നഗ്നശബ്ദങ്ങൾ

10 MINUTES READ

ഭോലുവും ഗാമയും സഹോദരന്മാരായിരുന്നു. വളരെ പരിശ്രമശാലികളും. ഈയം പൂശലായിരുന്നു ഭോലുവിൻ്റെ ജോലി. അതിരാവിലെത്തന്നെ തന്റെ തലയിൽ ദോംഖ്‌നിയും* ഏന്തിക്കൊണ്ട് അവൻ പുറപ്പെടും. ‘ഈയം പൂശാനുണ്ടോ? ഈയം,’ എന്ന് വിളിച്ചുകൂവി ദിവസം മുഴുവൻ പട്ടണം ചുറ്റി നടക്കും. വൈകുന്നേരം തിരിച്ചെത്തുമ്പോൾ മൂന്നോ നാലോ രൂപ കൈയിൽ മിച്ചമുണ്ടാകും.

തെരുവുകച്ചവടക്കാരനാണ് ഗാമ. ദിവസംതോറും ഒരു തളിക തലയിൽ വച്ച് പട്ടണം ചുറ്റി നടന്ന് മൂന്നോ നാലോ രൂപ അവനും സമ്പാദിക്കുന്നു. വൈകുന്നേരമായാൽ ഭക്ഷണത്തിനുശേഷം ‘ഒരു ക്വാർട്ടർ’ അവന് നിർബന്ധമാണ്. കുടി കഴിഞ്ഞാൽപിന്നെ ഗാമ നിലക്കാതെ സംസാരിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, ചാരായ ഷാപ്പിലെ പതിവുകാർക്ക് അവനൊരു ആവേശമാണ്. കുടിയില്ലാത്ത ഒരു ജീവിതം അവനും സങ്കൽപിക്കാനേ കഴിയുമായിരുന്നില്ല.

ഗാമയെക്കാൾ രണ്ട് വയസ്സിന് ഇളയതാണ് ഭോലു. അവൻ ഗാമയെ എപ്പോഴും ഗുണദോഷിക്കും: ‘നോക്കൂ! ഈ കുടി വളരെ വൃത്തികെട്ട ഏർപ്പാടാണ്. വിവാഹിതനായ ഒരാളാണ് നീ. വെറുതെ പണം ഇങ്ങനെ കുടിച്ചു നശിപ്പിക്കരുത്. ഓരോ ദിവസവും നീ ക്വാർട്ടറിന് ചെലവഴിക്കുന്ന തുക കൂട്ടിവച്ചാൽ മാത്രം മതി നിന്റെ ഭാര്യയെ സന്തോഷിപ്പിക്കാൻ. നല്ല ഒരു വസ്ത്രം പോലുമില്ലാതെ അവളെ അർധനഗ്നയാക്കി നടത്തുന്നത് നിനക്ക് ചേർന്നതാണോ?’ ഗാമ ഇത് ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തുവിടും. പറയുന്നതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെന്നു ബോധ്യമായതിൽപിന്നെ ഭോലു ഉപദേശിക്കുന്നത് നിർത്തി.

അഭയാർഥികളായിരുന്നു അവർ ഇരുവരും. ഒരു വലിയ കെട്ടിടത്തിനടുത്ത് ജോലിക്കാർ താമസിച്ചിരുന്ന സ്ഥലം കുറച്ച് അഭയാർഥികൾ കയറിക്കൂടി തങ്ങളുടേതാക്കി മാറ്റിയിരുന്നു. അതിൽ ഒരു ഭാഗം ഭോലുവും ഗാമയും കൈവശപ്പെടുത്തി. ബിൽഡിംഗിനുള്ളിൽ നല്ല ചൂടുണ്ടായിരുന്നതുകൊണ്ടുതന്നെ തണുപ്പുകാലം ഏറെ ആഹ്ലാദത്തോടെ കടന്നുപോയി. ഉഷ്‌ണകാലം വന്നതോടെ സ്ഥിതി മാറി. ഭോലു മേലെ ടെറസിൽ കട്ടിലിട്ട് കാറ്റുംകൊണ്ട് സുഖമായുറങ്ങും. പക്ഷേ, ഗാമ എന്തു ചെയ്യാൻ? കൂടെ ഭാര്യയുമുണ്ടല്ലോ. മേലെയാണെങ്കിൽ ഒരു മറ പോലുമില്ല. ഗാമ മാത്രമല്ല, ആ കെട്ടിടത്തിലെ വിവാഹിതരെല്ലാം അതേ വിഷമസന്ധിയിലായിരുന്നു.

കല്ലന്റെ മനസ്സിലാണ് ആദ്യമായി ആ ആശയമുദിക്കുന്നത്. അയാൾ ടെറസിൻ്റെ ഒരു മൂലയിൽ ചാക്കുകൾകൊണ്ട് മറയുണ്ടാക്കി ഭാര്യയുടെ കൂടെ അവിടെ കിടക്കാൻ തുടങ്ങി. കല്ലനെ കണ്ട് മറ്റു വിവാഹിതരും അതനുകരിച്ചു. ഭോലു മറയുണ്ടാക്കാൻ സഹോദരനെ സഹായിച്ചു. കുറച്ചു ദിവസത്തിനുള്ളിൽതന്നെ മുളയും ചാക്കുകളു മുപയോഗിച്ച് മറക്കുള്ള സൗകര്യമൊരുങ്ങി, കാറ്റിന് തടസ്സമുണ്ടെങ്കിലും താഴെ മുറികളിലെ നരകത്തെ അപേക്ഷിച്ച് എന്തുകൊണ്ടും ഭേദമായിരുന്നു ടെറസ്.

ദമ്പതികൾ മേലെ ടെറസിൽ ഉറങ്ങാനാരംഭിച്ചതു മുതൽ ഭോലുവിൽ അസാധാരണമായ മാറ്റങ്ങളുണ്ടായി. അതുവരെ, വിവാഹ ജീവിത്തിലൊന്നും അവന് വിശ്വാസമോ താൽപര്യമോ ഉണ്ടായിരുന്നില്ല. ജീവിതത്തിൽ അങ്ങനെയൊരു വിഡ്ഢിത്തം സംഭവിക്കരുതെന്ന് അവൻ തീരുമാനിച്ചുറപ്പിക്കുക പോലും ചെയ്തിരുന്നു. ഗാമ അവനോട് വിവാഹം കഴിക്കാനുപദേശിച്ചപ്പോഴൊക്കെ അവന്‍ പറഞ്ഞ മറുപടി, “വേണ്ട സഹോദരാ, എൻ്റെ കാലിലൊരു അട്ടയെ വളത്താൻ ഞാനുദ്ദേശിക്കുന്നില്ല’ എന്നായിരുന്നു.

എന്നാൽ, വേനൽകാലം വന്നതിനുശേഷം ടെറസിൽ മറകളുണ്ടാക്കി ദമ്പതികൾ ഉറങ്ങാനാരംഭിച്ചതിൽ പിന്നെ ഒരു പത്തു പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞതേയുള്ളൂ, അവൻ്റെ ചിന്താഗതി ആകെ മാറി. ഒരു വൈകുന്നേരം ഹോട്ടലിൽ വച്ച് അവൻ ഗാമയോട് പറഞ്ഞു: “എത്രയും പെട്ടെന്ന് എനിക്ക് വിവാഹം നടത്തിത്തരൂ, ഇല്ലേൽ ഞാൻ ഭ്രാന്തു പിടിച്ച് നശിക്കും.”

“ഇതെന്ത് തമാശ?” ഗാമ ആശ്ചര്യത്തോടെ ചോദിച്ചു.

“നിനക്കറിയില്ല. കഴിഞ്ഞ പതിനഞ്ച് ദിവസമായി രാത്രി ഒരു പോള കണ്ണടിച്ചിട്ട്.” ഭോലു ഗൗരവം വിടാതെ പറഞ്ഞു.

“എന്തു പറ്റി?”

“ഒന്നുമില്ല. ഇടം വലം, എവിടെ നോക്കിയാലും രാത്രി എന്തൊക്കെയോ നടക്കുന്നു. എന്തെല്ലാം വിചിത്ര ശബ്ദങ്ങളാണ് കേൾക്കുന്നത്. എങ്ങനെ ഉറക്കം വരാനാണ്?”

ഭോലുവിന്റെ മറുപടി കേട്ട് ഗാമ തൻ്റെ കട്ടിമീശയും കുലുക്കി കുലുങ്ങിച്ചിരിച്ചു. ഭോലുവിന് ലജ്ജ തോന്നി. “ആ കല്ലനുണ്ടല്ലോ, അവനൊന്നും ഒരു നിയന്ത്രണവുമില്ല. കുരുത്തം കെട്ടവൻ. രാത്രി മുഴുവൻ വ്യത്തികേട് പറഞ്ഞുകൊണ്ടിരിക്കും. അവന്റെ ഭാര്യയുണ്ടല്ലോ? അവളും നാവടക്കുകയേയില്ല. കുട്ടികൾ അപ്പുറത്ത് കരയുകയായിരിക്കും. എന്നാലും അവർ…”

ഗാമ പതിവുപോലെ മദ്യപിച്ചിരുന്നു. ഭോലു പോയിക്കഴിഞ്ഞപ്പോൾ അവൻ ഹോട്ടലിലുള്ളവരോട് തന്റെ സഹോദരന് ഉറക്കം വരാത്ത കാര്യം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. കേട്ടവരെല്ലാം ആർത്താർത്തു ചിരിച്ചു.

അടുത്ത ദിവസം ഭോലുവിനെ കണ്ടപ്പോൾ അവർ കളിയാക്കാൻ തുടങ്ങി: “ങാഹാ സഹോദരാ, കല്ലൻ അവന്റെ ഭാര്യയോട് എന്തെല്ലാമാണ് കിന്നരിക്കാറുള്ളത്?” കൂട്ടത്തിലാരോ ചോദിച്ചു: “നല്ല കോളടിച്ചല്ലോ മോനേ, ചുളുവിൽ ആസ്വദിക്കുകയാണല്ലേ?” മറ്റൊരുത്തന്റെ വക: “രാത്രി മുഴുവൻ സിനിമയണല്ലേ, നൂറ്റിനു നൂറു പാട്ടും സംസാരവുമാണല്ലേ.” അങ്ങനെ പോയി ആ വില കുറഞ്ഞ തമാശകൾ.

ഭോലു ഗാമയോട് പറഞ്ഞു: “ആളുകളൊക്കെ എന്നെ കളിയാക്കിച്ചിരിക്കുകയാണ്. ഞാൻ പറഞ്ഞതൊന്നും കളവല്ല. ഞാനും ഒരാണാണ്. ദൈവം സത്യം, എനിക്കുറങ്ങാനേ പറ്റുന്നില്ല. ഇരുപത് ദിവസമായി എനിക്ക് ശരിക്കും ഉറക്കം വന്നിട്ട്. നിങ്ങളെന്റെ വിവാഹത്തിനുള്ള ഏർപ്പാട് ചെയ്യൂ. പഞ്ചയാണേ സത്യം*, ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്തു പിടിച്ചു പോവും. ഭാഭിയുടെ അടുത്ത് എൻ്റെ 500 രൂപയുണ്ട്. വേഗം ഏർപ്പാടുകൾ ചെയ്യൂ.”

ഗാമ മീശപിരിച്ച് ചിന്തിച്ചുകൊണ്ടേയിരുന്നു. എന്നിട്ട് പറഞ്ഞു: “ശരി, ഏർപ്പാടുകൾ ചെയ്യാം. നിൻ്റെ ഭാഭിയോട് ഇന്നുതന്നെ പറയാം. അവൾക്കറിയാവുന്നിടത്തൊക്കെ അന്വേഷിക്കട്ടെ.”

ഒന്നര മാസത്തിനുള്ളിൽ കാര്യം നടക്കുമെന്നായി. കലായിക്കാരൻ സമദിൻ്റെ മകൾ ആയിശയെ ഗാമയുടെ ഭാര്യക്ക് നന്നായി പിടിച്ചു. സുന്ദരിയാണ്. വീട്ടുജോലികളെല്ലാം നന്നായി ചെയ്യാനറിയാം. സമദും ആളു കൊള്ളാം. മുഹല്ലയിൽ ആദരണീയൻ. ഭോലു പരിശ്രമശാലിയും ആരോഗ്യവാനുമാണ്. അതുകൊണ്ട് പെൺവീട്ടുകാർക്കും മറിച്ചൊരഭിപ്രായമില്ല. അങ്ങനെ, ജൂൺ മാസത്തിൽ കല്യാണം നടത്താൻ നിശ്ചയിച്ചുറപ്പിച്ചു. വേനൽക്കാലത്ത് കല്യാണം വേണ്ടെന്ന് സമദ് പറഞ്ഞുവെങ്കിലും ഭോലുവിൻ്റെ നിർബന്ധം കാരണം അതിനു സമ്മതിക്കേണ്ടിവന്നു.

കല്യാണത്തിന്റെ നാല് ദിവസം മുമ്പുതന്നെ ഭോലു മുകളിലെ ടെറസിൽ വധുവിനുവേണ്ടി ഒരു ചാക്കുമറ തയ്യാറാക്കി. മുളകൾ ശക്തിയായി നിലത്തുറപ്പിച്ചു. ചാക്കുകൾ വളരെ അടുപ്പിച്ചു തുന്നിച്ചേർത്തു. കട്ടിലിൽ പുതിയ വിരിപ്പുകള്‍ വിരിച്ചു. പുതിയ കൂജ വാങ്ങിക്കൊണ്ടുവന്നു. എല്ലാം അതീവ ചിട്ടയോടെത്തന്നെ അവന്‍ ചെയ്തു തീർത്തു.

രാത്രി ചാക്കിൻ്റെ മറവിൽ കിടന്നപ്പോൾ അതൊരു അസാധാരണാനുഭവമായി. തുറസ്സായ സ്ഥലത്ത് കിടന്നാണ് അവനു ശീലം. ഇനിമേൽ മാറി ശീലിക്കണമല്ലോ എന്നു കരുതിയാണ് നാല് ദിവസം മുമ്പുതന്നെ ടെറസിന് മുകളിൽ മറയുണ്ടാക്കി കിടക്കാൻ തുടങ്ങിയത്. അങ്ങനെ കിടന്നപ്പോൾ ആയിശയെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ നിറഞ്ഞുവന്നു. പെട്ടെന്ന് ഉറക്കത്തെ ഭഞ്ജിച്ച് വിചിത്ര ശബ്ദങ്ങൾ കാതിൽ വന്നലക്കാൻ തുടങ്ങി. അവൻ കിടന്നുവിയർത്തു. പലവിധ വിഷമങ്ങൾ അവനെ അലട്ടാൻ തുടങ്ങി.

അവളും ഇത്തരത്തിലുള്ള ശബ്ദങ്ങളായിരിക്കുമോ ഉണ്ടാക്കുക? അപ്പുറത്തുള്ള ആളുകൾ ഈ ശബ്ദങ്ങൾ കേൾക്കില്ലേ? അവരും അവനെപ്പോലെ രാത്രി ഉറക്കമിളച്ചിരിക്കില്ലേ? രാത്രി ആരെങ്കിലും ചാക്കിന്റെ മറ നീക്കി എത്തിനോക്കിയാൽ എന്തുസംഭവിക്കും?

അനിയന്ത്രിതമായ ചിന്തകൾകൊണ്ട് അവന്റെ മനസ്സ് വിഷമാവസ്ഥയിലായി. ചാക്കിൻ്റെ മറ ഒരു മറയാണോ? നാലുഭാഗത്തും ആളുകൾ, രാത്രിയുടെ നിശബ്ദതയിൽ ഏത് ചെറിയ ശബ്ദം പോലും അവരുടെ ചെവിയിലെത്തും. ആളുകൾക്കെങ്ങനെയാണ് ഈ മറയില്ലാത്ത ജീവിതം ആസ്വദിക്കാനാവുന്നത്? തുറന്ന ടെറസ്, കട്ടിലിൽ ഭാര്യയുടെ കൂടെ ഭർത്താവ് കിടക്കുന്നു, നൂറ് കണ്ണുകൾ, നൂറ് കാതുകൾ. അവ തങ്ങളുടെ ചുറ്റും തുറന്നുകിടക്കുന്നു. ഒന്നും കാണാതെത്തന്നെ ആളുകൾക്ക് അപ്പുറത്ത് നടക്കുന്നതെല്ലാം കൃത്യമായി മനസ്സിലാവുന്നു. ചെറിയൊരു ശബ്ദം മതി, എല്ലാം വ്യക്തമാകുന്നു.

ചാക്കിന്റെ മറക്കുള്ളിൽ വല്ലതും ഒളിഞ്ഞിരിക്കുമോ? സൂര്യനുദിക്കുമ്പോൾ വെളിച്ചം എന്തെല്ലാം പുറത്ത് കാണിക്കും. തൊട്ടടുത്ത് കല്ലൻ അവന്റെ ഭാര്യയുടെ മാറിടങ്ങൾ തലോടുന്നു. ഒരു കോണിൽ സഹോദരൻ ഗാമ കിടക്കുന്നു, അവൻ്റെ ലുങ്കി തുറന്നാണ് കിടക്കുന്നത്. അപ്പുറത്ത് ഹൽവക്കാരൻ്റെ അവിവാഹിതയായ മകൾ ഷാദായുടെ വയറ് ചാക്കിൻ്റെ സുഷിരങ്ങളിലൂടെ നോക്കി ആരോക്കെയോ ആസ്വദിക്കുന്നു. 

വിവാഹ ദിവസം ആഗതമായപ്പോൾ അവന് ഓടിപ്പോവാനാണ് തോന്നിയത്. പക്ഷേ, എവിടെ പോവാനാണ്? അവൻ ആകെ കെണിഞ്ഞിരിക്കുകയാണല്ലോ. ഓടിപ്പോയാൽ സമദ് ആത്മഹത്യ ചെയ്യും, തീർച്ച. അയാളുടെ മകളെന്ത് കരുതും? മറ്റെന്തൊക്കെ കൊടുങ്കാറ്റുകൾ പിന്നെയുമുണ്ടാകും?

വരുന്നത് വരട്ടെ, എന്നെപ്പോലെ തന്നെയല്ലേ മറ്റുള്ളവരും. ക്രമേണ എനിക്കുമത് ശീലമാകും. ഭോലു സ്വയം ആശ്വസിപ്പിച്ചു.

നവവധുവിനെയും വഹിച്ചുള്ള കല്യാണസംഘം വീട്ടിൽ വന്നു. താമസസ്ഥലത്ത് ആഹ്ലാദപ്രകടനങ്ങളുടെ ബഹളം, വിരുന്നുകാർ ഭോലുവിന് ആശംസകൾ നേർന്നു. ഭോലുവിൻ്റെ അടുത്ത സുഹൃത്തുക്കൾ അവനെ കളിയാക്കി. ആദ്യരാത്രിക്കുള്ള ചില ചെപ്പടി വിദ്യകൾ പറഞ്ഞുകൊടുത്തു. ഭോലു നിശബ്ദനായി എല്ലാം കേട്ടു. അവന്റെ ഭാഭി മേലെ ചാക്കിൻ്റെ മറവിൽ കിടപ്പറ തയ്യാറാക്കി. ഗാമ മുല്ലപ്പൂമാലകൾ തലയണക്കടുത്ത് കൊണ്ടുവച്ചു. സുഹൃത്തുക്കളാരോ പാലിൽ ജിലേബിയിട്ടു കൊണ്ടുവന്നു.

വധുവിന്റെ കൂടെ അവൻ ഒരുപാട് നേരം മുറിയിലിരുന്നു. അവൾ ലജ്ജയോടെ മുഖം മൂടുപടത്തിൽ മറച്ച് ചുരുണ്ടുകൂടിയിരുന്നു. നല്ല ഉഷ്ണമുണ്ടായിരുന്നു. ഭോലുവിൻ്റെ പുതിയ കുപ്പായം വിയർപ്പിലൊട്ടിപ്പിടിച്ചിരിക്കുന്നു. വിശറി വീശിക്കൊണ്ടേയിരുന്നിട്ടും കാറ്റൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. മുകളിൽ പോകാതെ മുറിയിൽത്തന്നെ കഴിച്ചുകൂട്ടാമെന്നായിരുന്നു ഭോലുവിൻ്റെ മനസ്സിലിരുപ്പ്. പക്ഷേ, ചൂട് അസഹ്യമായിത്തുടങ്ങിയപ്പോൾ നിവൃത്തിയില്ലാതെ അവൻ വധുവിനെ കൂട്ടി മുകളിലേക്ക് ചെന്നു.

അർധരാത്രി കഴിഞ്ഞിരിക്കുന്നു. കെട്ടിടം മുഴുവൻ നിശബ്ദതയിലായിരുന്നു. ഭോലു കരുതി, എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരിക്കും. തൻ്റെ ഭാഗത്തേക്ക് ഇനി ആരും നോക്കില്ല. ശബ്ദമൊന്നുമുണ്ടാക്കാതെ തന്റെ നവവധുവുമായി ചാക്കുമറക്കുള്ളിൽ കയറിക്കിടക്കണം. നേരം പുലരുന്നതിനു മുമ്പുതന്നെ താഴെ ഇറങ്ങിപ്പോകണം.

ടെറസിൽ എത്തിയപ്പോൾ എങ്ങും നിശബ്ദതതന്നെ. നവവധു ലജ്ജയോടെയാണ് കാലെടുത്തുവച്ചത്. ഇടക്ക്, അവളുടെ പാദസരങ്ങൾ ചെറുതായൊന്ന് കിലുങ്ങി. പെട്ടെന്നെല്ലാവരും ഉറക്കമെഴുന്നേറ്റതായി ഭോലുവിന് തോന്നി. പായയിൽ ആളുകൾ തിരിഞ്ഞുകിടക്കുന്നു, അവിടവിടെയായി തൊണ്ടയനക്കുന്ന ശബ്ദം, അടക്കിപ്പിടിച്ച കൊച്ചു വർത്തമാനങ്ങൾ. പെട്ടെന്ന് ഭോലു വധുവിൻ്റെ കൈപിടിച്ച് ചാക്കിന്റെ മറവിൽ പോയി ഒളിച്ചു. അടക്കിപ്പിടിച്ച ചിരികൾ അവന്റെ ചെവിയിൽ വന്നലച്ചുതുടങ്ങി. വേവലാതി അവൻ ഭാര്യയോട് സംസാരിക്കാൻ തുനിഞ്ഞപ്പോൾ ചുറ്റുപാടും ശബ്ദങ്ങൾ കേട്ടുതുടങ്ങി. ദൂരെ കോണിൽ കല്ലൻ്റെ ഭാഗത്തുനിന് ക്രീച്ച് ക്രിച്ച് ശബ്ദം, അതിനെ തുടർന്ന് ഗാമയുടെ കട്ടിലിളകുന്ന ശബ്ദം, ഹൽവക്കാരൻ്റെ മകൾ ഷാദാ രണ്ടു മൂന്ന് തവണ എഴുന്നേറ്റ് വെള്ളം കുടിച്ച് കുടത്തിൻ്റെ അടുത്ത് ഗ്ലാസ് വക്കുമ്പോൾ, അത് പൊട്ടിപ്പോകുമോ എന്ന് തോന്നുന്ന ശബ്ദം, ഖസായിക്കാരൻ ഖൈറയുടെ മകന്റെ കട്ടിലിൽ നിന്ന് അടിക്കടി തീപ്പെട്ടിയുരക്കുന്ന ശബ്ദം.

 

ഭോലുവിന് തന്റെ വധുവിനോട് ഒന്നും പറയാൻ കഴിഞ്ഞില്ല. ചുറ്റുപാടും കാതുകൾ തുറന്നുകിടക്കുകയാണ്. താൻ പറയുന്നതെല്ലാം അവർ കേൾക്കും. എല്ലാ കട്ടിലുകളും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നിശബ്ദനായി അവനവിടെ കിടന്നു. പേടിച്ചരണ്ട കണ്ണുകളോടെ ഇടക്കിടെ ഭാര്യയെ നോക്കി. അവൾ കട്ടിലിൽ ചുരുണ്ടുകിടന് ഉറങ്ങാൻ തുടങ്ങിയിരുന്നു.

ഭോലു ഉറങ്ങാനുദ്ദേശിച്ച് കിടന്നു. എത്രയായിട്ടും അവന് ഉറക്കം വന്നില്ല. അൽപം കഴിഞ്ഞപ്പോൾ അവന്റെ കാതുകളിൽ വീണ്ടും ശബ്ദങ്ങൾ വന്നലക്കാൻ തുടങ്ങി. അവ ചിത്രങ്ങളായി കൺമുന്നിലൂടെ ഘോഷയാത്ര നടത്തി.

അവന്റെ ഹൃദയത്തിലും ആവേശം നുരഞ്ഞുപൊന്തിയിരുന്നു, വികാരവും. വിവാഹത്തെക്കുറിച്ചാലോചിച്ചിരുന്നപ്പോഴെല്ലാം മധുവിധുവിന്റെ രസകരമായ ചിത്രങ്ങൾ അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു. ആ ആഹ്ലാദചിന്തകൾ അവൻ്റെ ശരീരത്തെ ചൂടു പിടിപ്പിച്ചിരുന്നു. പക്ഷേ, ഇന്ന്, തൻ്റെ ആദ്യരാത്രിയിൽ അവന് ഒരു താൽപര്യവും തോന്നുന്നില്ല. രാത്രി പലതവണ വികാരമുണർത്താൻ അവൻ കിണഞ്ഞു ശ്രമിച്ചു. എന്നാൽ, ശബ്ദങ്ങൾ, മനസ്സിൽ ചിത്രങ്ങളായി തെളിഞ്ഞുവരുന്ന ശബ്ദങ്ങൾ എല്ലാറ്റിനെയും തകിടം മറിച്ചു. അവന് സ്വയം നഗ്നനായതുപോലെ തോന്നി. പൂർണ നഗ്നൻ. ചുറ്റുമുള്ളവരെല്ലാം കണ്ണുതുറന്ന് തന്നെ നോക്കി ആർത്തുചിരിക്കുന്നു.

അതിരാവിലെ നാലുമണിയായിക്കാണും. ഭോലു മറയിൽനിന്ന് പുറത്തിറങ്ങി ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. ഉള്ളിലെ ലജ്ജ അവന്‍ മാറ്റിയെടുക്കാൻ നോക്കി.ഭോലുവിന് വെറുപ്പ് തോന്നി, രോഷവും. കാറ്റെന്തിനാണിങ്ങനെ ടെറസിൽ അടിച്ചുകൊണ്ടിരിക്കുന്നത്? ചാക്കുകളെ എന്തിനിങ്ങനെ ചലിപ്പിക്കുന്നു? എല്ലാ ചാക്കുകളും കീറിപ്പറിഞ്ഞ് നഗ്നമായി ആടുന്നതുപോലെ ഭോലുവിനു തോന്നി. ഭോലു താഴെയിറങ്ങി. ജോലിക്കു പോകുമ്പോൾ വഴിയിൽ അവന്റെ സ്നേഹിതരെ കണ്ടുമുട്ടി. അവർക്കെല്ലാം അവൻറെ ആദ്യരാത്രിയെക്കുറിച്ചാണറിയേണ്ടത്. തുന്നൽക്കാരൻ ഭോജ ദൂരെനിന്നുതന്നെ വിളിച്ചു ചോദിച്ചു: “ഉസ്‌താദ് എങ്ങനെയുണ്ടായിരുന്നു? ഞങ്ങളുടെ പേര് മോശമാക്കിയിട്ടില്ലല്ലോ?” ടിൻമേക്കർ ചാഗ സ്വകാര്യമായാണന്വേഷിച്ചത്: “എന്താ, വല്ല വിഷമവുമുണ്ടായോ? എന്റെ അടുത്ത് നല്ല മരുന്നുണ്ട്.” ബാല അവൻ്റെ മുതുകിൽ ശക്തിയായി തട്ടിക്കൊണ്ട് പറഞ്ഞു: “എന്താ ഫയൽവാൻ! ഗുസ്തി എങ്ങനെയുണ്ടായിരുന്നു?” ഭോലു ആരോടും ഒന്നും മിണ്ടിയില്ല.

രാവിലെ അവന്റെ ഭാര്യ അവളുടെ മാതാവിൻ്റെ വീട്ടിലേക്ക് പോയി. അഞ്ചാറു ദിവസം കഴിഞ്ഞ് അവൾ തിരിച്ചു വന്നപ്പോഴും ഭോലുവിന്റെ വിഷമങ്ങൾക്കറുതിയുണ്ടായില്ല. ടെറസിലെ ജനങ്ങൾ അവന്റെ ഭാര്യ തിരിച്ചു വരുന്നത് കാത്തിരിക്കുന്നതുപോലെ അനുഭവപ്പെട്ടു. കുറച്ചു രാത്രികൾ ഒന്നും സംഭവിക്കാതെ കടന്നുപോയി. പക്ഷേ, മുകളിൽ ടെറസിൽ പോയി കിടന്നാൽ അതേ ശബ്ദങ്ങൾ, പിറുപിറുപ്പുകൾ, കട്ടിലുകളിളകുന്ന ശബ്ദം, ചുമ, തൊണ്ടയനക്കൽ, തിരിഞ്ഞും മറിഞ്ഞും കിടക്കൽ, അമർത്തിപ്പിടിച്ച ചിരികൾ. ഭോലു തന്റെ കട്ടിലിൽ മലർന്നുകിടന്ന് ആകാശത്തേക്ക് നോക്കി. ഭാര്യയെ നോക്കി സ്വയം ശപിച്ചുകൊണ്ടേയിരുന്നു: ‘എനിക്കെന്തു പറ്റി? എനിക്കെന്തു പറ്റി? എനിക്കെന്തു പറ്റി?’

ഏഴു രാത്രികൾ അങ്ങനെ കടന്നുപോയി. ഒടുവിൽ നിസ്സഹായനായ ഭോലു ഭാര്യയെ അവളുടെ വീട്ടിലേക്ക് അയച്ചു.

പത്തിരുപത്തഞ്ച് ദിവസങ്ങൾ കഴിഞ്ഞു. ഗാമ ഭോലുവിനോ ട് പറഞ്ഞു: ‘എടാ, നീയെന്തൊരാളാണ്! പുതുതായി കല്യാണം കഴിച്ചവൻ അവളെ മാതാവിൻ്റെ അടുത്തേക്ക് അയച്ചിരിക്കുന്നു! അവൾ പോയിട്ട് കുറേ ദിവസമായില്ലേ? നീയെന്തിനാണെടാ തനിച്ചുറങ്ങുന്നത്?’

‘ശരി, ശരി’ എന്നു മാത്രമായിരുന്നു അവന്റെ മറുപടി.

‘എന്തു ശരിയെന്നാണ് നീ പറയുന്നത്?’ ഗാമ വിട്ടില്ല. ‘എന്താണ് സംഗതി? പറയൂ, നിനക്ക് ആയിശയെ പിടിച്ചില്ലേ?’

‘അതല്ല കാര്യം.’

‘അതല്ലെങ്കിൽ പിന്നെന്താ?’

ഭോലു ഒഴിഞ്ഞുമാറി.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗാമ വീണ്ടും അന്വേഷിച്ചു. ഭോലു അപ്പോൾ മുറിയിൽനിന്ന് എഴുന്നേറ്റു നടന്നുകളഞ്ഞു. എന്നിട്ട് പുറത്തുള്ള കട്ടിലിൽ പോയിരുന്നു. അകത്ത് അവന്റെ ഭാഭി ഗാമയോട് പറയുന്നതവൻ കേട്ടു: ‘ഭോലുവിന് ആയിശയെ ഇഷ്ടമില്ലെന്ന് നിങ്ങൾ പറയുന്നതല്ലേ? അത് ശരിയല്ല.’

ഗാമയുടെ ശബ്ദം: ‘പിന്നെന്താണ് സംഗതി? ഭോലുവിന് തീരെ സന്തോഷമില്ലല്ലോ?’

‘എങ്ങനെ സന്തോഷമുണ്ടാകാനാണ്?’

ഗാമയുടെ ഭാര്യ പറഞ്ഞ മറുപടി ഭോലുവിന് കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും, തന്റെ അസ്തിത്വം ഇടിഞ്ഞു വീഴുന്നതായി അവന് തോന്നി. പെട്ടെന്ന് ഗാമയുടെ ശബ്ദം, “ഇല്ല, ഇല്ല. നിന്നോടാരാണിത് പറഞ്ഞത്?!’

‘ആയിശ അവളുടെ ഏതോ സ്നേഹിതയോട് പറഞ്ഞതാണത്രെ. പറഞ്ഞുപരന്ന് എന്റെ ചെവിയിലുമെത്തി,’ ഗാമയുടെ ഭാര്യ പറഞ്ഞു.

ദുഃഖഭരിതമായ സ്വരത്തിൽ ഗാമ പറഞ്ഞു: ‘സംഗതി ആകെ നാണക്കേടായല്ലോ?’

ഭോലുവിന് ഹൃദയത്തിൽ ഒരു കഠാരി കുത്തിയിറങ്ങുന്നതു പോലെ അനുഭവപ്പെട്ടു. അവൻ്റെ മാനസികനില തെറ്റി. അവൻ ടെറസിലെ ചാക്കുമറകൾ ഓരോന്നായി കീറാൻ തുടങ്ങി. ശബ്ദം കേട്ട് ആളുകൾ വന്നു. അവനെ തടയാൻ നോക്കി. പക്ഷേ, അവൻ ആക്രമണത്തിന്നൊരുമ്പെട്ടു. സംഗതി വഷളായപ്പോൾ കല്ലൻ ഒരു മുളവടിയെടുത്ത് അവൻ്റെ തലക്കൊന്ന് വച്ചുകൊടുത്തു. ഭോലു ബോധരഹിതനായി നിലംപതിച്ചു. ബോധം തിരിച്ചു വന്നപ്പോൾ അവൻ മുഴുഭ്രാന്തനായി മാറിയിരുന്നു.

ഭോലും ഇപ്പോഴും പൂർണനഗ്നനായി തെരുവുകളിൽ അലഞ്ഞു നടക്കുന്നുണ്ട്. തൂങ്ങിക്കിടക്കുന്ന ചാക്കുകൾ എവിടെ കണ്ടാലും അത് കീറിക്കളഞ്ഞുകൊണ്ട്.

*ദോംഖ്നി: തീ ഊതാനുള്ള ഉല
*പഞ്ച: ശിയാ വിശ്വാസപ്രകാരമുള്ള അഞ്ച് മഹത്തുക്കള്‍. മുഹമ്മദ് നബി, ഫാത്വിമ, അലി, ഹസന്‍, ഹുസൈന്‍ എന്നിവര്‍.

(ബുക്പ്ലസ് പ്രസിദ്ധീകരിച്ച നഗ്നശബ്ദങ്ങള്‍; സാദത് ഹുസൈന്‍ മന്‍ടൂവിന്റെ കഥകള്‍ എന്ന പുസ്തകത്തില്‍നിന്ന്)

Saadat Hasan Manto’s story NagnaShabdangal

നഗ്നശബ്ദങ്ങള്‍; സാദത് ഹുസൈന്‍ മന്‍ടൂവിന്റെ കഥകള്‍

പരിഭാഷ: പ്രൊഫ. എ.പി സുബൈർ

സാദത് ഹസന്‍ മന്‍ടൂ പേന കൈയിലെടുത്ത കലാപകാരിയായിരുന്നു. ചരിത്രത്തിലെ ഒരു നിശ്ചിത വൃത്തത്തിനകത്ത് ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ രചനകള്‍. വേശ്യയും കൂട്ടിക്കൊടുപ്പുകാരനും ഭ്രാന്തനും അഭയാര്‍ഥിയും ഇരയും വേ ട്ടക്കാരനുമെല്ലാം അതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവരുടെ ജീവിതങ്ങള്‍ക്കും വേദനകള്‍ക്കും ഇന്നും അന്നും ഒരേ നിറം. മന്‍ടൂവിന്റെ വിശ്രുതമായ ചെറുകഥകളില്‍നിന്ന് തെരഞ്ഞെ ടുത്ത പത്ത് കഥകളും ഏതാനും കുഞ്ഞുകഥകളുമാണ് ഈ സമാഹാരത്തിലുള്ളത്. നിത്യഹരിതമായ ഉര്‍ദു സാഹിത്യ ങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയെന്ന യജ്ഞത്തിന്റെ ഭാഗമായുള്ള ആദ്യ പുസ്തകമാണിത്

സാദത് ഹസൻ മൻടൂ

പാകിസ്ഥാൻ എഴുത്തുകാരൻ, നാടകകൃത്ത്
പാകിസ്ഥാൻ എഴുത്തുകാരൻ, നാടകകൃത്ത്

വിവ. പ്രൊഫ. എ.പി സുബൈർ

വിവര്‍ത്തകന്‍

Editors’ Picks

All right reserved | About Us |Terms & Conditions | Privacy Policy