരിച്ചറിയാതെ പോകരുത്. അതേസമയം മലയാളികൾക്കുള്ള ഒരു മഹത്തായ സന്ദേശമെന്ന നിലയിൽ ജാതിക്കെതിരെ ഈ വാചകം -ഒരു ജാതി, ഒരു മതം, ഒരു ദൈവം- ഈ ആധുനികോത്തരകാലത്ത് ഉയർത്തിക്കൊണ്ടുവന്ന് മലയാളി സവർണബോധത്തിൻ്റെ കപട സാംസ്കാരിക കവിളത്ത് ആദ്യത്തെ കനത്തപ്രഹരമേൽപിച്ചത് ശ്രീനാരായണഗുരുവാണ്. എല്ലാ കീഴാളരും അതിൽ അഭിമാനിക്കണം.”

“എനിക്ക് പറയാനുള്ളത് കൂടി കേൾക്കണം.” അടുത്ത ഊഴം സഫലമാക്കുവാൻ മറ്റൊരു പ്രതിനിധി എഴുന്നേറ്റു.

“ശിവപ്രതിഷ്ഠ ഒരു തെറ്റൊന്നുമല്ല. അത് തെറ്റായി തോന്നുന്നത് ജോലി കിട്ടാൻ വേണ്ടിമാത്രം ഹിന്ദുവാകുന്നവർക്കാണ്. അവർ രഹസ്യമായി പള്ളിയിൽ പോകുന്നവരാണ്. ഇവരാണ് നമ്മളെ ചതിച്ചത്. ഈ ദലിത് എന്ന പദം ഉയർത്തിക്കൊണ്ടുവന്നത് പാലാക്കാരാണ്. അവരുടെ ചായ്‌വ് എങ്ങോട്ടാണെന്ന് ഞാൻ പറയേണ്ടല്ലോ. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷ് തന്ത്രത്തിൽ കുടുങ്ങി പാരമ്പര്യം കളഞ്ഞു കുളിച്ചവരാണിവർ,”

“ശിവപ്രതിഷ്ഠ മഹത്തരമാകുമ്പോൾ തന്നെ നാം ഓർമിക്കേണ്ടതായ ഒരു വസ്തുത ഞാൻ പറയാം. എൻ്റെ അറിവിൽ ശിവന് നിവേദിച്ചത് ബ്രാഹ്മണൻ ഭക്ഷിക്കില്ല. പൂജിച്ച നിവേദ്യം അവർ ഭക്തജനങ്ങൾക്ക് എറിഞ്ഞുകൊടുക്കും. ശിവൻ ദ്രാവിഡൻ്റെ ദൈവമാണ്. അതാണ് കാരണം. എന്നുവച്ചാൽ നമ്മൾ ദ്രാവിഡരാണ്. ആദ്യമായും അവസാനമായും.”

“ദ്രാവിഡരാണ് നമ്മൾ എന്നൊക്കെ കേൾക്കാൻ സുഖമുണ്ട്. അതും പറഞ്ഞോണ്ട് തമിഴ്‌നാട്ടിലേക്ക് ചെല്ലരുത്. അവിടെ ദ്രാവിഡരെന്നാൽ മുന്തിയ ആളുകളാണ്. അവർ കീഴാളർക്ക് മുകളിലാണ്. നമ്മൾ ആദിദ്രാവിഡരാണ് എന്നതാണ് സത്യം.”

“ആദിദ്രാവിഡർ ദലിതരായിരുന്നില്ല. അവർ ഈ നാടിൻ്റെ ഉടമകളും ഭരണവർഗവുമായിരുന്നു. അവരാണ് സൈന്ധവ ജനത. നളന്ദയും തക്ഷശിലയുംപോലുള്ള ലോകോത്തര യൂണിവേഴ്‌സിറ്റികൾ നിർമിച്ചത് ഈ ജനതയാണ്. ഇവരെ നാഗന്മാർ എന്നാണ് അംബേദ്‌കർ വിളിക്കുന്നത്. പഠിക്കുമ്പോൾ ശരിയായ ചരിത്രം പഠിക്കണം. എങ്കിലേ ശരി പറയാൻ പറ്റൂ…”

“സത്യത്തിൽ ആദിമജനതക്ക് ഓരോ കാലഘട്ടത്തിലും ഓരോ പേരാണ്. അതിൽ വൈരുധ്യങ്ങൾ ഒന്നുമില്ല. ഒരുപേരിൽ എന്തിരിക്കുന്നുവെന്ന് ഷേക്സ്‌പിയർ പറഞ്ഞിട്ടുള്ളതാണ്. അവർ നേരിടുന്ന പ്രതിസന്ധിയാണ് വിഷയം. കൂലങ്കഷമായി പഠിക്കാതെ പലരും പലതും പറയും. വേണമെങ്കിൽ വിഷയംതന്നെ മാറ്റിക്കളയും. സത്യത്തിൽ ഈയാളുകളെ അയിത്തം കൽപിച്ച് മുഖ്യധാരയിൽനിന്നും മാറ്റിനിർത്തിയതാണ് ചരിത്രം. അതിൻ്റെ കാരണം അവർ ബൗദ്ധവരായിരുന്നു. ബുദ്ധമതം പിന്തുടർന്നവരെയാണ് അവർ ചവിട്ടിത്താഴ്ത്തിയത്. അവരെയാണ് ക്ഷേത്രത്തിൽ കയറ്റാഞ്ഞത്. അവരോടായിരുന്നു അയിത്തം. ഈ ജനത ഹിന്ദുവും ക്രിസ്ത്യാനിയുമല്ല. ആദിയോടന്തം ബൗദ്ധരാണ്.”

വ്യത്യസ്തങ്ങളായ അനേകം ചിന്താധാരകൾ ഇങ്ങനെ പറയപ്പെട്ടുകൊണ്ടിരുന്നു.

“മതങ്ങൾ വരുന്നതിനുമുമ്പും ഈ ജനത ഇവിടെയുണ്ട്. അവരീ മണ്ണിൻ്റെ ഉപ്പാണ്. അവരുടെ വിയർപ്പും അധ്വാനവുമാണ് ഇന്നത്തെ പരിഷ്കൃതജനതയുടെ സമ്പത്ത്. അവരുടെ ഊഴിയം വേലയും കണ്ണീരും വീണടിഞ്ഞതാണ് കേരളത്തിലെ എസ്റ്റേറ്റുകളെന്ന് പൊയ്കയിൽ അപ്പച്ചൻ്റെ ചരിത്രം പഠിക്കുന്നവർക്കറിയാം.”

“നമുക്ക് നഷ്ടപ്പെട്ടതെല്ലാം മറ്റുള്ളവർക്ക് നേട്ടങ്ങളായിരുന്നു. അവർ പരസ്പരം കൊല്ലുന്നില്ല. അവർക്കിടയിൽ തർക്കങ്ങളില്ല. അവർ കൊല്ലുന്നത് നമ്മളെയാണ്. നമ്മൾ കാളയെയും പോത്തിനെയും കൊല്ലും. പക്ഷേ നമ്മൾ കൊന്നത് പശുവിനെയാണെന്ന് അവർ വ്യാഖ്യാനിക്കും. അത് ഹിംസയാണെന്ന് പറഞ്ഞിട്ട് അവർ നമ്മളെ കൊല്ലും. ദലിതരെ കൊന്നാൽ അത് ഹിംസയല്ല, പുണ്യകർമമാണ്. ചത്തുകഴിയുമ്പോൾ അവർ വന്ന് കർമം ചെയ്‌ത്‌ നമ്മളെ അടക്കും. അന്നേരം അവനെന്താണ് ചൊല്ലുന്നതെന്ന് ആർക്കറിയാം?”

“ഈ പറഞ്ഞതൊന്നുമല്ല സത്യം. സത്യമേ വജയതേ… ആദികാലത്ത് പശു ഒരു പുരാണകഥാപാത്രമായിരുന്നു. ഇന്ന് പശു ഒരു ദേശീയ മൃഗമാണ്. പാൽ തരുന്ന, ചാണകം തരുന്ന, കൃഷിയെ പരിപോഷിപ്പിക്കുന്ന, പുരാതന കാർഷികസമ്പ്രദായത്തിൻ്റെ ഉത്തമവും ഉദാത്തവുമായതാണത് . അതിന് മാതൃസ്ഥാനം നൽകണം. ഇന്ത്യക്കാർ അങ്ങനെയാണ് വേണ്ടത്. അല്ലാത്തവർ ഇന്ത്യ വിട്ടുപോകണം. അതിനാൽ ഒരു നായയെ കൊല്ലുന്നതും പശുവിനെ കൊല്ലുന്നതും ഒരുപോലെയല്ല എന്നറിഞ്ഞിരുന്നോണം.”

ചർച്ച നീളുകയായിരുന്നു. കോരന് കുമ്പിളിൽ കഞ്ഞി. തങ്കപ്പൻ്റെ കഥ തഥൈവ.

ഞാൻ പുറങ്ങിറങ്ങി. എൻ്റെ ആശ അസ്തമിച്ചിരുന്നു.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച സമത; ദലിത് ഗോത്ര ബഹുജന കഥകള്‍ എന്ന പുസ്തകത്തില്‍നിന്ന്)

Story by Mathew David Kanakkari from the book Samatha; Dalith Gothra Bahujana Kadhakal editted by MB Manoj

മാത്യു ഡേവിഡ് കാണക്കാരി

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy