ജാതി മത സ്വത്വം പൊതുനിരത്തിൽ മറച്ചുവക്കാൻ കഴിഞ്ഞതാണ് കേരളീയ ആധുനികതയുടെ വലിയ നേട്ടം. പൊതുജീവിതത്തിൽ മതേതരത്വം വേരൂന്നിയത് അങ്ങനെയാണ്. ജാതിയും മതവും ചോദിക്കരുത്, പറയരുത്, അതു വീട്ടിൽ വെച്ചുവരിക എന്ന് ആധുനികത പ്രഖ്യാപിച്ചു. സ്വകാര്യജീവിതം, പരസ്യജീവിതം എന്നിങ്ങനെ ജീവിതം രണ്ടായി വിഭജിക്കപ്പെട്ടത് അപ്പോഴാണ്. സ്വകാര്യജീവിതം ജാതിമത ബന്ധങ്ങളെ ഊറ്റത്തോടെ നിലനിർത്തിയപ്പോൾ പൊതുജീവിതം മതേതരമായി മാറി. ആധുനികത ഒരു മറക്കുടപോലെ അയിത്തത്തെയും മതവിഭാഗീയതകളെയും മറച്ചുവച്ചു.
‘ജന്മിത്വവും ബ്രാഹ്മണ്യവും പടുതിരി കത്തുന്നതിൻ്റെ വെളിച്ചത്തിലാണ് ഞാൻ വളർന്നു വന്നത്’ എന്നെഴുതിയ വി.ടി ഭട്ടതിരിപ്പാടിൻ്റെ ജീവിതത്തെ വിശേഷിപ്പിക്കുമ്പോൾ പറയാറുള്ള ഒരു വാക്യം, അദ്ദേഹം ‘നമ്പൂതിരിയെ മനുഷ്യനാക്കി’ എന്നാണ്. ദരിദ്രബ്രാഹ്‌മണരുടെയും ഇല്ലങ്ങളിലെ സ്ത്രീകളുടെയും കഷ്ടപ്പാടുകൾ “കണ്ണീരിലെഴുതിയ” വി.ടി.യെ “മനുഷ്യ മഹത്വത്തിൻ്റെ അവാച്യമായ ഗുണനാമം” എന്നു സി.പി ശ്രീധരൻ ‘ജീവിതസ്‌മരണ’ കളുടെ മുഖവുരയിൽ വിശേഷിപ്പിക്കുകയുണ്ടായി.
വി.ടി.യെപ്പോലൊരാളുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിൽ മുസ്‌ലിം സമൂഹത്തിലെ പരിഷ്‌കരണവും നവോത്ഥാനവും പണ്ടേ സംഭവിച്ചേനെ എന്ന് മുസ്‌ലിംകൾക്കിടയിലെ ചിലർ തന്നെ പറഞ്ഞിട്ടുമുണ്ട്. സമുദായത്തെ നവീകരിക്കുന്ന, മതേതരമാക്കുന്ന ഒരു ആധുനികത മുസ്‌ലിംകൾക്കിടയിൽ ആധിപത്യം നേടാത്തതിൻ്റെ ഖേദം ഇന്നും സെക്യുലറിസ്റ്റുകൾക്കു വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
മതാചാരങ്ങളോടുള്ള കഠിനമായ അസഹിഷ്ണുതയാണ് സെക്യൂലറിസ്റ്റുകളുടെ ഈ ഉത്ക്കണ്ഠയുടെ ഹേതു. അത് ആധുനികതയുടെ പാപഭാരമാണ്. നമ്പൂതിരിയെ മനുഷ്യനാക്കിയ വി.ടി ഭട്ടതിരിപ്പാടാണ് കേരളീയ ആധുനികതയുടെ ഒരു പ്രകാശഗോപുരം. അദ്ദേഹത്തെപ്പോലൊരാൾ മുസ്‌ലിംകൾക്കും വേണമെന്നു പറയുമ്പോൾ, അതിൻ്റെ ധ്വനി ‘മുസ്‌ലിമിനെ മനുഷ്യനാക്കണ’മെന്നാണ്. ഇത് കേവലം മതാചാരങ്ങളും അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യമല്ല, മതാചാരങ്ങൾ മനുഷ്യനെ പിറകോട്ടു നടത്തുകയാണെന്ന ആധുനികതയുടെ വാദത്തിൻ്റെ ഒരു രീതിയാണ്.
മതാചാരങ്ങൾ പാലിക്കുന്ന മുസ്‌ലിമിനെ ഇന്നു മതമൗലികവാദിയോ തീവ്രവാദിയോ ആയി പരിഗണിക്കാനാണ് സാധ്യത കൂടുതൽ. അതുകൊണ്ട് സെക്യുലറിസ്റ്റുകൾക്കു മുന്നിൽ മിതവാദിയായ മുസ്‌ലിമായോ മതേതരവാദിയായ മുസ്‌ലിമായോ അംഗീകാരം നേടാനുള്ള ആധിയിലാണ് പലരുമെന്നത് സമുദായം എത്തിച്ചേർന്നിരിക്കുന്ന ധർമ പ്രതിസന്ധിയെ വെളിവാക്കുന്നു. മുസ്‌ലിംനേതൃത്വവും മുസ്‌ലിം ബുദ്ധിജീവികളും എപ്പോഴും സെക്യുലർ സമൂഹം ഉന്നയിച്ച ‘മതവിമർശന’ങ്ങൾക്കു മറുപടി പറയാനുള്ള വ്യഗ്രതയിലായിരുന്നു. ബഹുഭാര്യത്വം, പർദ, സ്ത്രീകളുടെ പള്ളിപ്രവേശം, പൊതുസിവിൽകോഡ്, ജിഹാദ് തുടങ്ങിയ ഇരുതല മൂർച്ചയുള്ള പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെട്ട് അവർക്ക് പലപ്പോഴും പരുക്കേറ്റു. ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത, മതാരാധനയോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ഒരു സംഘം മുന്നോട്ടുവച്ച കാഴ്‌ചപാടുകൾക്കുള്ളിൽ സ്വന്തം സമുദായത്തിൻ്റെ ലോകവീക്ഷണത്തെയും സാംസ്‌കാരികതയെയും തളച്ചിടാനാണ് പല മുസ്‌ലിംകളും ശ്രമിച്ചത്. തങ്ങൾ മതേതരവാദികളും ഒരുവേള സ്ത്രീപക്ഷവാദികളുമാണെന്ന് തെളിയിക്കേണ്ട ബാധ്യത ഏറ്റെടുക്കേണ്ടിവന്നു മുസ്‌ലിംകൾക്ക്.
പൊതുനിരത്തിൽ ജാതി ഒളിച്ചതുപോലെ, മുസ്‌ലിമിന് ഒളിച്ചുനടക്കാൻ ആകുമായിരുന്നില്ല. മുസ്‌ലിം അല്ലെന്നു കാണിക്കാൻ പേരുമാറ്റി മറ്റൊരു പേരു സ്വീകരിച്ച പുരോഗമനവാദിയായ മുസ്‌ലിം യുവാവിനെ എനിക്കറിയാം. മതരഹിതനാകാൻ അദ്ദേഹം സ്വീകരിച്ച പേരാകട്ടെ അദ്ദേഹത്തെ ഹിന്ദുവായി വായിക്കാൻ ഇടയാക്കി. അതിലെ പരിഹാസ്യത നിരീശ്വരവാദിയായ അദ്ദേഹത്തിനു മനസ്സിലായതുമില്ല.
പുരോഗമനവാദിയായ എൻ്റെ ഒരു സുഹ്യത്ത് അയാളുടെ പുര മാറ്റത്തിനു ഗണപതിഹോമം നടത്തി. ഗണപതി വിഗ്രഹം എവിടെ നിന്ന് വാങ്ങിയതാണ് എന്നു ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തെ കളിയാക്കുകയാണെന്നാണ് അദ്ദേഹം ധരിച്ചത്. തനിക്ക് ആചാരങ്ങളിൽ വിശ്വാസമില്ലെന്നു സ്ഥാപിക്കാൻ അദ്ദേഹം വളരെ കഷ്ടപ്പെടുകയും ചെയ്തു. ഗണപതിപൂജ പുരോഗമനവിരുദ്ധമായത്, പർദ സെക്യുലറിസത്തിനു വിരുദ്ധമായത് എങ്ങനെയാണ്? മതവിശ്വാസത്തെയും ആചാരങ്ങളെയും സമചിത്തതയോടെ സ്വീകരിക്കാൻ സെക്യുലറിസത്തിനാവില്ലെന്ന് കാലം തെളിയിച്ചുകഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തിൽ സെക്യുലർ ഇസ്‌ലാം അല്ല, ആധുനികോത്തര സമൂഹത്തിൻ്റെ ബഹുസ്വരതയും വൈവിധ്യവും സ്വീകാര്യമായ ഒരു ഇസ്‌ലാമികതയാണ് സമുദായത്തിനുള്ളിൽ രൂപപ്പെടേണ്ടത്. പർദ അഴിച്ചും താടിവടിച്ചും മുണ്ടുമാറ്റിയുടുത്തും മുസ്‌ലിംകൾ സെക്യുലർ വഴി നടക്കാൻ ശ്രമിക്കുമ്പോൾ, ആധുനികത അടിച്ചേൽപ്പിച്ച ഈ ധർമസങ്കടത്തെ നിരാകരിക്കാൻ കെൽപുള്ള ഇസ്‌ലാമിസ്റ്റുകളാണ് ഇനി സമുദായത്തിനുള്ളിൽ ഉണ്ടാകേണ്ടതെന്നു ഞാൻ കരുതുന്നു.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച മുസ്‌ലിം സുഹൃത്തിന്; മുസ്‌ലിം സുഹൃത്തിൽ താൽപര്യമുള്ളവർക്കും എന്ന പുസ്തകത്തിൽ നിന്ന്)
An article on secular Islam from the book Muslim Suhrithinu, written by Ajay P Mangat