ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെയാണ് മാപ്പിളമാരെക്കുറിച്ച് അവർക്കിടയിൽനിന്നുതന്നെ പൂർണ രൂപത്തിലുള്ള ചരിത്രരചനകൾക്ക് കൂടുതൽ ശ്രമങ്ങളുണ്ടാകുന്നത്. ദിവാൻ ബഹദൂർ സി. ഗോപാലൻ നായർ 1920 കളുടെ തുടക്കത്തിൽതന്നെ ‘മലയാളത്തിലെ മാപ്പിളമാർ’ എന്ന പേരിൽ മാപ്പിളമാരുടെ ഉത്ഭവവും വികാസവും വിവരിക്കുന്ന ഒരു ലഘുകൃതി തയ്യാറാക്കിയിരുന്നു. ഡോ. ശംസുല്ലാ ഖാദിരി 1930 ൽ പുരാതന കേരളത്തിൻ്റെ ചരിത്രം പുറത്തുകൊണ്ടുവരുന്ന വിധത്തിൽ അന്ന് ലഭ്യമായ നിരവധി രേഖകളെ അവലംബിച്ച് ഉർദു ഭാഷയിൽ ഒരു കൃതി തയ്യാറാക്കി, അലിഗഢിൽവച്ച് പ്രസിദ്ധീകരിച്ചിരുന്നു. മലബാർ എന്ന് നാമകരണം ചെയ്യപ്പെട്ട പ്രസ്തുത കൃതിയിൽ കാസർകോഡ് മുതൽ കന്യാകുമാരി വരെയുള്ള ഭൂഭാഗത്തിൻ്റെ, പോർച്ചുഗീസുകാരുടെ കാലം വരെയുള്ള, ചരിത്രം സംക്ഷിപ്‌തമായി വിവരിക്കുന്നുണ്ട്. 1954 ൽ ‘പ്രാചീന മലബാർ’ എന്ന പേരിൽ വി. അബ്ദുൽ ഖയ്യൂം ഇതിൻ്റെ മലയാള വിവർത്തനം തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അറക്കൽ രാജകുടുംബം, സഞ്ചാരികളുടെ ആഗമനം തുടങ്ങി മലബാറിൻ്റെ ആദ്യകാല ചരിത്രവേരുകൾ അതിൽ കാണാം.
1956 ൽ ഖാൻ ബഹദൂർ കെ. മുഹമ്മദ് ‘മാപ്പിളമാർ എങ്ങോട്ട്?’ എന്ന പേരിൽ ഒരു പുസ്‌തകം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂർണമായും ചരിത്രം പറയുന്ന രചനയല്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിംകൾ എങ്ങനെയായിരിക്കണമെന്ന് മാപ്പിളമാരെ മുൻനിർത്തി പറയുകയാണ് അദ്ദേഹം. ബ്രിട്ടീഷ് മലബാറിൻ്റെ വിദ്യാഭ്യാസ ഓഫീസറായിരുന്ന അദ്ദേഹം ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം 1925 ലാണ് ബ്രിട്ടീഷ് മലബാറിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥനാകുന്നത്. 15 വർഷത്തോളം പ്രസ്തുത തസ്തികയിൽ പ്രവർത്തിച്ച അദ്ദേഹം ആധുനിക വിദ്യാഭ്യാസപരമായി മാപ്പിളമാർ പിന്നിലാണെന്ന തിരിച്ചറിവിൻ്റെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം രചിക്കുന്നത്. മാപ്പിളമാരുടെ ചരിത്രത്തെക്കുറിച്ച് മാപ്പിളമാർ മലയാളത്തിൽ രചിച്ച പുസ്തകങ്ങൾ ഒന്നുമില്ലാത്തതിനാൽ ആ കുറവ് നികത്താനാണ് താൻ ശ്രമിക്കുന്നതെന്ന് ഗ്രന്ഥകർത്താവ് അതിൻ്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും സൈനുദ്ദീൻ മഖ്ദൂം തങ്ങൾ അറബി ഭാഷയിൽ രചിച്ച ‘തുഹ്ഫതുൽ മുജാഹിദീൻ’ എന്ന ചരിത്രഗ്രന്ഥമാണ് ഇതിന് ഏറ്റവും സഹായം നൽകിയത് എന്നും പ്രസ്തുത ഗ്രന്ഥത്തിന് പി.കെ മൂസാൻ കുട്ടി മൗലവി എഴുതിയ പരിഭാഷയാണ് ഈ ഗ്രന്ഥവുമായി പരിചയപ്പെടാൻ ഇടയാക്കിയത് എന്നും അദ്ദേഹം ചേർത്തുപറയുന്നു. റോളണ്ട് ഇ മില്ലർ 1976 ൽ പ്രസിദ്ധീകരിച്ച മാപ്പിള മുസ്‌ലിംസ് ഓഫ് കേരള എന്ന ഗ്രന്ഥത്തിൽ ഈ പുസ്തകം വ്യാപകമായി അവലംബിച്ചത് കാണാവുന്നതാണ്.
1960 ൽ പി.എ സെയ്‌തു മുഹമ്മദ് എഴുതിയ ‘കേരള മുസ്‌ലിം ഡയറക്ടറി’യാണ് പിന്നീട് മാപ്പിളമാരെക്കുറിച്ച് പുറത്തുവരുന്ന ശ്രദ്ധേയമായ രചന. 1961 ൽ അദ്ദേഹം കൂടുതൽ വ്യവസ്ഥാപിതമായി തയ്യാറാക്കിയ ‘കേരള മുസ്‌ലിം ചരിത്രം’ എന്ന ഗ്രന്ഥം ഈ മേഖലയിലെ പ്രഥമവും സമ്പന്നവുമായ മഹാ ഉദ്യമമാണ്. 1962 ൽ ‘കേരള മുസ്‌ലിം ജമാഅത്ത് സ്ഥിതിവിവരം’ അദ്ദേഹംതന്നെ തയ്യാറാക്കിയതോടെ മാപ്പിളമാരെക്കുറിച്ചുള്ള ചരിത്രരചനാ മേഖലയിൽ, മുമ്പൊന്നുമില്ലാത്ത വിധം, ശ്രദ്ധേയമായ ഒരു കാൽവപ്പാണ് അദ്ദേഹം നടത്തിയത്.
1991 ൽ ഡോ. സി.കെ കരീമിൻ്റെ നേതൃത്വത്തിൽ പുറത്തിറങ്ങിയ കേരള മുസ്‌ലിം സ്ഥിതിവിവരക്കണക്ക് ഡയറക്ടറിയാണ് ഈ ഗണത്തിൽ പിന്നീട് പുറത്തിറങ്ങിയ ഏറ്റവും ബൃഹത്തായ ഇടപെടൽ. ഇതിൻ്റെ ഒന്നാം വാള്യത്തിൽ കേരള മുസ്‌ലിം ചരിത്രവും രണ്ടാം വാള്യത്തിൽ കേരളമുസ്‌ലിംകളുടെ എല്ലാ തരത്തിലുമുള്ള സ്ഥിതിവിവരക്കണക്കും മൂന്നാം വാള്യത്തിൽ കേരളമുസ്‌ലിം ഡയറക്ടറിയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. കേരള മുസ്‌ലിംകളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നവർക്കുള്ള ഏറ്റവും ബൃഹത്തായ അവലംബം കൂടിയാണിത്. തൃശൂർ സ്വദേശിയും ചരിത്രകാരനുമായ പ്രൊഫ. സയ്യിദ് മുഹ്യിദ്ദീൻ ഷായുടെ ‘ഇസ്‌ലാം ഇൻ കേരള’ എന്ന പുസ്കം 1972 ൽ പുറത്തിറങ്ങി. 1970 ൽ ഒ. ആബു സാഹിബിൻ്റെ ‘അറബിമലയാള സാഹിത്യ ചരിത്രം’ വെളിച്ചം കണ്ടു. ചരിത്രം, സാഹിത്യം, വിവർത്തനം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒരു പ്രതിഭാധനനായിരുന്നു ഒ. ആബു സാഹിബ് (1916-1980). മാപ്പിളപ്പാട്ടുകൾ രചിക്കുകയും ആ മേഖലയിൽ ഗവേഷണങ്ങൾ നടത്തുകയും ചെയ്‌ത അദ്ദേഹം വിവിധ വിഷയങ്ങളിലായി പതിനഞ്ചോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അരനൂറ്റാണ്ടു കാലത്തെ തൻ്റെ ഗവേഷണഫലമായി പുറത്തുകൊണ്ടുവന്ന ‘അറബിമലയാള സാഹിത്യ ചരിത്രം’ തന്നെയാണ് അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ്. അറബിമലയാളത്തിൻ്റെ പ്രത്യേകതകൾ, അതിൻ്റെ ശൈലി, ലിപി തുടങ്ങിയവ പണ്ഡിതോചിതമായി അതിൽ കൈകാര്യം ചെയ്യുന്നു. അറബിമലയാള സാഹിത്യ മേഖലയെക്കുറിച്ച് നടന്ന സമഗ്രമായ പ്രഥമ ഗവേഷണ പഠനമായിരുന്നു ഇത്. മാപ്പിളമാരുടെ ഭാഷയെക്കുറിച്ച് പഠിക്കാൻ ഇന്നും ഇതുതന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സ്. ടി. ഉബൈദ് സാഹിബിൻ്റെ ചില ലേഖനങ്ങളാണ് ഇവ്വിഷയകമായി നേരത്തെ പുറത്തുവന്നിരുന്നത്.
കെ.കെ. മുഹമ്മദ് അബ്ദുൽ കരീമും സി.എൻ അഹ്‌മദ് മൗലവിയും സംയുക്തമായി 1978 ൽ പുറത്തിറക്കിയ ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ മാപ്പിള പൈതൃക പഠന മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ കാൽവപ്പാണ്. നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാരുടെ ‘മലയാളത്തിലെ മഹാരഥന്മാ’രും മറ്റു ചരിത്രക്കുറിപ്പുകളുമാണ് ഇവിടെ ചേർത്തുവായിക്കേണ്ട മറ്റു പഠനങ്ങൾ.
കോയമാർ, മൂപ്പന്മാർ പോലെയുള്ള ചില കുടുംബ ചരിത്രങ്ങളും നേരത്തെ ശേഖരിക്കപ്പെട്ടതായി മനസ്സിലാകുന്നു. 1920 കളിൽ സി. ഗോപാലൻ നായർ എഴുതിയ ‘മലയാളത്തിലെ മാപ്പിളമാർ’ എന്ന കൃതിയിൽ ഇവരെക്കുറിച്ചുള്ള ഓരോ അധ്യായങ്ങൾ കാണാവുന്നതാണ്.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച കിടങ്ങയം ഇബ്റാഹീം മുസ്‌ലിയാരുടെ മലബാര്‍ ചരിത്രം; പാഠവും പഠനവും എന്ന പുസ്തകത്തില്‍ നിന്ന്)
A chapter from Dr. Moyin Malayamma’s Kidangayam Ibrahim Musliyarude Malabar Charithram