മഴ, മഴയെന്നു പറഞ്ഞാൽ കൊടൂര മഴ. രണ്ടുമൂന്നു ദിവസമായി മാനം ഇടിഞ്ഞുവീഴുന്നമാതിരി മഴയാണ്. നാട്ടിലെ മഴപോലെയല്ല സൗദിയിലെ മഴ. ആകെ അൽക്കുൽത്താവുന്ന അവസ്ഥയാണ്.
റൂമിനകത്തു നിറച്ചും വെള്ളമാണ്. ഓഫീസ് നിൽക്കുന്ന കെട്ടിടത്തിനു മുകളിൽ തകരത്തിൻ്റെ ഷീറ്റുകൊണ്ട് കെട്ടിയുണ്ടാക്കിയതാണ് മുറി. കാറ്റിൽ ഷീറ്റുകൾ പറന്നുപോവുമെന്ന് തോന്നി. ടെറസിൽ നിറഞ്ഞ് ഷീറ്റിൻ്റെ അടിയിലൂടെ അകത്തേക്ക് ഇരച്ചുകയറുകയാണ് വെള്ളം. ചുട്ടുപൊള്ളുന്ന അകം തണുപ്പിക്കാൻവച്ച വാട്ടർകുളറിൻ്റെ വിടവിലൂടെ മഴപ്പാറ്റൽ അടിച്ചുകയറുന്നു. താഴെ വിരിച്ച കാർപ്പറ്റെല്ലാം കുതിർന്നു.
നാട്ടിലേക്ക് കെട്ടാൻ പെട്ടിയിലാക്കി വച്ചിരുന്ന സാധനങ്ങളുണ്ട് കട്ടിലിനടിയിൽ. എല്ലാമെടുത്ത് അലമാരക്കു മുകളിലേക്ക് കയറ്റിവച്ചു. നിലത്തു കാലുകുത്താതെ കട്ടിലിൽ കയറിയിരുന്നു. സലാം കട്ടൻചായക്കു വെള്ളംവച്ചു. നല്ല എരിവുള്ള മിച്ചർ കിട്ടിയിരുന്നെങ്കിലെന്ന് തോന്നി.
പുറത്തു മഴ കനക്കുകയാണ്. കാറ്റ് അടിച്ചുതകർക്കുന്നു.
“ഇതെന്തുപറ്റി. കാലാവസ്ഥയൊക്കെ കൂത്തക്കം മറിഞ്ഞല്ലോ.”
“ഇവരുടെ സ്വഭാവം പോലത്തന്നെ ഇവിടത്തെ കാലാവസ്ഥയും. എപ്പഴാ മാറിമറിയാന്നറിയൂല.” അസീസിയയിൽ നിന്ന് പോരുമ്പോൾ ഡ്രൈവർ ബക്കർക്ക പറഞ്ഞു.
എന്നാലും ഈ മഴ!
ഒരു സഊദി നടത്തുന്ന സ്‌കൂളിൽ ചിത്രംവരയാണു പണി. അഞ്ച് സ്കൂളുണ്ട്. എല്ലായിടത്തും മാറിമാറി പണിയുണ്ടാകും. ക്ലാസ് മുറിയിലെയും പുറത്തെയും ചുമരുകളിലും മതിലുകളിലുമൊക്കെയാണ് വര. പെൺകുട്ടികളുടെ സ്‌കൂളിലായിരുന്നു അന്നു പണി. റൂമിനടുത്തുതന്നെ. വരക്കാനുള്ളത് വരച്ചുകഴിഞ്ഞാൽ മെല്ലെ തടി സലാമത്താക്കാം. വരയുടെ മുറുക്കത്തിൽ മഴ മുറുകിയതറിഞ്ഞില്ല. വര കഴിഞ്ഞ് പെയിന്റും ബ്രഷുകെട്ടുമായി പുറത്തേക്കിറങ്ങിയപ്പോഴാണ് മഴയുടെ ഹുങ്കാരം കേട്ടത്. മഴ തകർത്തു പെയ്യുകയാണ്.
കുറച്ചു നേരം നോക്കി നിന്നു. ചാഞ്ഞുപെയ്യുന്ന മഴ, മാനം കറുത്തിരിക്കുന്നു.
മഴകൊള്ളണമെന്നു തോന്നി. വേഗം റൂമിലേക്കു തിരിക്കാം. അതുവരെ മഴയിൽ കുതിർന്ന് നടക്കാം. അവിടെയെത്തിയിട്ട്, റൂമിനു മുമ്പിലും ഇത്തിരിനേരം മഴ നനയാം. എത്ര നാളായി ഒരു മഴ നനഞ്ഞിട്ട്. തലയിലേക്കുറ്റി വീഴുന്ന വെള്ളത്തുള്ളികൾ ഉള്ളിലേക്കരിച്ചിറങ്ങുമ്പോൾ തണുപ്പുറ്റിയുറ്റി ഉള്ളിൽ മഴപ്പാറ്റൽ തുടങ്ങും.
പെയിന്റും ബ്രഷുകെട്ടും എടുത്തുവച്ച് പുറത്തേക്കുള്ള ഗെയ്റ്റിനടുത്തെത്തി. വലിച്ചു തുറന്ന് ഓടാൻ നോക്കുമ്പോൾ, കഴിയുന്നില്ല. ഗേറ്റ് പുറത്തുനിന്നു പൂട്ടിയിരിക്കുന്നു.
സെക്യൂരിറ്റിക്കാരൻ ചെയ്‌ത പണിയാവും. അയാൾ വന്നതും പോയതുമൊന്നും ശ്രദ്ധിച്ചില്ല. ഞാൻ അകത്തുള്ളത് അയാളുമറിഞ്ഞു കാണില്ല.
സ്‌കൂളിനു ചുറ്റും ചുമരുപോലെ ഉയരത്തിൽ മതിലാണ്. അകത്തേക്കും പുറത്തേക്കും കാണില്ല. വലിഞ്ഞുകയറി മറിയാനും പറ്റില്ല. ജയിലിൻ്റെ മതിലുപോലെയാണ്. കെട്ടിടത്തിൻ്റെ ചുമരുതന്നെയെന്ന് തോന്നും. അപ്പോഴാണ് പേടി ശരിക്കും ഉള്ളിലേക്ക് കയറിയത്. വലിയ ആ കെട്ടിടത്തിനുള്ളിൽ ഞാനൊറ്റക്കാണ്. വിജനമായ മരുഭൂമിയിൽ ഒറ്റപ്പെട്ടപോലെ ശ്വാസംമുട്ടി അപ്പോൾ.
ഇനിയെന്തു ചെയ്യും? മുദീറിനെ വിളിക്കുകതന്നെ.
മൊബൈലെടുത്തു ഞെക്കി. കീ… കീ… മൊബൈൽ ഓഫായി. ചാർജ് കഴിഞ്ഞതാണ്. ബാറ്ററിക്കു പ്രശ്‌നമുണ്ട്. ചാർജ് തീരെ നിൽക്കുന്നില്ല.
കൂടെ പണിയെടുക്കുന്ന ഇന്തോനേഷ്യക്കാരുടെ മുറി സ്കൂൾ മതിലിനു ചാരിയാണ്. മുമ്പ് എ.സി വച്ചിരുന്ന ഭാഗം കാർഡ്ബോർഡ് വച്ചുമറച്ചിരിക്കുകയാണ്. രണ്ടു പേരുണ്ട്. അവർ കുടുംബസമേതമാണ് താമസം. ഭാര്യമാർ സ്കൂളിൽ തന്നെ ക്ലീനിങ് ജോലിക്കാരാണ്. ഒരാൾ ചെറുപ്പക്കാരിയാണ്, സുന്ദരിയും. ഇടക്ക് ആ കാർഡ്ബോർഡ് ഇളക്കി അവരോട് സംസാരിക്കാറുണ്ട്. കാർഡ്ബോർഡിൽ കൊട്ടി വിളിച്ചുനോക്കി. മറുപടിയില്ല. അകത്ത് ആരുമില്ലെന്ന് തോന്നുന്നു. ചിലപ്പോൾ അവരും ഏതെങ്കിലും സ്കൂളിൽ കുടുങ്ങിക്കിടക്കുകയാവും.
ക്ലാസ്സുമുറികളിൽ കയറി മേശവലിപ്പുകൾ തുറന്നുനോക്കി. ഒരു ചാർജർ കിട്ടിയിരുന്നെങ്കിൽ…
ക്ലാസ്‌മുറികൾക്കെല്ലാം പെൺകുട്ടികളുടെ മണം.
ജോലിക്കാരി പെണ്ണുങ്ങൾ വിശ്രമിക്കുന്ന മുറിയിൽനിന്ന് ഒരു ചാർജർ കിട്ടി. ചാർജുകേറ്റി മുദീറിനെ വിളിച്ചു.
“അന ഈജീ… ഖംസ ദക്കിക്ക…”
കാത്തിരിക്കുകതന്നെ. മഴ നോക്കിനിന്നു നേരം പോക്കി.
മഴയിലേക്കിറങ്ങാൻ വല്ലാത്ത ആഗ്രഹം.
ചെറുപ്പകാലത്തെ മഴയുടെ കുളിര് തലയിലൂടെ അരിച്ചിറങ്ങി. കാറ്റു വീശുമ്പോൾ മേത്തേക്കാഞ്ഞു വീഴുന്ന മഴത്തുള്ളികൾ. പുസ്തകക്കെട്ടും കുതിരുമതിൽ. മഴവെള്ളം കുത്തിയൊഴുകിവരുമ്പോൾ കടലാസുതോണിയിറക്കി അതിനു പിന്നാലെ പായും. നനഞ്ഞ പുസ്‌തകങ്ങളും യൂനിഫോമും അടുപ്പിന് ചുറ്റും ഉണങ്ങാനിടുമ്പോഴും പുറത്ത് മഴ പെയ്യുന്നുണ്ടാവും. പുക മണക്കുന്ന യൂനിഫോമിട്ടുവേണം പിറ്റേന്നു സ്‌കൂളിൽ പോകാൻ.
ഉമ്മറപ്പടിയിൽനിന്ന് മഴയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുമ്പോൾ അടുത്ത വീട്ടിലെ ജനലിനുള്ളിലൂടെ അവളുടെ പുഞ്ചിരി പെയ്തിറങ്ങും. ആ കണ്ണുകൾക്ക് ആലിപ്പഴത്തിൻ്റെ തിളക്കമായിരുന്നു. അവളുടെ പുഞ്ചിരിക്കാണോ മഴക്കാണോ കൂടുതൽ ചന്തം?
അതവളുടെ ചിരിക്കുതന്നെ..! അല്ല, ഈ മഴയാണെനിക്കിഷ്ടം..!
വീടിനു മുന്നിലൂടെ പോകുന്ന പഞ്ചായത്ത്റോഡ് ടാറിട്ടിരുന്നില്ല അന്ന്. മഴപെയ്താൽ റോഡ് കുളമാകും. ചീറിപ്പാഞ്ഞു പോകുന്ന മങ്കരബസ്സ് വീട്ടിനകത്തേക്ക് ചളി തെറിപ്പിക്കും. പറമ്പത്താരെ വീടിനു മുന്നിലെ കേറ്റത്തിൽ ലോറിയും ബസ്സുമൊക്കെ ചളിയിൽ പൂണ്ട് സുൽപ്രിയടിക്കും. വണ്ടി ചളിയിൽനിന്ന് ഉന്തിക്കയറ്റാൻ ഞങ്ങളും കൂടും. വഴുതിവീണ് ചളിയിൽ പൂണ്ട് ഞങ്ങൾ പായും. ചോർന്നൊലിക്കുന്ന വീട്ടിൽ പാത്രങ്ങൾ നിരത്തുകയാവും ഉമ്മയപ്പോൾ.
പറമ്പിൽ വെള്ളം നിറഞ്ഞാൽ കുളത്തിലെ മീൻ കേറിവരും. ചൂണ്ടയിട്ടും കോരിയും മീൻ പിടിക്കാം. കണ്ണാൻചൂട്ടികളെ പിടിച്ചു കുപ്പിയിലാക്കാം.
ഒരു മഴക്കാലത്താണ് കരമ്പത്തോടിനടുത്ത പുതിയ വീട്ടിലേക്കു മാറിയത്. പാടവക്കത്ത്, മുകളിൽ മലയാണ്. മലയിൽ പെയ്യുന്ന മഴയിൽ പാടവും തോടും ഒന്നാകും. തോടു ചെന്നുചേരുന്ന പുഴ പാടത്തേക്കു കയറി വരും. അതിൽ നീർക്കോലികൾ നീന്തിത്തുടിക്കും. മീനുകൾ പുളക്കും.
ഇറയത്ത് ചാഞ്ഞുപെയ്യുന്ന മഴയിലാവും വർഷകാലത്തെ കുളി. തോർത്തുമുണ്ടെടുത്ത് മഴയിലേക്കിറങ്ങുമ്പോൾ മോളെ വിളിക്കും.
“വാ… നമുക്ക് മഴ കൊള്ളാം.”
“മാണ്ട മോളേ… മഴ കൊണ്ട് പനി വരും. അൻ്റെപ്പച്ചിക്ക് പിരാന്താ…” അപ്പോഴേക്കും അകത്തുനിന്ന് അവൾ വിളിച്ചു പറയും.
പിന്നെയും അവളെന്തൊക്കെയോ പറയുന്നുണ്ടാവും. തലയിലൂടെ പെയ്തിറങ്ങുന്ന മഴയിൽ അതാരും കേൾക്കാതെ ഒലിച്ചുപോകും.
ആരോ വിളിച്ചോ? മുദീർ എത്തിയോ?
ഗെയ്റ്റിനടുത്തു ചെന്നു നോക്കി. ഇല്ല, എത്തിയിട്ടില്ല.
കുറച്ചു ദിവസങ്ങൾക്കു മുമ്പ്. അൽക്കോബാറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ദമ്മാമിലേക്ക് പോകുന്ന വഴി. നൂറു കിലോമീറ്റർ കഴിഞ്ഞു കാണും. പൊടിക്കാറ്റ് ആഞ്ഞുവീശി. ചുറ്റിലും ഒന്നും കാണാതായി.
“മഴ പെയ്യാനുള്ള ഒരുക്കമാവും…”
പറഞ്ഞു തീർന്നില്ല. മഴ തുടങ്ങി. കനത്ത മഴ…
അവർ ഏൽപ്പിച്ച ടാക്സിയാണ്. അരിച്ചരിച്ചാണത് നീങ്ങുന്നത്..
പുറത്തേക്കുള്ള കാഴ്‌ച തീരെ മങ്ങി. റോഡിൽ പലയിടത്തായി അപകട പരമ്പര.
പിറ്റേന്നു തിരിച്ചുവരുമ്പോഴാണ് മഴ ശരിക്കും കണ്ടത്. ദമ്മാം വിട്ട് ഏകദേശം ഇരുന്നൂറു കിലോമീറ്റർ കഴിഞ്ഞുകാണും. ശക്തമായ പൊടിക്കാറ്റ്. ഇരുട്ടു പരത്തി മഴ മൂടി.
പൊടിക്കാറ്റിൽ പറന്നുകൂടിയ മൺതരികൾ വെള്ളത്തിൽ കലർന്നപ്പോൾ കാഴ്ച കറുത്തു. കാർ മെല്ലെ ഉരുട്ടിയുരുട്ടി റോഡ് സൈഡിലേക്കു നിർത്തി. വണ്ടികളൊക്കെ സൈഡിൽ നിർത്തിയിരിക്കുകയാണ്. മഴ ശക്തമാകുന്നു. ഗ്ലാസിൽ മണ്ണും വെള്ളവും കുഴമ്പുപോലെ പടർന്നു കേറുന്നു.
മഴ തെല്ലൊന്നടങ്ങിയപ്പോൾ ഗ്ലാസ് കഴുകാൻ ഡ്രൈവർ വെള്ളമെടുത്ത് പുറത്തേക്കിറങ്ങി. അയാൾ കാറിൽ അള്ളിപ്പിടിച്ച് ശ്വാസം വിടാതെ നിൽക്കുകയാണ്.
“എന്തു പറ്റി?”
ഞാൻ ഡോറു തുറന്ന് പുറത്തേക്കിറങ്ങാൻ നോക്കി. ശക്തമായ കാറ്റിൽ ഡോറ് തുറക്കാനാവുന്നില്ല.
കുറച്ചുനേരം അയാളാ നിൽപ്പു തുടർന്നു. പിന്നെ ഡോറു തുറന്ന് അകത്തു കേറി. അയാൾ കിതക്കുന്നുണ്ടായിരുന്നു.
“ഭയങ്കര കാറ്റ്. ഭാഗ്യത്തിനാ കാറിലൊരു പിടിത്തം കിട്ടിയത്. ഇല്ലെങ്കിൽ ഞാൻ പറന്നു പോയേനെ…”
മഴ വീണ്ടും കനക്കുകയാണ്. എനിക്കും പേടി കൂടി. തോരുന്നതുവരെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ല.
ബെല്ലടിക്കുന്ന ശബ്ദം. മുദീർ എത്തിയിരിക്കുന്നു. മഴ ചോർന്നിരിക്കുന്നു.
റൂമിലെത്തുമ്പോൾ കൂടെ ജോലി ചെയ്യുന്ന സലാമിന് പനിയാണ്. ഡോക്ടറെ കാണിക്കണം. കുറച്ചു സാധനങ്ങളും വാങ്ങാനുണ്ട്. ബത്ത്ഹയിലേക്കു പോകാം.
റോഡിലേക്കിറങ്ങിയപ്പോഴാണ് മഴയുടെ ഊക്ക് തിരിച്ചറിഞ്ഞത്. റോഡ് നിറയെ വെള്ളം, ചില വഴികൾ അടച്ചിരിക്കുന്നു. പൊലീസ് വണ്ടികൾ മിന്നുന്ന ലൈറ്റുമായി പറക്കുന്നു. ഒരിടത്ത് ജെ.സി.ബി റോഡിലെ വെള്ളം ഉന്തിമാറ്റുന്നു.
പിറ്റേന്ന് ഇൻബോക്സിൽ മഴയുടെ നനവ്. ഫെയ്സ്ബുക്കിലും മഴ. കാണാത്ത മഴക്കാഴ്‌ചകൾ. റോഡിലൂടെ ഒഴുകി നീങ്ങുന്ന വാഹനങ്ങൾ. അടുത്തകാലത്തൊന്നും ഇത്ര വലിയ മഴയുണ്ടായിട്ടില്ലെന്ന് പഴമക്കാർ. ഒന്നു മഴ കൊള്ളാനായില്ലല്ലോ എന്ന നിരാശയായിരുന്നു എനിക്കപ്പോൾ.
രാത്രി വീണ്ടും മഴ പെയ്‌തു. പിടിത്തംവിട്ട മഴ. മുഴുവൻ റൂമിനകത്താണ് പെയ്യുന്നത്. കരണ്ട് പോയിരുന്നു.
പെട്ടെന്ന് മൊബൈൽ ഒച്ചവച്ചു. വീട്ടിൽ നിന്നാണ്.
“ഹലോ…” അവളാണ്.
“ഇവിടെ നല്ല മഴ…” അവൾ കരയുകയാണ്.
എൻ്റെ കൈ വിറച്ചു.
ഫോൺ കട്ടായി. തിരിച്ചുവിളിക്കാൻ നോക്കി. കിട്ടുന്നില്ല.
വീട്ടിലെ ഫോണിലും ഉപ്പാൻ്റെ നമ്പറിലും അനിയനും പെങ്ങൾക്കും എല്ലാവർക്കും വിളിച്ചു. ആരെയും കിട്ടുന്നില്ല.
ഫോണിൽ കണ്ട മറ്റു നമ്പറുകളിലും വിളിച്ചുനോക്കി. കിട്ടിയില്ല. വീട്ടിലേക്ക് ഓടിപ്പോയാലോ എന്ന് തോന്നി. പിന്നെയാണ് പരിസരബോധമുണ്ടായത്.
അതിനിടക്കു കരണ്ട് വന്നു. ടി.വി ഓണായിരുന്നു.
സ്ക്രീനിൽ സിനിമക്കുതാഴെ ചുവന്ന അക്ഷരത്തിൽ ഫ്ലാഷ് ന്യൂസ്.
‘നീലംമലയിൽ ഉരുൾപൊട്ടൽ. വീട് ഒലിച്ചുപോയി. പിഞ്ചുകുഞ്ഞടക്കം അഞ്ചുപേരെ കാണാതായി…’
കരണ്ട് വീണ്ടും പോയി.
ഞാൻ ഓടി മഴയിലേക്കിറങ്ങി. ആകാശത്ത് ഉരുൾപൊട്ടിയ മഴ മുഴുവൻ എൻ്റെ തലയിൽ വീണു. ഒരു മലമുകളിൽ നിന്നെന്നപോലെ ശക്തമായ വെള്ളപ്പാച്ചിലിലേക്ക് ഞാൻ തെറിച്ചുവീണു.
ബോധമുണരുമ്പോൾ ഞാൻ നാട്ടിലെത്തിയിരുന്നു. വീട് നിന്നിരുന്നിടത്ത് വലിയ മട. ഫയർഫോഴ്സും നാട്ടുകാരും തിരിച്ചുപോയിരിക്കുന്നു. തെരയാൻ ഇനിയൊരിടവും ബാക്കിയില്ലെത്ര…
ഞാനപ്പോഴും മലയിറക്കിൽ പ്രതീക്ഷയോടെ എന്തോ തെരയുകയായിരുന്നു.
ഒരാൾ വന്നെന്നെ ചേർത്തുപിടിച്ചു. അയാളുടെ കൈയിൽ ഒരു കുഞ്ഞുചെരുപ്പുണ്ടായിരുന്നു; ചുവപ്പിൽ വെള്ള പൂക്കളുള്ള ഒരു ഷാളും. രണ്ടിലെയും ഗൾഫ് മണം മാഞ്ഞിട്ടില്ല. ഒരു തേങ്ങൽ ചങ്കിൽ കൊളുത്തി. സങ്കടം തരിപ്പിൽ കയറി.
“ഇതേ കിട്ടിയുള്ളു…”
അയാളും കുന്നിറങ്ങിപ്പോയി.
സ്‌കൂൾ മതിലുകൾക്കുള്ളിലെന്നപോലെ വീണ്ടും ഞാനൊറ്റക്കായി.
ഒരു പെരുമഴ കാത്തു ഞാനങ്ങനെ നിന്നു.
(ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഉസ്താദ് എംബാപ്പെ എന്ന പുസ്തകത്തില്‍നിന്ന്)
Story Urul by Mukthar Udarampoyil, from the book Usthad Mbappe