ഒരു കാലത്ത് മോയിൻകുട്ടി വൈദ്യർപോലും പങ്കെടുക്കാറുണ്ടായിരുന്ന കവിസദസ്സാണ് മൊഗ്രാലിലുണ്ടായിരുന്നത്. പഴയ കന്യാകുമാരി ജില്ലയിലെ കിഴക്കൻ തീരദേശങ്ങളിലെ (അവരെ മഅ്ബരികൾ എന്നാണ് വിളിച്ചിരുന്നത്. യമനിലെ മഅ്‌ബർ വഴി രാമേശ്വരം തുറമുഖത്തെത്തിയ ആദ്യകാല മുസ്‌ലിംകളാവാം കന്യാകുമാരി ജില്ലയിലെ അറബിത്തമിഴിൻ്റെ വക്താക്കൾ) താമ്രപർണി നദിക്കരയിലെ തക്കലൈ, ഭവാനി, നാഗപട്ടണം, തഞ്ചാവൂർ തുടങ്ങിയ പ്രദേശങ്ങളിലെ അറബിത്തമിഴിൻ്റെ സ്വാധീനം മൊഗ്രാൽ കവികളുടെ അറബിമലയാള രചനകളിൽ പ്രകടമാണ്. ഇന്ന് കേരളത്തിലെ മാപ്പിളപ്പാട്ടുകളിൽ (അറബി മലയാളം) കൊണ്ടാടുന്ന താളവ്യവസ്ഥകളെല്ലാം അറബിത്തമിഴിൽ അറിയപ്പെടുന്നവയാണല്ലോ. എന്തിന്, ‘ഇശൽ’ എന്ന വാക്കുപോലും തമിഴാണ്. കൊമ്പ്, കൊങ്കൽ, ഒപ്പന ചായൽ, ഒപ്പനമുറുക്കും, വിരുത്തം തുടങ്ങിയ ഇശൽ നാമങ്ങളും തമിഴ് തന്നെ. കമ്പി, കഴുത്ത്, വാൽക്കമ്പി, വാലുമ്മൽക്കമ്പി തുടങ്ങിയ പ്രാസവ്യവസ്ഥകളും അറബി തമിഴിൽനിന്നു വന്നവയാണ്.
അറബിത്തമിഴ് കവികളായ തൊണ്ടൻ ഹംസ ലബ്ബ, പീർ മുഹമ്മദ് വലിയ സാഹബ്, ഹംസ പുലവർ ഹമീദ് ലബ്ബ, പയ്യൽ അലി, പയ്യൽ മുഹമ്മദ് ഗുണം കൂടി മസ്താൻ, ഇച്ച ഉസ്താൻ, മഘ്മൂദ് ലബ്ബ, നാഗൂറ് ഹനീഫ, ഖാദിർ ദാസൻ തുടങ്ങിയ കവികൾ മൊഗ്രാലിൽ വന്നു താമസിച്ചു. പാട്ടു ചമയ്ക്കുകയും നിരന്തരമായ സൂഫിക്കൂട്ടായ്മയിലൂടെ ധ്യാനവും ചോദ്യോത്തരവുമായി മൊഗ്രാൽ കവികളോടു സംവദിക്കുകയും ചെയ്തിരുന്നു. മൊഗ്രാലിൽ ഒരു കവയിത്രിയുമുണ്ടായിരുന്നു, നടുത്തോപ്പിൽ ആയിശ. ബാലാംബ്നു ഫഖീഹ് (കുഞ്ഞാമു എന്നു മലയാളനാമം) ആയിരുന്നു മൊഗ്രാൽ കവികളിൽ അഗ്രഗണ്യൻ. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ഒരു വിരുത്തം നോക്കുക:
‘ഒപ്പിത്ത് ഒപ്പിടും ഒപ്പാരിത്താകയും
ഒപ്പിലൈഒണ്ടിൽ രണ്ടായി
കപ്പിത്തലമുഖം കർമയും കർമയും
കയക്കടൽ രണ്ടിൽ രണ്ടായി
മുപ്പൊരുൾ മൂലാതി മുളമടിച്ചുടരാന
മുച്ചുടർ മുണ്ടിൻ മുണ്ടായി-
നപ്പൊരുൾ നബിമേൽ ബാലാമുബ്നു ഫഖീഹി
നബിയെ പദം അടിമകൾ നാലാം’
അറബിത്തമിഴ് രചയിതാക്കളുടെ ‘ജ്ഞാനങ്ങ’ളെ ഇത് ഓർമിപ്പിക്കുന്നു. തിരുക്കുറളിൻ്റെ തത്വചിന്താസാന്നിധ്യവും ഇതിലുണ്ട്.
ഗുണംകൂടി മസ്താൻ്റെ ഒരു അറബിത്തമിഴ് രചന നോക്കുക:
‘തേനൈ പഴിഞ്ഞ പേരിമ്പം കൊടുപ്പനൊ
തേവടിയാർക്കള് ശീറ്റിമ്പം കൊടുപ്പനൊ
മോനവരുട്ട് പരിവട്ടം കൊടുപ്പനൊ
മുറ്റുമുട്ടാളനും പട്ടം കൊടുപ്പനൊ ആണ്ടവൻ’
അറബിത്തമിഴിലെ ‘ഫഖീർ’ പാരമ്പര്യത്തിൽനിന്നാണ് ‘ജ്ഞാനങ്ങ’ളുടെ ഉദയം. പോർച്ചുഗീസുകാരുടെ വരവോടെ മുസ്‌ലിംകളുടെ കടൽമേധാവിത്വം തകർന്നപ്പോൾ അവരോടു പോരാടാനുള്ള പ്രേരണയ്ക്കായി ഇസ്‌ലാമിക സംസ്കൃതിയിലെ ബദ്ർ, ഉഹദ് തുടങ്ങിയ യുദ്ധങ്ങളുടെ ഖിസ്സകൾ അറബിത്തമിഴിലേക്കു പാട്ടുരൂപത്തിൽ വ്യാഖ്യാനം ചെയ്യപ്പെട്ടു. മഅ്ബരികളെ കടലോര ഗ്രാമങ്ങളിൽ ഓരോ കുടിലുകൾ കേന്ദ്രീകരിച്ച് ഫഖീർ പ്രസ്ഥാനത്തിനു രൂപം കൊടുത്തു. കടലോര ഗൃഹങ്ങളുടെ മുറ്റത്തെ ചാണകം മെഴുകിയ തളങ്ങൾ ഫഖീറുകളുടെ കൂട്ടായ്മയായി. ഫഖീറുകൾ അറബിത്തമിഴിൽ പ്രതിരോധത്തിൻ്റെ പാട്ടുകൾ എഴുതി. അതിൽ ദേശാഭിമാനത്തിൻ്റെ വീറും വീര്യവും പ്രകടമായി. ഇത്തരം ഫഖീറുമാർ ഇന്ത്യയുടെ നാനാഭാഗങ്ങളിലും സൂഫി പാരമ്പര്യത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. ബംഗാളിലെ മദരി ഫഖീർമാർ അതിലൊന്നാണ്.
1769 ലെ ക്ഷാമകാലത്ത് ബംഗാളിലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായി നികുതി കുറയ്ക്കാത്തതിൻ്റെ പേരിലും ധാന്യപ്പുരകൾ അടച്ചിട്ടതിനെതിരെയും മദരി ഫഖീർമാർ ഹിന്ദു സന്യാസിമാരോടൊപ്പം ചേർന്നു ഗറില്ലാസമരം നടത്തിയതു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വീരപുരുഷന്മാരും വീരയുദ്ധങ്ങളും അപഭാഗങ്ങളും തത്ത്വചിന്താപരമായ ജ്ഞാനങ്ങളുമടങ്ങുന്ന കാവ്യപരമ്പരയുമായി തമിഴ്‌നാട്ടിലെ ഫഖീറുകൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്കു സഞ്ചരിച്ചു. ആ ദേശാടന സമൂഹം കേരളത്തിലെത്തി. മൊഗ്രാൽ അവരുടെ ഒരു വഴിത്താവളമായിരുന്നു. ആ സ്വാധീനമാവാം മൊഗ്രാലിൽ മികച്ച കവികളെ സൃഷ്ടിച്ചത്.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച മാപ്പിള പ്രതികാവ്യ പാരമ്പര്യവും മൊഗ്രാല്‍ ഇശല്‍പെരുമയും എന്ന പുസ്തകത്തില്‍നിന്ന്)
A part from MA Rahman’s work Mappila Prathikavya Parambaryavum Mogral Ishalperumayum